26 Thursday
December 2024
2024 December 26
1446 Joumada II 24

സ്റ്റേറ്റ് സിലബസുകാര്‍ പിന്തള്ളപ്പെടുന്നുവോ?


കേരളത്തിലെ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുറത്ത് വന്നിരിക്കുന്നു. ദേശീയതലത്തില്‍ നടന്ന നീറ്റ് പരീക്ഷയുടെ വിവാദങ്ങള്‍ ഒരു ഭാഗത്ത് സജീവമായിരിക്കെ തന്നെയാണ് പേപ്പര്‍ ചോര്‍ച്ചയും മറ്റും ഇല്ലാതെ കേരള എന്‍ട്രന്‍സ് പൂര്‍ത്തീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. എന്‍ ടി എ എന്ന ഏജന്‍സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ട സ്ഥിതിക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ് അടക്കമുള്ള എന്‍ട്രന്‍സ് പരീക്ഷ അതത് സംസ്ഥാനങ്ങളുടെ ചുമതലയില്‍ നടത്തണമെന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നീറ്റ് പരീക്ഷക്കെതിരെ കേസ് നടത്തുന്ന തമിഴ്‌നാട് നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള വിശാലവും വൈവിധ്യപൂര്‍ണവുമായ ഒരു രാജ്യത്ത് വികേന്ദ്രീകരണത്തിലൂടെ മാത്രമേ മികച്ച പരീക്ഷകള്‍ നടത്താനാവൂ. ചില അപവാദങ്ങളുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരം തിരിച്ചുനല്‍കുകയാണ് വേണ്ടത്.
എന്നാല്‍ കേരളത്തിലെ കീം പരീക്ഷ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. എന്‍ട്രന്‍സ് മാര്‍ക്കും പ്ലസ് ടുവിലെ സെക്കന്‍ഡ് ഇയര്‍ മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളുടെ മാര്‍ക്കും കൂടി ചേര്‍ത്താണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഏതാനും വര്‍ഷങ്ങളായി തുടരുന്ന പതിവാണിത്. നേരത്തെ എന്‍ട്രന്‍സ് മാര്‍ക്ക് മാത്രമാണ് റാങ്ക് തയ്യാറാക്കാന്‍ പരിഗണിച്ചിരുന്നത്. ആ സമയത്ത് വിദ്യാര്‍ഥികള്‍ പ്ലസ് ടു ക്ലാസുകളിലും റഗുലര്‍ സ്‌കൂളുകളിലും പോകാതെ നേരിട്ട് കോച്ചിംഗ് സെന്ററുകളെ മാത്രം ആശ്രയിക്കുകയും ഒബ്ജക്ടീവ് ചോദ്യങ്ങളെ നേരിടാന്‍ മാത്രം പരിശീലനം നേടുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. പ്രഫഷണല്‍ രംഗത്തേക്ക് വരുന്നവര്‍ക്ക് ക്ലാസ് റൂം അനുഭവം കൂടി വേണമെന്ന നിര്‍ബന്ധത്തിന് പുറത്താണ് പ്ലസ് ടു മാര്‍ക്ക് കൂടി പരിഗണിക്കാന്‍ തുടങ്ങിയത്. ആ മാറ്റം സ്വാഗതാര്‍ഹം തന്നെയാണ്. കാരണം, രാജസ്ഥാനിലെ കോട്ടയിലും കോട്ടയത്തെ പാലായിലും മാത്രം അഡ്മിഷന്‍ നേടി പ്രൈവറ്റായി പ്ലസ്ടു യോഗ്യത നേടുന്ന ‘വിരുതന്മാരെ’ നേരിടേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍ ഈ മാറ്റം ‘കീം’ പരീക്ഷയില്‍ മാത്രമേ ഉള്ളൂ. നീറ്റ് റാങ്ക് ലിസ്റ്റ് ഇപ്പോഴും എന്‍ട്രന്‍സ് മാത്രം അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കുന്നത്.
എന്നാല്‍ ഇങ്ങനെ പ്ലസ്ടു മാര്‍ക്ക് കൂടി കൂട്ടി ചേര്‍ക്കുമ്പോള്‍ സ്റ്റേറ്റ് സിലബസുകാരോട് വലിയ അനീതിയാണ് കാണിക്കുന്നത്. വിവിധ ബോര്‍ഡുകളുടെ പ്ലസ് ടു പരീക്ഷ മാര്‍ക്ക് സമീകരിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും സ്റ്റേറ്റ് സിലബസുകാരുടെ മാര്‍ക്ക് കുറയ്ക്കുകയാണ് ചെയ്യുക. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുദ്രാവാക്യമായി സ്വീകരിച്ച ഒരു സര്‍ക്കാര്‍ തന്നെ പ്ലസ്ടുവിന് സി ബി എസ് ഇ പഠിച്ചാല്‍ മതിയെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഈ വര്‍ഷത്തെ ‘കീം’ റിസല്‍റ്റ് അനാലിസില്‍ ആദ്യ 5000 റാങ്കില്‍ വന്നവരില്‍ 2034 പേര്‍ സ്റ്റേറ്റ് സിലബസ്സിലും 2785 പേര്‍ സി ബി എസ് ഇയിലും പഠിച്ചവരാണ്. മൊത്തം പരീക്ഷ എഴുതിയവരുടെ എണ്ണമെടുത്ത് പരിശോധിച്ചാല്‍ സ്റ്റേറ്റില്‍ പരീക്ഷയെഴുതിയതില്‍ 5.58 ശതമാനവും സി ബി എസ് ഇയില്‍ എഴുതിയ 19.15 ശതമാനവുമാണ് ആദ്യ 5000 ല്‍ ഉള്‍പ്പെട്ടത്. ഈ അന്തരം ഏറെ ഗൗരവമുള്ളതാണ്. കേരളത്തിലെ മികച്ച എന്‍ജിനീയറിംഗ് കോളേജുകളും ബ്രാഞ്ചുകളും ലഭിക്കുന്നത് ഇവര്‍ക്കാണ്. സ്റ്റേറ്റ് സിലബസുകാര്‍ പിന്തള്ളപ്പെടുകയും സ്വാശ്രയ കോളേജുകളില്‍ പഠിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്നു.
സ്റ്റേറ്റ് സിലബസില്‍ മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളുടെ ഫുള്‍മാര്‍ക്ക് കീം സ്റ്റാന്‍ഡേര്‍ഡൈസ് പ്രകാരം 273. 77 ആക്കി കുറയ്ക്കുകയും സി ബി എസ് ഇ വിദ്യാര്‍ത്ഥികളുടെ ഫുള്‍മാര്‍ക്കാവട്ടെ 308.67 ആക്കി കൂട്ടിക്കൊടുക്കുകയുമാണ് ചെയ്തത്.
ഒരു മാര്‍ക്കിന്റെ അന്തരം തന്നെ വലിയ റാങ്ക് വ്യത്യാസത്തിന് കാരണമാകുന്ന ഒരു സുപ്രധാന പരീക്ഷയിലാണ് വിദ്യാര്‍ഥികള്‍ എഴുതി നേടിയ മാര്‍ക്ക് സമീകരണത്തിന്റെ പേരില്‍ കുറയ്ച്ചിരിക്കുന്നത്. ഈ സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആത്മാര്‍ഥതയുള്ളതാണെങ്കില്‍ ഏതാനും വര്‍ഷങ്ങളായി തുടരുന്ന ഈ സമീകരണ വെട്ടിക്കുറയ്ക്കല്‍ അവസാനിപ്പിക്കണം. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വെട്ടിക്കുറയ്ച്ചിരിക്കുന്ന മാര്‍ക്ക് കുടുതലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠിക്കുന്നവര്‍ക്ക് കേരളത്തിലെ മികച്ച എന്‍ജിനീയറിംഗ് കോളേജുകള്‍ അപ്രാപ്യമാകും. ഒരു സാമൂഹിക രാഷ്ട്രീയ നിലപാട് എന്ന നിലയില്‍ പൊതുവിദ്യാലയങ്ങളില്‍ മക്കളെ ചേര്‍ക്കുന്നവരോടുള്ള വെല്ലുവിളി കൂടിയാണ് ഈ വെട്ടിക്കുറയ്ക്കല്‍. ഈ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി നിയമനിര്‍മാണം നടത്തണം.

Back to Top