21 Thursday
November 2024
2024 November 21
1446 Joumada I 19

ഇന്ത്യന്‍ ക്ഷേത്രങ്ങളിലെ മൃഗബലി

അബ്ദുല്ല അന്‍സാരി


ഇന്ത്യയിലെ മൃഗബലി അധികവും ശാക്തേയം അഥവാ വാമാചാരവുമായി (Shaktism) ബന്ധപ്പെട്ടതാണ്. വേദയുഗത്തിന്റെ ഭാഗമാണ് മൃഗബലി. അശ്വമേധ യാഗം തുടങ്ങിയ ആചാരങ്ങള്‍ സംബന്ധിച്ച് വേദങ്ങളില്‍ ശക്തമായി പ്രതിപാദിക്കുന്നത് കാണാം (The Religion and Philosophy of the Veda and Upanishads, Arthur Berriedale Keith, p. 324 – 327).
അശ്വമേധം, ശ്രുതി പാരമ്പര്യവുമായി ബന്ധപ്പെട്ട കുതിരബലിയാണ്. പുരാതന ഇന്ത്യന്‍ രാജാക്കന്മാര്‍ തങ്ങളുടെ സാമ്രാജ്യത്വ പരമാധികാരവും പ്രതാപവും സ്ഥാപിക്കാനും വിപുലമാക്കാനും ഈ ചടങ്ങ് വ്യാപകമായി ഉപയോഗിച്ചിരുന്നു. രാജാവിന്റെ യോദ്ധാക്കളുടെ അകമ്പടിയോടെ ഒരു കുതിരയെ അലഞ്ഞുതിരിയാന്‍ വിടും. കുതിര കടന്നുപോകുന്ന പ്രദേശങ്ങളില്‍ ആരും അതിനെ കൊല്ലാനോ തടയാനോ, ഒപ്പമുള്ള പടയാളികളോട് ഏറ്റുമുട്ടി രാജാവിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാനോ തയ്യാറാകാതിരുന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം അതിനെ രാജാവിന്റെ ആസ്ഥാനത്ത് തിരികെ എത്തിക്കും. തുടര്‍ന്ന് ബലിയര്‍പ്പിക്കപ്പെടുകയും കുതിര കടന്നുപോയ പ്രദേശങ്ങള്‍ രാജാവിന്റെ തര്‍ക്കമറ്റ പരമാധികാര പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും സ്വന്തം സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. 1741ല്‍ ജയ്പൂര്‍ രാജാവ് മഹാരാജാ ജയ്‌സിംഗ് രണ്ടാമന്റെ കാലം വരെ ഈ ആചാരം നിലനിന്നിരുന്നു (Historical Dictionary of India, Rowman and Littlefield, p. 68).
യജുര്‍വേദം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ അശ്വമേധത്തെ സംബന്ധിച്ച് വിശദമായി വിവരിക്കുന്നുണ്ട്. മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍ കുരുക്ഷേത്ര യുദ്ധത്തില്‍ വിജയിച്ച് ചക്രവര്‍ത്തിയാകാന്‍ അശ്വമേധം നടത്തുന്നതായി കാണാം. ചേദി രാജാവായ ഉപചാര വാസു നടത്തിയ അശ്വമേധത്തിന്റെ വിവരണവും മഹാഭാരതത്തിലുണ്ട്. ഗുപ്ത സാമ്രാജ്യം, ചാലൂക്യ രാജവംശം, ചോള രാജവംശം എന്നിവയിലെ ഭരണാധികാരികളും അശ്വമേധം നടത്തിയിരുന്നു (Heat and Sacrifice in the Vedas, Uma Marina Vesci, p. 103).
ദേവീഭാഗവതം, കാളികപുരാണം, ശൈവപുരാണം തുടങ്ങിയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും മൃഗബലി സംബന്ധിച്ച വിശദമായ പ്രതിപാദനം കാണാം. അസം, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നും മൃഗബലി വ്യാപകമായി നടത്തപ്പെടുന്നുണ്ട്. ആട്, കോഴി, പ്രാവ്, പോത്ത് എന്നിവയാണ് ബലിയര്‍പ്പിക്കപ്പെടുന്നത്. നേപ്പാളില്‍ ഏറ്റവും വലിയ മൃഗബലി നടക്കുന്നത് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഗാധിമൈ ഉത്സവത്തിലാണ്. 2009ല്‍ 5 ദശലക്ഷം ഭക്തജനങ്ങള്‍ പങ്കെടുത്ത ഉത്സവത്തില്‍ മാത്രം 2,50,000ലധികം മൃഗങ്ങള്‍ ബലികഴിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു (Ritual animal slaughter begins in Nepal, CNN, 24 November 2009).
ഉഗ്രരൂപികളായ ദുര്‍ഗ, കാളി തുടങ്ങിയ ദേവതകള്‍, ശീതള, മാരിയമ്മന്‍ തുടങ്ങിയ ഗ്രാമദേവതകള്‍, ശിവന്റെ അനിയന്ത്രിത രൂപമായ ഭൈരവന്‍, വിഷ്ണുവിന്റെ ഉഗ്രരൂപിയായ നരസിംഹം, ദുഷ്ടാത്മാക്കള്‍ തുടങ്ങിയവര്‍ക്കാണ് മൃഗബലി അര്‍പ്പിക്കുന്നത്. ദൈവങ്ങളുടെ കോപം ശമിപ്പിക്കുകയും അതുവഴി അവരുടെ കൃപ തേടുകയും ചെയ്യുക എന്നതാണ് യാഗത്തിന്റെ ലക്ഷ്യം (The Camphor flame: popular Hinduism and Society in India, Fuller, Christopher John).
ഒഡീഷയിലെ ബൗധ് ജില്ലയിലെ കാന്തമാലില്‍ എല്ലാ വര്‍ഷവും അശ്വിന മാസത്തില്‍ നടക്കുന്ന വാര്‍ഷിക ഉത്സവത്തില്‍ ദേവി കണ്ഠന്‍ ബുധിക്ക് ആട്, കോഴി തുടങ്ങിയവയെ ബലിയര്‍പ്പിക്കുന്നു. ഒഡീഷയിലെ തന്നെ സംബല്‍പൂരിലുള്ള സാമലേശ്വരി ദേവിയുടെ ക്ഷേത്രത്തിലേക്കുള്ള ബലിയാത്രയില്‍ ആടുകളെയാണ് ബലിയായി സമര്‍പ്പിക്കുന്നത്. ഘുസുരി പൂജയാണ് കണ്ഠന്‍ ബുധി ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം. മൂന്നു വര്‍ഷം കൂടുമ്പോള്‍ ദേവിക്ക് ബലിയര്‍പ്പിക്കുന്ന പന്നിക്കുട്ടിയെയാണ് ഘുസുരി എന്നതുകൊണ്ട് വിവക്ഷിക്കുന്നത് (Kandhen Budhi (PDF), Orissa.gov.in, 18 February 2015).
അശ്വിന മാസത്തില്‍ നടക്കുന്ന സുരേശ്വരി, ഖംബേശ്വരി ദേവതകളുടെ വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ബലിയാത്രയിലെ ആചാരപരമായ ആരാധനയുടെ അവിഭാജ്യ ഘടകവും മൃഗബലി തന്നെ. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നവരാത്രി കാലത്തെ ദുര്‍ഗാപൂജ ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ് മൃഗബലി. എരുമകളെയാണ് ഇവിടെ ബലിയര്‍പ്പിക്കുന്നത്. അതുവഴി ദുര്‍ഭൂതത്തിനെതിരെ ദേവിയുടെ പ്രതികാരാഗ്‌നി വര്‍ധിക്കും എന്നാണ് വിശ്വാസം. ബലിയിലൂടെ അസുരന്റെ വധവും ദുര്‍ഗയുടെ വിജയവുമാണ് സംഭവിക്കുന്നത്. രജപുത്രര്‍ നവരാത്രിയില്‍ തങ്ങളുടെ ആയുധങ്ങളെയും കുതിരകളെയും ആരാധിക്കുന്നു, കുല്‍ദേവിക്ക് ആടിനെയോ പോത്തിനെയോ ബലി അര്‍പ്പിക്കുന്നു.
പ്രസ്തുത കര്‍മത്തില്‍ ബലിമൃഗത്തെ ഒറ്റയടിക്ക് കൊല്ലുകയാണ് വേണ്ടത്. മുന്‍കാലങ്ങളില്‍ ഈ ആചാരം പുരുഷത്വത്തിലേക്കും യോദ്ധാവ് എന്ന നിലയിലുള്ള ഒരാളുടെ സന്നദ്ധതയ്ക്കുമുള്ള അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. കുല്‍ദേവി ഒരു യോദ്ധാവും പതിവ്രതയായ സംരക്ഷകയുമായാണ് കരുതപ്പെടുന്നത്. കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോത്ത് അല്ലെങ്കില്‍ ആട് ആണ് ബലിമൃഗം. പ്രാദേശിക ദേവതകള്‍ക്കും കുലദൈവങ്ങള്‍ക്കുമാണ് ഇപ്രകാരം ബലിയര്‍പ്പിക്കുന്നത് (Rama and Gilgamesh: The Sacrifices of the Water Buffalo and the Bull of heaven, Alf Hiltebeitel, 19(3), pp. 187 – 195).

മൃഗബലി പ്രധാന ഘടകമായ സോമയാഗങ്ങളിലെ ഏറ്റവും ലളിതമായ യാഗം ‘അഗ്നിസോമിയ’ ആണ്. ഇതില്‍ ദേവന്മാര്‍ക്ക് അമൃത് അര്‍പ്പിക്കുന്ന ദിവസത്തിനു മുമ്പായി അഗ്‌നിക്കും സോമനും ഓരോ ആടിനെ വീതം ബലി നല്‍കണം (The Illustrated Encyclopedia of Hinduism, James G. Lochtefeld, p. 41). സാവനിയ യാഗത്തില്‍ ദിവസം മുഴുവന്‍ അഗ്‌നിക്ക് ബലിതര്‍പ്പണം നടത്തണം. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ, ചില തോട്ടങ്ങളില്‍ അവയെ സംരക്ഷിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ദേവതകളെ പ്രീതിപ്പെടുത്താനായി ബലി നടത്തപ്പെടുന്നു.
പൂനെക്കു ചുറ്റുമുള്ള സമൂഹങ്ങള്‍ വാഗ്ജായിയിലെയും സിര്‍ക്കായിലെയും ക്ഷേത്രങ്ങളിലെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനായി മൃഗബലി നടത്തുന്നുണ്ട്. ആടിനെയും കോഴികളെയും വേതാള ദൈവത്തിന് ബലിയര്‍പ്പിക്കുന്നു. മഹാരാഷ്ട്രയിലെ കുറ്റാടി സമൂഹം, കുടുംബത്തില്‍ കുട്ടി പിറന്നാല്‍ ശേഷമുള്ള പച്ചവി ചടങ്ങില്‍ കുലദൈവമായ സപ്തശൃംഗിക്ക് ആടിനെ ബലിയര്‍പ്പിക്കുന്നു (People of India: Maharashtra, Kumar Suresh Singh, p. 962). തുടര്‍ന്ന് പന്ത്രണ്ടാം ദിവസം പേരിടല്‍ കര്‍മം നടക്കും.
പൂനെ ജില്ലയിലെ കാര്‍ല ഗുഹകളോട് ചേര്‍ന്നുള്ള എക്വിര ക്ഷേത്രത്തില്‍ ആടും കോഴിയുമാണ് ബലിയര്‍പ്പിക്കപ്പെടുന്നത്. തുള്‍ജാപൂര്‍ ക്ഷേത്രത്തില്‍ ഭവാനി ദേവിക്ക് സമര്‍പ്പിക്കുന്ന നൈവേദ്യം ആട്ടിന്‍ മാംസമാണ് (A. Rescripti ng the Legends of Tuja Bhavani, Shinde K, 17(3), pp. 313 – 337).
വിഷ്ണുവിന്റെ അവതാരമായ നരസിംഹത്തിന്റെ ആരാധനാകേന്ദ്രമായ ആന്ധ്രപ്രദേശിലെ അഹോബിലത്തിനും ചുറ്റുമുള്ള ആരാധനാലയങ്ങളിലും നിശ്ചിത എണ്ണം ആടുകളെ ആഴ്ചതോറും ബലിയര്‍പ്പിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ കല്ലാളഗര്‍ ക്ഷേത്രത്തില്‍ കാവല്‍ ദേവനായ കറുപ്പന്റെ ആരാധനാലയമായി കരുതപ്പെടുന്ന അടച്ചിട്ട വാതിലിനു മുന്നില്‍ മൃഗങ്ങളെ ആചാരപരമായി ബലിയര്‍പ്പിക്കുന്നു. ഗ്രാമദേവനായ അയ്യനാരുടെ കാവല്‍ ദേവനായ കറുപ്പന് ബലിയര്‍പ്പിക്കുമ്പോള്‍ പ്രധാന ദേവത യാഗം കാണാതിരിക്കാന്‍ ഒരു തിരശ്ശീല കൊണ്ട് മൂടാറുണ്ട്.
മാരിയമ്മനെപ്പോലുള്ള തമിഴ് ഗ്രാമദേവതകള്‍ മൃഗബലി ആസ്വദിക്കുന്നതായി കരുതപ്പെടുന്നു. കറുപ്പനോ മറ്റ് കാവല്‍ ദേവന്മാരോ മഹാദേവതയ്ക്കു വേണ്ടി മൃഗബലി സ്വീകരിക്കുന്നു. സാധാരണ ഉത്സവകാലത്ത് ക്ഷേത്രത്തിനു പുറത്താണ് മഹാദേവതക്ക് നേരിട്ട് മൃഗബലി അര്‍പ്പിക്കുന്നത്. വാള്‍ അല്ലെങ്കില്‍ കോടാലി ഉപയോഗിച്ച് ഒറ്റ വെട്ടിന് മൃഗത്തെ വധിക്കുന്ന ആചാരമാണ് ഝടക ബലി. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും ഈ ആചാരം നിലനില്‍ക്കുന്നു. ഇവിടെ ബലി നല്‍കപ്പെടുന്ന മൃഗത്തിന്റെ മാംസം സാധാരണ ഭക്ഷണത്തിനായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത് (India Through the Ages, K S Gautam, p. 75).
രുധിരാധ്യായത്തിലെ 67 മുതല്‍ 78 വരെയുള്ള അധ്യായങ്ങളില്‍ മൃഗബലി, വാമാചാരതന്ത്രം എന്നിവ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നരബലിയെക്കുറിച്ചുള്ള അസാധാരണമായ ചര്‍ച്ചകളിലൂടെയാണ് രുധിരാധ്യായ ശ്രദ്ധേയമാകുന്നത്. ദേവിയെ പ്രീതിപ്പെടുത്താന്‍ നരബലി നടത്താം, എന്നാല്‍ യുദ്ധത്തിനോ ആസന്നമായ അപകട സാധ്യതകള്‍ക്കോ മുമ്പായി രാജകുമാരന്റെ സമ്മതത്തോടെ മാത്രമേ ബലി നടത്താവൂ എന്ന നിബന്ധനയുണ്ട് ഇവിടെ. ശാരീരിക വൈകല്യമുള്ളവരോ ബ്രാഹ്‌മണരുമായി ബന്ധപ്പെട്ടവരോ യാഗത്തിലൂടെ മരിക്കാന്‍ തയ്യാറല്ലാത്തവരോ ആചാരത്തിന് യോഗ്യനല്ലെന്നും നിബന്ധനയുണ്ട് (Shahrastani on the Indian Religions, Bruce B. Lawrence).
മനുഷ്യന്‍, കുതിര, കന്നുകാലി, ചെമ്മരിയാട്, ആട് എന്നീ അഞ്ച് ജീവികളാണ് യാഗത്തിന് അനുയോജ്യമെന്ന് ബ്രാഹ്‌മണ ഗ്രന്ഥങ്ങള്‍ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട് (Hierarchies in Indo-European Animal Sacrifice, The American Journal of Philology, 99(3), pp. 354 – 362, Jaan Puhvel). ഋഗ്വേദത്തിലും മറ്റ് ഇതര വേദങ്ങളിലും കന്നുകാലി ബലി ഉള്‍പ്പെടെയുള്ള യാഗങ്ങളുടെ വിശദമായ വിവരണം കാണാം (The Myth of the Holy Cow, D. N. Jha).
കാളികാപുരാണം, ആചാരപ്രകാരം ആടിനെ വധിക്കുന്നത് ബലിയും, ആനയാണെങ്കില്‍ മഹാബലിയുമായി വേര്‍തിരിക്കുന്നുണ്ട്. പ്രസ്തുത പുരാണത്തിലെ 19ാം വാക്യത്തിലെ പട്ടികയില്‍ പറയുന്ന ബലിമൃഗങ്ങള്‍ മനുഷ്യന്റെ ആറ് ശത്രുക്കളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സര്‍ ജോണ്‍ വുഡ്‌റോഫ് (Sir John Woodroffe) കര്‍പൂരാദി സ്‌തോത്രത്തെ കുറിച്ച തന്റെ നിരൂപണത്തില്‍ പറയുന്നു (A History of Hindu Civilization During British Rule, Pramatha Nath Bose,Vol. 1,p. 65).
യോഗ്യരായ ബ്രാഹ്‌മണര്‍ കൃത്യമായി മന്ത്രങ്ങള്‍ ഉരുവിടുന്ന ഒരു യാഗത്തില്‍, ബലിമൃഗത്തിനുള്ളിലെ ജീവസാന്നിധ്യത്തിന് അടുത്ത ജന്മത്തില്‍ ഉയര്‍ന്ന പദവി പ്രതിഫലമായി ലഭിക്കും. കര്‍മം നടത്തുന്നയാള്‍ക്കും അയാള്‍ ആഗ്രഹിക്കുന്ന ഭൗതിക പ്രതിഫലവും ഉടനടി ലഭിക്കും. ഈ ആചാരം ഭഗവത് ധര്‍മത്തിന്റെ പ്രധാന ഘടകമാണ്. രാജാക്കന്മാരുടെ ആത്മീയ അവബോധം ക്രമാനുഗതമായി ഉയര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗമായാണ് ഇത് കരുതപ്പെടുന്നത് (Animal Sacrifice, Krishnas mercy, 11 Aug. 2009).
വേദസ്തുതികളുടെയും മന്ത്രങ്ങളുടെയും ശക്തി തെളിയിക്കുക എന്നതുകൂടിയാണ് ഇത്തരം ബലികളുടെ മറ്റൊരു ലക്ഷ്യം. ഇതിനായി പ്രായമായ മൃഗങ്ങളെ അഗ്നിക്ക് സമര്‍പ്പിക്കുന്നു. അടുത്ത ജന്മത്തില്‍, നവീകരിച്ച കൂടുതല്‍ ശ്രേഷ്ഠതയുള്ള ജീവിതം അവ അതുവഴി നേടുന്നു. ക്ഷത്രിയരും ശക്തരായ മറ്റ് യോദ്ധാക്കളും പൊതുവെ ഉയര്‍ന്ന പദവിയുടെ അഭിനിവേശവുമായി കഴിയുന്നവരാണ്. ഇക്കാരണത്താല്‍ അവരുടെ പ്രതിരോധ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ ചൂതാട്ടവും മാന്‍വേട്ടയും അവര്‍ക്ക് അനുവദിച്ച നിര്‍ബന്ധ ആചാരങ്ങളാണ്.
വേദങ്ങള്‍ ബലി പ്രോത്സാഹിപ്പിക്കുന്നതിനാല്‍ മിക്കവാറും എല്ലാ മതപരമായ ആചാരങ്ങളിലും മൃഗബലി നടക്കുന്നുണ്ട്. കര്‍മകാണ്ഡപ്രകാരം ഫലപ്രാപ്തിയുള്ള കര്‍മം എന്ന നിലയില്‍ ഒരു വ്യക്തി വേദങ്ങള്‍ നിര്‍ദേശിക്കുന്ന വിവിധ യാഗങ്ങള്‍ അനുഷ്ഠിക്കുന്നു. ആ യാഗങ്ങളിലെല്ലാം മൃഗങ്ങളെ കൊല്ലുകയോ വേദമന്ത്രങ്ങളുടെ ശക്തി പരിശോധിക്കുന്നതിനായി മൃഗങ്ങളുടെ ജീവിതത്തെ പരീക്ഷണവസ്തു ആക്കുകയോ ചെയ്യുന്നു.
എന്നിരുന്നാലും, വേദഗ്രന്ഥങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി മൃഗങ്ങളെ കൊന്നുകൊണ്ട് ഒരാള്‍ സംതൃപ്തനാകരുത് എന്ന് കൃഷ്ണാവബോധ സമിതി സ്ഥാപക ആചാര്യനും പ്രഗല്‍ഭ തത്വചിന്തകനും പ്രഭാഷകനുമായിരുന്ന ഭക്തിവേദാന്ത സ്വാമി പ്രഭുപാദ വിമര്‍ശനാത്മകമായി അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹം തുടര്‍ന്ന് പറയുന്നു: ആടിനെ ബലി നല്‍കുമ്പോള്‍ ചില മന്ത്രങ്ങള്‍ ജപിക്കേണ്ടതുണ്ട്. അവയില്‍ ആടിനോട് ഇങ്ങനെ പറയുന്നു: ”നിന്റെ ജീവന്‍ കാളിദേവിയുടെ മുമ്പാകെ ബലിയര്‍പ്പിക്കപ്പെടുന്നു; അതിനാല്‍ നിന്റെ ഉടല്‍ മനുഷ്യരൂപത്തിലേക്ക് ഉയര്‍ത്തപ്പെടും.”
നിരവധി അന്വേഷകര്‍ സന്ദര്‍ശിക്കുന്ന പ്രശസ്ത സൈറ്റായ കൃഷ്ണ ടുഡേ ഡോട്ട്‌കോമില്‍, ”ദ്വാപരയുഗത്തില്‍ കൃഷ്ണ ഭഗവാന്റെ കാലത്ത് ധാരാളം മൃഗബലികള്‍ നടന്നിട്ടുണ്ടല്ലോ? എന്തുകൊണ്ട് ഭഗവാന്‍ ഇത്തരം ബലികളെ പ്രോത്സാഹിപ്പിച്ചു?, താന്‍ ഒരു കൃഷ്ണഭക്തയാണ്, ഭഗവാന്റെ ഈ നിലപാടിനെ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല” എന്ന ഒരു പെണ്‍കുട്ടിയുടെ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയാണ്:
”ധര്‍മം പാലിച്ചാലും ഇല്ലെങ്കിലും യുദ്ധക്കളത്തില്‍ കൊല്ലപ്പെട്ട ക്ഷത്രിയര്‍ സ്വര്‍ഗീയ ജീവിതം നേടുന്നതുപോലെയാണ് ഇത്. യുദ്ധത്തില്‍ കൊല്ലപ്പെട്ടതുകൊണ്ടാണ് ദുര്യോധനന്‍ സ്വര്‍ഗത്തില്‍ എത്തിയത്. അതുപോലെ, മൃഗങ്ങള്‍ക്ക് സ്വാഭാവിക ജന്മക്രമം മറികടന്ന് മനുഷ്യ ജന്മം ലഭിക്കണമെങ്കില്‍ അവ അഗ്‌നിയജ്ഞങ്ങളില്‍ ബലിയര്‍പ്പിക്കപ്പെടണം. കാലതാമസം ഒഴിവാക്കി ഉടനടി മനുഷ്യനായി പുതിയ ജന്മം നല്‍കി കൃഷ്ണ ഭഗവാന്‍ യഥാര്‍ഥത്തില്‍ ആ മൃഗങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത്. ആയിരക്കണക്കിന് ജന്മങ്ങള്‍ മറികടന്ന് ലഭിക്കുന്ന ഈ ബമ്പര്‍ പ്രൈസ് ഒരു മൃഗത്തിന് അഗ്‌നിയാഗങ്ങളില്‍ ബലിയര്‍പ്പിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ. താങ്കളുടെ ഉത്കണ്ഠകള്‍ ശരീരപ്രധാനമാണ്. കൃഷ്ണനും സേവകരായ യമന്‍, സ്വര്‍ഗവാസികള്‍, ദേവതകള്‍ തുടങ്ങിയവര്‍ക്കും നാം കേവലം ആത്മാവ് മാത്രമാണ്. ആത്മാവിനെ വധിക്കാന്‍ കഴിയില്ലെന്ന് ഭഗവാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനര്‍ഥം എല്ലാവരെയും നമ്മുടെ ഇഷ്ടം പോലെ കൊല്ലാം എന്നല്ല. പുണ്യകര്‍മങ്ങള്‍ക്കായി മൃഗങ്ങളെ വധിക്കാന്‍ നമുക്ക് അനുവാദമുണ്ട്, യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നത് സമൂഹത്തിന്റെ മുഴുവന്‍ ക്ഷേമത്തിനു വേണ്ടിയാണ്. വേദഗ്രന്ഥങ്ങള്‍ അനുശാസിക്കുന്ന പ്രകാരം യാഗം നടത്തണം. മഴ ലഭിക്കുന്നതിനും കൂടുതല്‍ ധാന്യങ്ങള്‍ ലഭിക്കുന്നതിനും തങ്ങളുടെ രാജ്യങ്ങളില്‍ കൂടുതല്‍ സമാധാനം ഉണ്ടാകുന്നതിനും വേണ്ടിയാണ് രാജാക്കന്മാര്‍ ഇത്തരം യാഗങ്ങള്‍ ചെയ്യുന്നത്. അവ സമൂഹത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനു വേണ്ടിയുള്ളതാണ്. മൃഗങ്ങള്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കപ്പെടുക മുഖേന മനുഷ്യജന്മം പ്രാപിക്കുന്നു.”
യാഗങ്ങളും യജ്ഞങ്ങളും ത്രേതായുഗത്തിലേക്കു മാത്രം നിര്‍ദേശിക്കപ്പെട്ട കര്‍മങ്ങളാണെന്നും കലിയുഗത്തിലേക്കുള്ളതല്ല എന്നും വാദിക്കുന്ന സ്വാമി പ്രഭുപാദയുടെ ഉദ്ധരണികളോടെ മറുപടി വീണ്ടും തുടരുന്നു: ”വെല്ലുവിളിയിലും വധത്തിലും പ്രത്യേകം പരിശീലനം നേടിയവരാണ് ക്ഷത്രിയര്‍. കാരണം, മതപരമായ അതിക്രമം ചിലപ്പോള്‍ അനിവാര്യമായ ഘടകമായിത്തീരും. അതിനാല്‍, ക്ഷത്രിയന്മാര്‍ ഒരിക്കലും സന്യാസത്തിന്റെയോ പരിത്യാഗത്തിന്റെയോ മാര്‍ഗം നേരിട്ട് സ്വീകരിക്കാറില്ല. രാഷ്ട്രീയത്തില്‍ അഹിംസ ഒരു നയതന്ത്രമായിരിക്കാം, പക്ഷേ, ഒരിക്കലും അത് ഒരു ശാസനയോ തത്വമോ അല്ല. മതനിയമ പുസ്തകങ്ങളില്‍ ഇങ്ങനെ പറയുന്നു: ‘യുദ്ധക്കളത്തില്‍ ഒരു രാജാവ് അല്ലെങ്കില്‍ ക്ഷത്രിയന്‍ തന്നോട് അസൂയയുള്ള മറ്റൊരു രാജാവിനോട് യുദ്ധം ചെയ്യുമ്പോള്‍, ബ്രാഹ്‌മണര്‍ യാഗാഗ്‌നിയില്‍ മൃഗങ്ങളെ ബലിയര്‍പ്പിച്ച് സ്വര്‍ഗലോകം നേടുന്നതുപോലെ, മരണാനന്തരം സ്വര്‍ഗത്തിലെത്താന്‍ യോഗ്യനാകുന്നു.’
അതിനാല്‍, മതപരമായ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ യുദ്ധക്കളത്തില്‍ കൊല്ലുന്നതും യാഗത്തില്‍ മൃഗങ്ങളെ കൊല്ലുന്നതും അക്രമപ്രവര്‍ത്തനമായി കരുതാനാകില്ല. കാരണം ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരും പ്രസ്തുത മതതത്വങ്ങളുടെ പ്രയോജകരാണ്. ബലിയര്‍പ്പിക്കുന്ന മൃഗത്തിന് ഒരു രൂപത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ക്രമാനുഗതമായ പരിണാമ പ്രക്രിയക്കു വിധേയമാകാതെ ഉടനടി മനുഷ്യ പദവി ലഭിക്കുന്നു. യുദ്ധക്കളത്തില്‍ കൊല്ലപ്പെട്ട ക്ഷത്രിയരും ബലിയര്‍പ്പിച്ച് മോക്ഷം പ്രാപിക്കുന്ന ബ്രാഹ്‌മണരെപ്പോലെ സ്വര്‍ഗലോകത്തെ പ്രാപിക്കുന്നു. സമൂഹത്തിന്റെ ക്ഷേമത്തിനായാണ് യാഗങ്ങള്‍ നടത്തുന്നത് എന്നതിനാല്‍ മൃഗബലിയില്‍ പാപമില്ല. വിദ്യാസമ്പന്നരായ ബ്രാഹ്‌മണരുടെ മേല്‍നോട്ടത്തിലാണ് ബലി നടന്നിരുന്നത്. രാജാവ് യാഗങ്ങള്‍ നടത്തുമ്പോള്‍ ലഭിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്കും പങ്കിട്ടിരുന്നു. ഭക്തിനിര്‍ഭരമായ അധ്യാപനത്തെ പിന്തുണയ്ക്കുന്ന ഏതൊരാളും കൃഷ്ണന്റെ അനുഗ്രഹം പങ്കിടുന്നതിന് സമാനമാണിത്.
യാഗാഗ്‌നിയില്‍ ആ മൃഗങ്ങള്‍ മോചിതരാകുമ്പോള്‍ അനുഭവിക്കുന്ന ഒരു നിമിഷത്തെ വേദനയെക്കുറിച്ച് മാത്രമാണ് താങ്കള്‍ അസ്വസ്ഥപ്പെടുന്നത്. സ്വാഭാവിക മരണത്തിലൂടെ ആയാല്‍ പോലും നാം കഠിനമായ വേദന അനുഭവിക്കേണ്ടിവരും. എന്നാല്‍, ഇവിടെ മൃഗങ്ങള്‍ ഒരു നിമിഷത്തെ വേദനയിലൂടെ ഔന്നത്യം പ്രാപിക്കുകയാണ് ചെയ്യുന്നത്” (Posted or updated on 2020 Nov. 24, krishnatoday.com).

Back to Top