സാമൂഹിക ഭദ്രതയെ തകര്‍ക്കുന്ന നീക്കങ്ങളെ ചെറുക്കണം – ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

മേപ്പാടി: വ്യക്തിസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ കല്‍പ്പിക്കുന്ന മതങ്ങള്‍ മനുഷ്യവിരുദ്ധമാണന്നും കുടുംബസങ്കല്പം ആധുനിക ലോകത്ത് അപ്രസക്തമാണന്നും പ്രചരിപ്പിച്ച് സാമൂഹിക ഭദ്രതയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നു ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. ഭരണപക്ഷ കലാസാംസ്‌കാരിക സംഘങ്ങളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും അതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കാലം തേടുന്ന ഇസ്‌ലാഹ്’ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അബ്ദുസ്സലീം മേപ്പാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ സൈതലവി എന്‍ജിനീയര്‍, ഡോ. ഇസ്മായില്‍ കരിയാട്, ഫൈസല്‍ നന്മണ്ട, അമീര്‍ അന്‍സാരി, അബ്ദുല്‍ഹക്കീം അമ്പലവയല്‍, മൊയ്തീന്‍കുട്ടി മദനി, അബ്ദുല്ലത്തീഫ് മില്ലുമുക്ക്, അബ്ദുസ്സലാം മുട്ടില്‍ പ്രസംഗിച്ചു.
