തവക്കുലിനെ നെഞ്ചോട് ചേര്‍ത്ത പണ്ഡിതന്‍
ഡോ. ഹുസൈന്‍ മടവൂര്‍
റൗദത്തുല്‍ ഉലൂം അറബിക് കോളജില്‍ എന്റെ മൂന്നു വര്‍ഷം താഴെ ക്ലാസിലാണ് സി എ സഈദ് പഠിച്ചത്. 1978-ല്‍ ഞാന്‍ അവിടെ അധ്യാപകനായി ചേര്‍ന്നപ്പോള്‍ സഈദിനെ പഠിപ്പിക്കാനും അവസരമുണ്ടായി. എന്റെ വിദ്യാര്‍ഥികളില്‍ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. ശാന്തസ്വഭാവം, എല്ലാറ്റിലും മിതത്വം, വാശിയില്ലാത്ത പെരുമാറ്റം, ദീനീകാര്യങ്ങളില്‍ പ്രമാണങ്ങളോട് ചേര്‍ന്നുനില്‍ക്കല്‍ എന്നിവ സഈദിന്റെ പ്രത്യേകതകളില്‍ പെട്ടതാണ്. ശാന്തഭാവത്തോടെയല്ലാതെ വൈകാരികമായി ആരോടും പെരുമാറിയിരുന്നില്ല. എം എസ് എമ്മിലും ഐ എസ് എമ്മിലും കെ എന്‍ എമ്മിലും എന്റെ സഹപ്രവര്‍ത്തകനും മാര്‍ഗദര്‍ശിയുമായി. അറബി ഭാഷയിലും ഇസ്‌ലാമിക വിഷയങ്ങളിലും ഞങ്ങള്‍ ധാരാളമായി ചര്‍ച്ചകള്‍ നടത്തുമായിരുന്നു.
20 വര്‍ഷങ്ങള്‍ക്കു മുമ്പ് മക്കയില്‍ നടന്ന ഒരു പണ്ഡിത ക്യാമ്പില്‍ രണ്ടാഴ്ച ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. മക്കയിലെ അധ്യാപകര്‍ക്ക് ഇഷ്ടപ്പെട്ട ഒരു വിദ്യാര്‍ഥിയായിരുന്നു അവിടെ സഈദ്. അന്നാണ് അദ്ദേഹത്തിന്റെ ഇബാദത്തും തഖ്‌വയും നേരിട്ട് മനസ്സിലാക്കിയത്. വലിയ തവക്കുലായിരുന്നു സഈദിന്. അദ്ദേഹത്തിന്റെ ഭാര്യ വിടപറഞ്ഞപ്പോള്‍ അറബിയില്‍ എഴുതിയ കവിത ഇന്നും ഓര്‍ക്കുന്നു. ഹൃദയസ്പൃക്കായ ആ കവിത തവക്കുലിന്റെ അങ്ങേയറ്റമാണ്.
ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടിവന്നപ്പോഴെല്ലാം അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസമാണ് അദ്ദേഹത്തിന് കരുത്ത് നല്‍കിയത്. സഈദ് പറയുമായിരുന്നു, അല്ലാഹു നമ്മെ നയിച്ച വഴികളും നമ്മിലൂടെ നടത്തിയ കാര്യങ്ങളും ഓര്‍ക്കുമ്പോള്‍, അല്ലാഹു നമ്മെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുമ്പോള്‍ നമുക്ക് ഒരിക്കലും നിരാശപ്പെടാന്‍ കഴിയില്ല എന്ന്. രോഗം പിടിപെട്ടപ്പോള്‍ മാനസികമായി രോഗികള്‍ സന്നദ്ധരാവേണ്ട കാര്യങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും നല്ലൊരു കുറിപ്പെഴുതിയിരുന്നു.
സമുദായത്തിനു വേണ്ടി സഈദ് നടപ്പാക്കിയ വലിയ പദ്ധതിയാണ് അല്‍ഫിത്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍. സംഘടനാ ഭേദമന്യെ സഹകരിക്കാന്‍ തയ്യാറുള്ളവരെ കൂട്ടുപിടിച്ച് അല്‍ഫിത്‌റ പ്രസ്ഥാനം വളര്‍ത്തി. സ്‌കൂള്‍ അറബി പാഠപുസ്തകങ്ങളും മദ്‌റസാ പാഠപുസ്തകങ്ങളും കാലോചിതമായി പരിഷ്‌കരിക്കുന്നതില്‍ സഈദിന്റെ സേവനം വലുതായിരുന്നു.
ഒന്നര മാസം മുമ്പാണ് കോഴിക്കോട് ഫാസ് അക്കാദമിയുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗില്‍ സഈദിനെ അവസാനമായി കണ്ടത്. അന്ന് അദ്ദേഹത്തിന് സംസാരശേഷി നഷ്ടപ്പെട്ടതിനാല്‍ ആംഗ്യം കാണിക്കുകയും എഴുതിക്കാണിക്കുകയുമാണ് ചെയ്തിരുന്നത്. അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടുകയും കൂടെ യാത്ര ചെയ്യുകയും ചെയ്ത ഒരു അറബി അധ്യാപകന്‍ പറഞ്ഞത്, നിങ്ങളുടെ (മുജാഹിദുകളുടെ) കൂട്ടത്തിലെ ഒരു സൂഫിയും വലിയ്യുമാണ് സഈദ് ഫാറൂഖി എന്നാണ്. യോഗ പഠിച്ച് പരിശീലിപ്പിച്ചിരുന്ന സഈദ് പലര്‍ക്കും യോഗ ഗുരുവായിരുന്നു.
പൂര്‍വിക പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ വളരെ ബഹുമാനത്തോടെയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. മതപരമായോ സംഘടനാപരമായോ വ്യത്യസ്ത നിലപാടുള്ളവരോടു പോലും വളരെ മാന്യമായേ അദ്ദേഹം പെരുമാറിയിട്ടുള്ളൂ. താന്‍ മനസ്സിലാക്കിയ സത്യം തുറന്നുപറയുന്നതില്‍ അദ്ദേഹം അല്‍പം പോലും മടി കാണിച്ചിരുന്നില്ല. അതിന്റെ പേരില്‍ ആരോടും തെറ്റുകയോ കലഹിക്കുകയോചെയ്തില്ല. അദ്ദേഹത്തെയും നമ്മെയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടുമാറാവട്ടെ.