29 Tuesday
July 2025
2025 July 29
1447 Safar 3

സംഘപരിവാറിന്റെ ‘പരീക്ഷാ ജിഹാദ്’

അബൂബക്കര്‍

വിജയികളുടെ ചിത്രങ്ങളുമായി പരസ്യം പ്രസിദ്ധീകരിച്ച കേരളത്തിലെ നീറ്റ് മത്സരപ്പരീക്ഷയുടെ ഒരു കോച്ചിങ് സെന്ററിന്റെ വിജയ പരസ്യം ഉത്തരേന്ത്യയില്‍ വര്‍ഗീയ പ്രചാരണത്തിനും നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ശ്രദ്ധ തിരിച്ച് തലയൂരാനും ഉപയോഗിച്ച് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ യൂനിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃഭൂമി പത്രത്തില്‍ നല്‍കിയ പരസ്യമാണ് ഇത്തരത്തില്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. കോച്ചിങ് സെന്ററില്‍ നിന്ന് ഈ വര്‍ഷം നീറ്റ് കരസ്ഥമാക്കിയ ഉന്നത വിജയികളുടെ ചിത്രങ്ങള്‍ അടങ്ങിയതാണ് പത്രപരസ്യം.
യൂനിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു വിജയിച്ച മുസ്‌ലിം പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ‘പരീക്ഷാ ജിഹാദ്’ എന്ന ഹാഷ്ടാഗോടെയും, ‘നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കള്‍ ആരാണെന്ന് ഈ പരസ്യം വ്യക്തമാക്കുന്നു’ എന്ന അടിക്കുറിപ്പോടെയുമാണ് സുരേഷ് ചാവങ്കെ പങ്കുവെച്ചിരിക്കുന്നത്. കടുത്ത മുസ്‌ലിം വിരുദ്ധനും ആര്‍എസ്എസ് സഹയാത്രികനും കുപ്രസിദ്ധമായ സുദര്‍ശന്‍ ന്യൂസ് എഡിറ്ററുമാണ് സുരേഷ്ജി. പരസ്യത്തില്‍ ഭൂരിഭാഗവും മുസ്‌ലിം വിദ്യാര്‍ഥിനികളായതിനാല്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കു പിന്നില്‍ മുസ്‌ലിംകളാണ് എന്നു വരുത്തിത്തീര്‍ക്കാനാണ് സുരേഷ്ജിയുടെ ശ്രമം.
സംഘ്പരിവാറിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന് ഉത്തരേന്ത്യന്‍ പശുബെല്‍റ്റില്‍ നന്നായി വിറ്റുപോകുന്നുണ്ട് ഈ പരസ്യം. മറ്റു നിരവധി സംഘ്പരിവാര്‍ സഹയാത്രികരും ഇത് വ്യാപകമായി പങ്കുവെച്ചിട്ടുണ്ട്. എക്‌സ് അക്കൗണ്ടിലെ പ്രസ്തുത പോസ്റ്റ് 11 ലക്ഷത്തിലേറെ പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. ഇത് 6900 തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ‘നീറ്റ് പരീക്ഷയുടെ ഗുണഭോക്താക്കള്‍. ഇവര്‍ മതക്കാരാണെന്ന് അറിയാന്‍ ഫോട്ടോകള്‍ നോക്കൂ. ആരാണെന്ന് ഊഹിക്കൂ. എല്ലാം മുസ്‌ലിംകള്‍ മാത്രം’ എന്നാണ് ഇങ്ങേരുടെ അടിക്കുറിപ്പ്. ഇതേ അടിക്കുറിപ്പോടെ അനുപം മിശ്ര എന്ന മറ്റൊരു സംഘി പത്രപ്രവര്‍ത്തകനും ഇതേ പരസ്യം പങ്കുവെച്ചിട്ടുണ്ട്. എക്‌സ് അക്കൗണ്ടിലെ പ്രസ്തുത പോസ്റ്റ് 2.6 ലക്ഷത്തിലേറെ പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. ഇത് 4900 തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സംഘികള്‍ വാട്ട്‌സ്ആപ്പ് നുണഫാക്ടറിയില്‍ ഹിമാലയം തന്നെ പണിയുമെന്നതിന് മറ്റൊരു ഉദാഹരണം കൂടി.

Back to Top