21 Thursday
November 2024
2024 November 21
1446 Joumada I 19

ഫലസ്തീന്‍: പ്രക്ഷുബ്ധമാകുന്ന കാമ്പസുകള്‍

സെബാസ്റ്റ്യന്‍ ഷെഹദി


ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സമരങ്ങള്‍ ലോകത്തിന്റെ നാനാകോണിലും മാസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ കൊളംബിയ യൂണിവേഴ്‌സിറ്റി, യുസിഎല്‍എ തുടങ്ങി 52ഓളം വരുന്ന യുഎസ് കാമ്പസുകളില്‍ നിന്നുള്ള സമരരംഗങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഗോള തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. ഗസ്സാ യുദ്ധത്തില്‍ 35,000 ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രായേലുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് സര്‍വകലാശാല പിന്മാറണമെന്ന ആവശ്യമാണ് കൊളംബിയ സര്‍വകലാശാലയില്‍ രണ്ടാഴ്ചയോളമായി നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധവും ക്യാമ്പും മുന്നോട്ടുവെക്കുന്നത്.
വിരലിലെണ്ണാവുന്ന, ഇത്രതന്നെ ശക്തമല്ലാത്ത മുന്‍ മാതൃകകള്‍ മാത്രമുള്ള പ്രതിഷേധങ്ങളാണ് ഇപ്പോള്‍ യുഎസില്‍ നടക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. വിയറ്റ്‌നാം യുദ്ധത്തിന്റെയോ സിവില്‍ റൈറ്റ് മൂവ്‌മെന്റിന്റെയോ സമയത്തു പോലും ഇത്തരത്തില്‍ ഒരു കാമ്പസില്‍ തുടങ്ങി അതിവേഗം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്ന രീതി ഉണ്ടായിട്ടില്ല. ഇപ്പോള്‍ നടക്കുന്ന രീതിയിലുള്ള കാമ്പസ് കൈയേറ്റങ്ങളും പ്രക്ഷോഭമുറകളും അമേരിക്കന്‍ ചരിത്രത്തില്‍ പുതിയ സംഭവം തന്നെയാണ്.
യുകെ വിദ്യാര്‍ഥികളും ഫലസ്തീന്‍ പോരാട്ടങ്ങളും
യുഎസില്‍ വര്‍ധിച്ചുവരുന്ന പ്രക്ഷോഭങ്ങളുടെ വെളിച്ചത്തില്‍ യുകെ വിദ്യാര്‍ഥി സമൂഹത്തെ വിമര്‍ശനവിധേയമാക്കുകയാണ് പല ഓണ്‍ലൈന്‍ മീഡിയകളും അവയുടെ പ്രേക്ഷക സമൂഹവും. സോഷ്യല്‍ മീഡിയ കമന്റുകളില്‍ യുകെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് റാഡിക്കലിസം കുറവാണ് എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
”യുഎസിലും യുകെയില്‍ ഉടനീളവുമുള്ള വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍, ഗസ്സയിലെ വംശഹത്യയും പാശ്ചാത്യ ഗവണ്‍മെന്റിനും സര്‍വകലാശാലകള്‍ക്കും അവയിലുള്ള പങ്കും അവസാനിപ്പിക്കാനുള്ള ഒരേ സമരത്തിന്റെ ഉദാഹരണങ്ങളാണ് എന്നിരിക്കെ അവയെ റാഡിക്കാലിറ്റിയുടെ ക്രമത്തില്‍ റാങ്ക് ചെയ്യാന്‍ ശ്രമിക്കുന്നത് ശരിയാണെന്ന് കരുതുന്നില്ല” എന്നാണ് ലാന്‍കാസ്റ്റര്‍ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ ഇക്കോളജി ലക്ചറര്‍ കെയ് ഹെറോണ്‍ ഈ വിഷയത്തെ സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. അതായത്, യുഎസിലെയും യുകെയിലെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ വ്യത്യസ്ത യുക്തികളാല്‍ പ്രവര്‍ത്തിക്കുകയും വ്യത്യസ്ത സാമ്പത്തിക-രാഷ്ട്രീയ സന്ദര്‍ഭങ്ങളോടുള്ള പ്രതികരണമായി വ്യത്യസ്ത തന്ത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു എന്നതാണ് വസ്തുത.
യുകെയില്‍ വിവിധ സമരതന്ത്രങ്ങളാണ് വിദ്യാര്‍ഥികള്‍ കൈക്കൊള്ളുന്നത്. ലീഡ്‌സ്, മാഞ്ചസ്റ്റര്‍, യുസിഎല്‍, ബ്രിസ്റ്റോള്‍, ഗോള്‍ഡ്‌സ്മിത്ത് പോലുള്ള സര്‍വകലാശാലകളില്‍ കെട്ടിട ഉപരോധങ്ങള്‍ക്കൊപ്പം തുറന്ന ചര്‍ച്ചകളും സംവാദങ്ങളും ഓണ്‍ലൈന്‍ ടീച്ച് ഔട്ടുകളും പ്രാദേശിക റാലികളും ദേശീയ പ്രകടനങ്ങളും സംഘടിപ്പിച്ചു. എന്നാല്‍ ഇവയൊന്നും മതിയായ നിരക്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ് സത്യം. ഗവണ്മെന്റും യൂണിവേഴ്‌സിറ്റി അധികൃതരും ഇത്തരം പ്രതിഷേധങ്ങള്‍ ബ്രിട്ടീഷ് വാര്‍ത്താ ഔട്ട്‌ലെറ്റുകളില്‍ വരാതിരിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ പ്രതിഫലനമായിട്ടാണ് മീഡിയ കവറേജ് ഗണ്യമായി കുറയുന്നതും സമരക്കാരുടെ എണ്ണം രേഖപ്പെടുത്തുന്നതില്‍ കുറവ് സംഭവിക്കുന്നതും.
ഇസ്രായേല്‍ ആയുധനിര്‍മാണ കമ്പനികളായ എല്‍ബിറ്റ് സിസ്റ്റം, ബിഎഇ സിസ്റ്റം മുതലായവയിലേക്കുള്ള ഫലസ്തീന്‍സ് ആക്ഷന്റെ നേരിട്ടുള്ള ഉപരോധം, സാംലെസ്ബറി എയ്‌റോഡ്രോം (എ35 സ്റ്റെല്‍ത്ത് പ്ലെയിനുകളുടെ പിന്‍ഭാഗത്തെ ഫ്യൂസ്ലേജ് നിര്‍മിക്കുന്നു, അവ നിലവില്‍ ഇസ്രായേല്‍ ഗസ്സാ മുനമ്പില്‍ ഉപയോഗിക്കുന്നു) ഒന്നിലധികം തവണ തടഞ്ഞതും യുകെ വിദ്യാര്‍ഥികള്‍ എത്രത്തോളം ഗൗരവകരമായ രീതിയിലാണ് പ്രക്ഷോഭത്തെ ഏറ്റെടുത്തിരിക്കുന്നത് എന്നതിന് തെളിവാണ്. യുകെയെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ യുഎസിലെ പ്രക്ഷോഭങ്ങള്‍ക്കു നേരെ ക്രൂരമായ പോലീസ് അധിനിവേശം നടന്നിട്ടുണ്ട്. ഇതിനര്‍ഥം യുകെയിലെ സമരക്കാര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നിട്ടില്ല എന്നല്ല. മാസ് സസ്‌പെന്‍ഷന്‍ മുതല്‍ പോലീസ് ഇടപെടലുകള്‍ വരെ അവിടെയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയുടെ തോത് മിലിറ്ററി പോലീസ് രാജ്യമായ യുഎസിന്റെ അത്ര ഉണ്ടായിരുന്നില്ല. ഗവണ്മെന്റിന്റെയും യൂണിവേഴ്‌സിറ്റി അധികൃതരുടെയും ഒത്താശയോടെയുള്ള ഈ പോലീസ് കൈയേറ്റങ്ങള്‍ സമരത്തെ ഒരുതരത്തില്‍ അനുകൂലമായി ബാധിച്ചിട്ടുണ്ട് എന്നുതന്നെ പറയാം. ജനങ്ങള്‍ക്കിടയിലുള്ള സിംപതി വളര്‍ത്തി സമരത്തിന് പോസിറ്റീവ് മുഖം വളര്‍ത്താനും കൂടിയ മീഡിയാ കവറേജ് ലഭ്യമാകാനും ഇത് സഹായിച്ചിട്ടുണ്ട്.
വ്യത്യസ്ത
സമരരീതികള്‍

അമേരിക്കന്‍ സര്‍വകലാശാലകള്‍ ആഗോള മൂലധനത്തിന്റെ ശ്രേണിയിലും ഇസ്രായേലുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കുള്ള സാമ്പത്തിക പിന്തുണയിലും കൂടുതല്‍ ശക്തമാണ്. അതിനാല്‍ തന്നെ അവിടത്തെ ഫലസ്തീന്‍ അനുകൂല നിലപാടുകാരുടെ ബഹിഷ്‌കരണം, വിഭജനം, ഉപരോധം എന്നിവയ്ക്കുള്ള ആഹ്വാനങ്ങള്‍ കൂടുതല്‍ ശക്തമാണ്.
ഇസ്രായേലുമായി ബിസിനസ് ബന്ധമുള്ള മൈക്രോസോഫ്റ്റ്, ആമസോണ്‍, ആല്‍ഫബെറ്റ് തുടങ്ങിയ ടെക് ഭീമന്മാര്‍ ഉള്‍പ്പെടെ ഇസ്രായേലുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതൊരു കമ്പനിയില്‍ നിന്നും യൂണിവേഴ്‌സിറ്റി അതിന്റെ 13.6 ബില്യണ്‍ ഡോളര്‍ എന്‍ഡോവ്‌മെന്റ് വിച്ഛേദിക്കണമെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റി അപ്പാര്‍ത്തീഡ് ഡൈവെസ്റ്റ് ആഗ്രഹിക്കുന്നു. ഹാര്‍വാഡിന്റെ 49 ബില്യണ്‍ ഡോളര്‍ എന്‍ഡോവ്മെന്റ്, യേലിന്റെ 41 ബില്യണ്‍ ഡോളര്‍, കോര്‍ണലിന്റെ 10 ബില്യണ്‍ ഡോളര്‍ മുതലായവയ്ക്ക് എതിരെയും സമാന ആവശ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്.
അതേസമയം, യുകെയില്‍, ഓക്‌സ്ഫഡിന്റെ എന്‍ഡോവ്‌മെന്റ് മൂല്യം 7 ബില്യണ്‍ പൗണ്ടാണ്. (രാജ്യത്തെ ഏറ്റവും ഉയര്‍ന്നത്). ലണ്ടനിലെ എല്ലാ വലിയ സര്‍വകലാശാലകള്‍ക്കും കൂടി വെറും 300 മില്യണും അതില്‍ താഴെയുമാണ് എന്‍ഡോവ്‌മെന്റുള്ളത്. യുഎസില്‍ ഡോണര്‍മാരുടെ സാന്നിധ്യവും സ്വാധീനവും കൂടുതല്‍ പ്രകടമാണ് എന്ന വസ്തുതയുമുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ പ്രമുഖ ഡോണര്‍മാരായ റോബര്‍ട്ട് ക്രാഫ്റ്റ്, ലിയോണ്‍ കൂപ്പര്‍മാന്‍ തുടങ്ങിയ ശതകോടീശ്വരന്മാര്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ തങ്ങളുടെ പിന്തുണ പുനഃപരിശോധിക്കുമെന്ന് സമ്മര്‍ദം ചെലുത്തിയത് പരക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സമാനമായ സമ്മര്‍ദം മറ്റ് യുഎസ് സര്‍വകലാശാലകളുടെ മേലുമുണ്ട് എന്നതില്‍ സംശയമില്ല. ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായ രീതിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള പദ്ധതികള്‍ അപകടകരമായ രീതിയിലാണ് യൂണിവേഴ്‌സിറ്റികളെ ബാധിക്കുക എന്നതില്‍ സംശയമില്ല.

കാമ്പസ് പ്രവര്‍ത്തനവും
പ്രതിരോധവും

യുഎസിലെയും യുകെയിലെയും വിദ്യാര്‍ഥികളുടെ ജീവിത-പഠനരീതികള്‍ക്ക് കാര്യമായ വ്യത്യാസങ്ങളുണ്ട്. ഇത് അവരുടെ സമരങ്ങളിലും ഇടപെടലുകളിലും പ്രതിഫലിക്കുന്നുമുണ്ട്. കാമ്പസിനകത്തെ പ്രതിഷേധങ്ങള്‍ യുകെയില്‍ കുറയാന്‍ അതിന്റെ പ്രവര്‍ത്തനരീതി മുഖ്യ കാരണമാണ്. യുഎസ് യൂണിവേഴ്‌സിറ്റി കാമ്പസുകള്‍ ഭൂരിഭാഗവും റസിഡന്‍ഷ്യലും ക്ലാസ്‌റൂം ഓറിയന്റഡും ആണെങ്കില്‍ നോണ്‍-റസിഡന്‍ഷ്യല്‍ സാറ്റലൈറ്റ് കാമ്പസുകളാണ് മിക്ക യുകെ സര്‍വകലാശാലകളിലും ഉള്ളത്. ഇത് കാമ്പസിനകത്ത് ചെലവഴിക്കുന്ന സമയത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.
കാമ്പസ് ഉപരോധം നടന്ന യുകെയിലെ ആദ്യ കാമ്പസായ വാര്‍വിക് പ്രവര്‍ത്തനത്തില്‍ യുഎസ് കാമ്പസുകളെ ഓര്‍മിപ്പിക്കുന്നവയാണ് എന്നത് ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. യുകെയിലെ, പ്രത്യേകിച്ച് ലണ്ടനിലെ പല സര്‍വകലാശാലകളുടെയും വിഘടിതവും വികേന്ദ്രീകൃതവുമായ സ്വഭാവവുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎസിലെ, പ്രത്യേകിച്ച് ന്യൂയോര്‍ക്കിലെ സര്‍വകലാശാലകളില്‍ പ്രതിഷേധങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യവും കേന്ദ്രീകൃതവുമായ ഇടങ്ങളുണ്ട് എന്നു ചുരുക്കം.
യുഎസ് പ്രതിഷേധങ്ങളില്‍ പ്രാദേശിക ജനതയുടെ ഇടപെടലും ഒരുതരത്തില്‍ വെല്ലുവിളിയാണ്. കൊളംബിയയില്‍ നടന്ന ഒരു സമരത്തില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ കയറുകയും യഹൂദവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയുമുണ്ടായി. ഇത് സമരങ്ങളുടെ യഥാര്‍ഥ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കൂടാതെ യുകെയെ അപേക്ഷിച്ച് യുഎസിലെ ഫലസ്തീന്‍ പോരാട്ടങ്ങളെ യഹൂദവിരുദ്ധതയുമായി മീഡിയയും ഗവണ്മെന്റും തുടക്കകാലം മുതലേ കൂട്ടിയിണക്കുന്നുണ്ട്.
സമരങ്ങള്‍ക്ക് ഇത്തരം മുഖം നല്‍കല്‍ കാമ്പസിനകത്തും പുറത്തും സയണിസ്റ്റുകള്‍ ഫലസ്തീനിനെ പിന്തുണയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം അഴിച്ചുവിടാന്‍ കാരണമാകുന്നുണ്ട്. ഇത് യുഎസിലെ ഫലസ്തീന്‍ പ്രക്ഷോഭകരുടെ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്. ഈ വിദ്യാര്‍ഥികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഒട്ടുമിക്ക യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റുകളും തികഞ്ഞ അവഗണനയാണ് വെച്ചുപുലര്‍ത്തുന്നത് എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലല്ലോ.
വിദ്യാര്‍ഥി സമൂഹത്തെ അടിച്ചമര്‍ത്തുമ്പോള്‍
തലമുറകളായി വമ്പിച്ച ട്യൂഷന്‍ ഫീയുടെ പേരില്‍ ചൂഷണങ്ങള്‍ അനുഭവിച്ചുവരുന്നവരാണ് യുഎസിലെ വിദ്യാര്‍ഥി സമൂഹം. അതിനാല്‍ തന്നെ അവര്‍ക്ക് കൂടുതല്‍ പക്വതയുള്ള പ്രതിരോധശേഷിയും നിലനില്‍ക്കുന്ന വ്യവസ്ഥിതിയോട് അടക്കാനാവാത്ത എതിര്‍പ്പും ഉണ്ട്. എന്നാല്‍, യുകെയില്‍ ഇത്തരം ചെറുത്തുനില്‍പുകള്‍ക്ക് 15 വര്‍ഷത്തോളമേ പ്രായമുള്ളൂ.
വളരെ അടുത്ത വര്‍ഷങ്ങളിലാണ് ബ്രിട്ടീഷ് ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നവലിബറലൈസേഷനും സാമ്പത്തികവത്കരണവും സ്വത്വപ്രതിസന്ധികള്‍ നേരിട്ടുതുടങ്ങിയത്. പിരിച്ചുവിടലിന്റെയും ഫീസ് വര്‍ധനയുടെയും ആവര്‍ത്തിച്ചുള്ള ഭീഷണികള്‍, സര്‍വകലാശാലാ ഭരണസംവിധാനം മൊത്തത്തില്‍ താളംതെറ്റിയതിന്റെ സൂചനകളായാണ് വിദ്യാര്‍ഥികള്‍ വിലയിരുത്തുന്നത്. അമേരിക്കന്‍ പ്രതിഷേധങ്ങള്‍ ഇവിടെ അവര്‍ക്ക് ധൈര്യം പകരുന്നതിനോടൊപ്പം സര്‍വകലാശാലകള്‍ക്കിടയില്‍ ശക്തമായ രാജ്യാന്തര ഐക്യദാര്‍ഢ്യം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു.
മേല്‍പറഞ്ഞ ചരിത്രസ്ഥിതി രണ്ട് ഇടങ്ങളിലെയും വിദ്യാര്‍ഥി പ്രതിഷേധ സ്വഭാവങ്ങളുടെ കാതലായ വ്യത്യാസം വിശദീകരിക്കുന്നു. ഈ ശൈശവഘട്ടത്തിലുള്ള ചെറുത്തുനില്‍പിന്റെ ചരിത്രം മാത്രമുള്ള യുകെയിലെ ഫലസ്തീന്‍ അനുകൂല സമരക്കാര്‍ അനുഭവിക്കുന്നത് ശക്തമായ അടിച്ചമര്‍ത്തലുകള്‍ തന്നെയാണ്. ഒരു ദശാബ്ദത്തിലേറെയായി ഇസ്രായേല്‍ അനുകൂല സംഘടനകളും ഇപ്പോള്‍ ദശാബ്ദങ്ങളിലെ ഏറ്റവും അടിച്ചമര്‍ത്തല്‍ സര്‍ക്കാരും ഇത് ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. രണ്ടു രാജ്യങ്ങളിലാണെങ്കിലും ഭരണകൂട വ്യവസ്ഥിതികളോടു കൂടെ പൊരുതി ഫലസ്തീന്‍ ജനതയ്ക്കായി ശബ്ദിക്കേണ്ട സ്ഥിതിവിശേഷമാണ് ഉള്ളത്.
ചരിത്രപരവും സാമ്പത്തികവുമായ സ്ഥിതിവിശേഷങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍ ഇരു രാജ്യങ്ങളിലെയും പ്രതിഷേധങ്ങളുടെ ഓപറേഷനിലും വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. അവയുടെ ഫലത്തെ റാഡിക്കല്‍ സ്‌കെയില്‍ വെച്ച് അളന്നുനോക്കുന്നതില്‍ അര്‍ഥമില്ല.
സ്വതന്ത്ര വിവര്‍ത്തനം
അഫീഫ ഷെറിന്‍

Back to Top