22 Sunday
December 2024
2024 December 22
1446 Joumada II 20

ദുരന്തഭൂമി മനുഷ്യത്വത്തിന്റെ ഒരു ലിറ്റ്മസ് ടെസ്റ്റ്

ഹനീന്‍

വയനാട് ദുരന്തം യഥാര്‍ഥത്തില്‍ മനുഷ്യത്വത്തിന്റെ കാര്യത്തില്‍ ഒരു ലിറ്റ്മസ് ടെസ്റ്റ് ആയിരുന്നു. ചിലരുടെയൊക്കെ ഉള്ളിലുള്ള നന്മകള്‍ പ്രകാശിക്കപ്പെട്ടപ്പോള്‍ മറ്റു ചിലരിലെ കൂടുകെട്ടിയ ദുഷിപ്പ് പുറത്തുചാടി. മലബാറിലെ ഏകദേശം മുഴുവന്‍ സംഘടനകളുടെയും സന്നദ്ധ പ്രവര്‍ത്തകര്‍ മത-ജാതിഭേദമില്ലാതെ അവിടെ കര്‍മനിരതരായി. എന്നാല്‍ ചിലര്‍ അപ്പോഴും അപരവിദ്വേഷത്തിനും കുത്തിത്തിരിപ്പിനുമായിരുന്നു ശ്രമം നടത്തിയത്. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും അതിനു ശേഷവും ഉറ്റവരും ഉടയവരും നഷ്ടമായവര്‍ക്കു വേണ്ടി രാവും പകലും മറന്നു പ്രവര്‍ത്തിക്കുന്നത് മനുഷ്യര്‍ തന്നെയാണ്.
തമ്മില്‍ കണ്ടാല്‍ മിണ്ടാത്തവര്‍ പോലും എല്ലാം മറന്നു കൈകോര്‍ത്തുപിടിക്കുന്ന മായാജാലം. കേരളത്തിന്റെ ഉള്ളം നെരിപ്പോടാക്കിയ ദുരന്തമുഖമായ വയനാടിലും അവസ്ഥ മറ്റൊന്നല്ല. ജാതി-മത-രാഷ്ട്രീയഭേദമെന്യേ പ്രവര്‍ത്തിക്കുകയാണ് ഓരോരുത്തരും. കേരളം കൈയും മനസ്സും ഒരുപോലെ ചേര്‍ത്തുപിടിക്കുന്ന സ്ഥിതിവിശേഷമാണ് കാണാന്‍ സാധിക്കുന്നത്. ദുരന്തത്തില്‍ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുമ്പോള്‍ കണ്‍മുന്നില്‍ സര്‍വതും നിമിഷനേരം കൊണ്ട് ഒലിച്ചുപോകുന്നത് നോക്കിനില്‍ക്കാനേ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഓരോരുത്തര്‍ക്കും സാധിച്ചുള്ളൂ. ആയുസ്സിന്റെ സമ്പാദ്യത്തോടൊപ്പം സര്‍വതും നഷ്ടപ്പെട്ടുനില്‍ക്കുന്ന അവരോരോരുത്തരുടെയും മനസ്സില്‍ ഇനി എന്ത് എന്ന ഒറ്റ ചോദ്യമേ ശേഷിക്കുന്നുള്ളൂ.
ഇന്നുവരെ കണ്ടതില്‍ വെച്ച് എല്ലാ സന്നാഹങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തനമാണ് വയനാട്ടില്‍ നടന്നത്. അത് ചെറിയ തലം മുതല്‍ മുതല്‍ സര്‍ക്കാര്‍തലം വരെ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു എന്നതാണ് സത്യം. പ്രത്യേകം എടുത്തുപറയേണ്ട കാര്യം ദുരിതാശ്വാസ ക്യാമ്പുകളിലെ വൃത്തിയാണ്. എല്ലാം നഷ്ടപ്പെട്ട് വരുന്നവരാണ് അവിടെയുള്ളവര്‍. അങ്ങനെ മനസ്സ് മടുത്തുനില്‍ക്കുന്ന സമയത്ത് വൃത്തിഹീനമായ സാഹചര്യം കൂടിയാണ് നിലനില്‍ക്കുന്നതെങ്കില്‍ അവസ്ഥ വളരെ മോശമാകും. അവര്‍ക്ക് വേണ്ടത് എന്താണോ അത് കൃത്യസമയത്ത് എത്തിക്കാന്‍ വേണ്ടി ഓരോരുത്തരും സ്വയം മറന്നു പ്രവര്‍ത്തിക്കുകയാണ്.
ഇത്രയും ദിവസമായി ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. ഓരോരുത്തരും ഓരോ വിശ്വാസങ്ങളും മൂല്യങ്ങളും പിന്തുടരുന്നവരാണ്. അതാരും പ്രവര്‍ത്തനങ്ങളില്‍ കലര്‍ത്തിയിട്ടില്ല. ഹിന്ദുത്വ വര്‍ഗീയവാദികള്‍ മാത്രമാണ് ദുരന്തസമയത്തും വര്‍ഗീയ ചേരിതിരിവിനുള്ള പഴുത് അന്വേഷിച്ചത്. നന്മ ഉദ്ദേശിച്ച് ചെയ്യുന്ന ഏതൊന്നിനെയും പരിഹസിക്കാനും അപരവിദ്വേഷം വളര്‍ത്താനുള്ള അവസരമായുമാണ് അവര്‍ കണ്ടത്. ഇക്കൂട്ടരെ മാറ്റിനിര്‍ത്താന്‍ നാം ശീലിച്ചില്ലെങ്കില്‍ കേരളം വലിയ ദുര്‍ഗതിയെ നേരിടേണ്ടിവരും.

Back to Top