22 Friday
November 2024
2024 November 22
1446 Joumada I 20

വോട്ട് ജിഹാദ് ധ്രുവീകരണത്തിനു വേണ്ടി വോട്ട് തേടുന്ന രാഷ്ട്രീയം

യാഷ്‌രാജ് ശര്‍മ


അടുത്ത കാലത്ത് തന്റെ പ്രിയ തിരഞ്ഞെടുപ്പു വിഷയമെന്ന രീതിയില്‍ അവതരിപ്പിച്ചുവരുന്നതുപോലെ, ഇന്ത്യയുടെ പ്രധാനമന്ത്രി ഗുജറാത്തിലെ കാവിവേഷധാരികളായ അനുയായികളുടെ സംഘത്തോട് സംസാരിക്കവേ ”രാജ്യത്തെ അട്ടിമറിക്കാനായി പ്രതിപക്ഷ കക്ഷികള്‍ മുസ്‌ലിംകളുമായി ചേര്‍ന്ന് ആസൂത്രണം നടത്തുന്നു” എന്നു പറയുകയുണ്ടായി. സദസ്സിലിരിക്കുന്നവരോട് കരുതിയിരിക്കണമെന്നു പറയവേ ഒരുപറ്റം ഇസ്‌ലാമോഫോബിക് ആയ ഗൂഢാലോചനാ സിദ്ധാന്തങ്ങളെക്കുറിച്ച് മോദി ഇങ്ങനെ പറഞ്ഞു:
”പ്രതിപക്ഷ സഖ്യം മുസ്‌ലിംകളോട് വോട്ട് ജിഹാദ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. നമ്മളിതുവരെ ലൗജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇത് പുതിയ കാര്യമാണ്.” അദ്ദേഹം തുടര്‍ന്നു: ”ജിഹാദ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും അത് ആരെ ഉന്നംവെച്ചുള്ളതാണെന്നും നിങ്ങള്‍ക്ക് അറിയാമെന്നു കരുതുന്നു.”
ഏഴു ഘട്ടങ്ങളിലായി ക്രമപ്പെടുത്തിയ ഇന്ത്യയുടെ ഭീമാകാരമായ ദേശീയ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും പിന്നിടുമ്പോള്‍ മുസ്‌ലിംകള്‍ക്കെതിരായ മോദിയുടെ വാക്ചാതുര്യം വര്‍ധിച്ചുവരുകയാണ്. അത് നിരീക്ഷകരെയും അടുത്ത കാലം വരെ മോദിയെ പിന്തുണച്ചിരുന്ന മുസ്‌ലിംകളെയും പോലും അദ്ദേഹത്തിന്റെ ഈ വാചാടോപം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് ആശങ്കപ്പെടുത്തുന്നുണ്ട്. പ്രതിപക്ഷത്തെ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് മരിയ ആലം ഉത്തര്‍പ്രദേശില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുസ്‌ലിംകളോട് ‘മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏക ജിഹാദ് അതാണ് എന്നതിനാല്‍ വോട്ടുകളുടെ ജിഹാദ് നടപ്പാക്കാന്‍’ ആവശ്യപ്പെട്ടതിനു ശേഷമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പരാമര്‍ശം. ബിജെപി അവരെ ജിഹാദ് എന്ന പദപ്രയോഗത്തിന്റെ പേരില്‍ ആക്രമിച്ചപ്പോള്‍ സമരത്തിന്റെ അറബിക് വാക്കായ ജിഹാദ് എന്ന പദം ഉപയോഗിച്ചുകൊണ്ട് മുസ്‌ലിം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് താന്‍ ചെയ്തതെന്ന് മരിയ ആലം വ്യക്തമാക്കി. എന്നാല്‍ ‘വോട്ട് ജിഹാദി’നായുള്ള ആഹ്വാനം രാജ്യത്തിന്റെ ജനാധിപത്യത്തിന് അപകടകരമാണെന്ന് മോദി പ്രസംഗത്തില്‍ ആവര്‍ത്തിച്ചു.
960 ദശലക്ഷം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താന്‍ രജിസ്റ്റര്‍ ചെയ്ത സംഘര്‍ഷഭരിതമായ തിരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇന്ത്യയിലെ 200 ദശലക്ഷം മുസ്‌ലിംകള്‍ക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ അത്യന്തം അപകടകരമാണ്. നുഴഞ്ഞുകയറ്റക്കാര്‍, അധിനിവേശക്കാര്‍, കൊള്ളയടിക്കുന്നവര്‍ എന്നൊക്കെയാണ് പ്രയോഗങ്ങള്‍. കഴിഞ്ഞയാഴ്ച ഒരു പ്രചാരണ പ്രസംഗത്തില്‍ മോദി മുസ്‌ലിം സമുദായത്തെ ‘നുഴഞ്ഞുകയറ്റക്കാരോ’ട് തുലനം ചെയ്തുകൊണ്ട് അവരെ ‘കൂടുതല്‍ കുട്ടികളുള്ളവര്‍’ എന്നു വിശേഷിപ്പിക്കുകയും ‘ഇന്ത്യയിലെ ഹിന്ദുക്കളെ ജനസംഖ്യയില്‍ മറികടക്കുക എന്ന ലക്ഷ്യത്തോടെ മുസ്‌ലിംകള്‍ കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കുന്നു’ എന്ന ഹിന്ദു ഭൂരിപക്ഷവാദം ആവര്‍ത്തിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ദേശീയ ജനസംഖ്യയുടെ 15 ശതമാനത്തില്‍ താഴെ മാത്രമാണ് മുസ്‌ലിം ജനസംഖ്യ. ഗവണ്മെന്റിന്റെ തന്നെ രേഖകള്‍ കാണിക്കുന്നത് അവരുടെ പ്രത്യുല്‍പാദന നിരക്ക് ഹിന്ദുക്കളെയും മറ്റു പ്രധാന മതവിഭാഗങ്ങളെയും അപേക്ഷിച്ചു വേഗത്തില്‍ കുറയുകയാണ് എന്നാണ്.
ആ അഭിപ്രായങ്ങള്‍ ഒരു രാഷ്ട്രീയ കോലാഹലത്തിനു തുടക്കം കുറിക്കുകയും പ്രതിപക്ഷത്തു നിന്നും സിവില്‍ സമൂഹത്തിലെ വിഭാഗങ്ങളില്‍ നിന്നും നിശിത വിമര്‍ശനം ക്ഷണിച്ചുവരുത്തുകയും ചെയ്തു. മോദിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ 20,000ഓളം പൗരന്മാര്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. എന്നിട്ടും, രണ്ടു ദിവസത്തിനു ശേഷം ഏപ്രില്‍ 23ന്, രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും മുസ്‌ലിംകളും ചേര്‍ന്ന് ഹിന്ദുക്കളുടെ സമ്പത്ത് തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് മോദി ആക്രോശങ്ങള്‍ ആവര്‍ത്തിച്ചു.
‘നിങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനും അത് അവരുടെ പ്രത്യേക ഇഷ്ടക്കാര്‍ക്ക് വീതിക്കാനും കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന സത്യം ഞാന്‍ രാജ്യത്തിനു മുന്നില്‍ അവതരിപ്പിച്ചു’ എന്ന് മുസ്‌ലിംകളെ ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന്, ഏപ്രില്‍ 30ന് ബിജെപി ഇന്‍സ്റ്റഗ്രാമില്‍ ഒരു ആനിമേറ്റഡ് കാമ്പയിന്‍ വീഡിയോ പ്രസിദ്ധീകരിച്ചു. രാഷ്ട്രത്തെ രക്ഷിക്കാന്‍ മോദി എത്തുന്നതിനു മുമ്പ് അക്രമാസക്തരും അത്യാഗ്രഹികളുമായ മുസ്‌ലിം പുരുഷ റൈഡര്‍മാര്‍ മധ്യകാല ഇന്ത്യയെ ആക്രമിക്കുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്നതിന്റെ സ്ഥിരം ചിത്രീകരണങ്ങളായിരുന്നു അത്. കോണ്‍ഗ്രസ് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഹിന്ദുക്കളുടെ സമ്പത്തും സ്വത്തുക്കളും മുസ്‌ലിംകള്‍ക്ക് വീതിച്ചുനല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ വീഡിയോയില്‍ വീണ്ടും പ്രചരിപ്പിക്കപ്പെട്ടു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് 18 വര്‍ഷം മുമ്പ്, മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള അവശത അനുഭവിക്കുന്ന ഇന്ത്യന്‍ സമൂഹങ്ങള്‍ക്ക് ദേശീയ വിഭവങ്ങള്‍ ആദ്യം ലഭ്യമാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും, ഒരു സമുദായത്തില്‍ നിന്ന് സമ്പത്ത് എടുത്ത് മറ്റേതെങ്കിലും സമുദായത്തിന് നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പരാമര്‍ശമില്ല.
അടുത്ത കാലത്തു മോദി പരസ്യമായി പരാമര്‍ശിച്ച മറ്റു ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ലൗജിഹാദ് അഥവാ മുസ്‌ലിം പുരുഷന്മാര്‍ അന്യ മതസ്ഥരായ സ്ത്രീകളെ മതം മാറ്റുന്നതിനായി വിവാഹം ചെയ്യുന്നു, ലാന്‍ഡ് ജിഹാദ് അഥവാ മുസ്‌ലിംകള്‍ ഭൂമി സ്വരുക്കൂട്ടി ഇന്ത്യയുടെ ഭൂപ്രദേശമെല്ലാം കൈയടക്കാന്‍ ശ്രമിക്കുന്നു എന്നിവ. ഇവയൊന്നും തന്നെ മോദിയുടെ ജീവചരിത്രമെഴുതിയ നിലാഞ്ജന്‍ മുഖോപാധ്യായക്ക് അത്ഭുതകരമായി തോന്നുന്നില്ല. പതിറ്റാണ്ടുകളായി മതപരമായ ധ്രുവീകരണം മോദിയുടെ സ്വഭാവത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ ജനാധിപത്യത്തിന് ക്രൂരമായ രീതിയില്‍ പരിക്കേല്‍പിച്ചിട്ടുണ്ട് ബിജെപിയും മോദിയും എന്ന് അദ്ദേഹം അല്‍ജസീറയോട് പറഞ്ഞു. ഒരുപക്ഷേ ഇന്ത്യയില്‍ മുസ്‌ലിം ആയിരിക്കാന്‍ ഏറ്റവും മോശം സമയമായിരിക്കും ഇത്. കാരണം എല്ലാ സമയത്തും മുസ്‌ലിം ഐഡന്റിറ്റിയുടെ തടവുകാരായി അനുഭവപ്പെടും അവര്‍ക്ക്.

വിദ്വേഷ പ്രസംഗത്തിന് ഒന്നിലധികം ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഏപ്രില്‍ 30ന് ഇന്‍സ്റ്റഗ്രാം വീഡിയോ എടുത്തുകളഞ്ഞപ്പോഴും മോദിക്കെതിരായ പരാതികളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നടപടിയെടുക്കാത്തത് പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനത്തിന് കാരണമായി.
”പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ്സിനു മോദി കളങ്കം വരുത്തി; അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരിക്കലും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പറയാന്‍ കൊള്ളാവുന്ന വാക്കുകളല്ല”- ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ലോക്‌സഭാംഗവുമായ പ്രമോദ് തിവാരി പറഞ്ഞു. ”ഈ തിരഞ്ഞെടുപ്പുകളില്‍ ജനാധിപത്യം അപകടത്തിലാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പോഴും ഉറങ്ങുകയാണ്. മോദിയുടെ സ്ഥാനാര്‍ഥിത്വം അയോഗ്യമാക്കണമെന്നും അദ്ദേഹത്തെ പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെടുന്നു”- അല്‍ജസീറയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. മോദിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണത്തിനായി അല്‍ജസീറ മൂന്നു ബിജെപി വക്താക്കളെ സമീപിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല.
‘കൂടുതല്‍ വെറുപ്പ്
വളര്‍ത്തുക’

അതേസമയം, മോദിയുടെ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ മുസ്‌ലിംകളെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. ”രാജ്യത്തെ പരമോന്നത ഓഫീസിന്റെ പിന്തുണ കാരണം ഈ പരാമര്‍ശങ്ങള്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ന്യായീകരിക്കാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് രക്ഷാകര്‍തൃത്വം അനുഭവപ്പെടും”- മുംബൈ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസത്തിന്റെ ഡയറക്ടര്‍ ഇര്‍ഫാന്‍ എന്‍ജിനീയര്‍ പറഞ്ഞു. ഹിന്ദുത്വ എന്നത് ബിജെപിയുടെയും അതിന്റെ പ്രത്യയശാസ്ത്ര മേലാളന്മാരായ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും (ആര്‍എസ്എസ്) ഹിന്ദു ഭൂരിപക്ഷ പ്രത്യയശാസ്ത്രത്തെ സൂചിപ്പിക്കുന്നു.
”ഈ പരാമര്‍ശങ്ങള്‍ കൂടുതല്‍ വിദ്വേഷത്തിനും അക്രമത്തിനും കാരണമാകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു; പക്ഷേ, അത് പ്രതീക്ഷയ്‌ക്കെതിരായ ഒരു പ്രതീക്ഷയാണ്”- പതിറ്റാണ്ടുകളായി ഇര്‍ഫാന്‍ എന്‍ജിനീയര്‍ വര്‍ഗീയ കലാപങ്ങളെ നിരീക്ഷിക്കുകയും വസ്തുതാന്വേഷണ സംഘങ്ങളുമായി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ”മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന് പേരുകേട്ട പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള പ്രസംഗങ്ങളും റാലികളും അക്രമത്തിന് കാരണമായിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.

മോദിയുടെ പ്രസ്താവനകളുടെ അനന്തര ഫലങ്ങളില്‍ തങ്ങള്‍ക്കും ആശങ്കയുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു: ”തിരഞ്ഞെടുപ്പുവേളയില്‍ ഇത്തരം പ്രസംഗങ്ങള്‍ നിരീക്ഷിക്കാന്‍ സൃഷ്ടിക്കപ്പെട്ട സ്ഥാപനങ്ങള്‍ അത്തരം പരാമര്‍ശങ്ങള്‍ക്ക് ഉത്തരവാദികളായവരെ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണം. എന്നിരുന്നാലും, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത്തരം പ്രേരണകള്‍ക്കും ശത്രുതയ്ക്കും നേരെ കണ്ണടയ്ക്കുന്നത് മാത്രമാണ് നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ ഇതുവരെ കണ്ടത്”- ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ ബോര്‍ഡ് ചെയര്‍ ആകാര്‍ പട്ടേല്‍ അല്‍ജസീറയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. ”ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന വ്യവസ്ഥാപിതമായ വിവേചനത്തിന്റെ വ്യാപനത്തെയും തീവ്രതയെയും സൂചിപ്പിക്കുന്നതാണ് വ്യാപകമായ ഈ അനാസ്ഥ”- ആകാര്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
”മുന്‍കാലങ്ങളില്‍ (പല പ്രതിപക്ഷ നേതാക്കളുടെയും അനുകൂല സാഹചര്യങ്ങളിലുള്ള വളര്‍ച്ചയെ അപേക്ഷിച്ച് തന്റെ താരതമ്യേന ദരിദ്രമായ ബാല്യത്തെ പരാമര്‍ശിച്ചുകൊണ്ട്) മോദി പ്രതിപക്ഷ ആക്രമണങ്ങളുടെ ഇരയായി സ്വയം ചിത്രീകരിച്ചുപോന്നിരുന്നു. എന്നാല്‍, ഇത്തവണ തന്റെ കാര്യം വിട്ടു മുഴുവന്‍ ഹിന്ദു സമുദായത്തെയും ഒരു ഇരയുടെ ഭാവത്തില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്” എന്ന് ഇര്‍ഫാന്‍ പറഞ്ഞു. എല്ലാ ഹിന്ദുക്കളും ഇരകളാകുന്ന, ഹിന്ദു ദേശീയ പ്രസ്ഥാനത്തിന്റെ ആത്യന്തിക ബിന്ദുവാണിത്. അതുകൊണ്ടുതന്നെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കോ അഭിപ്രായ സ്വാതന്ത്ര്യത്തിനോ മതസ്വാതന്ത്ര്യത്തിനോ ഇടമില്ലാത്ത ശക്തമായൊരു ഭരണകൂടം ആവശ്യമാണ് അവിടെ.
വ്യക്തിക്ക് കീഴ്‌പ്പെട്ട്
ഇന്ത്യയുടെ ചില ഭാഗങ്ങളിലെങ്കിലും ബിജെപിക്കുള്ള മുസ്‌ലിം പിന്തുണ ചെറുതാണെങ്കിലും സാവധാനത്തില്‍ വളരുകയാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും രാഷ്ട്രീയപ്രാധാന്യമുള്ളതുമായ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഇത് 2012ല്‍ 5 ശതമാനത്തില്‍ താഴെയായിരുന്നത് 2022ല്‍ 9 ശതമാനത്തിലേറെയായി ഉയര്‍ന്നു. എന്നിരുന്നാലും മോദിയെ പിന്തുണച്ച ഇന്ത്യന്‍ മുസ്‌ലിംകള്‍ പോലും ഇന്ന് ദുര്‍ബലരാണെന്ന് മോദിയുടെ ജീവചരിത്രകാരന്‍ മുഖോപാധ്യായ പറഞ്ഞു. മോദി ഇനിയും വന്ന് മുസ്‌ലിംകളെ ആക്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.
വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ രാജസ്ഥാനില്‍ നിന്നുള്ള യുവ രാഷ്ട്രീയ നേതാവായ ഉസ്മാന്‍ ഗനിയുടെ കാര്യത്തില്‍ അത് സത്യമായി മാറി. കോളജ് പഠനകാലത്ത് ബിജെപിയുടെ വിദ്യാര്‍ഥി വിഭാഗത്തില്‍ ചേര്‍ന്ന ഗനി തന്റെ ജില്ലയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രസിഡന്റായി ഉയര്‍ന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചെന്നപ്പോള്‍ വോട്ടര്‍മാര്‍ ”പ്രധാനമന്ത്രി മോദിയുടെ മുസ്‌ലിം സമുദായത്തിനെതിരായ പരാമര്‍ശങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു” എന്നു ചോദിച്ചപ്പോള്‍ ”അതൊക്കെ അസംബന്ധമാണെ”ന്ന് അദ്ദേഹം പറഞ്ഞു. അതേത്തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പിന്നീട് ബിജെപി ഭരിക്കുന്ന അവിടത്തെ സംസ്ഥാന പോലീസ് അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു.
”ഹിന്ദുത്വ പ്രസ്ഥാനത്തില്‍ മറ്റാരെക്കാളും വലിയ വ്യക്ത്യാരാധനയാണ് മോദിയുടേത്”- മുഖോപാധ്യായ പറഞ്ഞു. ”ഇതൊരു തിരഞ്ഞെടുപ്പാണോ അതോ വ്യക്തിയെ മഹത്വവത്കരിക്കാനുള്ള ശ്രമമോ?… ഹിന്ദുത്വ പ്രസ്ഥാനം ഒരു വ്യക്തിക്ക് കീഴ്‌പെട്ടിരിക്കുന്നു. അതൊരു വലിയ വിരോധാഭാസമാണ്. കാരണം സംഘ് കുടുംബത്തില്‍ ഒരു വ്യക്തിയും സംഘടനയ്ക്ക് മുകളിലല്ല” എന്നും മുഖോപാധ്യായ പറയുന്നു.
ന്യൂഡല്‍ഹി ആസ്ഥാനമാക്കി രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന ഒരാള്‍ സ്വന്തം പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കുമെന്നു ഭയന്ന് തന്റെ പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞുകൊണ്ട് ഇങ്ങനെ നിരീക്ഷിക്കുന്നു: ”ആദ്യ രണ്ടു ഘട്ടങ്ങളിലെ സാധാരണയില്‍ കുറഞ്ഞ വോട്ടര്‍മാരുടെ എണ്ണം കാരണമാവാം മോദി മുസ്‌ലിംവിരുദ്ധ ഭീതിയില്‍ ശ്രദ്ധയൂന്നുന്നത്… ആരും മോദിയുടെ സാമ്പത്തിക വികസനത്തെ സംബന്ധിച്ച അവകാശവാദങ്ങള്‍ക്ക് വില കല്‍പിക്കുന്നില്ല. അതുകൊണ്ട് അദ്ദേഹം വോട്ടര്‍മാരെ ഭിന്നിപ്പിക്കുകയാണ്.”
ഇങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കും, വരുമാനവും സമ്പത്തും തമ്മിലുള്ള വര്‍ധിച്ചുവരുന്ന അസമത്വവും, ജനാധിപത്യ ഇന്‍ഡെക്‌സുകള്‍ താഴേക്കു വരുന്നതുമൊന്നും തിരിച്ചടിയാകാതെ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മോദി തിരിച്ചുവരുമെന്നാണ് ഭൂരിപക്ഷം പേരും പ്രതീക്ഷിക്കുന്നത്.
”ജനവിധി 2014ല്‍ വികസനത്തിനു വേണ്ടിയും 2019ല്‍ ദേശീയതയ്ക്കു വേണ്ടിയും ആയിരുന്നെങ്കില്‍, ഇപ്പോള്‍ 2024ല്‍ ധ്രുവീകരണത്തിനു വേണ്ടിയാണ് താന്‍ വോട്ട് നേടിയതെന്നതില്‍ മോദിക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നു”മെന്ന് ഇര്‍ഫാന്‍ പറയുന്നു: ”മുസ്‌ലിം വിരുദ്ധതയും മുസ്‌ലിം വിദ്വേഷമാണ് ഇപ്പോള്‍ ബിജെപിയുടെ പ്രചാരണത്തിന്റെകേന്ദ്രം.”
(കടപ്പാട്: അല്‍ജസീറ)
വിവ. ഡോ. സൗമ്യ പി എന്‍

Back to Top