ഒഴുകുന്ന വെള്ളമാവുക
ഡോ. മന്‍സൂര്‍ ഒതായി
വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്കും വളര്‍ച്ചയ്ക്കും മാറ്റം അനിവാര്യമാണ്. വിവിധ അവസ്ഥകളുമായി പൊരുത്തപ്പെടാനും വ്യത്യസ്ത സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാനും മാറ്റം മനുഷ്യനെ പ്രാപ്തനാക്കും. ജീവിതത്തിലെ ചെറുതും വലുതുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനും മാറ്റം സംഭവിച്ചേ മതിയാകൂ. ഒരേ സാഹചര്യത്തില്‍ തന്നെ മുന്നോട്ടുപോയാല്‍ പുതിയ അറിവുകള്‍ നേടാന്‍ കഴിയില്ല. മാറ്റത്തെ പോസിറ്റീവായി കാണാത്തവര്‍ക്ക് വളരാനും വിജയിക്കാനും നിരവധി അവസരങ്ങള്‍ ലഭിക്കും.
വൈവിധ്യമാര്‍ന്ന അനുഭവങ്ങളില്‍ നിന്നാണ് ക്രിയാത്മകമായ ആശയങ്ങള്‍ രൂപപ്പെടുന്നത്. ചരിത്രത്തില്‍ വിജയിച്ചവരേറെയും വേറിട്ട സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് അനുഭവ സമ്പത്ത് നേടിയവരാണ്. മാറ്റത്തിന് ഇങ്ങനെ ധാരാളം ഗുണങ്ങളുണ്ടെങ്കിലും മാറ്റത്തെ താല്‍പര്യപൂര്‍വമല്ല നമ്മള്‍ സ്വീകരിക്കുന്നത്. പരിചിതവും സ്ഥിരമായി ചെയ്യുന്നതുമായ കാര്യങ്ങളില്‍ മുഴുകാനാണ് ആളുകള്‍ക്ക് ഇഷ്ടം. ആ ഒഴുക്കില്‍ ഒരുതരം സുഖവും സന്തോഷവും അവര്‍ അനുഭവിക്കുകയും ചെയ്യും. വര്‍ഷങ്ങളായി ആവര്‍ത്തിച്ചു ചെയ്യുന്ന കാര്യങ്ങളില്‍ ആത്മവിശ്വാസവും സുരക്ഷിതത്വവും ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് ഓരോ ചെറിയ മാറ്റവും നമുക്ക് അസ്വസ്ഥതയുണ്ടാക്കും. തുടക്കത്തില്‍ വലിയ പ്രയാസം അനുഭവപ്പെടുകയും ചെയ്യും.
സ്വന്തം കഴിവിനെ ശരിയാംവണ്ണം തിരിച്ചറിയാത്തവരാണ് മാറ്റത്തോട് വിമുഖത കാണിക്കുന്നവരെന്നാണ് മനഃശാസ്ത്രം പറയുന്നത്. കഴിഞ്ഞ കാലത്തെ കയ്പുള്ള അനുഭവങ്ങളും മാറ്റത്തിന് തടസ്സമാവും. പുതുതായി ഞാന്‍ എത്തുന്ന സ്ഥലത്തെ ആളുകള്‍ എങ്ങനെയുള്ളവരായിരിക്കും, അവര്‍ എന്നോട് നല്ല രീതിയില്‍ പെരുമാറുമോ, എനിക്ക് അവിടെ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുമോ തുടങ്ങിയ ആശങ്കകളും മാറ്റത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കും.
പരിചിതമായ താമസസ്ഥലങ്ങളും ജോലിസ്ഥലത്തും നമുക്ക് നമ്മുടേതായ സ്ഥാനവും സ്വാതന്ത്ര്യവും ഉണ്ടാവും. എന്നാല്‍ ഒരേ സാഹചര്യങ്ങള്‍ മനുഷ്യന് മടുപ്പും വിരസതയും ഉണ്ടാക്കുക സ്വാഭാവികം. മനഃസംതൃപ്തി കുറയുമ്പോള്‍ അത് പ്രവര്‍ത്തനങ്ങളുടെ ക്രിയാത്മകത നഷ്ടപ്പെടുത്തും. എന്നാല്‍ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോവുകയും വ്യത്യസ്ത ജനങ്ങളുമായി ഇടപഴകി ജീവിക്കുകയും വഴി നിരവധി അനുഭവജ്ഞാനം ലഭിക്കുന്നു. ഒപ്പം ജീവിതനൈപുണികള്‍ കരസ്ഥമാക്കാനും സാധിക്കും. അതിനാല്‍ മാറ്റങ്ങളെ വളര്‍ച്ചയുടെ വഴികളായും ഉയര്‍ച്ചയുടെ പടികളായും സ്വീകരിക്കാം.
ഒരിടത്തുതന്നെ കഴിയാതെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്ന ഇമാം ശാഫിഈയുടെ ഒരു കവിതയുണ്ട്. മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മടിക്കുന്നത് ഒരു സ്ഥലത്തുതന്നെ കെട്ടിക്കിടക്കുന്ന വെള്ളത്തോടാണ് അദ്ദേഹം ഉപമിക്കുന്നത്. കെട്ടിക്കിടക്കുന്ന ജലം അതിനെ മലിനപ്പെടുത്തും. ഒഴുകുന്ന വെള്ളമോ അത് ശുദ്ധവുംസജീവവുമാകും.