15 Wednesday
January 2025
2025 January 15
1446 Rajab 15

പൊതുപ്രവര്‍ത്തകനായ പണ്ഡിതന്‍

ഹാറൂന്‍ കക്കാട്‌


കേരള മുസ്‌ലിം നവോത്ഥാന സംരംഭങ്ങളില്‍ നിസ്തുല പങ്കുവഹിച്ച പരിഷ്‌കര്‍ത്താവായിരുന്നു എം അബ്ദുല്ലക്കുട്ടി മൗലവി. ബഹുഭാഷാ പണ്ഡിതനും മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം. മുസ്‌ല്യാരകത്ത് സൈനുദ്ദീന്‍ മുസ്‌ലിയാരുടെയും ഫാത്വിമയുടെയും മകനായി 1889ല്‍ മലപ്പുറം ജില്ലയിലെ വാഴക്കാട്ടാണ് ജനനം. പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂമിന്റെ പൗത്രനാണ്. വാഴക്കാട് എല്‍പി സ്‌കൂളില്‍ പ്രാഥമിക പഠനം. പുളിക്കല്‍ പള്ളി ദര്‍സില്‍ നിന്നും വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജില്‍ നിന്നും മതവിജ്ഞാനീയങ്ങള്‍ അഭ്യസിച്ചു.
പഠനത്തിനു ശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യസമര രംഗത്ത് സജീവമായി. ഖിലാഫത്ത് പ്രക്ഷോഭത്തില്‍ മലബാറില്‍ നേതൃരംഗത്ത് നിലകൊണ്ടു. ഖിലാഫത്ത് പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് വിവിധ നേതാക്കളെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ പദ്ധതിയിട്ടപ്പോള്‍ മൗലവിയും ആ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് അദ്ദേഹം കൊടുങ്ങല്ലൂരിലേക്ക് താമസം മാറി. 1921-22 കാലഘട്ടത്തിലെ മലബാര്‍ സമരത്തെ തുടര്‍ന്ന് നാട്ടില്‍ വലിയ തോതില്‍ നാശനഷ്ടങ്ങളും പ്രയാസങ്ങളും ഉണ്ടായി. മരണപ്പെട്ടവരുടെയും നാടുകടത്തപ്പെട്ടവരുടെയും അംഗഭംഗം സംഭവിച്ചവരുടെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെയും സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാന്‍ പൂനെ മിഷന്റെ നിര്‍ദേശപ്രകാരം എം അബ്ദുല്ലക്കുട്ടി മൗലവിയെയും കെ സി കോമുക്കുട്ടി മൗലവിയെയുമാണ് നിയോഗിച്ചത്. ഇരുവരും ഇക്കാര്യം കൃത്യതയോടെ സമയബന്ധിതമായി നിര്‍വഹിച്ചു.
അതേസമയം മലബാര്‍ സമരം വീണ്ടും ആളിക്കത്തിക്കാന്‍ വേണ്ടി വന്നവരാണ് എന്ന് തെറ്റിദ്ധരിച്ച ബ്രിട്ടീഷ് സൈന്യം രണ്ടു പേരെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. അതിനാല്‍ അബ്ദുല്ലക്കുട്ടി മൗലവിക്ക് വീണ്ടും കുറച്ചു കാലം കൊടുങ്ങല്ലൂരില്‍ താമസിക്കേണ്ടിവന്നു. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ അബ്ദുല്ലക്കുട്ടി മൗലവി പ്രവേശിക്കരുത് എന്ന് ബ്രിട്ടീഷുകാര്‍ ഉത്തരവിറക്കി. ഇതേ തുടര്‍ന്ന് മൗലവി പ്രവര്‍ത്തന തട്ടകം വടക്കേ മലബാറിലേക്ക് മാറ്റി. കേരള മുസ്‌ലിം ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം മജ്‌ലിസ്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി.
1933ല്‍ കുറ്റ്യാടിയിലെ തൊണ്ടിപ്പൊയിലില്‍ അബ്ദുല്ലക്കുട്ടി മൗലവി ഒരു മതപ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. യാഥാസ്ഥിതികര്‍ പരിപാടിക്കിടയില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. മരുതോങ്കര ഖാദി നടുക്കണ്ടി മമ്മദ് മുസ്‌ലിയാര്‍ 11 ചോദ്യങ്ങള്‍ രേഖാമൂലം നല്‍കി. എല്ലാറ്റിനും കൃത്യമായ ഉത്തരങ്ങള്‍ നല്‍കി. പിന്നീട് ഈ ചോദ്യോത്തരങ്ങള്‍ ‘ഒരു വിളംബരം’ എന്ന പേരില്‍ ലഘുലേഖയായി പ്രസിദ്ധീകരിച്ചു. ഇതിനു മറുപടിയായി എടച്ചേരിയിലെ ഇ വി മൊയ്തീന്‍ മുസ്‌ലിയാര്‍ ‘അല്‍ഇഅ്‌ലാന്‍’ എന്ന പേരില്‍ ഒരു നോട്ടീസ് ഇറക്കി. ഇതിനെ പ്രമാണബദ്ധമായി വിമര്‍ശിച്ചുകൊണ്ട് വഅദ് കമ്മിറ്റിയുടെ പേരില്‍ ‘തന്‍സീഹുദ്ദീന്‍’ എന്ന പുസ്തകം മൗലവി പ്രസിദ്ധീകരിച്ചു. ഇതോടെ യാഥാസ്ഥിതികര്‍ അങ്കലാപ്പിലായി. അങ്ങനെ അവരുടെ ഭാഗത്തുനിന്ന് വാദപ്രതിവാദ വെല്ലുവിളി ഉയര്‍ന്നു. 1933 ഡിസംബര്‍ 7ന് നാദാപുരത്ത് നടന്ന സുന്നി-മുജാഹിദ് വാദപ്രതിവാദത്തിന്റെ പശ്ചാത്തലം ഇതായിരുന്നു.
കോഴിക്കോട്ടെ പരപ്പില്‍ ശാദുലി പള്ളിയില്‍ മൗലവിയുടെ പ്രഭാഷണ പരമ്പര സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതിനു നേരെ യാഥാസ്ഥിതികര്‍ ആക്രമണം നടത്തി. മൗലവിക്കു നേരെ വധശ്രമമുണ്ടായി. സ്ഥലത്തെത്തിയ നിയമപാലകര്‍ കാര്യങ്ങള്‍ കൃത്യമായി അന്വേഷിച്ചറിയുകയും മൗലവിക്ക് പ്രഭാഷണം തുടരാന്‍ അനുമതി നല്‍കുകയും ചെയ്തു. കോഴിക്കോട്ടും പരിസരങ്ങളിലും നിരവധി പേരെ ഇസ്‌ലാഹി ആദര്‍ശത്തിലേക്ക് കൊണ്ടുവരാന്‍ ഇതുവഴി സാധിച്ചു.
ഒറ്റയിരിപ്പിന് ഭാര്യയെ മൂന്നു ത്വലാഖും ചൊല്ലി പിരിച്ച ഒരു യുവാവിനെ അതേ ഭാര്യയെ ഇണയായി തിരിച്ചെടുക്കാന്‍ എടവണ്ണ അലവി മൗലവി ഫത്‌വ നല്‍കിയത് വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ അബ്ദുല്ലക്കുട്ടി മൗലവി കുറ്റ്യാടിയില്‍ ഒരു സംവാദം സംഘടിപ്പിച്ചു. കെ എം മൗലവി ആയിരുന്നു മുജാഹിദ് പക്ഷത്തിന്റെ വാദഗതികള്‍ അവതരിപ്പിച്ചത്. പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ എന്നിവര്‍ സുന്നി പക്ഷത്തും അണിനിരന്നു. ഈ സംവാദത്തിലൂടെ യാഥാസ്ഥിതികരുടെ വികല വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായി.
1925ല്‍ കുറ്റ്യാടിയില്‍ അബ്ദുല്ലക്കുട്ടി മൗലവിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ വൈജ്ഞാനികരംഗത്ത് വമ്പിച്ച മുന്നേറ്റങ്ങള്‍ ഉണ്ടാക്കി. ഇതിന്റെ തുടര്‍ച്ചയായി മൗലവിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന സ്ഥാപനമാണ് കുറ്റ്യാടി ഇസ്‌ലാമിയാ കോളജ്. ഇതിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ മൗലവിയായിരുന്നു.
ഖിലാഫത്ത് പ്രക്ഷോഭത്തെ തുടര്‍ന്ന് കണ്ണൂര്‍ വളപട്ടണത്ത് അല്‍പകാലം മൗലവി താമസിച്ചിരുന്നു. അക്കാലത്ത് കെ എം മൗലവിയുടെ നേതൃത്വത്തില്‍ അവിടെ സ്ഥാപിച്ച മില്ലിയ്യ ഇസ്‌ലാമിയ മദ്‌റസയില്‍ പ്രധാനാധ്യാപകനായി അബ്ദുല്ലക്കുട്ടി മൗലവി സേവനമനുഷ്ഠിച്ചിരുന്നു. ഇക്കാലത്ത് യാഥാസ്ഥിതികര്‍ മൗലവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെങ്കിലും ശ്രമം വിഫലമായി. ‘അല്ലാഹുവിന്റെ അപാരമായ സഹായങ്ങള്‍ എനിക്ക് ഒരുപാട് ലഭിച്ചിട്ടുണ്ട്’ എന്ന് ഇത്തരം വധശ്രമങ്ങള്‍ അനുസ്മരിച്ചുകൊണ്ട് മൗലവി പറയാറുണ്ടായിരുന്നു.
1963ല്‍ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അബ്ദുല്ലക്കുട്ടി മൗലവി വിജയിക്കുകയും ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മൗലവിയുടെ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ സ്ഥാപിച്ച എംഐയുപി സ്‌കൂള്‍ വലിയ വൈജ്ഞാനിക മുന്നേറ്റത്തിന് നിമിത്തമായി. ഇവിടെ അറബിക്, ഉര്‍ദു വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നത് മൗലവിയായിരുന്നു. കുറ്റ്യാടി പ്രാഥമിക ആരോഗ്യ കേന്ദ്രം, കുറ്റ്യാടി ഹൈസ്‌കൂള്‍, കുറ്റ്യാടി പാലം തുടങ്ങിയവയുടെയെല്ലാം നിര്‍മാണത്തില്‍ മൗലവിയുടെ സാന്നിധ്യമുണ്ടായിരുന്നു.
മികച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു അബ്ദുല്ലക്കുട്ടി മൗലവി. അല്‍മുര്‍ശിദ്, ഇര്‍ശാദ്, അന്‍സാരി, ചിന്തകന്‍, അല്‍മനാര്‍, ന്യൂ അന്‍സാരി, അല്‍ഇത്തിഹാദ്, അല്‍ഫാറൂഖ്, നിരീക്ഷണം തുടങ്ങി ആദ്യകാല നവോത്ഥാന പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരനായിരുന്നു അദ്ദേഹം. മആനില്‍ അല്‍ഫാള്, തന്‍സീഹുദ്ദീന്‍ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. അല്‍ അഖാഇദു വല്‍ അഖ്‌ലാഖ് എന്ന പാഠപുസ്തകം അദ്ദേഹവും കെ കെ എം ജമാലുദ്ദീന്‍ മൗലവിയും ചേര്‍ന്നെഴുതിയതാണ്.
ജീവിതത്തിന്റെ അവസാനകാലത്ത് തളര്‍വാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1972 ഫെബ്രുവരി 11 വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് 83-ാമത്തെ വയസ്സില്‍ മൗലവി നിര്യാതനായി. കുറ്റ്യാടി മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഭൗതിക ശരീരം സംസ്‌കരിച്ചത്.

Back to Top