26 Thursday
December 2024
2024 December 26
1446 Joumada II 24

ഭയഭക്തി സുരക്ഷയാണ്‌

ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി


ആരെങ്കിലും തഖ്‌വയോടെ ജീവിച്ചാല്‍ പ്രയാസവേളകളില്‍ അവന് അല്ലാഹു രക്ഷാമാര്‍ഗം കാണിച്ചുകൊടുക്കും. വിചാരിക്കാത്ത മാര്‍ഗത്തില്‍ അവന് ഉപജീവനവും നല്‍കും. ആരെങ്കിലും അല്ലാഹുവിനെ ഭരമേല്‍പിക്കുന്നപക്ഷം അവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യങ്ങള്‍ നടപ്പാക്കുക തന്നെ ചെയ്യും. എല്ലാ കാര്യങ്ങള്‍ക്കും അവന്‍ ചില നിശ്ചയങ്ങള്‍ വെച്ചിട്ടുണ്ട് (65:2,3).

ജീവിതം എല്ലാ അര്‍ഥത്തിലും സുരക്ഷിതമാവുക എന്നത് ആരും ആഗ്രഹിക്കുന്ന കാര്യമാണ്. അതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ നമുക്ക് കഴിഞ്ഞേക്കാം. എന്നാലും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന പല സന്ദര്‍ഭങ്ങള്‍ക്കും നമുക്ക് ഉണ്ടാകാറുണ്ട്. ഏതു കാര്യങ്ങളും അല്ലാഹുവിന്റെ നിയന്ത്രണത്തിനും നിശ്ചയത്തിനും വിധേയമായി മാത്രമേ നടക്കുകയുള്ളൂ എന്നു നമ്മെ ഓര്‍മിപ്പിക്കുന്നതാണ് അത്തരം സന്ദര്‍ഭങ്ങള്‍. ഇവിടെയാണ് അല്ലാഹു വാഗ്ദാനം നല്‍കുന്ന സുരക്ഷ മനുഷ്യന് ആശ്വാസവും പ്രതീക്ഷയുമായി നില്‍ക്കുന്നത്. നാം നടത്തുന്ന ഭൗതിക ആസൂത്രണങ്ങള്‍ക്കെല്ലാം മുകളിലാണ് അവന്‍ ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍. ഈമാന്‍ കൂടുതല്‍ സംസ്‌കൃതമാകുമ്പോള്‍ ലഭിക്കുന്ന തഖ്‌വയാണ് ഇതിന് ആവശ്യം. അല്ലാഹു തന്റെ കൂടെത്തന്നെയുണ്ട് എന്ന ജാഗ്രതാബോധമാണ് തഖ്‌വ. നന്മയും പുണ്യവും പതിവായി ചെയ്യാന്‍ ഇത് മനുഷ്യനെ പ്രചോദിപ്പിക്കുന്നു. മറുഭാഗത്ത് തിന്മയും പാപവും വര്‍ജിക്കാനും അവന്‍ സന്നദ്ധനാകുന്നു. പാപമുക്തിയില്‍ പുണ്യങ്ങള്‍ ജീവിതം പ്രകാശമാനമാക്കുമ്പോഴാണ് മേല്‍പറഞ്ഞ ആശ്വാസവും സ്വസ്ഥതയും നമുക്കു കിട്ടുന്നത്. അതുകൊണ്ടാണ് അതിനെ തഖ്‌വയിലേക്ക്ചേര്‍ത്തു പറഞ്ഞത്.
അല്ലാഹുവിനോടുള്ള ഇഷ്ടവും സ്‌നേഹവും തഖ്‌വയുടെ മറ്റൊരു ഭാഗമാണ്. ‘മന്‍ റദിയ ബില്ലാഹി റബ്ബന്‍’ എന്നാണ് ഈമാനിന്റെയും ഇസ്‌ലാമിന്റെയും പൂര്‍ണതയായി നബി(സ) പറയുന്നത്. അല്ലാഹുവിനെ റബ്ബായി തൃപ്തിപ്പെടുക എന്നാണ് അതിന്റെ താല്‍പര്യം. റബ്ബിനോടുള്ള സ്‌നേഹം നമ്മുടെ ജീവിതത്തെ കൂടുതല്‍ ദീപ്തമാക്കുന്നു.
പ്രയാസങ്ങളില്ലാതെ ജീവിക്കുക എന്നതിലല്ല നമ്മുടെ മികവ് തെളിയിക്കേണ്ടത്. എത്രത്തോളം അതിജീവനം സാധിക്കുന്നു എന്നതാണ് പ്രധാനം. ഭയഭക്തിയുടെ നല്ല ഗുണഫലമായി അല്ലാഹു അതുതന്നെയാണ് പറയുന്നതും. അത്തരം സന്ദര്‍ഭങ്ങളില്‍ ഈമാനിനും ശരീരത്തിനും പരിക്കേല്‍ക്കാതെ പുറത്തു കടക്കാന്‍ കഴിയുക എന്നത് നിസ്സാരമല്ല. നമ്മുടെ പ്രവര്‍ത്തനങ്ങളും സമീപനങ്ങളും സത്യസന്ധവും നീതിയില്‍ അധിഷ്ഠിതവുമാണെങ്കില്‍ അതിലെല്ലാം അല്ലാഹുവിന്റെ തൗഫീഖ് നമ്മോടൊപ്പമുണ്ടാകും. ‘റബ്ബേ, ഏതു കാര്യത്തിലും കടക്കുന്നതും പുറത്തുവരുന്നതും സത്യാധിഷ്ഠിതമാക്കേണമേ’ (17:80) എന്ന പ്രാര്‍ഥന ഇസ്‌ലാമിക തനിമയുള്ള സംസ്‌കാരമായാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്.
തഖ്‌വയുടെ മറ്റൊരു ഭാഗമാണ് തവക്കുല്‍. നമുക്ക് ചെയ്യാനുള്ള എല്ലാ കാര്യങ്ങളിലും അല്ലാഹുവിനെ കൂട്ടുപിടിക്കുക എന്ന അവബോധമാണത്. ആത്മാര്‍ഥമായ തവക്കുല്‍ കൂടുതല്‍ മനക്കരുത്ത് നല്‍കുന്നു. ശുഭാപ്തിവിശ്വാസത്തോടെ കാര്യങ്ങളിലേക്ക് ഇറങ്ങിത്തിരിക്കാന്‍ അത് പ്രചോദനമാണ്. അല്ലാഹുവില്‍ തവക്കുല്‍ ചെയ്താല്‍ പിന്നെ ഒരാശങ്കയും വേണ്ടതില്ല എന്നതാണ് തഖ്‌വനല്‍കുന്നധൈര്യം.
ആയത്തിന്റെ സമാപനം ശ്രദ്ധേയമാണ്. നാം ആഗ്രഹിക്കുന്ന ഏതു കാര്യവും അല്ലാഹുവിന്റെ വിധിനിശ്ചയങ്ങള്‍ക്കു വിധേയമായി മാത്രമേ നടക്കുകയുള്ളൂ. ഈ ചിന്ത മനസ്സിന്റെ ബോധ്യമായിരിക്കണം. ഈമാനിന്റെ പ്രധാന ഭാഗവുമാണത്. അല്ലാഹുവിന് സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് മാത്രമേ ഖദ്‌റിന്റെ ഭാഗമായി ഉണ്ടാകുന്ന പരീക്ഷണങ്ങളെയും വിജയത്തിലേക്കുള്ള വഴിയായി മാറ്റാന്‍ കഴിയുകയുള്ളൂ.

Back to Top