3 Tuesday
December 2024
2024 December 3
1446 Joumada II 1

ബി ജെ പിക്ക് അടിപതറുന്നുവോ?


ലോകസഭ തെരഞ്ഞെടുപ്പ് നാല് ഘട്ടം പിന്നിടുമ്പോള്‍ അപ്രതീക്ഷിതമായ മാറ്റങ്ങളാണ് രാജ്യത്തുണ്ടാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി തുടരുന്ന മോഡി ഭരണം ഇനിയുണ്ടാകില്ല എന്ന് തോന്നിപ്പിക്കുന്ന സൂചനകളാണ് പുറത്ത് വരുന്നത്. കേന്ദ്ര ഭരണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ ഏറ്റവും അധികം പഴി കേള്‍ക്കുന്നത് കോര്‍പ്പറേറ്റ് ബാന്ധവത്തിനാണ്. എന്നാല്‍ ഇപ്പോള്‍ മോഡി തന്നെ കോണ്‍ഗ്രസിനാണ് കോര്‍പ്പറേറ്റ് ബന്ധമെന്നും അദാനി – അംബാനിമാരുടെ അടുത്ത് നിന്ന് ഫണ്ട് വാങ്ങിയിരിക്കുന്നുവെന്നും ആരോപിച്ചുകൊണ്ട് രംഗത്തുവന്നു.
ബി ജെ പി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് മേല്‍ കോര്‍പ്പറേറ്റ് ബാന്ധവം ആരോപിക്കുന്നത് അത്ര സ്വാഭാവികമല്ല. കാരണം, ഇലക്ടറല്‍ ബോണ്ടുകള്‍ മുതല്‍ ഇ ഡി റെയ്ഡ് വരെ നിലനില്‍ക്കുന്ന വിവാദങ്ങളിലെല്ലാം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ബി ജെ പിയുടെ കോര്‍പ്പറേറ്റ് ബന്ധങ്ങളാണ്. അതുവഴി സാധ്യമാകുന്ന വഴിവിട്ട കരാറുകളും ഡീലുകളുമാണ് ചര്‍ച്ചയാകാറുള്ളത്. മാധ്യമങ്ങളാവട്ടെ ഗോദി മീഡിയ എന്ന് വിളിക്കപ്പെടുമാറ് കേന്ദ്ര വിധേയത്വം പ്രകടമാക്കുന്ന സ്ഥിതിയാണുള്ളത്.
എന്നാല്‍ ഇപ്പോള്‍ രംഗം മാറുന്നുവെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തെ ഭരണമാറ്റം പ്രതിഫലിക്കുന്ന ആദ്യ ഇടങ്ങളിലൊന്ന് രാജ്യത്തെ നിക്ഷേപക കമ്മ്യൂണിറ്റിയാണ്. പതിവ് കോര്‍പ്പറേറ്റ് നയങ്ങളുടെ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ചുകൊണ്ട് ഓഹരിവിപണി തെരഞ്ഞെടുപ്പിന് മുമ്പ് വലിയ കുതിപ്പിലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടമായി. അതുകൊണ്ട് ഓഹരിവിപണിയിലെ സൂചികകളെല്ലാം തന്നെ ഇപ്പോള്‍ താഴോട്ടാണ്. ഭരണമാറ്റത്തിന്റെ സൂചനകളാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ബി ജെ പിക്ക് അടിപതറുന്നു എന്ന നിരീക്ഷണത്തിനുള്ള മറ്റൊരു തെളിവ് വോട്ടിംഗ് ശതമാനത്തില്‍ വന്ന കുറവാണ്. പോളിംഗ് ശതമാനം കുറയുന്നത് പ്രതിപക്ഷത്തിന് അനുകൂലമാണ് എന്നാണ് വാദം. ഇത് തിരിച്ചും വാദിക്കാവുന്നതാണ്. എന്നാല്‍, ബി ജെ പി വലിയ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലും ബി ജെ പിയുടെ പോക്കറ്റുകളിലുമാണ് പോളിംഗ് കുറഞ്ഞിരിക്കുന്നത്. മാത്രമല്ല, പോളിംഗ് ശതമാനത്തിലെ ഈ കുറവ് ഭരണമാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത് എന്ന് സര്‍വേ ഏജന്‍സികള്‍ തന്നെ തുറന്നുപറയുകയുണ്ടായി.
ബി ജെ പി വര്‍ഗീയ വോട്ടുകള്‍ കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതും മറ്റൊരു സൂചനയാണ്. പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങി വര്‍ഗീയ കാര്‍ഡിറക്കിയാണ് ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചത്. ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വത്ത് കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് നല്‍കുമെന്ന് അവരുടെ മാനിഫെസ്റ്റോയിലുണ്ട് എന്നായിരുന്നു ആദ്യത്തെ പ്രചാരണം. പിന്നീട് ജനസംഖ്യ സംബന്ധിച്ചും മുസ്‌ലിംകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ചും നിരവധി പ്രസ്താവനകളുണ്ടായി. രാജ്യത്തെ മുസ്‌ലിംകള്‍ നുഴഞ്ഞുകയറ്റക്കാരാണ് എന്നുവരെ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. നിരവധി പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. എന്നാല്‍, കമ്മീഷന്‍ പ്രത്യേകിച്ച് എന്തെങ്കിലും നടപടികള്‍ എടുക്കാതെ പൊതുവായ നോട്ടീസ് നല്‍കുകയാണ് ചെയ്തത്. അതാകട്ടെ, കുറ്റകൃത്യം ഇന്നതാണ് എന്ന് സൂചിപ്പിക്കാതെ ബി ജെ പി ദേശീയ പ്രസിഡന്റിന് കത്ത് അയച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു ട്രെന്‍ഡ് സൃഷ്ടിക്കാനാണ് ബി ജെ പി മോദിയുടെ ഗ്യാരന്റി എന്ന കാപ്ഷനുമായി രംഗത്ത് വന്നത്. എന്നാല്‍, ഒരു പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷവും ഗ്യാരന്റി മാത്രമാണ് നല്‍കുന്നത് എന്നതും മാസ്റ്റര്‍പീസായ വികസന നേട്ടങ്ങളൊന്നും പറയാനില്ല എന്നതും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ലക്ഷക്കണക്കിനാളുകളാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്. പത്രികയിലെ ഓരോ കാര്യവും മോഡി തന്നെ വിമര്‍ശന വിധേയമാക്കുമ്പോള്‍ അത് കൂടുതല്‍ ആളുകളിലേക്ക് എത്തുകയാണ് ചെയ്യുന്നത്.
ഗോദി മീഡിയ എന്ന് വിളിക്കപ്പെടുന്ന പല മാധ്യമ സ്ഥാപനങ്ങളും തങ്ങളുടെ മുന്‍ഗണനാ ക്രമം മാറ്റിയ സാഹചര്യവും നിലവിലുണ്ട്. ബി ജെ പിക്ക് ഈസി വാക്കോവര്‍ നല്‍കിയിരുന്ന വാര്‍ത്താ സമീപനം ഇപ്പോഴില്ല. കോണ്‍ഗ്രസിനും ‘ഇന്‍ഡ്യ’ സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്കും സ്‌ക്രീന്‍ പ്രസന്റ്‌സ് അനുവദിക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ തയ്യാറാകുന്നുണ്ട്. ഇതെല്ലാം തന്നെ ബി ജെ പിക്ക് മൂന്നാം ഊഴം ലഭിക്കില്ല എന്നതിലേക്കുള്ള സൂചനകളാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്ത് തന്നെയായാലും ശക്തമായ ഒരു പ്രതിപക്ഷ ഐക്യനിരയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഇപ്പോള്‍ ഇന്ത്യയിലുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.

Back to Top