27 Tuesday
January 2026
2026 January 27
1447 Chabân 8

ആള്‍ ഇന്ത്യാ മുസ്‌ലിം വിമന്‍സ് അസോസിയേഷന്‍ ദേശീയ കണ്‍വെന്‍ഷന്‍ സമാപിച്ചു


ഡല്‍ഹി: മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആള്‍ ഇന്ത്യാ മുസ്‌ലിം വിമന്‍സ് അസോസിയേഷന്റെ ദേശീയ കണ്‍വെന്‍ഷന് ദല്‍ഹിയില്‍ പ്രൗഢമായ സമാപനം. പതിനെട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം വിദ്യാഭ്യാസ, സാമ്പത്തിക, ആരോഗ്യ രംഗത്ത് മുസ്‌ലിം വനിതകളുടെ ഉന്നമനം ലക്ഷ്യംവെച്ച് ബഹുമുഖ പദ്ധതികള്‍ അംഗീകരിച്ചു. സാമൂഹിക പ്രശ്‌നങ്ങളില്‍ മുസ്‌ലിം സ്ത്രീകളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. മാറിയ സാഹചര്യത്തില്‍ മികച്ച പാരന്റിംഗിനെക്കുറിച്ച് മുസ്‌ലിം സ്ത്രീകളെ ബോധവകരിക്കുന്നതിനെക്കുറിച്ചും ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം, ഫിനാന്‍സ് മാനേജ്‌മെന്റ് തുടങ്ങിയവയില്‍ വ്യക്തമായ അജണ്ടകള്‍ തയ്യാറാക്കേണ്ടതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു. മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ സമര സജ്ജമാവണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. പ്രഫ. അസ്മ, ബൃന്ദ കാരാട്ട്, സല്‍മാന്‍ ഖുര്‍ശിദ്, ഒഡിഷയിലെ സോഫിയ എം എല്‍ എ തുടങ്ങിയവര്‍ അഭിസംബോധന ചെയ്ത സമ്മേളനത്തില്‍ കേരളത്തിലെ മുസ്‌ലിം വനിതാ നവോത്ഥാന സംരംഭങ്ങളെക്കുറിച്ച് എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ, ഐ ജി എം ജന.സെക്രട്ടറി ഫാത്തിമ ഹിബ, എം ജി എം അസി. സെക്രട്ടറിമാരായ റാഫിദ ഖാലിദ്, ആയിശ പാലക്കാട് എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു.

Back to Top