18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

നിര്‍മിത ബുദ്ധിയും ഡാറ്റാമതവും ലോകം കീഴടക്കുമോ?

ടി ടി എ റസാഖ്‌


സാമൂഹിക തീരുമാനങ്ങള്‍ എടുക്കുന്നതിലും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും ഡാറ്റയെ മാത്രം നൈതിക പ്രമാണമായി സ്വീകരിക്കുന്ന ഡാറ്റാ തത്വചിന്തയെക്കുറിച്ച് സൂചിപ്പിച്ചത് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനായ ഡേവിഡ് ബ്രൂക്ക് ആണ്. ഇപ്രകാരം ‘ഡാറ്റാ മതം’ (dataism) അഥവാ ഭീമമായ വിവരങ്ങളുടെ പ്രവാഹം എല്ലാ മൂല്യങ്ങളെയും മറികടക്കുന്ന ഭാവി പ്രത്യയശാസ്ത്രമായും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം അല്‍ഗോരിതങ്ങള്‍ക്ക് (യന്ത്രങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍) വിട്ടുകൊടുക്കുകയും ചെയ്യുന്ന ഭാവിസാധ്യതകളെ കുറിച്ച് യുവല്‍ നോഹ ഹരാരി Homo Deus, a Brief History of Tomorrow എന്ന കൃതിയില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
എഐ കടന്നുവരുമ്പോള്‍ ജൈവവും അജൈവവുമായ എല്ലാം വെറും ഡാറ്റയും അല്‍ഗോരിതവുമായി മാറുകയാണ്. ഇതാണ് വികസിച്ചുവരുന്ന യന്ത്രബുദ്ധി. എന്നാല്‍ ആയിരക്കണക്കിന് തലമുറകളിലൂടെ ആര്‍ജിച്ചെടുത്ത വികാരവിചാരങ്ങളിലൂടെ (neuro cognitive process) വികസിച്ചുവന്നതാണ് മനുഷ്യബുദ്ധി. മനുഷ്യബുദ്ധിയുടെ ഒരു സംഭാവന മാത്രമാണ് യന്ത്രബുദ്ധി എന്നു പറയാം. ഇവിടെ യന്ത്രങ്ങള്‍ ഒരു ബുദ്ധിയുടെ(intelligence) ഏജന്റായി പ്രവര്‍ത്തിക്കുമ്പോഴും മനുഷ്യസമാനമായ ഒരു മനസ്സ് (mind) അവയ്ക്ക് അസാധ്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നത് (ഇന്റര്‍വ്യൂ, യുവല്‍ നോഹ ഹരാരി).
ബോധമോ ചിന്തയോ സഹാനുഭൂതിയോ സാമൂഹിക ബന്ധങ്ങളോ മാനസികാവസ്ഥകളോ വൈകാരിക അനുഭവങ്ങളോ മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവുകളോ ഒന്നുംതന്നെ ഇല്ലാത്തതാണ് എഐ എന്നു പറയാം. അടുത്ത തലമുറ എഐ ഉപകരണങ്ങളെ ഇത്തരത്തിലുള്ള ഏതെങ്കിലും പ്രത്യേക വൈകാരിക സൂചനകള്‍ തിരിച്ചറിയാവുന്ന രീതിയില്‍ പ്രോഗ്രാം ചെയ്യാന്‍ കഴിഞ്ഞേക്കാമെങ്കിലും മനുഷ്യനെപ്പോലെ നൈസര്‍ഗികവും ബഹുമുഖവുമായ ബോധമോ വികാരമോ അവയില്‍ സന്നിവേശിക്കപ്പെടുക എന്നത് സൈദ്ധാന്തികതലത്തിനപ്പുറം പോകാന്‍ സാധ്യതയില്ല.
വൈവിധ്യമാര്‍ന്ന വൈകാരിക ഗുണങ്ങള്‍ മനുഷ്യബുദ്ധിയുടെ അവിഭാജ്യ ഘടകങ്ങളാണ്. അതുപോലെ വിവിധ സാഹചര്യങ്ങളില്‍ പൊരുത്തപ്പെടാന്‍ മനുഷ്യനെ സഹായിക്കുന്നത് അവന്റെ ബുദ്ധിയുടെ ബഹുമുഖമായ സവിശേഷതകളാണ്. എന്നാല്‍, നിലവില്‍ എഐ മെഷീനുകള്‍ പലപ്പോഴും നിര്‍ദിഷ്ട ജോലികള്‍ക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ടതാണെന്നു കാണാം. അവ്യക്തമായ വിവരങ്ങളെ പൂരിപ്പിക്കാനും വ്യാഖ്യാനിക്കാനും മനുഷ്യനു കഴിയുമ്പോള്‍ എഐ മെഷീനുകള്‍ക്ക് പര്യാപ്തമായ പരിശീലന ഡാറ്റയുടെ അഭാവത്തില്‍ ചിന്താപരമായ തീരുമാനങ്ങള്‍ എടുക്കുക അസാധ്യമാണ്.
ഉദാഹരണമായി, മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു പൂച്ചവര്‍ഗത്തെ തിരിച്ചറിയുന്നതിന് അവയിലൊന്നിനെ ഒന്നോ രണ്ടോ തവണ കണ്ടാല്‍ മതിയാവും. എന്നാല്‍ യന്ത്രങ്ങളെ സംബന്ധിച്ചിടത്തോളം നിലവില്‍ പതിനായിരക്കണക്കിന് പൂച്ചകളുടെ ഒരു ഡാറ്റാബേസ് വഴി പരിശീലിപ്പിക്കപ്പെട്ട യന്ത്രമാതൃകകള്‍ക്കു മാത്രമേ ഒരു പൂച്ചയെ തിരിച്ചറിയാന്‍ കഴിയുകയുള്ളു. പൂച്ചയെയോ നായയെയോ കാണിക്കുമ്പോള്‍ ഡാറ്റാബേസിലുള്ള മാതൃകകളുമായി ഒത്തുനോക്കി (image recognition) സംഭവം പൂച്ചയോ നായയോ എന്നു തീരുമാനിക്കുകയാണിവിടെ പ്രയോഗിക്കുന്ന നിര്‍മിതബുദ്ധി എന്നു പറയാം. മുഖവും വിരല്‍ത്തുമ്പുകളും ചെടികളും തുടങ്ങി എല്ലാ തിരിച്ചറിയല്‍ ആപ്പുകളും പ്രവര്‍ത്തിക്കുന്നത് ഈ തത്വപ്രകാരം തന്നെയാണ്. ഉയര്‍ന്ന തരം ഡാറ്റാ പ്രൊസസിങ്, പഠിച്ച് മനസ്സിലാക്കല്‍, മനുഷ്യ കഴിവിനെ അനുകരിക്കല്‍ എന്നിങ്ങനെയുള്ള സ്വഭാവങ്ങള്‍ കാണിക്കുന്നതുകൊണ്ടാണ് ഇതിനെ ബുദ്ധി എന്നു വിശേഷിപ്പിക്കുന്നത്. അങ്ങനെ പറയാമോ എന്ന കാര്യത്തിലും ഭിന്നാഭിപ്രായങ്ങള്‍ കാണാം.
ഒരു ഡ്രൈവര്‍ ജോലിക്ക് സവിശേഷമായ കഴിവോ ബുദ്ധിയോ ആവശ്യമില്ല എന്നു പറയാം. എന്നാല്‍ ഒരു ഡ്രൈവറില്ലാ കാറിന്റെ ‘എഐ ഡ്രൈവറെ’ പരിശീലിപ്പിക്കുക എന്നത് വര്‍ഷങ്ങളുടെ അധ്വാനവും വന്‍ സാമ്പത്തിക ചെലവുകളും ആവശ്യമുള്ള പദ്ധതിയാണ്. റോഡിലെ പാറ്റേണുകളില്‍ മാറ്റം വരുകയാണെങ്കില്‍ വീണ്ടും പരിശീലന ഡാറ്റ ഉപയോഗിച്ച് ട്രെയിനിങ് നടത്തേണ്ടതുണ്ട്. പറയപ്പെടുന്ന സ്വയം പഠനമോ സ്വയം കോഡിങോ വഴി ഇവിടെ പുതിയ പാറ്റേണുകളെ മനസ്സിലാകണമെന്നില്ല. അഥവാ ഒരു 18കാരന്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് പഠിക്കുന്ന കാര്യം ഒരു നിര്‍മിതബുദ്ധി യന്ത്രം പരിശീലിക്കുന്ന രീതിയാണിവിടെ സൂചിപ്പിച്ചത്.
ബുദ്ധിയുടെ പല സവിശേഷ സ്വഭാവങ്ങളും എഐ മാതൃകകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, നിലവില്‍ മനുഷ്യബുദ്ധിയുമായി അവയെ താരതമ്യം ചെയ്യുന്നതില്‍ യുക്തിയുണ്ടോ എന്നത് പരിശോധന അര്‍ഹിക്കുന്നു. അതേസമയം അത്തരം പദ്ധതികള്‍ മനുഷ്യ പുരോഗതിയില്‍ വലിയ കുതിച്ചുചാട്ടം തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ദ്രിയാനുഭവങ്ങളും പഠനങ്ങളും തിരുത്തുകളും വഴിയാണ് മനുഷ്യബുദ്ധി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മില്യണ്‍കണക്കിന് ഡാറ്റ വിശകലനം ചെയ്ത് മിന്നല്‍വേഗത്തില്‍ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള യന്ത്രബുദ്ധിയുടെ കഴിവുകള്‍ മനുഷ്യബുദ്ധിയെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്.
മനുഷ്യന്‍ സ്വാഭാവികമായി തന്നെ വ്യത്യസ്ത അളവുകളില്‍ സര്‍ഗാത്മക ജീവികളാണ്. അതുകൊണ്ടുതന്നെ ചട്ടക്കൂടിനു പുറത്തു ചിന്തിക്കാനും നവീന പരിഹാരങ്ങള്‍ കണ്ടെത്താനും പുരോഗതിയിലേക്ക് നയിക്കാനും മനുഷ്യനു കഴിയുന്നു. എന്നാല്‍ നിര്‍മിതബുദ്ധിയില്‍ വിരിയുന്ന സര്‍ഗാത്മക ഉല്‍പന്നങ്ങള്‍ മൗലികമല്ല. അനുകരണങ്ങളോ അനുകരണ പാഠങ്ങളോ ആണ് അതിന്റെ അടിസ്ഥാനം. ചുരുക്കത്തില്‍ സര്‍ഗാത്മകത, അവബോധം, സങ്കീര്‍ണമായ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിങ്ങനെയുള്ള നിരവധി കഴിവുകള്‍ ഉള്‍ച്ചേര്‍ത്ത് മനുഷ്യബുദ്ധിയെ പുനര്‍നിര്‍മിക്കാന്‍ നിര്‍മിതബുദ്ധിക്കാവുമോ എന്നത് നിലവില്‍ ഭിന്നവീക്ഷണങ്ങളുള്ള ഒരു ചര്‍ച്ചയാണ്.
അഥവാ, കൃത്രിമ ബുദ്ധിയും(AI) മനുഷ്യ ബുദ്ധിയും(HI) തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയുടെ കേന്ദ്രപ്രശ്‌നം, ബുദ്ധിയുടെ കാര്യത്തില്‍ നിര്‍മിതബുദ്ധി ഏതെങ്കിലും സമയത്ത് മനുഷ്യ ബുദ്ധിയോട് സമാനമാവുകയോ മറികടക്കുകയോ ചെയ്യുമോ എന്നതാണല്ലോ. മനുഷ്യ കഴിവുകളെ പല രംഗത്തും യന്ത്രങ്ങള്‍ മറികടക്കുക എന്നത് അവയുടെ സ്വാഭാവിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്നാല്‍ ഈ ചോദ്യം, അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന യന്ത്രബുദ്ധിയുടെയും ബന്ധപ്പെട്ട കഴിവുകളുടെയും പശ്ചാത്തലത്തില്‍ അക സിസ്റ്റങ്ങള്‍ക്ക്, മനുഷ്യര്‍ പ്രദര്‍ശിപ്പിക്കുന്ന സങ്കീര്‍ണവും ബഹുമുഖവുമായ ബുദ്ധിയെ കവച്ചുവയ്ക്കാന്‍ കഴിയുമോ എന്ന അടിസ്ഥാനപരമായ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കുമാണ് നമ്മെ നയിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിനായി അകയുടെ നിലവിലെ അവസ്ഥ, അതിന്റെ വികസനപാത, മനുഷ്യബുദ്ധിയെ അദ്വിതീയമാക്കുന്ന അന്തര്‍ലീന ഗുണങ്ങള്‍ എന്നിവയുടെ ശ്രദ്ധാപൂര്‍വമായ പരിശോധനകള്‍ ആവശ്യമാണ്. നിലവിലുള്ള മനുഷ്യബുദ്ധിയും നിര്‍മിതബുദ്ധിയും തമ്മിലുള്ള ഒരു താരതമ്യ പഠനം പട്ടികയില്‍ വായിക്കാം. (കടപ്പാട്: Mike Wooldrig Turing Lectures). ഇന്ന് നിലനില്‍ക്കുന്ന കൃത്രിമ പരിമിതബുദ്ധിയില്‍(Artificial narrow intelligence) നിന്ന് ബഹുമുഖ മനുഷ്യബുദ്ധിയുടെ ലഘുരൂപമായ കൃത്രിമ സാര്‍വത്രിക ബുദ്ധിയിലേക്കും (Artificial General intelligence) മനുഷ്യബുദ്ധിക്ക് സമാനമോ അതിനെ കവച്ചുവെക്കുന്നതോ ആയ കൃത്രിമ അതിബുദ്ധിയിലേക്കുമുള്ള(Artificial Super intelligence) ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ അവയെ കുറിച്ചൊരു സാധ്യതാ പഠനം നടത്തുന്നത് നന്നാവും.
നിര്‍മിത സാര്‍വത്രിക ബുദ്ധി സാധ്യമോ?

നിര്‍മിതബുദ്ധി ഗവേഷണ സ്ഥാപനമായ ‘ഓപണ്‍ എഐ’ യുടെ സിഇഒ സാം ആള്‍ട്ട്മാന്‍ വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ അവരുടെ അടുത്ത ‘ഗോള്‍പോസ്റ്റ്” (ലക്ഷ്യം) ആയി പറയുന്നത് ബഹുമുഖ മനുഷ്യബുദ്ധിയോട് കിടപിടിക്കാവുന്ന അഏകയുടെ വികസനമാണ്.
നിലവില്‍ പ്രത്യേക ഭാഷാ മോഡലുകള്‍ ഉള്‍െപ്പടെയുള്ള നിര്‍മിതബുദ്ധി മോഡലുകള്‍ മെഡിക്കല്‍ സേവനം, വ്യക്തികളെ തിരിച്ചറിയല്‍, വ്യവസായം, ഔഷധ നിര്‍മാണം, സംഭരണശാലാ സേവനങ്ങള്‍ പോലുള്ള നിരവധി മേഖലകളില്‍ നിശ്ചിത ജോലികള്‍ക്കു വേണ്ടി പ്രത്യേകം പ്രോഗ്രാം ചെയ്യപ്പെട്ടവയാണ്. എന്നാല്‍ മനുഷ്യനെപ്പോലെ ബഹുമുഖമായ ജോലികള്‍ നിര്‍വഹിക്കാന്‍ കഴിവുള്ള നിര്‍മിതബുദ്ധി ഉപകരണങ്ങളുടെ ഗവേഷണമാണ് AGI എന്നു പറയാം. അത് മനുഷ്യബുദ്ധിയെപ്പോലെ ബഹുമുഖവും വൈവിധ്യപൂര്‍ണവുമായിരിക്കുമോ എന്ന കാര്യത്തില്‍ വളരെ സൂക്ഷിച്ചുള്ള ഉത്തരങ്ങളാണ് ഈ രംഗത്തുനിന്നുള്ളവര്‍ നല്‍കുന്നത്.
അഏകയുടെ ശരിയായ നിര്‍വചനം തന്നെ ഉരുത്തിരിയാന്‍ സമയമെടുക്കുമെന്നാണ് സാം ആള്‍ട്മാന്‍ നല്‍കുന്ന സൂചന. അത് ശരാശരി മനുഷ്യ കഴിവുകള്‍ ഉള്ള (median human) ഒരു നിര്‍മിതിയായിരിക്കും എന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതത്രേ (Sam Altman & Mira Murati, Interview by Wal Street Journal, Oct. 23).
ഇന്നിപ്പോള്‍ കേവലം ഒരു സൈദ്ധാന്തിക ആശയം എന്ന നിലയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന കൃത്രിമ സാര്‍വത്രിക ബുദ്ധിയുടെ യഥാര്‍ഥ കഴിവുകളും പരിമിതികളും ഇപ്പോഴും അജ്ഞാതമാണ്. അതുകൊണ്ടുതന്നെ അതില്‍ പല തരഭേദങ്ങളും വ്യത്യസ്തമായ പല നിര്‍വചനങ്ങളും സമീപനങ്ങളും നിലവിലുണ്ട്. അതുകൊണ്ടുതന്നെ അഏകയെ മനുഷ്യബുദ്ധിയുമായി താരതമ്യം ചെയ്യുന്നത് ഇപ്പോള്‍ ദുഷ്‌കരമാണെന്നു പറയാം. എങ്കിലും പൊതുവേ അഏക കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ബൗദ്ധിക നിലവാരത്തെ ഗൂഗ്ള്‍ ബാര്‍ഡ് താഴെ പറയുന്ന രീതിയില്‍ സംഗ്രഹിക്കുകയും അതു സംബന്ധമായ അവസാന വാക്ക് തീര്‍പ്പുകല്‍പിക്കാതെ വിടുകയും ചെയ്യുകയാണ്:
യുക്തിചിന്ത, പ്രശ്‌നപരിഹാരം, പഠനം, ഭാഷ, സാഹചര്യവുമായി പൊരുത്തപ്പെടല്‍ എന്നിങ്ങനെയുള്ള ബഹുമുഖമായ മേഖലകളില്‍ നിരന്തരമായ മനുഷ്യ ഇടപെടലോ മുന്‍കൂട്ടി നിര്‍വചിച്ച നിര്‍ദേശങ്ങളോ ആവശ്യമില്ലാതെത്തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള യന്ത്രബുദ്ധിയെ പൊതുവേ അഏക എന്നു പറയാം. നിലവിലുള്ള അക സിസ്റ്റങ്ങള്‍ക്ക് നിര്‍ദിഷ്ട ഭാഷാ ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കിലും അഏകക്ക് ഭാഷ, സെമാന്റിക്‌സ് (വാക്കുകളുടെ അര്‍ഥവ്യാപ്തി), സര്‍ഗാത്മകത എന്നിവയെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വേര്‍തിരിച്ചുനിര്‍ത്തുന്ന സുപ്രധാന ഗുണങ്ങളിലൊന്ന് വികസിതമായ ഭാഷയാണല്ലോ. ഹരാരിയുടെ അഭിപ്രായത്തില്‍ മനുഷ്യ സമൂഹത്തിന്റെ ശക്തി അതിന്റെ ഭാഷയാണ്. അതുകൊണ്ടുതന്നെ AGIയുടെ ഗവേഷണം പ്രധാനമായും ഈ രംഗത്ത് സജീവമാണ്.
അതുപോലെ മനുഷ്യനു സമാനമായ യുക്തിവിചാര (logical reasoning) മാതൃകകളാണ് പ്രവചിക്കപ്പെടുന്ന അഏക സവിശേഷതകളിലൊന്ന്. ഗൂഗ്‌ളിന്റെ നിര്‍മിതബുദ്ധി ഗവേഷണ വിഭാഗമായ ഗൂഗ്ള്‍ ഡീപ് മൈന്‍ഡ് ഈ രംഗത്ത് വലിയൊരു മുന്നേറ്റം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഉന്നത- സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തലത്തില്‍ സങ്കീര്‍ണമായ ജ്യോമട്രി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഒരു സിസ്റ്റം അവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. യുക്തിപരമായ ചിന്തയും പ്രതലധാരണയും ആവശ്യമായതിനാല്‍ ജ്യോമട്രി അകക്ക് പ്രത്യേകിച്ച് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു മേഖലയാണ്. ഡീപ് മൈന്‍ഡിന്റെ ആല്‍ഫാ ജ്യോമട്രി എന്ന അക സിസ്റ്റം ലോകത്തിലെ ഏറ്റവും മികച്ച കൊച്ചു ഗണിതശാസ്ത്രജ്ഞര്‍ക്കായുള്ള പ്രശസ്ത മത്സരമായ ഇന്റര്‍നാഷണല്‍ മാത്തമാറ്റിക് ഒളിമ്പ്യാഡില്‍ നിന്നുള്ള 30 പ്രശ്‌നങ്ങളില്‍ 25 എണ്ണം വിജയകരമായി പരിഹരിച്ചു എന്നു പറയപ്പെടുന്നു.
യഥാര്‍ഥ ജീവിതത്തിലെ ജ്യോമട്രി ഡാറ്റ ഉപയോഗിച്ച് ഒരു അകയെ പരിശീലിപ്പിക്കുന്നത് പരിമിതമാണ്. ഈ വെല്ലുവിളി മറികടക്കാന്‍ ഡീപ് മൈന്‍ഡ് കൃത്രിമ രേഖാചിത്രങ്ങളും തെളിവുകളും ഉപയോഗിച്ചുള്ള ഡാറ്റാസെറ്റ് വഴി കുട്ടികള്‍ പഠിക്കുന്ന രീതിയില്‍ ജ്യോമട്രിയുടെ അടിസ്ഥാന തത്വങ്ങള്‍ സ്വയം പഠിക്കുകയും പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യുകയും ചെയ്യുന്നു.
മൊത്തത്തില്‍, ഇത്തരം നേട്ടങ്ങള്‍ നിര്‍മിതബുദ്ധിയിലെ ഒരു കുതിച്ചുചാട്ടവും അഏകയിലേക്കുള്ള ചെറുചുവടുകളുടെ ഭാഗവുമായി കണക്കാക്കാമെങ്കിലും സമര്‍ഥനായ ഒരു പത്താം ക്ലാസുകാരന്റെ ജ്യാമിതീയ ബുദ്ധിയില്‍ നിന്ന് അഏകലേക്കുള്ള ധിഷണാപരമായ ദൂരം വളരെ വലുതാണ്. നിര്‍മിത സാര്‍വത്രിക ബുദ്ധി (AGI) എന്നത് അക ഗവേഷണത്തിന്റെ ഒരു ദീര്‍ഘകാല ലക്ഷ്യമായിരിക്കെ നിര്‍മിത അതിമാനുഷ ബുദ്ധി (ASI) ഇന്ന് സാങ്കല്‍പികതലത്തില്‍ (hypothetical) മാത്രം നിലനില്‍ക്കുന്ന ഒരാശയമാണ്.
നിര്‍മിതബുദ്ധിയും
അവകാശവാദങ്ങളും

നിര്‍മിതബുദ്ധിയുടെ മേഖലയില്‍ മാത്രമല്ല, ശാസ്ത്രചരിത്രത്തിലുടനീളം ധാരാളം കണ്ടുപിടിത്തങ്ങള്‍ മനുഷ്യന്റെ കഴിവുകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വന്‍ ശാസ്ത്രീയ മുന്നേറ്റങ്ങളില്‍ പലപ്പോഴും പ്രവചിക്കപ്പെട്ട അദ്ഭുതങ്ങളും അതിശയോക്തികളും പിന്നീട് പുലര്‍ന്നതായി കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതും യാഥാര്‍ഥ്യമാണ്. ജീനുകളുടെ കണ്ടുപിടിത്തം ജീവശാസ്ത്ര പഠനങ്ങളെ കീഴ്‌മേല്‍ മറിച്ച ഒരു കണ്ടുപിടിത്തമായിരുന്നു. ‘ഇനി ജീവന്‍ സൃഷ്ടിക്കാന്‍ ദൈവത്തിന്റെ ആവശ്യമില്ല’ എന്ന് ചിലര്‍ പ്രവചന വാഗ്ജാലങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, ജീവന്‍ സൃഷ്ടിക്കുന്ന കാര്യം ഇന്നും സാങ്കല്‍പികം മാത്രം.
സ്റ്റെം സെല്ലുകളുടെ (ശരീരത്തിലെ മറ്റ് അവയവ കോശങ്ങളായി വളര്‍ത്തിയെടുക്കാവുന്ന പ്രത്യേക കോശങ്ങള്‍) കണ്ടുപിടിത്തവും ബന്ധപ്പെട്ട ചികില്‍സാ സാധ്യതകളും വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും അതിന്റെ വികസനം പ്രാരംഭ പ്രതീക്ഷകളേക്കാള്‍ വളരെ സാവധാനത്തിലും വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു എന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞു.
നാനോ ടെക്‌നോളജി രംഗം വിവിധ മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. തന്മാത്രാ ഘടനയില്‍ വസ്തുക്കളെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിവിധ സാങ്കേതികവിദ്യകള്‍ മുതല്‍ മെഡിക്കല്‍ നാനോ റോബോട്ടുകള്‍ വരെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍, നാനോ ടെക്‌നോളജി വസ്തുക്കളുടെ ശാസ്ത്രം, ഇലക്ട്രോണിക്‌സ്, മെഡിസിന്‍ എന്നീ രംഗങ്ങളില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, കൃത്യതയും കഴിവുകളുമുള്ള മെഡിക്കല്‍ നാനോ റോബോട്ടുകളുടെ നിര്‍മാണം പോലുള്ള പലതും വളരെ സങ്കീര്‍ണമായ വെല്ലുവിളിയാണെന്ന് തെളിഞ്ഞുകഴിഞ്ഞു.
ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള ആണവോര്‍ജ നിര്‍മിതിയുമായി ബന്ധപ്പെട്ട അണുസംയോജന പ്രക്രിയകളുടെ കോള്‍ഡ് ഫ്യൂഷന്‍ രീതി ചെലവു കുറഞ്ഞതും ധാരാളവുമായ വൈദ്യുതോര്‍ജം നല്‍കാന്‍ കഴിയുന്ന വിപ്ലവകരമായ ഊര്‍ജസ്രോതസ്സായി പ്രാരംഭത്തില്‍ വാഴ്ത്തപ്പെട്ടു. മേശപ്പുറത്തൊരു ആണവോര്‍ജ നിലയം എന്നൊക്കെയുള്ള പത്രവാര്‍ത്തകളും ചര്‍ച്ചകളുമായി ഏറെ ജനശ്രദ്ധ നേടിയ ചര്‍ച്ചകളായിരുന്നു നടന്നത്. എന്നാല്‍ ഗവേഷണങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തണുത്ത ഫ്യൂഷന്‍ ഫലങ്ങളെ പ്രായോഗികമായ രീതിയില്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അഥവാ തണുത്ത ഫ്യൂഷന്‍ പ്രാരംഭ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രായോഗികമായ ഊര്‍ജസ്രോതസ്സായി മാറിയിട്ടില്ല.
അതുപോലെ, പ്രവചനങ്ങളെ പിന്നിലാക്കി ക്ലോണിങിലൂടെ ജനിച്ച ഡോളി ആറു വയസ്സില്‍ തന്നെ മരിച്ചത് മൃഗങ്ങളുടെ ക്ലോണിങിനെ ചുറ്റിപ്പറ്റിയുള്ള വെല്ലുവിളികളെയും സാധ്യതകളെയും ധാര്‍മിക പ്രശ്‌നങ്ങളെയും കുറിച്ച് കടുത്ത ഓര്‍മപ്പെടുത്തലായിരുന്നു.
ഇന്ന് എഐ രംഗത്ത് സമാനമായ ധാരാളം അവകാശവാദങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതായി കാണാം. 2022ല്‍ ബ്ലാക്ക് ലിമോയിന്‍ എന്ന എന്‍ജിനീയറെ ഗൂഗ്ള്‍ പുറത്താക്കാനുള്ള കാരണവും നിരുത്തരവാദപരമായ ഒരു പ്രസ്താവനയാണ്. ഗുഗിളിന്റെ LaMDA എന്ന നിര്‍മിതബുദ്ധി ഭാഷാ മോഡല്‍ ബോധേന്ദ്രിയ സ്വഭാവം (sentiment) കാണിക്കുന്നു എന്ന തെറ്റായ പ്രസ്താവന നടത്തി പേരെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം.
ചുരുക്കത്തില്‍, ഈ ഉദാഹരണങ്ങള്‍ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ വിപ്ലവകരമായ പ്രയോഗങ്ങളിലേക്ക് മാറ്റുന്നതില്‍ ഉണ്ടാകുന്ന സങ്കീര്‍ണതകളെയും വെല്ലുവിളികളെയും കണക്കാക്കാതെ അതിശയോക്തിയും അതിവാദങ്ങളുമായി പ്രവചന തൊഴിലിലേര്‍പ്പെടുന്നവരെ തല്‍ക്കാലം വിശ്വസിക്കാവതല്ല എന്നു സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.
സാങ്കേതികത, ധാര്‍മികത, നിയന്ത്രണങ്ങള്‍, അപ്രതീക്ഷിത തടസ്സങ്ങള്‍ എന്നിവയോടെപ്പം ചിലപ്പോഴത് മനുഷ്യ കഴിവിന്റെ പരിധിയും പരിമിതിയുമായി കണക്കാക്കേണ്ടിവരും. ഹൈസന്‍ബര്‍ഗ് തത്വപ്രകാരം മനുഷ്യന്റെ അറിവിനു തന്നെ പരിധി നിശ്ചയിക്കപ്പെട്ട ഒരു പ്രപഞ്ച മാതൃകയെ കുറിച്ചാണല്ലോ ശാസ്ത്രം തന്നെ സൂചിപ്പിക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x