22 Sunday
December 2024
2024 December 22
1446 Joumada II 20

നേര്‍ച്ചയുടെ പേരില്‍ തുടരുന്ന ജാഹിലിയ്യത്തുകള്‍

അബ്ദുല്‍അസീസ് മദനി വടപുറം


വിളകളായും കാലികളായും അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയതില്‍ നിന്ന് ഒരു ഓഹരി അവര്‍ അവന് (അല്ലാഹു) ആക്കിവെച്ചിരിക്കുന്നു. എന്നിട്ട് അവര്‍ പറയും: ഇത് അല്ലാഹുവിനുള്ളതാണ്. അവരുടെ ജല്‍പനമനുസരിച്ച് ഇത് ഞങ്ങളുടെ പങ്കാളികള്‍ക്കുള്ളതുമാണ്. കാര്‍ഷിക ഉല്‍പന്നങ്ങളുടെയും ആട്, മാട്, ഒട്ടകങ്ങള്‍ മുതലായവയുടെയും സ്രഷ്ടാവും നിയന്താവും അല്ലാഹുവാണെന്ന് മുശ്‌രിക്കുകള്‍ക്കും അറിയാം. എന്നാലും തങ്ങളുടെ ആരാധ്യന്മാരുടെ അനുഗ്രഹാശിസ്സു കൊണ്ടാണ് അവയെല്ലാം തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അവയുടെ പ്രീതിയും ബര്‍കത്തും ഇല്ലാതെവന്നാല്‍ തങ്ങള്‍ക്ക് നഷ്ടം ഭവിക്കുമെന്നുമായിരുന്നു അവരുടെ വിശ്വാസം.
നേര്‍ച്ചക്കാരെക്കുറിച്ചും മഹാത്മാക്കളെക്കുറിച്ചും ചില മുസ്‌ലിംകളും ഇതുപോലെ ധരിച്ചുവെച്ചിട്ടുണ്ട്. ജാറങ്ങളിലെ വരുമാനങ്ങള്‍ ജാറവ്യവസായികള്‍ക്ക് ലഭിക്കുന്നതുപോലെ മുശ്‌രിക്കുകള്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ക്കായി നീക്കിവെക്കുന്ന സ്വത്തുക്കള്‍ അവസാനം അവരിലെ പുരോഹിതന്മാരിലേക്ക് എത്തിച്ചേരുന്നു. കൃഷിസ്ഥലങ്ങളിലും തോട്ടങ്ങളിലും ഒരു ഭാഗം അല്ലാഹുവിനും മറ്റൊരു ഭാഗം വിഗ്രഹങ്ങള്‍ക്കുമായി തിരിച്ചുവെക്കും. അല്ലാഹുവിന് നീക്കിവെച്ചതില്‍ നിന്നു സാധുക്കള്‍ക്ക് ധര്‍മം നല്‍കും. ദേവന്മാര്‍ക്കും ദേവിമാര്‍ക്കും നീക്കിവെച്ച ഓഹരിയില്‍ നിന്നു നേര്‍ച്ച, ബലി, പൂജ തുടങ്ങി കാര്യങ്ങള്‍ക്കും ചെലവഴിക്കും. തങ്ങളുടെ ദൈവങ്ങളുടെ ഓഹരിയെക്കുറിച്ച് അവര്‍ പ്രത്യേകം ശ്രദ്ധിക്കും. എന്നാല്‍ അല്ലാഹുവിന്റെ ഓഹരിയെക്കുറിച്ച് അവര്‍ അശ്രദ്ധരാവും. അല്ലാഹുവിന്റെ ഓഹരിയില്‍ നിന്ന് വല്ലതും ചാടിപ്പോയാല്‍ അത് ‘ദൈവ’ങ്ങളുടേതായി കണക്കാക്കും. ‘ദൈവ’ങ്ങളുടെ ഓഹരിയില്‍ നിന്ന് വല്ലതും അങ്ങോട്ട് കലര്‍ന്നാല്‍ തിരിച്ച് ആ നിയമം അവര്‍ ബാധകമാക്കുകയുമില്ല.
കാലികളാണെങ്കില്‍ അല്ലാഹുവിന്റെ സൃഷ്ടികളായ അവയെ അവനു നേര്‍ച്ചയാക്കുന്നതിനു പകരം ‘ദൈവ’ങ്ങള്‍ക്ക് നേര്‍ച്ചയാക്കും. കാലികളെ അറുക്കുമ്പോള്‍ ‘ദൈവ’ങ്ങളുടെ നാമത്തില്‍ അറുക്കുകയും ചെയ്യും. അതുകൊണ്ടാണ് അല്ലാഹു ‘അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാതെ അറുക്കപ്പെട്ടതില്‍ നിന്നു നിങ്ങള്‍ ഭക്ഷിക്കരുത്’ എന്ന് പ്രസ്താവിച്ചത്.
സിദ്ധന്മാര്‍ക്കുള്ള
നേര്‍ച്ച

പാമ്പ് വരാതിരിക്കാന്‍ വേണ്ടി കുഞ്ഞിരായിന്‍ പാപ്പയുടെ പേരിലാണ് നേര്‍ച്ച നടത്തിയിരുന്നത്. സന്താനലബ്ധിക്കായി ഏര്‍വാടി ജാറത്തിലെ ശൈഖിനെ സമീപിക്കും. പേപ്പട്ടി വിഷബാധ ചികിത്സയ്ക്കു വേണ്ടി പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറത്തിലേക്ക് നേര്‍ച്ചയാക്കുന്നു. ഇങ്ങനെ പോകുന്നു ജനങ്ങള്‍ നേര്‍ച്ചയാക്കുന്ന കേന്ദ്രങ്ങള്‍. പിശാചാണ് ഇതിനൊക്കെ പ്രേരിപ്പിക്കുന്നതെന്ന് പാമര ജനങ്ങള്‍ ചിന്തിക്കുന്നേയില്ല.
ദുല്‍ഹിജ്ജ 10ന് നിര്‍വഹിക്കപ്പെടുന്ന ഉദ്ഹിയ്യത്ത് പ്രബലമായ സുന്നത്താണ്. എന്നാല്‍ അതിന് പ്രാധാന്യം കല്‍പിക്കാതെ ചിലര്‍ ദുല്‍ഹിജ്ജ 8ന് ഓമാനൂര്‍ നേര്‍ച്ചക്കു വേണ്ടി മൃഗങ്ങളെ നേര്‍ച്ചയാക്കുന്നു. ഇത്തരം ആളുകള്‍ സൂറതുശ്ശൂറ 21 വചനം ശ്രദ്ധിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു: ”അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെക്കുറിച്ചുള്ള കല്‍പന നിലവിലില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധി കല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്.”
മഖ്ബറ നേര്‍ച്ച
ഖബ്‌റുകള്‍ അന്‍ബിയാഅ്, ഔലിയാഅ്, ഫഖീറുമാര്‍ ആരുടേതാണെങ്കിലും ഒരു ചാണിലധികം ഉയര്‍ത്താന്‍ പാടില്ലെന്ന് സ്ഥിരപ്പെട്ട ഹദീസുകള്‍ പറയുന്നു. മദ്ഹബീ ഗ്രന്ഥങ്ങളും ആ കാര്യം സ്ഥിരീകരിക്കുന്നു. ആയിശ(റ) പറയുന്നു: നബി(സ) രോഗബാധിതനായി കിടന്നപ്പോള്‍ നബിയുടെ ഒരു പത്‌നി അബ്‌സീനിയയിലെ ഒരു ചര്‍ച്ചിനെക്കുറിച്ച് പറഞ്ഞു. (മാരിയ എന്നാണ് അത് വിളിക്കപ്പെട്ടിരുന്നത്).
ഉമ്മുസലമ(റ)യും ഉമ്മുഹബീബ(റ)യും അബ്‌സീനിയയില്‍ വന്നു. ആ ചര്‍ച്ചിന്റെ ഭംഗിയെക്കുറിച്ചും അതിലെ ചരിത്രങ്ങളെക്കുറിച്ചും വര്‍ണിച്ചു. ആയിശ(റ) പറഞ്ഞു: ”ആ കൂട്ടര്‍ അവരില്‍ ഒരു നല്ല മനുഷ്യന്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ ഖബറിന്മേല്‍ അവര്‍ പള്ളി നിര്‍മിക്കുകയും എന്നിട്ട് അതിന്മേല്‍ ആ ചിത്രങ്ങള്‍ അവര്‍ വരക്കുകയും ചെയ്യുമായിരുന്നു. അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ സൃഷ്ടികളില്‍ ഏറ്റവും ദുഷ്ടന്മാരായിരിക്കും.”
ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഹാഫിദ് ഇബ്‌നു റജബ് ഫത്ഹുല്‍ബാരി എന്ന ഗ്രന്ഥത്തില്‍ പറഞ്ഞു: ”ക്രൈസ്തവര്‍ ചെയ്യുന്നതുപോലെ സജ്ജനങ്ങളുടെ ഖബറുകളുടെ മേല്‍ പള്ളികള്‍ നിര്‍മിക്കുന്നതും അവരുടെ ചിത്രങ്ങള്‍ അതില്‍ വരയ്ക്കുന്നതും നിഷിദ്ധമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു. അവ രണ്ടില്‍ ഓരോന്നും ഒറ്റയ്ക്കു തന്നെ നിഷിദ്ധമാണെന്ന കാര്യത്തില്‍ സംശയമേയില്ല. ഖബ്‌റുകളുടെ മേല്‍ പള്ളികളുണ്ടാക്കുന്നത് നിഷിദ്ധമാണെന്ന് പറയുന്നതുപോലെ. മറ്റ് മൂലവാക്യങ്ങള്‍ അറിയിക്കുന്നതുപോലെ.
ഉമ്മുസലമ(റ)യും ഉമ്മുഹബീബ(റ)യും പറഞ്ഞതുപോലുള്ള ചര്‍ച്ചിലെ ചിത്രങ്ങള്‍, ഭിത്തികളിലോ അതുപോലുള്ളവയിലോ ആയിരുന്നു. അതിന് നിഴല്‍ ഉണ്ടായിരുന്നില്ല. ബര്‍കത്ത് എടുക്കാന്‍ വേണ്ടിയോ ശുപാര്‍ശ തേടാന്‍ വേണ്ടിയോ അംബിയാക്കന്മാരുടെയോ സജ്ജനങ്ങളുടെയോ രൂപങ്ങളില്‍ രൂപപ്പെടുത്തലും നിഷിദ്ധമാണ്. അത് വിഗ്രഹാരാധനയുടെ ഇനത്തില്‍ പെട്ടതാണ്. അന്ത്യനാളില്‍ സൃഷ്ടികളില്‍ ഏറ്റവും നീചന്മാരായ ആളുകള്‍ എന്ന് നബി(സ) വാര്‍ത്ത അറിയിച്ചവരില്‍ പെട്ടവരാണ് അവര്‍. ആ ദൃശ്യത്തെ അനുധാവനം ചെയ്തുകൊണ്ട് ചിത്രം വരയ്ക്കലും അതുകൊണ്ട് ഉല്ലാസം കണ്ടെത്തുന്നതും അതുകൊണ്ട് വിനോദിക്കുന്നതും ഹറാം തന്നെ.”

ഉയര്‍ന്നുനില്‍ക്കുന്ന
ഖബ്‌റുകള്‍
തട്ടിനിരപ്പാക്കല്‍

അബുല്‍ഹയ്യാജില്‍ അസദി അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: അലി(റ) പറഞ്ഞു: ”റസൂല്‍(സ) എന്തൊരു കാര്യത്തിനു വേണ്ടിയാണോ എന്നെ അയച്ചത്, അതേ കാര്യത്തിനു വേണ്ടി ഞാന്‍ നിന്നെയും അയക്കുന്നു. (ഏകദൈവാരാധനക്ക് തടസ്സം നില്‍ക്കുന്ന) ഒരു പ്രതിമയെയും നീ തച്ചുടക്കാതെയും പൊന്തിനില്‍ക്കുന്ന ഒരു ഖബ്‌റിനെയും നീ നിരപ്പാക്കാതെയും വിടരുത്” (മുസ്‌ലിം). ജാബിര്‍(റ) പറയുന്നതായി അബൂസുബൈര്‍ കേട്ടു. ജാബിര്‍(റ) പറഞ്ഞു: ”നബി(സ) ഖബറിന്മേല്‍ ഇരിക്കുന്നതും ഖബറിന്മേല്‍ സിമന്റിടുന്നതും അതിന്മേല്‍ എടുപ്പുണ്ടാക്കുന്നതും നിരോധിച്ചു.” പ്രസ്തുത ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി പറയുന്നു: ”തീര്‍ച്ചയായും സുന്നത്ത് ഖബറിടം ഭൂമിയില്‍ നിന്ന് ധാരാളമായി ഉയര്‍ത്തപ്പെടാതിരിക്കലാണ്. ഏകദേശം ഒരു ചാണ്‍ ഉയര്‍ത്താം. എന്നിട്ട് നിരപ്പാക്കുകയും വേണം.” ഇതാണ് ശാഫിഈ മദ്ഹബ്.
ഇമാം ശാഫിഈ പറയുന്നു: ”ഖബറിനു മീതെ എടുപ്പ് ഉണ്ടാക്കാതിരിക്കുന്നതും ഖബര്‍ സിമന്റ് തേക്കാതിരിക്കുന്നതുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കാരണം അത് അലങ്കാരത്തോടും അഹങ്കാരത്തോടും സാദൃശ്യപ്പെടും. മരണമെന്നത് അവ രണ്ടില്‍ ഒന്നിന്റെയും സ്ഥാനത്തല്ലല്ലോ. മുഹാജിറുകളുടെയും അന്‍സാറുകളുടെയും ഖബ്ര്‍ ഉയര്‍ത്തപ്പെട്ടതായി ഞാന്‍ കണ്ടിട്ടില്ല.”
”മക്കയിലെ ഇമാമുമാരെ ഞാന്‍ കണ്ടു. ഖബറുകളുടെ മേല്‍ നിര്‍മിക്കപ്പെട്ട എടുപ്പുകള്‍ തകര്‍ക്കാന്‍ അവര്‍ ആജ്ഞ നല്‍കുന്നു. അത് തകര്‍ക്കണമെന്നതിനെ ബലപ്പെടുത്തുന്നതാണ് ‘ഉയര്‍ന്നുനില്‍ക്കുന്ന ഖബ്‌റിനെ നീ നിരപ്പാക്കാതെ വിടരുത്’ എന്ന അദ്ദേഹത്തിന്റെ (നബിയുടെ) വാക്ക്” (അല്‍ഉമ്മ് 246:1).
‘ഖബര്‍ ഒരു ചാണ്‍ മാത്രം ഉയര്‍ത്തപ്പെടാം’ (മിന്‍ഹാജ് 252). ‘ഖബ്ര്‍ ആണെന്ന് അറിയപ്പെടാന്‍ വേണ്ടി ഏകദേശം ഒരു ചാണ്‍ ഖബ്ര്‍ ഉയര്‍ത്തപ്പെടാം. നബി(സ)യുടെ ഖബ്ര്‍ ഒരു ചാണ്‍ ഉയര്‍ത്തപ്പെട്ടു എന്ന് ഇബ്‌നു ഹിബ്ബാന്‍ അദ്ദേഹത്തിന്റെ സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്’ (മുഗ്‌നി 252:1). ‘നബി(സ)യുടെ ഖബര്‍ ഏകദേശം ഒരു ചാണ്‍ ഉയര്‍ത്തപ്പെട്ടു. ഒരു മുസ്ലിം അവിശ്വാസികളുടെ നാട്ടില്‍ വെച്ചാണ് മരിച്ചതെങ്കില്‍ അവന്റെ ഖബ്ര്‍ ഉയര്‍ത്തപ്പെടേണ്ടതില്ല. എന്നാല്‍ അത് മറച്ചുവെക്കപ്പെടുകയാണ് വേണ്ടത്’ (മഹല്ലി 241:1). ഇബ്‌നു ഹജറില്‍ ഹൈത്തമി പറഞ്ഞു: ‘അത് (ഖബ്ര്‍) എത്രയും പെട്ടെന്ന് പൊളിക്കല്‍ നിര്‍ബന്ധമാണ്. ഖബ്‌റുകളുടെ മേലുള്ള ഖുബ്ബ വേഗത്തില്‍ പൊളിച്ചുമാറ്റണം. അപ്പോള്‍ അത് (ഖബ്ര്‍ കെട്ടിപ്പൊക്കല്‍) മസ്ജിദു ളിറാറി (നബിയെ വധിക്കാന്‍ വേണ്ടി യഹൂദികള്‍ മദീനയില്‍ നിര്‍മിച്ച പള്ളി) നേക്കാള്‍ ഏറ്റവും ഉപദ്രവകാരിയാണ്. കാരണം അത് റസൂലുല്ലായെ ധിക്കരിക്കാന്‍ വേണ്ടി സ്ഥാപിക്കപ്പെട്ടതാണ്. നബി(സ) അത് നിരോധിക്കുകയും ഉയര്‍ന്നുനില്‍ക്കുന്ന ഖബ്‌റുകള്‍ തകര്‍ക്കാന്‍ കല്‍പിക്കുകയും ചെയ്തു’ (സവാഹീ 121:1). വീണ്ടും അദ്ദേഹം പറയുന്നു: ‘ഖബ്‌റിന്മേല്‍ വെക്കപ്പെടുന്ന വിളക്കോ റാന്തലോ (തൂക്കുവിളക്ക്) നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്. അവിടേക്ക് സ്വത്ത് വഖ്ഫ് ചെയ്യാനോ നേര്‍ച്ച നേരാനോ പാടില്ല’ (സവാഹീ 121:1).

ഒരു നല്ല മനുഷ്യന്റെ ഖബ്‌റാണ് ഉയര്‍ത്തപ്പെടുന്നതെങ്കിലും പാടില്ല. ബാജൂരി, ഖല്‍യൂബി, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”നബി(സ) പറഞ്ഞു: എനിക്കു ശേഷം നിങ്ങളുടെ കാര്യങ്ങള്‍ ചിലര്‍ ഏറ്റെടുക്കും. അവര്‍ എന്റെ ചര്യയെ കെടുത്തിക്കളയുകയും അനാചാരം പ്രവര്‍ത്തിക്കുകയും ചെയ്യും. നമസ്‌കാരത്തെ അതിന്റെ നിര്‍ണിത സമയങ്ങളില്‍ നിന്നു പിന്തിപ്പിക്കുകയും ചെയ്യും. അപ്പോള്‍ ഞാന്‍ ചോദിച്ചു: ഞാന്‍ അവരെ കണ്ടാല്‍ എങ്ങനെ പ്രവര്‍ത്തിക്കണം? അദ്ദേഹം പറഞ്ഞു: ഉമ്മുഅബ്ദിന്റെ മകനേ, നീ എങ്ങനെ ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നുവോ? അല്ലാഹുവിന് അനുസരണക്കേട് കാണിക്കുന്നവനെ അനുസരിക്കേണ്ടതില്ല” (ഇബ്‌നുമാജ 202:2).
ബീമാപള്ളിയിലും ഏര്‍വാടി മഖാമിലുമൊക്കെ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊരു വിശ്വാസിയെയും അമ്പരപ്പിക്കുന്നതാണ്. സാധുക്കള്‍ക്ക് അന്നദാനം നല്‍കുന്നുവെന്ന ലേബലില്‍ ശിര്‍ക്കന്‍ ആചാരങ്ങളാണ് ഇവിടെ നടക്കുന്നത്. മാന്യമായ വേഷം ധരിച്ചുകൊണ്ട് ജുമുഅഃ ജമാഅത്തില്‍ പങ്കെടുക്കാന്‍ പോകുന്ന മുസ്‌ലിം സ്ത്രീകളെ അപഹസിക്കുകയും ഹറാം ഫത്‌വ ഇറക്കുകയും ചെയ്യുന്നവരാണ് ദര്‍ഗകളിലും ജാറങ്ങളിലും നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ട് ഇസ്‌ലാം അനുവദനീയമായി കാണുന്ന നേര്‍ച്ച എന്ത്, നിഷിദ്ധവും മക്റൂഹുമായ (വെറുക്കപ്പെട്ടത്) നേര്‍ച്ചകള്‍ ഏതെന്നു ചിന്തിച്ച് ഒരു തീരുമാനത്തിലെത്താന്‍ സാധിക്കുന്നവരാരോ അവരാണ് വിജയികള്‍.

Back to Top