11 Friday
September 2026
2026 September 11
1448 Rabie Al-Awwal 28

ഭൂമിക്കു നേരെ പാഞ്ഞടുത്ത് ഛിന്നഗ്രഹം


ഭൂമിക്കു നേരെ പാഞ്ഞടുത്ത് ഛിന്നഗ്രഹം. 67 മീറ്റര്‍ നീളമുള്ള എന്‍എഫ് 2024 എന്ന ഛിന്നഗ്രഹമാണ് മണിക്കൂറില്‍ 73,055 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിക്കു നേരെ പാഞ്ഞടുക്കുന്നത്. ഛിന്നഗ്രഹത്തിന്റെ സഞ്ചാരദിശ മനസ്സിലാക്കിവരുകയാണെന്നും നാസ അറിയിച്ചു. സൂര്യനെ വലംവയ്ക്കുന്ന അപ്പോളോ ഗണത്തില്‍പ്പെട്ട ഛിന്നഗ്രഹമാണ് എന്‍എഫ് 2024. ജൂലൈ 17ന് ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 48 ലക്ഷം കിലോമീറ്റര്‍ അകലെയെത്തുമെന്നാണ് നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയുടെ കണക്കുകൂട്ടല്‍. എന്‍എഫ് 2024 ഭൂമിയെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് ശാസ്ത്രസംഘത്തിന്റെ നിഗമനം. ഭൂമിയുടെ സമീപത്തുകൂടി പോകാന്‍ സാധ്യതയുള്ള എല്ലാ ഛിന്നഗ്രഹങ്ങളുടെയും സഞ്ചാരദിശയും മറ്റു വിവരങ്ങളും നേരത്തെ തന്നെ നാസ ശേഖരിച്ചിരുന്നു. 150 മീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ളതും ഭൂമിക്ക് 74 ലക്ഷം കിലോമീറ്റര്‍ അടുത്തുവരെ വരുന്നതുമായ ഛിന്നഗ്രഹങ്ങളെയാണ് അപകടകാരികളുടെ കൂട്ടത്തില്‍ നാസ ഉള്‍പ്പെടുത്തിയത്. എന്‍എഫ് 2024 ഭൂമിയുടെ 48 ലക്ഷം കിലോമീറ്റര്‍ അടുത്തുവരെ വരുന്നുണ്ടെങ്കിലും, താരതമ്യേന ചെറുതായതിനാല്‍ അപകടകാരിയല്ലെന്നാണ് നാസയുടെ നിഗമനം.
എന്നാല്‍ ആശ്വസിക്കാമെന്നു വെച്ചാല്‍ വരട്ടെ. എന്‍എഫ് 2024നു പിന്നാലെ മൂന്നു ഛിന്നഗ്രഹങ്ങള്‍ കൂടി അടുത്ത ദിവസങ്ങളില്‍ ഭൂമിക്ക് സമീപമെത്തും. ബിവൈ 15, എന്‍ജെ 3, എംജി 1 എന്നിവയാണ് ഭൂമിയില്‍ നിന്ന് 42 ലക്ഷം മുതല്‍ 72 ലക്ഷം കിലോമീറ്റര്‍ അകലെ വരെയെത്തുക. ഇതില്‍ എംജി 1 എന്ന ഛിന്നഗ്രഹം ജൂലൈ 21ന് ഭൂമിയുടെ 42 ലക്ഷം കിലോമീറ്റര്‍ അടുത്തുവരെയെത്തും. എന്തായാലും അടിക്കടി ഭൂമിക്ക് ഉണ്ടായേക്കാവുന്ന ഇത്തരം ഛിന്നഗ്രഹ ഭീഷണികള്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് നാസ. ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള സാങ്കേതികവിദ്യ നാസയുടെ പണിപ്പുരയിലാണ്. സ്‌പേസ്‌ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് ഇടിപ്പിച്ച് ശൂന്യാകാശത്തു വെച്ചുതന്നെ ഇത്തരം ഛിന്നഗ്രഹങ്ങളുടെ വഴി തിരിച്ചുവിടാനുള്ള പദ്ധതിയാണ് ഡിഎആര്‍ടി എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ നാസ വിഭാവനം ചെയ്യുന്നത്.

Back to Top