23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

പഠനങ്ങളില്‍ തെളിയുന്നത് പ്രീണനമല്ല; വിവേചനമാണ്‌

സി പി അബ്ദുസ്സമദ്‌


കേരളീയ സമൂഹം ഇന്ന് കൂടുതല്‍ ഇസ്ലാമോഫോബിക് ആയിരിക്കുന്നു. ഇസ്ലാം വിദ്വേഷം പ്രചരിപ്പിക്കുന്നവരും അതിനെ സ്വീകരിക്കുന്നവരും ഏറെ വര്‍ധിച്ചിരിക്കുന്നു. മുന്‍കാലങ്ങളിലെ വീര്യമേറിയ നാര്‍കോട്ടിക്ക് ജിഹാദ്, ലൗ ജിഹാദ് പോലെയുള്ള നുണ പ്രചാരണങ്ങള്‍, വടകര ഇലക്ഷനുമായി ബന്ധപ്പെട്ട കാഫിര്‍ പ്രയോഗം, ടി പി വധക്കേസുമായി ബന്ധപ്പെട്ട ‘മാഷാ അല്ലാഹ്’ സ്റ്റിക്കര്‍, കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ജിഹാദ്, അമീര്‍ – ഹസന്‍ – കുഞ്ഞാലിക്കുട്ടി എന്ന ആഖ്യാനം തുടങ്ങി അനേകം കാര്യങ്ങള്‍ കേരളത്തിന്റെ പൊതുബോധത്തിനകത്ത് മുസ്ലിം വിദ്വേഷവും അപരവത്കരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകള്‍ക്കും, ന്യൂനപക്ഷ വിരുദ്ധര്‍ക്കും എതിരെയാണ് തങ്ങള്‍ എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന, മതേതരത്വത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്ന കൂട്ടരില്‍ നിന്നാണ് ഈ പ്രചാരണങ്ങളില്‍ ഏറെയും എന്നതാണ് സങ്കടകരം.
മുസ്ലിം വിദ്വേഷങ്ങളുടെ ഈ ശ്രേണിയില്‍ ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയാകുന്ന വിഷയമാണ്, മുസ്ലിംകള്‍ ‘അനര്‍ഹമായി’ നേടുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും. ഈ പ്രചാരണത്തിന്റെ തുടക്കത്തിന് ഏറെ കാലപ്പഴക്കമുണ്ടെങ്കിലും ഇന്നത് വലിയ ചര്‍ച്ചാ വിഷയമാണ്. എസ് എന്‍ ഡി പി സംസ്ഥാന അധ്യക്ഷനും കേരള നവോത്ഥാന സമിതിയുടെ ചെയര്‍മാനുമായ വെള്ളാപ്പള്ളി നടേശന്‍ തുടരെ തുടരെ ഇക്കാര്യം ഉന്നയിക്കുന്നതാണ് ഈ ചര്‍ച്ചക്ക് കാരണം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും സി പി എമ്മും മുസ്ലിം പ്രീണനം നടത്തുകയാണ് എന്നും രാജ്യസഭാംഗത്വം അടക്കമുള്ള വിഷയങ്ങളില്‍ മുസ്ലിംകളെ മാത്രമേ കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ പരിഗണിക്കുന്നുള്ളൂ തുടങ്ങിയവയാണ് നടേശന്റെ വാദങ്ങള്‍. ഇടക്കിടക്ക് സമാനമായ പല പ്രസ്താവനകള്‍ കൊണ്ടും മാധ്യമങ്ങള്‍ നിറയാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. ഇതിനു സമാനമായ പല ആരോപണങ്ങളും കേരളത്തില്‍ മുന്നേയും നടന്നിട്ടുണ്ട്. 80:20 സംവരണ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന ക്രൈസ്തവരിലെ ചിലരുടെ ഭാഗവും ഈ വിഷയത്തിലടക്കം പല വിഷയങ്ങളിലും മുസ്ലിം സമുദായം അന്യായ ആനുകൂല്യങ്ങള്‍ നേടുന്നു എന്നതായിരുന്നു. ഈഴവ വിഭാഗത്തിന്റെ നേതാവായിട്ടാണല്ലോ വെള്ളാപ്പള്ളി അറിയപ്പെടുന്നത്. ഇവരെക്കൂടാതെ സംഘി, നവ നിരീശ്വരവാദി കൂട്ടരില്‍ നിന്നും പലരെയും ഈ പ്രചാരണങ്ങളുടെ ഭാഗമായി കാണാം.
ഇവരുടെ താത്പര്യങ്ങളും ഈ കുപ്രചാരണങ്ങളോടുള്ള അധികാരികളുടെ പ്രതികരണവും സൂചിപ്പിക്കുന്നതിന് മുന്‍പ് ഈ ആരോപണങ്ങളിലെ വസ്തുത പരിശോധിക്കാം. മുസ്ലിംകളാണോ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗം? അവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം അനര്‍ഹമായതാണോ? ആരുടേയും വ്യക്തിപരമായ, സ്വാര്‍ഥമായ അഭിപ്രായങ്ങള്‍ പരിഗണിക്കേണ്ടതില്ല. ഏതെല്ലാം പഠനങ്ങളാണ് നമ്മുടെ മുന്നില്‍ ലഭ്യമായിട്ടുള്ളത് എന്നതാണ് അടുത്ത ചോദ്യം. പ്രധാനമായും രണ്ടു ഔദ്യോഗിക രേഖകളാണ് കാണാന്‍ കഴിയുക. ഒന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി 2006 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മറ്റൊന്ന് കേരള സര്‍ക്കാര്‍ നിയോഗിച്ച നരേന്ദ്രന്‍ കമ്മീഷന്‍ 2001ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും.
സച്ചാര്‍ കമ്മിറ്റിയുടെ മുസ്ലിംകളെ സംബന്ധിച്ച കണ്ടെത്തലുകളുടെ സംക്ഷിപ്താശയം ഇത്തരത്തിലാണ്.
മറ്റുള്ളവരെ അപേക്ഷിച്ച് ഇന്ത്യയിലെ മുസ്ലിംകളില്‍ ദാരിദ്ര്യം കൂടുതലാണ്. മുസ്ലിം ജനസംഘ്യയില്‍ ഒരു വലിയ വിഭാഗം ചെറിയ തോതിലുള്ള അനൗദ്യോഗിക മേഖലകളിലെ സ്വയം തൊഴിലുകളില്‍ ആശ്രിതരാണ്. (Small scale self employment in informal sectors). ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് രാജ്യത്തെ മുസ്ലിംകളിലെ സാക്ഷരത. പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിംകള്‍ എന്റോള്‍ ചെയ്യപ്പെടുന്നതിന്റെ നിരക്ക് കുറവാണ്. പഠനത്തിന്റെ ഇടയില്‍ നിന്നും ഡ്രോപ്പൗട്ട് ആയിപ്പോവുന്നതിന്റെ നിരക്ക് വളരെയധികമാണ്. മുസ്ലിംകളുടെ ഗവണ്മെന്റ് ജോലികളിലെയും പൊതുമേഖലയിലെയും സാന്നിധ്യം ആനുപാതികമായി വളരെ കുറവാണ് (disproportionately low). ഭരണ സംവിധാനങ്ങളുടെ കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ മുസ്ലിംകള്‍ക്ക് കുറഞ്ഞ പ്രാതിനിധ്യമേ ഉള്ളൂ. രാഷ്ട്രീയ സാന്നിധ്യവും സ്വാധീനവും മുസ്ലിം സമുദായത്തിന് കുറവാണ്. എന്നിങ്ങനെ പോകുന്നു സച്ചാര്‍ കമ്മിറ്റി നിരീക്ഷണങ്ങള്‍.
ഇതല്ലാത്ത അനേകം കാര്യങ്ങളും മുസ്ലിംകളുടെ പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്നതായി നമുക്ക് സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ കാണാം. പക്ഷെ മേല്‍പറഞ്ഞ വിഷയങ്ങളില്‍ പ്രസക്തിയേറിയവ മാത്രമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യയിലെ മുഴുവന്‍ മുസ്ലിംകളെ പറ്റിയാണല്ലോ പറയുന്നത്. നമുക്ക് ഇനി കേരള സര്‍ക്കാര്‍ നിയോഗിച്ച നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കേരളീയ മുസ്ലിംകളെ പറ്റിയുള്ള കണ്ടെത്തലുകള്‍ സൂചിപ്പിക്കാം.
കേരളത്തിലെ പൊതുമേഖലയില്‍ (public services) മുസ്ലിംകള്‍ മറ്റു പിന്നോക്കക്കാരെ പോലെത്തന്നെ പ്രാതിനിധ്യക്കുറവ് നേരിടുന്നു. മുസ്ലിംകള്‍ക്കായി സംവരണം ചെയ്ത പല മേഖലകളും ഒഴിഞ്ഞു കിടക്കുകയോ, മറ്റു സമുദായങ്ങളിലെ പ്രതിനിധികളാല്‍ നിരക്കപ്പെടുകയോ ചെയ്യുന്നു. ഇത് മുസ്ലിം പ്രാതിനിധ്യക്കുറവിന് പ്രധാന കാരണമായി വര്‍ത്തിക്കുന്നു. മുസ്ലിംകള്‍ക്കായുള്ള സംവരണ നയങ്ങളില്‍ മിക്കതും അപര്യാപ്തമാണ്. മുസ്ലിംകള്‍ക്കായി ഒരുക്കിയ സംവരണങ്ങള്‍ നടപ്പാക്കുന്നതില്‍ കണിശതക്കുറവുണ്ട്. മുസ്ലിംകള്‍ നേരിടുന്ന പൊതുമേഖലകളിലെ പ്രാതിനിധ്യക്കുറവും മറ്റു അസമത്വങ്ങളും പരിഹരിക്കാന്‍ വ്യവസ്ഥാപിതമായ ഡാറ്റാ ശേഖരണവും തുടര്‍ പ്രവര്‍ത്തനങ്ങളും വേണം. മുസ്ലിംകളിലെ വിദ്യാഭ്യാസ നിലവാരവും, തൊഴില്‍പരമായ കഴിവുകളും വര്‍ധിപ്പിക്കാന്‍ പ്രത്യേകം പരിപാടികള്‍ ആസൂത്രണം ചെയ്യണം. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ മുസ്ലിംകളുടെ സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങളെ കൂടി പ്രതിഫലിപ്പിക്കും വിധം പുനര്‍നിര്‍ണയിക്കണം. മുസ്ലിംകളുടെ അവകാശങ്ങളെ പറ്റിയും, സംവരണത്തെ പറ്റിയും ആ സമുദായത്തെ അവബോധരാക്കണം. എന്നിങ്ങനെ പോകുന്നു നിരീക്ഷണങ്ങള്‍.
ഈ ഔദ്യോഗിക രേഖകളിലെല്ലാം പറയുന്നത് മുസ്ലിംകള്‍ എല്ലാ നിലക്കും പിന്നോക്കം നില്‍ക്കുന്നവരാണ് എന്നും അവരെ മുന്നിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നും ആവശ്യമാണ് എന്നുമാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ഒരു അനൗദ്യോഗിക പഠനവും മുന്നോട്ട് വെക്കുന്ന കണ്ടെത്തലുകളും ഇതില്‍ നിന്നും ഭിന്നമല്ല.
ഇനി ഈ പഠനങ്ങള്‍ക്ക് രണ്ടു പതിറ്റാണ്ടോളം പഴക്കമുണ്ടെന്നും ഇപ്പോള്‍ മുസ്ലിംകളുടെ അവസ്ഥ മാറിയിട്ടുണ്ടെന്നും പറയുകയാണെങ്കില്‍, ആ വാദത്തെ നിരുപാധികം തള്ളിക്കളയുന്നില്ല. അത്തരത്തില്‍ മുസ്ലിംകളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ ആനുകൂല്യങ്ങളില്‍ ഒഴിവാക്കേണ്ടത് ഒഴിവാക്കാം. അതില്‍ ആര്‍ക്കും വിയോജിപ്പില്ല. പക്ഷെ മുസ്ലിംകളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കും…?
അതിന് ഇതുപോലെയുള്ള പഠനങ്ങള്‍ വീണ്ടും നടക്കണം. ജാതി സെന്‍സസ് നടക്കണം. 2011 നു ശേഷം സെന്‍സസ് പോലും നടക്കാത്ത ഈ രാജ്യത്ത് പക്ഷെ അതിനപ്പുറമുള്ള ഈ പഠനങ്ങള്‍ ആവശ്യപ്പെടുന്നത് അപമാര്യാദയായിരിക്കും.
അതുപോലെ നരേന്ദ്രന്‍ കമ്മീഷന്റെ പ്രധാനപ്പെട്ട നിര്‍ദേശമായ, നിയമപരമായി സാധുവായ സംവരണങ്ങളെ പോലും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം മുസ്ലിം സമുദായത്തിന് ഇന്നുമുണ്ടോ എന്നതും ഇത്തരം പുതിയ പഠനങ്ങളിലൂടെ പരിശോധിക്കപ്പെടേണ്ടതാണ്.
തെക്കന്‍ കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന പ്ലസ് വണ്‍സീറ്റുകളും മലബാറില്‍ സീറ്റ് കിട്ടാതെ പുറത്തിരിക്കേണ്ടി പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികളും വിവേചനം നേരിടുന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. കേന്ദ്ര സര്‍വകലാശാലകളില്‍ അല്പം മുസ്ലിം വിദ്യാര്‍ഥി പ്രാതിനിധ്യം കാണുമ്പോഴേക്കും അത് റിക്രൂട്ട്‌മെന്റ് ജിഹാദാണ് എന്ന് പ്രസംഗിക്കുന്ന കേരളത്തില്‍ നിന്നുള്ള എം പി മാര്‍ അധികാരികളുടെയും കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടില്ല എന്ന് കാണിച്ചു തരുന്നു.
ഭരണ രംഗത്തെയും അവസ്ഥ മറ്റൊന്നല്ല, 30 ശതമാനത്തോളം ജനസംഖ്യ വരുന്ന മുസ്ലിംകളില്‍ നിന്ന് വെറും 3 എം പിമാര്‍ മാത്രം വരുമ്പോള്‍ അതിനെക്കാന്‍ ജനസംഖ്യ കുറഞ്ഞ ക്രൈസ്തവരില്‍ നിന്ന് 5 ഉം അതിനേക്കാള്‍ കുറവുള്ള നായര്‍ സമുദായത്തില്‍ നിന്നും 7 ഉം എം പി മാരെ കാണാം. പക്ഷെ ഇത്ര കുറവ് എണ്ണം കാണുമ്പോഴേക്ക് പോലും വെറുപ്പ് പ്രചാരകര്‍ അവരുടെ ആയുധം എടുത്തിറങ്ങുകയാണ്.
രാജ്യസഭയിലേക്ക് സി പി ഐ എന്ന പാര്‍ട്ടി ഇക്കാലങ്ങള്‍ക്കെല്ലാം ഇടയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് പറഞ്ഞയച്ചത് വെറും 2 എം പി മാരെ മാത്രമാണ്. അതില്‍ ഒന്ന് ഈ വര്‍ഷമായത് കൊണ്ട് അവര്‍ മുസ്ലിംകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയാണ് എന്ന ആഖ്യാനം കൊണ്ട് വരുന്നത് എത്രമാത്രം അല്‍പ്പത്തരമാണ്. അവരുടെ നിയമസഭാ പ്രാതിനിധ്യവും മറ്റൊരു രീതിയിലല്ല. ആകെ 17 എം എല്‍ എ മാരില്‍ പട്ടാമ്പിയില്‍ നിന്നുള്ള മുഹ്‌സിന്‍ മാത്രമാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ളത്. മാത്രമല്ല, ആകെ ചരിത്രത്തില്‍ 3 പേര്‍ മാത്രമാണ് സി പി ഐ യുടെ ടിക്കറ്റില്‍ കേരളത്തിന്റെ നിയമസഭയില്‍ എത്തിയിട്ടുള്ളൂ.
ഒരു നുണ ആവര്‍ത്തിച്ചു പറയുമ്പോള്‍ അത് സത്യമായി തോന്നുന്നതിനെയാണ് Illuosry rtuth effect എന്ന് പറയുക. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുടെ ഏറ്റവും വലിയ ആയുധമാണ് ഇത്. സംഘപരിവാരുടെ സ്ഥിരം രീതിയായ ഇത് കേരളത്തില്‍ അവര്‍ക്ക് വേണ്ടി ആവര്‍ത്തിക്കുകയാണ് വെള്ളാപ്പള്ളി നടേശനും ന്യൂനപക്ഷങ്ങളിലെ മറ്റു ചിലരും. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ഇന്ന് ഇന്ത്യ ഭരിക്കുന്ന എന്‍ ഡി എയുടെ ഘടക കക്ഷിയാണ് എന്നതും, വെള്ളാപ്പള്ളിയുടെ ഭാര്യ സംഘപരിവാര്‍ വേദികളില്‍ ഒത്തിരി തവണ പ്രത്യക്ഷപ്പെട്ട ആളാണ് എന്നതുമെല്ലാം നാം ചേര്‍ത്തു മനസ്സിലാക്കണം. ഇവരെല്ലാം സംഘപരിവാറിന്റെ ഈഴവ സമുദായത്തിലെക്കുള്ള പാലമാണ്.
ഇതെല്ലാം അറിഞ്ഞു കൊണ്ട് ഈ വെറുപ്പ് പ്രചാരണങ്ങളില്‍ കുറ്റകരമായ മൗനം അവലംബിക്കുകയാണ് സര്‍ക്കാര്‍. തുടക്കത്തില്‍ സൂചിപ്പിച്ച പല വിദ്വേഷ പരാമര്‍ശങ്ങളിലും അവരുടെ നിലപാട് ഇങ്ങനെ തന്നെയായിരുന്നു. ഈ വെറുപ്പ് പ്രചരണങ്ങളില്‍ തങ്ങള്‍ക്കും ഗുണം ഉണ്ടായാലോ എന്ന ചിന്തയാവാം എന്ന് ചില നിരീക്ഷകര്‍ വിലയിരുത്തുന്നു. പക്ഷെ ഈ പ്രക്രിയയുടെ മുന്നോട്ട് പോക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തില്‍ അടിത്തട്ടില്‍ ഏറ്റവുമധികം വേരുകളുള്ള ഇടതുപക്ഷത്തെയായിരിക്കും എന്നതാണ് വസ്തുത.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x