4 Thursday
December 2025
2025 December 4
1447 Joumada II 13

മുസ്‌ലിം സംഘടനകളെ പിളര്‍പ്പിലേക്ക് നയിക്കുന്നവര്‍ പിന്തിരിയണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ ആഭ്യന്തര ശൈഥില്യത്തിന് വഴിവെക്കുന്നവര്‍ വീണ്ടുവിചാരത്തിന് തയ്യാറാവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു. മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തി രാഷ്ട്രീയലാഭം കൊയ്യാന്‍ വര്‍ഗീയ ശക്തികള്‍ പതിനെട്ടടവും പയറ്റുന്ന അതീവ സങ്കീര്‍ണമായ സാഹചര്യത്തില്‍ സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട പണ്ഡിതന്മാര്‍ ശിഥിലീകരണ ശക്തികള്‍ക്ക് അടിപ്പെടുന്നത് ആപല്‍ക്കരമാണ്. രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ മുസ്‌ലിം സംഘടനകളില്‍ ഭിന്നതയും പിളര്‍പ്പുമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരെ തിരിച്ചറിയാന്‍ പണ്ഡിതന്മാര്‍ക്ക് കഴിയുന്നില്ലെങ്കില്‍ സമുദായം വലിയ വില നല്‍കേണ്ടി വരും.
മുസ്‌ലിം ഉമ്മത്തിന്റെ അഭിമാനകരമായ അസ്തിത്വത്തിന് ഐക്യവും കെട്ടുറപ്പും അനിവാര്യമായ ഘട്ടത്തില്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി പിളരാനും തമ്മിലടിക്കാനും നേതൃത്വം നല്കുന്നവര്‍ തെറ്റുതിരുത്താന്‍ തയ്യാറാവണം. വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ സമുദായത്തിന് ദിശാബോധം നല്‍കാനുള്ള കര്‍മശേഷിയും സാമ്പത്തിക ശേഷിയും കോടതികള്‍ കയറിയിറങ്ങി തുലക്കാന്‍ വിട്ടുകൊടുക്കാവതല്ല. ഭിന്നിപ്പിന്റെയും ശത്രുതയുടെയും ശക്തികളെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പാതയിലേക്ക് നയിക്കാന്‍ മുസ്‌ലിം സമുദായ നേതൃത്വങ്ങള്‍ ഒന്നിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹ്‌മദ്കുട്ടി മദനി, കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി, ശംസുദ്ദീന്‍ പാലക്കോട്, കെ എം കുഞ്ഞമ്മദ് മദനി, എന്‍ജി. സൈതലവി, കെ എ സുബൈര്‍, എന്‍ജി. അബ്ദുല്‍ ജബ്ബാര്‍, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, സി മമ്മു, എം ടി മനാഫ്, പി പി ഖാലിദ്, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, ഹമീദലി ചാലിയം, മൂസ ആമയൂര്‍, കെ പി അബ്ദുറഹ്‌മാന്‍, റുക്‌സാന വാഴക്കാട്, പി അബ്ദുസ്സലാം പ്രസംഗിച്ചു.

Back to Top