നെതന്യാഹു മറ്റൊരു ഫറോവ
ഉമ്മര്‍ മാടശ്ശേരി, പുത്തലം
ഇസ്രായേല്‍ ഗസ്സയില്‍ യുദ്ധം തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു. നിരപരാധികള്‍ക്കു നേരെയുള്ള ഇസ്രായേലിന്റെ ബോംബ് വര്‍ഷവും ഹമാസിന്റെ പ്രത്യാക്രമണവും തുടരുന്നു. ഇസ്രായേലിനോട് ഗസ്സയിലെ യുദ്ധം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ലോക കോടതി മൂന്നുനാലു തവണ വിധി പുറപ്പെടുവിച്ചു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് അധിനിവേശമാണ് എന്ന് അവസാനം വിധിക്കുകയും ചെയ്തു. എന്നിട്ടും ഇസ്രായേല്‍ മുന്നോട്ടുതന്നെയാണ്. നെതന്യാഹു ഹമാസിനെ നശിപ്പിക്കാന്‍ എന്ന പേരില്‍ ആശുപത്രികളും അഭയാര്‍ഥി ക്യാമ്പുകളും ബോംബ് വര്‍ഷിച്ച് പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയുമെല്ലാം വംശഹത്യ നടത്തുന്നത് ഇസ്രായേലിനെ പിടികൂടിയ ഭയത്തില്‍ നിന്നാണ്. പണ്ട് ഫറോവ ചക്രവര്‍ത്തിയോട് ഒരു ജ്യോത്സ്യന്‍ പറഞ്ഞിരുന്നല്ലോ, ‘താങ്കളെയും താങ്കളുടെ സിംഹാസനത്തെയും ചോദ്യം ചെയ്യാന്‍ ഒരു ആണ്‍കുട്ടി ഈജിപ്തില്‍ ജനിക്കും’ എന്ന്. അന്നു മുതല്‍ ഫറോവ ഈജിപ്തില്‍ ജനിക്കുന്ന എല്ലാ ആണ്‍കുട്ടികളെയും കൊല്ലാന്‍ ഉത്തരവിട്ടു. എന്നാല്‍ അല്ലാഹുവിന്റെ തന്ത്രങ്ങള്‍ക്കു മേല്‍ ഫറോവയുടെ തന്ത്രങ്ങള്‍ പരാജയപ്പെട്ടു. ഫറോവയുടെ വംശഹത്യാ പദ്ധതി അവസാനം അദ്ദേഹത്തിന്റെയും കൂട്ടരുടെയും പതനത്തില്‍ എത്തിച്ചേര്‍ന്നു. നൈല്‍ നദിയില്‍ എല്ലാവരും കൂട്ടത്തോടെ മുങ്ങിച്ചത്തു. തിരുനബിയുടെ പ്രവാചകത്വത്തിനു മുമ്പ് കഅ്ബാലയം പൊളിക്കാന്‍ വന്ന അബ്‌റഹത്തിന്റെ ആനപ്പടയെ എങ്ങനെയാണോ ദൈവം നേരിട്ടത്, അതുപോലത്തെ ഒരു ഇടപെടലാണ് ഇവിടെ അനിവാര്യമായിരിക്കുന്നത്.