10 Friday
April 2026
2026 April 10
1447 Chawwâl 22

ഇതാണ് കേരളം

ശുക്കൂര്‍ കോണിക്കല്‍


ഇപ്പോഴാണ്
കണ്ണുകളില്‍ ശരിക്കും
ഉരുള്‍ പൊട്ടിയത്
നോവും നൊമ്പരങ്ങളും
കണ്ണീരിനൊപ്പം
കുത്തിയൊലിച്ചു…
പുഞ്ചിരി മാഞ്ഞ
പുഞ്ചിരിമട്ടവും
മിണ്ടാട്ടം നിലച്ച
മുണ്ടക്കൈയും
സമ്മാനിച്ചത്
കരള്‍ പിളര്‍ക്കുന്ന
സങ്കടച്ചിത്രങ്ങള്‍ !
ആര്‍ത്തുപെയ്ത
രാവില്‍ മണ്ണില്‍
പുതഞ്ഞ് പോയത്
നിറമുള്ള ഒരു
നൂറ് സ്വപ്‌നങ്ങള്‍…
എത്ര പെട്ടെന്നാണ്
പച്ചയുടുത്ത വയനാടന്‍
സുന്ദരി മൃതഭൂമിയായത്!
ഉള്ളുലക്കുന്ന
ഉരുള്‍ വാര്‍ത്തകള്‍
കേള്‍ക്കുമ്പോഴും
ഉള്ളുണര്‍ത്തുന്നു
കാരുണ്യത്തിന്റെ
വര്‍ത്തമാനങ്ങള്‍
നീളുന്ന ആയിരം ഹസ്തങ്ങളില്‍
അതിജീവനത്തിന്റെ മുദ്രകള്‍…
കേരളം ചുരത്തുന്നു
അലിവിന്റെ മുലപ്പാല്‍
പകരുന്നു നെഞ്ചിലെ
സ്‌നേഹച്ചൂട്
ഉണ്ണിമാഷിന്റെ തേങ്ങലില്‍
എന്താണോ ഉള്ളത്
അതാണ് കേരളം
അത് തന്നെയാണ്
കേരളം….

Back to Top