തൗഹീദ് എന്നാല്‍ സ്രഷ്ടാവിനോട് അടുക്കല്‍
കണിയാപുരം നാസറുദ്ദീന്‍
പ്രപഞ്ചനാഥനായ അല്ലാഹു ഈ പ്രപഞ്ചത്തിലെ സകലതിന്റെയും സ്രഷ്ടാവും അനുഗ്രഹദാതാവുമാണ്. സൃഷ്ടികളോട് അതീവ കരുണയുള്ളവനുമാണ്. അവന്‍ നിങ്ങള്‍ക്കു മേല്‍ പ്രത്യക്ഷമായും പരോക്ഷമായും അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്തിട്ടുണ്ട് (ലുഖ്മാന്‍ 20). തന്റെ സൃഷ്ടികളോട് ഏറെ സമീപസ്ഥനുമാണ് സ്രഷ്ടാവ്. അതുകൊണ്ടുതന്നെ അവനോട് മാത്രമേ നമ്മള്‍ പ്രാര്‍ഥിക്കാവൂ എന്നും അവന്‍ തന്നെ അനുശാസിച്ചിട്ടുണ്ട്. ”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് വിളിച്ചു പ്രാര്‍ഥിക്കുവിന്‍, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും. തീര്‍ച്ചയായും എന്നെ ആരാധിക്കുന്ന കാര്യത്തില്‍ അഹങ്കരിക്കുന്നവര്‍ നിന്ദ്യമായ നരകത്തിലേക്ക് പ്രവേശിക്കപ്പെടുക തന്നെ ചെയ്യും” (40:60).
സൃഷ്ടികളായ നമ്മളെല്ലാവരും തന്നെ സ്രഷ്ടാവായ അല്ലാഹുവിന്റെ കാരുണ്യവും പ്രീതിയും പ്രതീക്ഷിക്കുന്നവരാണ്. അവന്റെ ശിക്ഷയും കോപവും ഭയപ്പെടുന്നവരുമാണ്. അവനിലേക്ക് അടുക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. എന്നാല്‍ ചില വിശ്വാസങ്ങള്‍ മൂലം അല്ലെങ്കില്‍ പൈശാചിക ദുര്‍ബോധനങ്ങള്‍ നിമിത്തം അവനില്‍ നിന്ന് അകലുകയോ അടുക്കാനുള്ള മാര്‍ഗം എന്ന വ്യാജേന ഇടയാളന്‍മാരിലേക്ക് അടുക്കുകയോ ചെയ്തുപോയവരാണ് അധികം ആളുകളും. ഇബ്‌റാഹീം നബി(അ)യുടെ ഒരു പ്രാര്‍ഥന ഇങ്ങനെയാണ്: ”തീര്‍ച്ചയായും ഞാന്‍ ആകാശഭൂമികളുടെ സ്രഷ്ടാവിലേക്ക് തിരിഞ്ഞു നില്‍ക്കുകയാണ്. സമര്‍പ്പിച്ചവനായും നേര്‍ക്കുനേരെയും. ഞാന്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവനുമല്ല” (അല്‍അന്‍ആം 79).
ഇടയാളന്മാരെ ഒഴിവാക്കി നേരിട്ട് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതാണ് ഇബ്‌റാഹീമി മാതൃക. അതുതന്നെയാകണം വിശ്വാസികളും പിന്തുടരേണ്ടത്. ഇത് വിശ്വാസികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് എല്ലാ നമസ്‌കാരങ്ങളുടെയും പ്രാരംഭ പ്രാര്‍ഥനകളായി ഉരുവിട്ടുകൊണ്ടേയിരിക്കുകയാണ്. ആശയമോ അര്‍ഥമോ ഒന്നും ഗ്രഹിക്കാതെയും മനസ്സിലാക്കാതെയും. അതുകൊണ്ടുതന്നെയാണ് നമ്മള്‍ അബദ്ധത്തില്‍ ബഹുദൈവത്വത്തിലും അധാര്‍മികതയിലും പെട്ടുപോകുന്നത്. ”ഞങ്ങള്‍ ഇവരെ അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ വേണ്ടിയല്ലാതെ ആരാധിക്കുന്നില്ല” (39:03). ഇവിടെ അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കുന്ന സുവിശേഷ വാര്‍ത്തകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
”പ്രവാചകരേ, അവരോട് പറയുക: സ്വന്തത്തോട് അതിക്രമം ചെയ്തുപോയ എന്റെ അടിമകളേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശപ്പെട്ടു പോകേണ്ടതില്ല. തീര്‍ച്ചയായും അല്ലാഹു സകല പാപങ്ങളും പൊറുത്തുതരുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാകുന്നു” (39:53).
പാവങ്ങളായ സാധാരണക്കാര്‍ പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് വശംവദരാകുന്നു. അങ്ങനെ അവര്‍ അല്ലാഹുവല്ലാത്ത മഹാന്‍മാരോടും ഔലിയാക്കളോടും പ്രാര്‍ഥിക്കുന്നു. ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയും ആഗ്രഹവും വെച്ചുപുലര്‍ത്തുകയും ആ പ്രാര്‍ഥനയിലൂടെ സമാധാനിക്കുകയും ചെയ്യുന്നു. എന്നാല്‍ അല്ലാഹു വിശദമാക്കുന്നത് അവര്‍ ഉത്തരം ചെയ്യുകയില്ല എന്നാണ്. ”അന്ത്യദിനം വരെയും ഉത്തരം ചെയ്യാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവരെക്കാള്‍ വഴിപിഴച്ചവര്‍ ആരാണ്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെ സംബന്ധിച്ച് അശ്രദ്ധരുമാണ്” (അല്‍അഹ്ഖാഫ് 3). ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സംഭവിക്കുന്നതോ, അല്ലാഹു വിലക്കിയിട്ടുള്ള കൊടുംപാപമായ ശിര്‍ക്കും.
ലുഖ്മാന്‍(അ) പ്രിയ മകനെ ഉപദേശിക്കുന്നു: ”കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അത് (പങ്കുചേര്‍ക്കല്‍ അഥവാ ശിര്‍ക്ക്) വലിയ അക്രമം തന്നെയാകുന്നു” (ലുഖ്മാന്‍ 13). ”ആരെങ്കിലും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നപക്ഷം സ്വര്‍ഗം അവന് നിഷിദ്ധമാകുന്നതാണ്” (5:72). ഇത്തരം ശിര്‍ക്കിലൂടെയാണ് അല്ലാഹുവില്‍ നിന്ന് നമ്മള്‍ അകന്നകന്നു പോകുന്നത്. പിന്നെ എന്തൊക്കെ ചെയ്യുന്നു എന്നു നമ്മള്‍ ശ്രദ്ധിക്കുന്നില്ല. എന്ത് പാപം ചെയ്താലും ഏത് അധര്‍മത്തില്‍ ചെന്നു വീണാലും മഹാന്മാരായ മഹത്തുക്കളെ കൊണ്ട് നമുക്ക് രക്ഷ തേടാമല്ലോ എന്ന തോന്നലിലാണ് ഇത്തരക്കാര്‍ സമാധാനിക്കുന്നത്. എന്നാല്‍ ഈ മഹാന്മാരുടെ അവസ്ഥ വളരെ ദയനീയമാണ്. അതും അല്ലാഹു തന്നെ നമ്മോട് പറഞ്ഞതാണ്. അല്ലാഹുവിനു പുറമെ (സഹായം കിട്ടുമെന്ന്) നിങ്ങള്‍ ജല്‍പിച്ചുണ്ടാക്കുന്ന ആളുകള്‍ (മഹാന്മാര്‍) ഉപദ്രവങ്ങള്‍ അകറ്റാനോ ഉപകാരം നല്‍കാനോ ഉള്ള കഴിവ് ഉടമപ്പെടുത്തുന്നില്ല എന്ന് അവരോട് പറയുക.
ഉള്ള അവസ്ഥ മാറ്റിമറിക്കാനും അവര്‍ക്ക് കഴിയില്ല. അവര്‍ തന്നെ ഏറ്റവും അടുത്തവര്‍ അല്ലാഹുവിലേക്ക് ഏറെ അടുക്കാന്‍ ആഗ്രഹിക്കുന്നവരും പ്രാര്‍ഥിക്കുന്നവരുമാകുന്നു. ”അവന്റെ കാരുണ്യം പ്രതീക്ഷിക്കുകയും അവന്റെ പക്കലുള്ള ഭയാനകമായ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നവരാകുന്നു അല്ലാഹുവിന്റെ ഔലിയാക്കള്‍” (17:56). അല്ലാഹുവിനു പുറമേ ആരാധിക്കപ്പെടുന്ന വസ്തുക്കള്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുന്നില്ല. എന്നു മാത്രമല്ല, ഈച്ച കവര്‍ന്നെടുത്ത നിസ്സാരമായ സാധനം തിരികെ കൊണ്ടുവരാന്‍ പോലും അവര്‍ക്ക് സാധ്യമല്ല (22:73).
അദൃശ്യം അറിയല്‍
അല്ലാഹുവല്ലാത്ത സകല ആരാധ്യന്മാരും അദൃശ്യ കാര്യങ്ങള്‍ അറിയുമെന്നതാണ് പലരുടെയും വിശ്വാസം. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അല്ലാഹുവല്ലാത്ത ആളുകളോട് പ്രാര്‍ഥിക്കുകയും അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയും ചെയ്യുന്നത്. അല്ലാഹു വ്യക്തമായി പറഞ്ഞിട്ടുണ്ട്: ”പ്രവാചകരേ, പറയുക: തീര്‍ച്ചയായും ആകാശഭൂമികളിലുള്ള ഒരാളും തന്നെ അദൃശ്യം അറിയുകയില്ല, അല്ലാഹു അല്ലാതെ” (27:65). ”വല്ലവനും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നപക്ഷം അവന്‍ ആകാശത്തു നിന്ന് വീണവനെ പോലെയാണ്. അവനെ പക്ഷികള്‍ റാഞ്ചിക്കൊണ്ടുപോവുകയോ അല്ലെങ്കില്‍ കാറ്റ് അതിവിദൂരമായ സ്ഥലത്ത് അവനെ വലിച്ചെറിയുകയോ ചെയ്യും” (22:31).