22 Sunday
December 2024
2024 December 22
1446 Joumada II 20

നേര്‍ച്ചയുടെ പേരില്‍ കൊണ്ടാടപ്പെടുന്ന മാപ്പിള പൂരങ്ങള്‍

അബ്ദുല്‍അസീസ് മദനി വടപുറം


കൊടുങ്ങല്ലൂര്‍ ക്ഷേത്രോത്സവത്തില്‍ മുസ്‌ലിംകള്‍ പങ്കെടുക്കരുത് എന്ന നിരോധന ഉത്തരവിനെ തുടര്‍ന്നാണ് മുസ്‌ലിംകള്‍ ജാറങ്ങളില്‍ ഉത്സവം തുടങ്ങിയത്. അതിനു നേര്‍ച്ചയെന്ന നാമവും നല്‍കി. കാഞ്ഞിരപ്പള്ളി ഫരീദ് ഔലിയയുടെ ഖബര്‍സ്ഥാനിലായിരുന്നു ആദ്യമായി നടത്തിയ നേര്‍ച്ച അഥവാ മാപ്പിള പൂരം. അതിനെ തുടര്‍ന്ന് കൊടി കുത്തിയ എല്ലാ ജാറങ്ങളിലും ഉറൂസുകളെന്ന പേരില്‍ നേര്‍ച്ചകള്‍ നടന്നുവന്നു. ഒരു ശൈഖിന്റെയും മഖ്ബറയില്‍ വഴിപാടുകള്‍ അര്‍പ്പിക്കലല്ല നേര്‍ച്ച. നേര്‍ച്ച നേര്‍ന്നാല്‍ അത് പാലിക്കല്‍ നിര്‍ബന്ധമാണ്.
നേര്‍ച്ച അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ടും ഐഹികനേട്ടങ്ങള്‍ ലക്ഷ്യമാക്കാതെയും ആയിരിക്കണം. സാധാരണക്കാര്‍ അവരുടെ നിത്യജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളുടെ പരിഹാരമായിട്ടാണ് നേര്‍ച്ചയെ കാണുന്നത്. രോഗശമനം, ആപത്ത് നിവാരണം, ആഗ്രഹസഫലീകരണം തുടങ്ങിയ കാര്യങ്ങളാണ് നേര്‍ച്ചയിലൂടെ ജനങ്ങള്‍ ഉദ്ദേശിക്കുന്നത്. കൊണ്ടോട്ടി തങ്ങന്മാരുടെ താവഴിക്ക് തുടക്കം കുറിച്ച ശൈഖ് മുഹമ്മദ് ഷാ ഒന്നാമന്റെ ജാറത്തിലാണ് കൊണ്ടോട്ടി നേര്‍ച്ചയില്‍ വഴിപാടുകള്‍ അര്‍പ്പിക്കുന്നത്. കൊണ്ടോട്ടി നേര്‍ച്ചയെ കുറിച്ച് മലയാള മനോരമയില്‍ വന്ന റിപ്പോര്‍ട്ട്: ”മലബാറിലെ മതമൈത്രിയുടെ സംഗമം എന്നു വിശേഷിപ്പിക്കപ്പെടുന്ന ചരിത്രപ്രസിദ്ധമായ കൊണ്ടോട്ടി നേര്‍ച്ച സ്വാമീമഠം തട്ടാന്‍മാരുടെ പെട്ടിവരവിനു ശേഷം നടന്ന ചന്ദനമെടുക്കല്‍ കര്‍മത്തോടെ സമാപിച്ചു. നേര്‍ച്ചയിലെ അവസാനത്തേതായ പ്രസ്തുത പെട്ടിവരവിനു വലിയൊരു ജനാവലിയുടെ സാന്നിധ്യത്തില്‍ എതിരേല്‍പ്പ് നല്‍കി. ചന്ദനമെടുക്കല്‍ കര്‍മത്തിന് വലിയ തങ്ങള്‍ ശൈഖ് മുഷ്താഖ് ഷാ നേതൃത്വം നല്‍കി.
തക്കിയ്യാവില്‍ നിന്ന് അരച്ച ചന്ദനം, യര്‍ജാന്‍ ഇലകള്‍, മരിദ എന്നിവ ചേര്‍ത്തുവെച്ച് പ്രത്യേക പിഞ്ഞാണപാത്രവും മുഹമ്മദ് ഷാ വലിയ തങ്ങളുടെ മഖ്ബറ മൂടാനുള്ള തുണിയും വലിയ മാളികക്കല്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ കൊണ്ടുവെച്ചു. അവിടെ നിന്ന് ദുആ ചെയ്ത് ഇവ തലയില്‍ വെച്ച് മുത്തുക്കുട ചൂടി വെണ്‍മാട്ടക്കാര്‍ ഉള്‍പ്പെടെ യലല്‍ മുരീദന്മാര്‍, പട്ടക്കാര്‍, ചെണ്ടമുട്ടുകാര്‍ മുതലായവരുടെ അകമ്പടിയോടെ പുറപ്പെട്ട് കൊടിമരം പ്രദക്ഷിണം ചെയ്തുകൊണ്ട് പീരങ്കികള്‍ മൂന്നു പ്രാവശ്യം മുഴങ്ങി. മരീദ, ചക്കരച്ചോറ് എന്നിവയുടെ വിതരണവും ഉണ്ടായി.”
മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പേരില്‍ കോഴിയും ബദ്‌രീങ്ങളുടെ പേരില്‍ ഇറച്ചിയും പത്തിരിയും മമ്പുറം തങ്ങളുടെ പേരില്‍ ബിരിയാണി കഴിക്കലുമൊക്കെയാണ്രേത നേര്‍ച്ച. ഇത്തരം നേര്‍ച്ച ശിര്‍ക്കും കുഫ്‌റുമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇത്തരം നേര്‍ച്ചകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പിശാചിന്റെ അനുയായികളാണ്.
സൃഷ്ടികളുടെ
പേരിലുള്ള നേര്‍ച്ച
ശിര്‍ക്ക്

സൃഷ്ടികളുടെ പേരില്‍ (മരണപ്പെട്ടവരോ മലക്കുകളോ ജിന്നുകളോ ആരായിരുന്നാലും) നടത്തുന്ന നേര്‍ച്ച ശിര്‍ക്കാണെന്ന് ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട ഹദീസുകളുടെയും വെളിച്ചത്തില്‍ മനസ്സിലാക്കാം. സുബുലുസ്സലാം നാലാം വാള്യം 111ാം പേജില്‍ പറയുന്നു: ”ഈ കാലഘട്ടങ്ങളില്‍ ഖബറുകളുടെ അടുക്കല്‍ വെച്ചോ മരണപ്പെട്ടവരുടെ പേരിലോ ദൃശ്യവസ്തുക്കളുടെ മേലോ നേര്‍ച്ച ചെയ്യുന്നുവെങ്കില്‍ അത് ഹറാമാണെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല. കാരണം നേര്‍ച്ച നേരുന്നവര്‍ ഖബ്‌റാളിയെക്കുറിച്ച് വിശ്വസിക്കുന്നത് അവന്‍ (ഖബ്‌റാളി) ഉപ്രദവവും ഉപകാരവും ചെയ്യുമെന്നാണ്. ഖബറില്‍ മറമാടപ്പെട്ടു കിടക്കുന്നവന്‍ നമ്മെ വലിച്ചുകൊണ്ടുവരുകയും തിന്മകളെ തടുക്കുകയും നോവിക്കുന്നവന്റെ നോവ് മാറ്റിക്കുകയും രോഗിക്ക് ശമനം നല്‍കുകയും ചെയ്യുമെന്നാണ്.
ഇതുതന്നെ വിഗ്രഹാരാധകരും ചെയ്തിരുന്നത്. അതിനാല്‍ വിഗ്രഹങ്ങള്‍ക്ക് നേര്‍ച്ചയാക്കുന്നത് നിഷിദ്ധമാവുന്നതുപോലെ ഖബറുകള്‍ക്ക് നേര്‍ച്ചയാക്കുന്നതും നിഷിദ്ധമാവും. ആ നേര്‍ച്ചയാക്കുന്ന വസ്തു സ്വീകരിക്കുന്നതും നിഷിദ്ധമാവും. കാരണം അത് ശിര്‍ക്കിനെ അംഗീകരിക്കലാവും. തീര്‍ച്ചയായും അത് നിഷിദ്ധമാക്കപ്പെട്ട മഹാ പാപങ്ങളില്‍ പെട്ടതാണെന്നു വ്യക്തമാകുന്നു. തീര്‍ച്ചയായും അതാണ് വിഗ്രഹാരാധകര്‍ ചെയ്ത കാര്യങ്ങള്‍.”
ഇതേ ആശയം ഇബ്‌നു ഹജറില്‍ ഹൈതമിയും പ്രസ്താവിക്കുന്നു: ”തീര്‍ച്ചയായും നേര്‍ച്ച നേര്‍ന്നവന്‍ അതുകൊണ്ട് ഒരു സ്ഥലത്തെയോ ഖബറിനെയോ ബഹുമാനിക്കാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ മറമാടപ്പെട്ടവനിലേക്ക് സാമീപ്യം തേടാനോ അല്ലെങ്കില്‍ അവനിലേക്കു തന്നെ ചേര്‍ക്കപ്പെടാനോ ഉദ്ദേശിച്ചാല്‍, അതാണ് സാധാരണക്കാരില്‍ നിന്നു കൂടുതലായി കാണപ്പെടുന്നത്. അവന്‍ വിശ്വസിക്കുന്നത് തീര്‍ച്ചയായും ഈ സ്ഥലങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്, അതിനു വേണ്ടി നേര്‍ച്ച നേരുന്നതുവഴി പരീക്ഷണങ്ങള്‍ ദൂരീകരിക്കപ്പെടുമെന്നാണ്. ഇത്തരത്തിലുള്ള ഒരു നേര്‍ച്ചയും ശരിയാവുകയില്ല. കാരണം അതുവഴി അവന്‍ അല്ലാഹുവിലേക്ക് അടുക്കല്‍ ഉദ്ദേശിച്ചിട്ടില്ല.”
മഹാന്മാരുടെ പേരില്‍ നേര്‍ച്ചയാക്കുന്നത് ഹറാമും ശിര്‍ക്കുമാണെന്ന് മുജാഹിദുകള്‍ വ്യക്തമാക്കുമ്പോള്‍, മഹാന്മാര്‍ക്ക് കൂലി ലഭിക്കാന്‍ വേണ്ടി നേര്‍ച്ചയാക്കാമെന്ന് ചിലര്‍ പ്രചരിപ്പിച്ചുവരുന്നു. റബീഉല്‍ അവ്വല്‍ നേര്‍ച്ച പ്രവാചകനില്‍ (സ) നിന്ന് ഗുണം ലഭിക്കാന്‍ വേണ്ടിയും കുട്ടികളുടെയും മറ്റും അസുഖങ്ങള്‍ പ്രവാചകന്‍ (സ) ശിഫയാക്കി കൊടുക്കുമെന്ന വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലല്ലേ ചെയ്തുവരുന്നത്? അതുകൊണ്ടുതന്നെയാണ് മുഹമ്മദ് നബി(സ)യുടെ പേരില്‍ നേര്‍ച്ചയാക്കുന്നത് ശിര്‍ക്കാണെന്ന് മുജാഹിദുകള്‍ പറയുന്നത്. ആഗ്രഹസഫലീകരണത്തിനോ പ്രയാസങ്ങള്‍ ദൂരീകരിക്കപ്പെടാനോ നിങ്ങള്‍ എന്റെ പേരില്‍ നേര്‍ച്ചയാക്കുവിന്‍ എന്ന് നബി(സ) പറഞ്ഞിട്ടില്ല. പൂര്‍വ പ്രവാചകന്മാരുടെ പേരില്‍ നബി(സ) നേര്‍ച്ച നടത്തിയിട്ടുമില്ല.
സുന്നികള്‍ ആവേശപൂര്‍വം കൊണ്ടാടുന്ന ഒന്നാണ് ഓമാനൂര്‍ നേര്‍ച്ച. ഓമാനൂര്‍ ശുഹദാക്കള്‍ എന്നു നാമകരണം നല്‍കപ്പെട്ടവരുടെ ചരിത്രം രേഖപ്പെടുത്തുന്നത് നോക്കൂ: അമ്മാളുക്കുട്ടി എന്ന നായര്‍ സ്ത്രീയില്‍ അനുരക്തനായ ഒരാള്‍ ആ സ്ത്രീയെ സ്വന്തമാക്കാതെ ഈ ലോകത്ത് ജീവിച്ചിരിക്കില്ലെന്ന് ശപഥം ചെയ്യുന്നു. അവളെ തട്ടിക്കൊണ്ടുപോയി മതത്തില്‍ ചേര്‍ത്ത് ഭാര്യയായി സ്വീകരിക്കുന്നു.
പ്രസ്തുത നായര്‍ കുടുംബവും നാട്ടുപ്രമാണിമാരായ ഹൈന്ദവരും കൂടി തട്ടിക്കൊണ്ടുപോയവനെയും അവന്റെ പിതാവിനെയും പിതൃസഹോദരീ പുത്രനെയും വധിച്ച് പ്രസ്തുത സ്ത്രീയെ വീണ്ടെടുക്കുന്നു. ഈ വധിക്കപ്പെട്ടവരുടെ പേരിലാണ് ഓമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ച നടക്കാറുള്ളത്. യഥാര്‍ഥത്തില്‍ പല കാരണങ്ങളാലും ഈ വധിക്കപ്പെട്ടവര്‍ രക്തസാക്ഷികളല്ല എന്നു വ്യക്തമാണ്. ബലം ഉപയോഗിച്ച് മതത്തില്‍ ചേര്‍ക്കല്‍ ഇസ്‌ലാമില്‍ പെട്ടതല്ല. ലാ ഇക്‌റാഹ ഫിദ്ദീനി (മതത്തില്‍ നിര്‍ബന്ധിക്കലില്ല) എന്ന് ഖുര്‍ആന്‍ സ്പഷ്ടമായി പറയുന്നു. ഇങ്ങനെ വധിക്കപ്പെട്ടവരെ ഒരിക്കലും ശുഹദാക്കള്‍ എന്നു വിളിക്കാവതല്ല. വസ്തുത ഇതായിരിക്കെ അവരുടെ പേരില്‍ നേര്‍ച്ച കഴിക്കുന്നത് ശിര്‍ക്കും കുഫ്‌റുമാണ്.
ശൈഖ് പള്ളി മഖാമും അപ്പവാണിഭ നേര്‍ച്ചയും
കേരളത്തിലെ ഒരു പ്രധാന ഉറൂസ് ആണ് കോഴിക്കോട് ഇടിയങ്ങര ശൈഖ് പള്ളിയിലെ അപ്പവാണിഭ നേര്‍ച്ച. ശൈഖ് അബ്ദുല്‍ വഫ ശംസുദ്ദീന്‍ മുഹമ്മദുല്‍ കാലിക്കൂത്തിയുടെ പേരിലാണ് അപ്പവാണിഭ നേര്‍ച്ച നടത്തപ്പെടുന്നത്.
ശൈഖ് മാമുക്കോയ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അബുല്‍ വഫ ജനിച്ചത് കോഴിക്കോട് ആണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ശൈശവഘട്ടത്തില്‍ തന്നെ പിതാവ് സ്വദേശത്തേക്കു പോയി. മാതാവിന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. മതവിജ്ഞാനത്തോടൊപ്പം കായികവിദ്യയും പഠിച്ചു. മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തനായി അദ്ദേഹം വളര്‍ന്നു. പിന്നീട് അദ്ദേഹം യമനിലെത്തി. കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാവിന്റെ പായക്കപ്പലുകള്‍ വിദേശ വ്യാപാരത്തിനായി യമനിലെത്തിയ വിവരം ശൈഖ് അറിഞ്ഞു. മടക്കയാത്രയില്‍ തന്നെയും സ്വദേശത്തേക്ക് കൊണ്ടുപോകണമെന്ന്് പിതാവിനോട് പറഞ്ഞു. ഒരു മാസത്തെ യാത്രക്ക് ശൈഖ് കോഴിക്കോട്ടെത്തി.
1562 ഡിസംബര്‍ മാസത്തില്‍ ശൈഖ് നിര്യാതനായി. വീടിനും സമീപത്തുള്ള പള്ളിക്കും മധ്യത്തില്‍ അദ്ദേഹത്തെ മറവ് ചെയ്തു. ഒരു നൂറ്റാണ്ടിനു ശേഷം കടല്‍ക്ഷോഭമുണ്ടായപ്പോള്‍ ശൈഖിന്റെ മഖ്ബറയും അതിന്റെ പിടിയിലായി. ശൈഖിന്റെ ഭൗതിക ശരീരം കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷപ്പെടുത്തി സ്ഥാനമാറ്റം നടത്താന്‍ ഇടിയങ്ങരയിലെ ഉലമാക്കള്‍ക്കും ഉമറാക്കള്‍ക്കും സ്വപ്‌നദര്‍ശനം ഉണ്ടായെന്ന് പറയപ്പെടുന്നു. തദടിസ്ഥാനത്തിലാണത്രേ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇടിയങ്ങര പള്ളിയില്‍ അടക്കം ചെയ്തത്. എല്ലാ റജബ് മാസത്തിലുമാണ് ഇവിടെ നേര്‍ച്ച നടക്കാറുള്ളത്. ശരീരത്തിലെ ഏത് അവയവത്തിനാണ് രോഗമെങ്കില്‍ ആ അവയവത്തിന്റെ രൂപത്തിലാണ് അപ്പം ഉണ്ടാക്കുന്നത്. അവയില്‍ പെട്ടതാണ് കയ്യപ്പം, കാലപ്പം, മൂക്കപ്പം, കണ്ണപ്പം, കുഴലപ്പം എന്നിവ. അപ്പപ്പൊതികളുമായി എത്തുന്നവരില്‍ നല്ലൊരു വിഭാഗം ഇതര മതസ്ഥരാണ്. ഖുര്‍ആന്‍ പാരായണം, അന്നദാനം എന്നിവ നേര്‍ച്ചയില്‍ ഉണ്ടായിരിക്കും. അപ്പവാണിഭ നേര്‍ച്ചയുടെ നിയന്ത്രണം ദാറുസ്സലാം കമ്മിറ്റിക്കാര്‍ക്കാണത്രേ. (കടപ്പാട്: സത്യധാര, 1997 നവംബര്‍).
സൂറതുല്‍ അന്‍ആം 148ാം വചനം ഇത്തരം വ്യാജവാദക്കാരുടെ ജല്‍പനത്തെ ഖണ്ഡിക്കുന്നു: ”അല്ലാഹുവിനോട് പങ്കുചേര്‍ക്കുന്നവര്‍ പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ ശിര്‍ക്ക് ചെയ്യുമായിരുന്നില്ല. ഞങ്ങള്‍ യാതൊരു വസ്തുവിനെയും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല. അപ്രകാരം അവരുടെ മുമ്പുള്ളവരും വ്യാജമാക്കി, നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതുവരെ. നീ പറയുക: ഞങ്ങള്‍ക്ക് നിങ്ങള്‍ അത് വെളിപ്പെടുത്തിത്തരാന്‍ നിങ്ങളുടെ പക്കല്‍ വല്ല അറിവുമുണ്ടോ? നിങ്ങള്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.”
ആണ്ടുനേര്‍ച്ചയെന്ന വാര്‍ഷികാഘോഷം
കരിമരുന്നു പ്രയോഗവും നേര്‍ച്ചയും ഒക്കെയായി ഖബറുകളുമായി ബന്ധപ്പെട്ട് നടക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്കാണല്ലോ ആണ്ടുനേര്‍ച്ച എന്നു പറയുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളില്‍ നടക്കുന്ന പൂരാഘോഷത്തിന്റെ തനിപ്പകര്‍പ്പാണിത്. ആന, അമ്പാരി, ചെണ്ടമേളം, കുഴല്‍വിളി തുടങ്ങിയവ നേര്‍ച്ചകളിലും പൂരങ്ങളിലും കാണപ്പെടുന്നു. കരിമരുന്ന് പ്രയോഗത്തെ ന്യായീകരിച്ചും പ്രശംസിച്ചും കെ എം മുഹമ്മദ് കോയ മാത്തോട്ടം ‘ആണ്ടുനേര്‍ച്ചയും ചില അപവാദങ്ങളും’ എന്ന ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതില്‍ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും തെളിവ് ഉദ്ധരിക്കുന്നതിനു പകരം ശൈഖ് മുഹമ്മദ് മുഖ്താറില്‍ ജാവി എഴുതിയ ഒരു ഗ്രന്ഥത്തിലെ വാചകമാണ് ഉദ്ധരിക്കുന്നത്. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ആ പുസ്തകത്തിന് അവതാരിക എഴുതിയതാണത്രേ വലിയ തെളിവ്!
നേര്‍ച്ചകളില്‍ ചെണ്ടമുട്ട്, കുഴല്‍വിളി എന്നിവയെക്കുറിച്ചുള്ള വാദങ്ങള്‍: തുടി (ഇരുഭാഗവും വട്ടമൊത്തതും നെടുക്കുടുങ്ങി നീളത്തിലുള്ളതുമായ ചെണ്ടക്കാണ് തുടി എന്നു പറയുന്നത്) ഒഴികെയുള്ള എല്ലാ ചെണ്ടമുട്ടുകളും ഹലാലാണത്രേ. റാഫിഈ, നവവി തുടങ്ങിയ ഇമാമുകള്‍ പറഞ്ഞതാണ് ഇവര്‍ക്കുള്ള തെളിവ്. ശൈഖന്മാരുടെ മഖ്ബറയില്‍ വെച്ച് ചെണ്ടമുട്ടുന്നതിന്റെ വിധി എന്താണെന്ന് അല്ലാമാ റംലിയോട് ചോദിക്കപ്പെട്ടപ്പോള്‍ ശൈഖ് റംലി ഹലാലാണെന്ന് ഫത്‌വ നല്‍കിയതാണത്രേ ഇവര്‍ക്കുള്ള തുറുപ്പുചീട്ട്.
ഹാജി ടി പോക്കര്‍ മുസ്‌ലിയാര്‍ മുട്ടുംവിളിയെ ന്യായീകരിച്ചുകൊണ്ട് എഴുതിയത് ഇപ്രകാരമാണ്: ”കാണാനും കേള്‍ക്കാനും കൗതുകമുള്ളതായ വസ്തുക്കള്‍ക്ക് എത്ര ലക്ഷങ്ങള്‍ ചെലവാക്കിയാലും അത് ധൂര്‍ത്താവുകയില്ല. അതിന് ഉദാഹരണമാണ് പഴക്കം പറയുന്ന തത്തകള്‍, മുട്ടുംവിളികള്‍, കരിമരുന്നു പ്രയോഗങ്ങള്‍, ഗജവീരന്മാര്‍ തുടങ്ങിയവ.”
ഒരു ഹദീസ് കാണുക: ”ഒരാള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. അദ്ദേഹം പറഞ്ഞു: ബുവാന എന്ന സ്ഥലത്തുവെച്ച് ഒട്ടകത്തെ അറുക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു. നബി(സ) ചോദിച്ചു: ജാഹിലിയ്യാ കാലഘട്ടങ്ങളിലെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളില്‍ പെട്ട വല്ല വിഗ്രഹവും അവിടെയുണ്ടോ? അവര്‍ പറഞ്ഞു: ഇല്ല. അദ്ദേഹം ചോദിച്ചു: അവരുടെ ആഘോഷങ്ങളില്‍ പെട്ട വല്ല ആഘോഷവും അവിടെയുണ്ടോ? അവര്‍ പറഞ്ഞു: ഇല്ല. നബി(സ) പറഞ്ഞു: നീ നിന്റെ നേര്‍ച്ച പൂര്‍ത്തീകരിക്കുക. തീര്‍ച്ചയായും അല്ലാഹുവിന് അനുസരണക്കേട് കാണിക്കുന്ന ഒരു നേര്‍ച്ചയോ മനുഷ്യന്റെ നിയന്ത്രണത്തില്‍ പെടാത്തതോ ആയ ഒരു നേര്‍ച്ചയും പൂര്‍ത്തീകരിക്കേണ്ടതില്ല.”
പൊന്നാനിയിലും മുനമ്പത്തും താത്തൂരിലും എല്ലാം നടത്തുന്ന നേര്‍ച്ച അനിസ്‌ലാമികവും അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയമാവുന്നതുമാണ്. ആരുടെ ഖബര്‍ ആണെങ്കിലും ഒരു ചാണിലധികം ഉയര്‍ത്തുന്നത് ഹറാം തന്നെയാണ്. ഒരു ചാണിലധികം ഖബര്‍ ആരുടേതാണെങ്കിലും നിഷിദ്ധമാണെങ്കില്‍ അവിടെ വെച്ച് നടത്തപ്പെടുന്ന നേര്‍ച്ചയും ഹറാമും ശിക്ഷാര്‍ഹവുമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
ഒരു ഹദീസ് കാണുക: ”പുണ്യം ഉദ്ദേശിച്ച് മൂന്നു പള്ളികളിലേക്കല്ലാതെ തീര്‍ത്ഥാടനയാത്ര പാടില്ല. ആ മൂന്നു പള്ളികളിലേക്കുള്ള യാത്ര ശിര്‍ക്കില്‍ നിന്നും ബിദ്അത്തുകളില്‍ നിന്നും അന്യമായിരിക്കും.”
ഖബര്‍ ഏതാണെങ്കിലും ഒരു ചാണിലധികം ഉയര്‍ത്തുന്നതും ഖബര്‍ അലങ്കരിക്കുന്നതും ഖബറിന്മേല്‍ പേരുകള്‍ എഴുതിവെക്കുന്നതുമെല്ലാം ഹറാമായ കാര്യമാണ്. അവിടെ വെച്ച് നടത്തപ്പെടുന്ന നേര്‍ച്ച ഏറ്റവും വലിയ പാതകവും നിഷിദ്ധവുമാണ്. അമ്പംകുന്ന് നേര്‍ച്ചയും സദഖത്തുല്ല മൗലവിയുടെ പേരിലുള്ള നേര്‍ച്ചയുമൊക്കെ അടുത്ത കാലത്ത് നടന്നുവരുന്ന നേര്‍ച്ചകളാണ്. ജാറം സേവകന്മാര്‍ക്ക് കൈ നിറയെ പണം കിട്ടുമെന്നല്ലാതെ ആ നേര്‍ച്ചകള്‍ കൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടാവില്ല.

Back to Top