സംസ്ഥാന സര്‍ക്കാറിനെതിരായ വിധിയെഴുത്ത്
എ പി അന്‍ഷിദ്
രഹസ്യ ബാലറ്റിലൂടെയുള്ള ജനാധിപത്യത്തിന്റെ സൗന്ദര്യമാണിത്. ആരു വാഴും, ആരു വീഴുമെന്നത് പ്രവചനങ്ങള്‍ക്കതീതമാകുന്ന ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സ് പോലെ സുന്ദരമാകുന്ന കാഴ്ച. പതിനെട്ടാം ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെ വേറിട്ടുനിര്‍ത്തുന്നത് ഈ ക്ലൈമാക്‌സാണ്. മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്നാം തവണയും രാജ്യത്ത് അധികാരത്തിലേറുമ്പോഴും ജനവിധി ബാക്കിവെച്ച സസ്‌പെന്‍സ് അതുപോലെ തുടരുകയാണ്. ഒപ്പം നില്‍ക്കുന്ന ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ഏതു സമയത്തും പാലം വലിക്കാന്‍ മടിയില്ലാത്ത നേതാക്കള്‍ എന്ന പേര് നേരത്തേ സമ്പാദിച്ചവരായതിനാല്‍ അടുത്ത അഞ്ചു വര്‍ഷവും സസ്‌പെന്‍സ് തുടരുമെന്ന് ചുരുക്കം. ബിജെപിയും മോദിയും തോറ്റുജയിച്ച തിരഞ്ഞെടുപ്പാണിത്. ഭരണവര്‍ഗ താങ്ങികളായ മാധ്യമങ്ങള്‍ പൂര്‍ണമായും തോറ്റ തിരഞ്ഞെടുപ്പും. വീമ്പിളക്കലുകള്‍, പ്രതീക്ഷകള്‍, വിലയിരുത്തലുകള്‍, നിരീക്ഷണങ്ങള്‍, പ്രീ പോള്‍ സര്‍വേകള്‍, എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ എല്ലാം അടപടലം പൊട്ടിപ്പൊളിഞ്ഞുവീണ തിരഞ്ഞെടുപ്പ്. ആ സവിശേഷതകള്‍ക്കൊപ്പം ചില വേറിട്ടുനില്‍ക്കലുകള്‍ ഉണ്ടായ തിരഞ്ഞെടുപ്പാണ് കേരളത്തിനും ഇത്തവണത്തേത്.
കേരളത്തെ സംബന്ധിച്ച് മൊത്തത്തിലുള്ള ഫലം ഏറക്കുറേ പ്രതീക്ഷിച്ചതാണെങ്കിലും വിജയിച്ച കക്ഷികള്‍ നേടിയ ഭൂരിപക്ഷം, സാധാരണ തോല്‍വിക്കപ്പുറം ഇടതുപക്ഷത്തിനേറ്റ മാരകമായ ചില പ്രഹരങ്ങള്‍, തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി നേടിയ അപ്രതീക്ഷിത വിജയം, പതിവു വോട്ടുബാങ്കുകളിലുണ്ടായ അടിയൊഴുക്കുകള്‍ എന്നിവ ഒരു മുന്നണിയുടെയും കണക്കുകൂട്ടലുകള്‍ക്ക് അകത്തു നില്‍ക്കുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ ആഴത്തിലുള്ള ചില പഠനങ്ങളും വിലയിരുത്തലുകളും ഈ തിരഞ്ഞെടുപ്പുഫലം ആവശ്യപ്പെടുന്നുമുണ്ട്.
കേരളത്തിലെ ജനവിധി ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്തു തന്നെയാണ്. കേവല ഭരണവിരുദ്ധ വികാരമല്ല ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് വിജയിച്ച 18 മണ്ഡലങ്ങളില്‍ മുക്കാല്‍ ഭാഗത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച ഭൂരിപക്ഷം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, എറണാകുളം, മാവേലിക്കര, കൊല്ലം അടക്കമുള്ള മണ്ഡലങ്ങളില്‍ ഇത് പ്രകടമാണ്.
മുസ്‌ലിംലീഗ് മത്സരിച്ച മലപ്പുറത്തും പൊന്നാനിയിലും പ്രചാരണരംഗത്ത് പാര്‍ട്ടി സംവിധാനങ്ങള്‍ താരതമ്യേന മന്ദഗതിയിലായ തിരഞ്ഞെടുപ്പായിരുന്നു ഇത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും വോട്ടെടുപ്പിനും ഇടയില്‍ വന്ന റമദാന്‍ വ്രതമായിരുന്നു ഇതിനു കാരണം. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ഭൂരിഭാഗവും മലപ്പുറത്തും പൊന്നാനിയിലും ഭൂരിപക്ഷം കുറയുമെന്നാണ് പറഞ്ഞിരുന്നത്. പാര്‍ട്ടി കേന്ദ്രങ്ങളിലെ കണക്കുകൂട്ടലുകളും അങ്ങനെത്തന്നെയായിരുന്നു.
2019ല്‍ രാഹുല്‍ ഗാന്ധി ആദ്യമായി കേരളത്തില്‍ മത്സരിക്കാന്‍ എത്തുമ്പോഴുള്ള സവിശേഷ തരംഗം ഇത്തവണ ഉണ്ടായിരുന്നില്ല എന്നതും നിലവിലുള്ള സ്ഥാനാര്‍ഥികളെ തന്നെ നിര്‍ത്തുക വഴി യുവാക്കളെയും പുതിയ വോട്ടര്‍മാരെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എന്നതും ഈ വിലയിരുത്തലിനു പിന്നിലെ ഘടകങ്ങളായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ഇ ടി മുഹമ്മദ് ബഷീറിന് മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം. സമദാനിക്ക് രണ്ടര ലക്ഷം വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം.
സമസ്തയിലെ ഒരു വിഭാഗം ഇടത്തോട്ടു ചായുന്നുവെന്നത് മാധ്യമങ്ങള്‍ സൃഷ്ടിച്ച പ്രതീതി മാത്രമായിരുന്നില്ല, യാഥാര്‍ഥ്യം തന്നെയായിരുന്നു. ചില കേന്ദ്രങ്ങളില്‍ നിന്ന് ഇത്തവണ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പില്‍, പ്രത്യേകിച്ച് പൊന്നാനിയില്‍ പ്രതിഫലിക്കുമെന്നാണ് കരുതിയത്. മുസ്‌ലിംലീഗ് നേടിയ മൃഗീയ ഭൂരിപക്ഷത്തിനു പിന്നില്‍ മുന്‍ വര്‍ഷങ്ങളില്‍ ഇടതുപക്ഷത്തെ പിന്തുണച്ച വലിയൊരു വിഭാഗം നിഷ്പക്ഷ വോട്ടുകള്‍ ഇത്തവണ യുഡിഎഫ് പോക്കറ്റിലെത്തി എന്നുവേണം കരുതാന്‍.
2019നെ അപേക്ഷിച്ച് ഇടതുപക്ഷത്തിനും വോട്ടു കൂടിയിട്ടുണ്ട്. എന്നാല്‍ വോട്ടുവളര്‍ച്ചയുടെ അനുപാതം കുറവാണ്. അതായത് മൊത്തം വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് ആനുപാതികമായ വോട്ടുവളര്‍ച്ച സിപിഎമ്മിന് ഉണ്ടായില്ലെന്നര്‍ഥം. ഇതേസമയം മുസ്‌ലിംലീഗിന് വലിയ തോതിലുള്ള വോട്ടുവളര്‍ച്ച കൈവരിക്കാന്‍ കഴിയുകയും ചെയ്തു.
വടക്കന്‍ മലബാറിലേക്ക് വരുമ്പോള്‍ സര്‍ക്കാരിനെതിരായ ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ സിപിഎം പുറത്തെടുത്ത പതിവിനു വിരുദ്ധമായ ചില തന്ത്രങ്ങള്‍ ബാക്കിയുള്ള അവരുടെ വോട്ടു കൂടി ചോര്‍ത്തി എന്നുവേണം വിലയിരുത്താന്‍. പൗരത്വ ഭേദഗതി നിയമത്തില്‍ (സിഎഎ) തൂങ്ങിപ്പിടിച്ചുള്ള പ്രചാരണം ഇതില്‍ ഒന്നാണ്. പൗരത്വ വിരുദ്ധ സമരങ്ങളുടെ ഭാഗമായി എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ പോലും തയ്യാറാകാത്ത പിണറായി വിജയന്‍ സര്‍ക്കാരിന് ഇക്കാര്യത്തിലുള്ള ഇരട്ടത്താപ്പ് കേരളത്തിലെ മുസ്‌ലിം സമൂഹം നേരത്തെത്തന്നെ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടുതന്നെ സിഎഎ എന്ന കെണിയില്‍ ഇത്തവണ ന്യൂനപക്ഷങ്ങള്‍ വീഴില്ല എന്നു മനസ്സിലാക്കാനുള്ള ധാരണ ഇല്ലാതെപോയത് സിപിഎമ്മിനു മാത്രമാണ്.
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന ‘കാഫിര്‍’ വിവാദം ആ മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനത്തുടനീളം സിപിഎമ്മിന് കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങളിലെ നിഷ്പക്ഷമതികളുടെ അവസാന വോട്ടും ചോര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു.
ഇരട്ടച്ചങ്കന്‍ പോലെത്തന്നെ സിപിഎം ഊതിവീര്‍പ്പിച്ചുണ്ടാക്കിയതായിരുന്നു ടീച്ചറമ്മ. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി തന്നെ പുറത്തെടുത്ത ലൈംഗികാധിക്ഷേപം സംബന്ധിച്ച അതിരുകടന്ന ചില കുതന്ത്രങ്ങളും ചോദ്യങ്ങള്‍ കൂര്‍ത്തുമൂര്‍ത്തു വന്നതോടെ സ്വയം പിന്മാറിയതും ആ ഊതിവീര്‍പ്പിച്ച ബലൂണ്‍ എന്നന്നേക്കുമായി പൊട്ടിച്ചുകളയുന്നതായിരുന്നു. വടകരയിലെ തിരഞ്ഞെടുപ്പു ഫലത്തെ സ്ഥാനാര്‍ഥിയുടെ വാക്കുമാറ്റം തെല്ലൊന്നുമല്ല സ്വാധീനിച്ചത്. അവസാന ആയുധമായിരുന്നു സിപിഎമ്മിന്റെ കാഫിര്‍ വിവാദം. അതും വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുമ്പ്. എന്നാല്‍ ഇത്തരം കെണികളില്‍ വീഴാന്‍ കേരളത്തിന്റെ മതേതര മനസ്സ് ഒരുക്കമല്ലെന്ന് ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തുന്നതു കൂടിയാണ് ഈ ജനവിധി.
വടകരയേക്കാള്‍ ശ്രദ്ധേയമാണ് കണ്ണൂരിലെ ജനവിധി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് ഉള്‍പ്പെടെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയാണ് കെ സുധാകരന്‍ ലോക്‌സഭാ ടിക്കറ്റ് ഉറപ്പിച്ചത്. സിപിഎം കോട്ടകള്‍ പോലും ഇടതുപക്ഷത്തെ കൈവിട്ടെന്ന് ചുരുക്കം. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതുതന്നെയാണ് ഇതിന്റെയും കാരണം.
രാഹുല്‍ ഗാന്ധിയെന്ന ഒരു ദേശീയ നേതാവിന്റെ സിറ്റിങ് മണ്ഡലത്തില്‍ ജയിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നിട്ടും ആനി രാജയെ പോലെ ഒരു ദേശീയ വനിതാ നേതാവിനെ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചതിലൂടെ സിപിഐയും ഇടതു മുന്നണിയും എന്തായിരുന്നു ലക്ഷ്യംവെച്ചത് എന്നറിയില്ല. രാഹുലിനെ പേടിപ്പിക്കാന്‍ ബിജെപി രംഗത്തിറക്കിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാകട്ടെ, സുല്‍ത്താന്‍ബത്തേരിയുടെ പേരു മാറ്റാന്‍ പോയിട്ട് സ്വന്തം പേരു പോലും നിലനിര്‍ത്താന്‍ കഴിയുമോ എന്നറിയാത്ത സ്ഥിതിയിലേക്കാണ് എത്തിയത്. വയനാട്ടില്‍ സുരേന്ദ്രന് കിട്ടിയ വോട്ട്, 20 ലോക്‌സഭാ മണ്ഡലങ്ങളിലും കൂടി നോട്ടക്ക് കിട്ടിയ വോട്ടിനേക്കാള്‍ കുറവാണെന്നാണ് കണക്ക്.
മോദിക്കും അമിത്ഷാക്കുമെതിരെ പോരടിക്കാന്‍ എണ്ണം പറഞ്ഞ നേതാവായി രാഹുല്‍ ഗാന്ധി വളര്‍ന്നിരിക്കുന്നു. അതും മോദിയും അമിത്ഷായും നടത്തുന്നതുപോലെ വെറുപ്പിന്റെയും കലാപത്തിന്റെയും വിത്തുകള്‍ പാകിയല്ല, ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ സ്‌നേഹത്തിന്റെ കട തുറന്ന്. റായ്ബറേലിയില്‍ കൂടി മത്സരിച്ച രാഹുല്‍ ഒരുപക്ഷേ വയനാട് മണ്ഡലം ഇത്തവണ ഉപേക്ഷിച്ചേക്കാം. എന്നാലും ചുരുങ്ങിയ കാലത്തേക്ക് വയനാടിന്റെ എംപിയായിരുന്നു രാഹുല്‍ ഗാന്ധി എന്നത് എല്ലാ കാലത്തും വയനാട്ടുകാര്‍ക്ക് അഭിമാനിക്കാനുള്ള വകനല്‍കുന്നതാണെന്നതില്‍ സംശയമില്ല.
മധ്യകേരളത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പുഫലം ഏവരെയും ഞെട്ടിച്ചത്. തൃശൂരില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് നേരത്തെത്തന്നെ കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷ സുരേഷ് ഗോപി ഒഴികെ ആര്‍ക്കുമുണ്ടായിരുന്നില്ല. സംസ്ഥാന ബിജെപി നേതാക്കള്‍ക്കു പോലും. ബിജെപിയുടെ കേവല വിജയം എന്നതിനപ്പുറം വലിയ അപകടം കൂടി മതേതര-ബഹുസ്വര സംവിധാനങ്ങളുടെ കാവല്‍ക്കാര്‍ എന്ന് മേനി നടിക്കുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം തൃശൂര്‍ കാത്തുവെക്കുന്നുണ്ട്. മലയാളി ഇത്രയും കാലം അയിത്തം കല്‍പിച്ച് മാറ്റിനിര്‍ത്തിയ സംഘ്പരിവാറിന്റെ ഫാസിസ്റ്റ് വര്‍ഗീയ രാഷ്ട്രീയത്തോടുള്ള നീരസം അലിഞ്ഞില്ലാതാകുന്നു എന്നതാണത്.
ഭാവിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ഇത് എങ്ങനെ സ്വാധീനിക്കുമെന്നത് കാത്തിരുന്നു കാണണം. തൃശൂരിലെ ഒന്നൊഴികെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിക്കാണ് ലീഡ് നില. മുസ്‌ലിം വോട്ടുബാങ്ക് ഏറെയുള്ള ഗുരുവായൂരില്‍ മാത്രമാണ് കെ മുരളീധരന് ഒന്നാമതെത്താന്‍ കഴിഞ്ഞത്. ഇടതു സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറാകട്ടെ, ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടാമത് എത്തിയെങ്കിലും നിയമസഭാ മണ്ഡലങ്ങളില്‍ എല്ലായിടത്തും മൂന്നാം സ്ഥാനത്താണ്.
ഈ തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗം ക്രൈസ്തവ സഭകളുടെ അകമഴിഞ്ഞ സഹായം പരസ്യമായ രഹസ്യമായി ബിജെപിക്ക് ഉണ്ടായിട്ടുണ്ട്. പാംപ്ലാനി അച്ചനും റബര്‍ വിലയുമൊന്നും തിരഞ്ഞെടുപ്പിനു മുമ്പ് സഭകള്‍ വെറുതെ ചര്‍ച്ചയ്ക്കു വെച്ചതായിരുന്നില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കൂറ് എങ്ങോട്ടെന്നു പറയാതെ പറയുന്നതായിരുന്നു. തൃശൂരില്‍ മാത്രമല്ല ഇത്, സംസ്ഥാനത്തൊട്ടാകെ ബിജെപിക്ക് ഇത്തവണ ഉണ്ടായ വോട്ടുവര്‍ധനയില്‍ സഭകളുടെ ഈ നിലപാട് നിര്‍ണായകമാണ്.
സംസ്ഥാനത്തൊട്ടാകെ വോട്ടുവളര്‍ച്ചയില്‍ ബിജെപി ഉണ്ടാക്കിയ മുന്നേറ്റത്തെ മതേതര സമൂഹം കരുതലോടെ കാണണം. തിരുവനന്തപുരത്ത് ശശി തരൂരിനെപ്പോലെ ഒരാള്‍ക്ക് രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി കൂടി പരിഗണിക്കുമ്പോള്‍. ഭാവിയില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്കു വിജയിക്കാന്‍ കഴിയുമെന്ന് ഏതൊരാള്‍ക്കും സംശയം ജനിപ്പിക്കുന്ന പ്രകടനമാണ് അവര്‍ പുറത്തെടുത്തത്. പന്ന്യന്‍ രവീന്ദ്രനെപ്പോലെ സാത്വികനായ ഒരു കമ്മ്യൂണിസ്റ്റുകാരനെ സ്ഥാനാര്‍ഥിയാക്കുക വഴി ഇടതുപക്ഷം തങ്ങളുടെ വോട്ട് ബിജെപി ക്യാമ്പിലേക്ക് പോകുന്നത് ഒരു പരിധി വരെ പ്രതിരോധിച്ചിട്ടുണ്ട്.
ആലത്തൂരില്‍ സി പി എം വിജയിച്ചെങ്കിലും മണ്ഡലത്തിലെ പല സിറ്റിങ് നിയമസഭാ മണ്ഡലങ്ങളിലും സിപിഎമ്മിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. എം പി എന്ന നിലയിലുള്ള ഇടപെടലുകള്‍, മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍, സാന്നിധ്യം, അങ്ങനെയെല്ലാം. കൂട്ടിയും കിഴിച്ചും ആലത്തൂരുകാര്‍ക്ക് ലഭിച്ച നിരാശയുടെ ബാക്കിയാണ് രമ്യാ ഹരിദാസിന്റെ തോല്‍വി. ഒപ്പം കെ രാധാകൃഷ്ണനെപ്പോലുള്ള ഒരു വ്യക്തിപ്രഭാവമുള്ള സിപിഎം സ്ഥാനാര്‍ഥിയുടെ സാന്നിധ്യം കൂടിയായപ്പോള്‍ ആശ്വസിക്കാന്‍ സിപിഎമ്മിന് കേരളത്തില്‍ ഒരുതരി കനല്‍ ബാക്കി കിട്ടിയെന്നു ചുരുക്കം.
അതേസമയം ചേലക്കരയില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് എന്ന വെല്ലുവിളി കൂടി സിപിഎമ്മിനെ കാത്തിരിക്കുന്നുണ്ട്. ഷാഫി പറമ്പിലിന്റെ വിജയത്തോടെ പാലക്കാടും ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ശക്തമായ ത്രികോണ മത്സരത്തിനു സാധ്യതയുള്ള പാലക്കാടും ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ചേലക്കരയും ഇടതുപക്ഷത്തിന്റെ അഭിമാന പോരാട്ടത്തിന്റെ ഭാഗം കൂടിയായിരിക്കുകയാണ്. ഒപ്പം ഷാഫി പറമ്പില്‍ വെറുമൊരു ആവേശമായിരുന്നില്ല, ജനകീയതയുള്ള നേതാവായിരുന്നുവെന്ന് പാലക്കാട് ഉപതിരഞ്ഞടുപ്പിലൂടെ കോണ്‍ഗ്രസിനും തെളിയിക്കേണ്ടതുണ്ട്.
കോട്ടയത്ത് രണ്ടില വീണതിന്റെ ആഘാതം കേരളാ കോണ്‍ഗ്രസ് മാണിയെ സംബന്ധിച്ചിടത്തോളം ഭാവിയില്‍ വരാനിരിക്കുന്നതേയുള്ളൂ. രാജ്യസഭാ സീറ്റ് നല്‍കാന്‍ ഇടതു മുന്നണി കനിഞ്ഞില്ലെങ്കില്‍ പാര്‍ലമെന്റിലും അതുവഴി ദേശീയ രാഷ്ട്രീയത്തിലും അഡ്രസ്സില്ലാത്ത അഞ്ചു കൊല്ലമാണ് മാണി കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. 2019ല്‍ കേരള കോണ്‍ഗ്രസ് യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചുകയറിയ മണ്ഡലം മുന്നണിമാറ്റത്തിലൂടെയാണ് ഇടതുപക്ഷത്തെത്തിയത്.
ഫ്രാന്‍സിസ് ജോര്‍ജിലൂടെ ഇത്തവണ അത് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുവെന്നത് യുഡിഎഫിന് വലിയ നേട്ടം തന്നെയാണ്. തിരഞ്ഞെടുപ്പു ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്താന്‍ ഇടതു മുന്നണിയും സംസ്ഥാന സര്‍ക്കാരും തയ്യാറാകുമോ എന്നതാണ് ഇനി ഉയരുന്ന പ്രധാന ചോദ്യം.
പരിശോധിച്ച് തെറ്റു തിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്ന് അത്തരമൊരു സമീപനമുണ്ടാകുമെന്ന് ഒട്ടും വായിച്ചെടുക്കാനാവുന്നില്ല. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ സര്‍ക്കാരിന്റെ പിടിപ്പുകേടുകളെ വിമര്‍ശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ പിണറായി വിജയന്‍ ചൊരിഞ്ഞ പരിഹാസശരം ഒരു തിരുത്തലിനുള്ള മനസ്സ് അദ്ദേഹത്തിനില്ല എന്ന് ഒന്നുകൂടി സാക്ഷ്യപ്പെടുത്തുന്നു.
ലോക്‌സഭയ്ക്കു പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് സംസ്ഥാനം. അധികം വൈകാതെത്തന്നെ നിയമസഭാ തിരഞ്ഞെടുപ്പും വരും. ആരു വാഴും, ആരു വീഴും എന്നറിയാനുള്ള മറ്റൊരു ജനഹിതത്തിനായി കാത്തിരിക്കാം.