മുസ്‌ലിം പ്രീണനമോ?
2024 ലെ ലോകസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ മുന്നണി എന്ന നിലയില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ തന്നെയാണ് വീണ്ടും അധികാരത്തിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പദയാത്രകള്‍ ഫലം കണ്ട ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. ബി ജെ പിയുടെ അവകാശവാദങ്ങളെ പിടിച്ചുകെട്ടാനും ജനാധിപത്യത്തിന്റെ ശക്തി കാണിച്ചുകൊടുക്കാനും വോട്ടിംഗിലൂടെ സാധിച്ചു. വര്‍ഗീയ- വിഭജന അജണ്ടകളുമായി തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ വഴിതിരിച്ചുവിടാന്‍ ബി ജെ പി പരമാവധി ശ്രമിച്ചെങ്കിലും അടിസ്ഥാന പ്രശ്‌നങ്ങളെ ചര്‍ച്ചയാക്കി നിര്‍ത്താന്‍ ‘ഇന്‍ഡ്യ’ മുന്നണിക്ക് സാധിച്ചു. ദേശീയതലത്തിലെ ചിത്രം ഏതാണ്ട് ഇങ്ങനെയൊക്കെയാണ്.
അതേസമയം, കേരളത്തില്‍ 2019 ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ അന്നത്തപ്പോലെ യു ഡി എഫ് തന്നെയാണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്. എന്നാല്‍, സുപ്രധാനമായ ഒരു മാറ്റമെന്നത് ബി ജെ പി അക്കൗണ്ട് തുറന്നു എന്നതാണ്. സംസ്ഥാനത്തെ മുഖ്യധാര പാര്‍ട്ടികള്‍ക്കും മതേതര കക്ഷികള്‍ക്കും ഒട്ടേറെ പാഠങ്ങള്‍ അതില്‍ നിന്ന് പഠിക്കാനുണ്ട്. ബി ജെ പിയുടെ ഇത്തരം തന്ത്രങ്ങളെ മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഭാവിയില്‍ കോണ്‍ഗ്രസില്‍ നിന്നും സി പി എമ്മില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അപ്രതീക്ഷിതമായ തിരിച്ചടിയാണ് ലഭിച്ചത്. 2019 ലെ തിരിച്ചടിക്ക് പ്രധാന കാരണമായി പറഞ്ഞിരുന്നത് രാഹുല്‍ തരംഗമായിരുന്നു. എന്നാല്‍ അത്തരമൊരു സവിശേഷത ഇപ്പോഴില്ല. എന്നിരിക്കെ, 18 സീറ്റുകളില്‍ യു ഡി എഫ് ജയിക്കുന്നു എന്നതും അതില്‍ പല സീറ്റുകളിലും വലിയ ഭൂരിപക്ഷം നേടുന്നു എന്നതും സി പി എമ്മിന് പാഠമാകേണ്ടതാണ്. കേരളത്തില്‍ ശ്രദ്ധേയമായ പോരാട്ടം നടന്ന വടകര മണ്ഡലത്തില്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിനാണ് യു ഡി എഫ് മണ്ഡലം നിലനിര്‍ത്തിയത്.
ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണമായി പല തരത്തിലുള്ള നിരീക്ഷണങ്ങള്‍ പുറത്ത് വരുന്നുണ്ട്. പാര്‍ട്ടി ഔദ്യോഗികമായി പഠനം നടത്തിയിട്ടില്ലെങ്കിലും പാര്‍ട്ടി സഹയാത്രികരും സോഷ്യല്‍ മീഡിയ വക്താക്കളും പലതരം നിഗമനങ്ങളുമായി രംഗത്തുണ്ട്. അതിലൊന്നാണ് സി പി എമ്മിന്റെ മുസ്‌ലിം പ്രീണനം കാരണം ഇതര സമുദായങ്ങള്‍ പാര്‍ട്ടിയില്‍ നിന്നകന്നു എന്നത്. ഇതൊരു ഇസ്‌ലാമോഫോബിക് നിരീക്ഷണമാണ്. അതിനെ സാധൂകരിക്കുന്ന വിധത്തില്‍ വെള്ളപ്പാള്ളി നടേശന്‍ മുസ്‌ലിംകള്‍ അനര്‍ഹമായി പലതും നേടുന്നുണ്ടെന്നും അതിന് വേണ്ടി ഇടതുപക്ഷം ഒത്താശ ചെയ്തതാണ് തോല്‍വിക്ക് കാരണമെന്നും പറയുകയുണ്ടായി. യഥാര്‍ഥത്തില്‍ ഒരു പിന്നാക്ക സമുദായമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹമായത് പോലും ഇടത് സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
സംവരണം, ഉദ്യോഗസ്ഥ പങ്കാളിത്തം, പോലീസ് സമീപനം, ബോര്‍ഡ്- കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍, യൂണിവേഴ്‌സിറ്റി നിയമനങ്ങള്‍, മലബാര്‍ വികസനം, പ്ലസ് വണ്‍ ബാച്ചുകള്‍ പോലുള്ള വിഷയങ്ങളില്‍ ഇരട്ടത്താപ്പും അനീതിയുമാണ് ഇന്നും തുടരുന്നത്. ഉദാഹരണമായി, സോഫ്റ്റ്പവര്‍ എന്ന് വിളിക്കാവുന്ന ബോര്‍ഡ് നിയമനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം തുലോം വിരളമാണ്. മുസ്‌ലിം ആരാധനയുമായി ബന്ധപ്പെട്ട വഖഫ്, ഹജ്ജ് പോലുള്ള കമ്മിറ്റികളിലാണ് മുസ്‌ലിം നിയമനമുള്ളത്. അതിനപ്പുറമുള്ള നിരവധി കമ്മിറ്റികളില്‍ പേരിന് പോലും മുസ്‌ലിംകള്‍ ഉണ്ടാവാറില്ല. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ സംവരണത്തിന്റെ സ്ഥിതിയും ഇത് തന്നെയാണ്. ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നല്‍കാന്‍ നിലവിലെ സംവരണ തോത് കൊണ്ട് സാധിക്കുന്നില്ല.
അതേസമയം, പി എസ് സി ടേണുകളിലെ അപാകത മൂലം പിന്നാക്ക വിഭാഗങ്ങള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുമുണ്ട്. അത് തിരുത്താന്‍ ഒരു സര്‍ക്കാറും ഇതുവരെ തയ്യാറായിട്ടില്ല. ഈ നഷ്ടത്തിന്റെ ആഴം മനസ്സിലാക്കാന്‍ ജാതി സെന്‍സസ് നടത്തുകയാണ് വേണ്ടത്. അക്കാര്യം ഉന്നയിക്കപ്പെട്ടപ്പോള്‍ സാമ്പത്തിക പരാധീനത പറഞ്ഞാണ് സര്‍ക്കാര്‍ കോടതിയില്‍ നിന്ന് രക്ഷപ്പെട്ടത്. നവകേരള മാമാങ്കം നടക്കുന്ന അതേ വേളയില്‍ തന്നെയാണ് ഈ ഹരജിയും കോടതിയല്‍ എത്തിയത് എന്നോര്‍ക്കണം.
മറ്റൊന്ന്, ഇടതുപക്ഷം ഒരു രാഷ്ട്രീയ നിലപാട് എന്ന നിലയില്‍ സി എ എ, ഫലസ്തീന്‍ വിഷയങ്ങളില്‍ കാണിച്ചിട്ടുള്ള ഐക്യദാര്‍ഢ്യമാണ്. ഈ ഐക്യദാര്‍ഢ്യത്തെ മുസ്‌ലിം പ്രീണനമായി ചിത്രീകരിക്കുന്നത് ബാലിശമാണ്. ഇടതുപക്ഷത്തിന്റെ മാനവിക നിലപാടും ഭരണഘടനയോടുള്ള ആഭിമുഖ്യവുമാണത്. മുസ്‌ലിംകള്‍ക്ക് മാത്രമായി എന്തെങ്കിലും ആനൂകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള പരിപാടിയായിരുന്നില്ല അത്. മാത്രമല്ല, ഈ രണ്ട് വിഷയങ്ങളും സാങ്കേതികമായി സംസ്ഥാന സര്‍ക്കാറിന്റെ അധികാര പരിധിയില്‍ ഉള്ളതുമല്ല. അധികാര പരിധിയില്‍ വരുന്ന നൂറ് കണക്കിന് സംഭവങ്ങളില്‍ വിവേചനം തുടരുന്ന സമയത്ത് തന്നെയാണ് ഫലസ്തീന്‍ പോലുള്ള വിഷയങ്ങളില്‍ വലിയ സംഗമങ്ങള്‍ നടക്കുന്നത്. ഈ ഇരട്ടത്താപ്പ് രാഷ്ട്രീയ ബോധ്യമുള്ളവര്‍ അന്നുതന്നെ ചൂണ്ടിക്കാണിച്ചതാണ്. മുസ്‌ലിം സമുദായത്തിന് അര്‍ഹമായത് പോലും ഇടത് സര്‍ക്കാറില്‍ നിന്ന് ലഭിച്ചിട്ടില്ല എന്ന തിരിച്ചറിവ് സമുദായത്തിനുണ്ട് എന്നതാണ് വോട്ടിംഗ് പാറ്റേണില്‍ തെളിഞ്ഞുകാണുന്നത്.