21 Thursday
November 2024
2024 November 21
1446 Joumada I 19

നിര്‍ഭയമായ ഹജ്ജ് യാത്രക്ക് പവിത്ര മാസങ്ങള്‍

അബ്ദുല്‍ഹമീദ് മദീനി


അല്ലാഹു ചില സ്ഥലങ്ങളെയും കാലത്തെയും മാസങ്ങളെയും ദിവസങ്ങളെയും ആദരിക്കണമെന്നും ബഹുമാനിക്കണമെന്നും കല്‍പിച്ചിട്ടുണ്ട്. അതില്‍പെട്ട നാലു മാസങ്ങളാണ് പവിത്രമായ മാസങ്ങള്‍. ഇവയെപ്പറ്റി ഒന്നിലധികം തവണ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നത് അവയുടെ പ്രത്യേകതകളെ സൂചിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച നാള്‍ മുതല്‍ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അവന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്ര മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം” (വി.ഖു. 9:36). റജബ്, ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവയാണ് ഈ മാസങ്ങള്‍.
നബി(സ) ഹജ്ജത്തുല്‍ വിദാഇലെ ഒരു പ്രസംഗത്തില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ”അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചതു മുതല്‍ കാലം ഒരു വര്‍ഷത്തിന് 12 മാസം എന്ന നിലയ്ക്ക് ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കും. അതില്‍ നാലു മാസം പവിത്രമാണ്. തുടര്‍ച്ചയായ മൂന്നു മാസങ്ങളായ ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം, പിന്നെ മുളര്‍ ഗോത്രത്തിന്റെ റജബ്, അതായത് രണ്ടു ജമാദിന്റെയും ശഅ്ബാനിന്റെയും ഇടയിലുള്ളത്.” അറബികള്‍ക്കിടയില്‍ റബീഅ ഗോത്രത്തിന്റെ പാരമ്പര്യമനുസരിച്ച് മറ്റൊരു മാസത്തെ റജബ് മാസം എന്നു പറഞ്ഞുവരുന്നുണ്ട്. അതല്ല യഥാര്‍ഥ റജബ് എന്നു വ്യക്തമാക്കാനാണ് രണ്ട് ജമാദിന്റെയും ശഅ്ബാനിന്റെയും ഇടയിലുള്ള റജബ് എന്ന് പ്രത്യേകമായി പറഞ്ഞത്.
ഇബ്‌നു ആശൂര്‍ പറയുന്നു: ഇബ്‌റാഹീം നബി(അ)യുടെ കാലം മുതലാണ് മേല്‍പ്പറഞ്ഞ മാസങ്ങളെ പവിത്രമായി വിശേഷിപ്പിച്ചത്. ജനങ്ങള്‍ക്ക് നിര്‍ഭയമായി ഹജ്ജ് ചെയ്തു മടങ്ങിയെത്താന്‍ സൗകര്യപ്പെടുമാറ് തുടര്‍ച്ചയായ മൂന്നു മാസങ്ങളെ പവിത്രമായി നിശ്ചയിച്ചു. ”വിശുദ്ധ കഅ്ബാ മന്ദിരത്തെയും ആ മന്ദിരത്തിലേക്ക് കൊണ്ടുപോകുന്ന ബലിമൃഗങ്ങളെയും അവയുടെ കഴുത്തിലെ അടയാളത്താലികളെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു” (വി.ഖു. 5:97). ഹജ്ജ് അറബികളുടെ ഒരു പ്രധാന ആരാധനാകര്‍മമായിരുന്നതിനു പുറമെ അത് അവരുടെ നിലനില്‍പിന്റെ പ്രശ്‌നവുമാണ്. ഹജ്ജ് സീസണിലെ അവരുടെ കച്ചവടം മറ്റു വരുമാന മാര്‍ഗമൊന്നും ഇല്ലാത്ത അറബികളെ സംബന്ധിച്ച് അക്ഷരാര്‍ഥത്തില്‍ അവരുടെ നിലനില്‍പിന്റെ ഘടകം തന്നെയായിരുന്നു. കൊള്ളയും കൊലയും കവര്‍ച്ചയും ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന അറബികള്‍ക്ക് മൂന്നു മാസം തുടര്‍ച്ചയായും, ഒരു ഇടവേള എന്ന നിലയ്ക്ക് റജബും അല്ലാഹു പവിത്രമാക്കി.
ഹജ്ജ് മാസത്തിന്റെ മുമ്പുള്ള മാസത്തില്‍ യുദ്ധത്തിന് പോവാതെ വീട്ടില്‍ ഇരിക്കുന്നതുകൊണ്ട് അതിന് ദുല്‍ഖഅ്ദ് എന്ന പേരു വന്നു. ദുല്‍ഹിജ്ജ മാസം ഹജ്ജിന്റെ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതുകൊണ്ട് യുദ്ധം നിഷിദ്ധമാക്കി. ഹാജിമാര്‍ക്ക് ദൂരദിക്കുകളിലുള്ള നാട്ടിലേക്ക് നിര്‍ഭയരായി തിരിച്ചുപോവാന്‍ മുഹര്‍റവും പവിത്രമാക്കി. വര്‍ഷത്തിന്റെ മധ്യത്തില്‍ ജനങ്ങള്‍ക്ക് ഉംറ നിര്‍വഹിച്ചു നിര്‍ഭയരായി തിരിച്ചുപോകാന്‍ റജബ് മാസവും പവിത്ര മാസമാക്കി (ഇബ്‌നു കസീര്‍ 4:148).
അല്ലാഹു സൃഷ്ടികളില്‍ ശ്രേഷ്ഠരായി പ്രവാചകന്മാരെയും മലക്കുകളെയും തിരഞ്ഞെടുത്തു. വചനങ്ങളില്‍ ശ്രേഷ്ഠമായി ഖുര്‍ആന്‍ വചനങ്ങളെയും ഭൂമിയില്‍ പള്ളികളെയും മാസങ്ങളില്‍ റമദാനെയും മറ്റു നാലു പവിത്രമാസങ്ങളെയും ദിവസങ്ങളില്‍ വെള്ളിയാഴ്ചയെയും രാവുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെയും തിരഞ്ഞെടുത്തു. അതിനാല്‍ അല്ലാഹു ആദരിച്ചതിനെയെല്ലാം നാമും ആദരിക്കുക (ഇബ്‌നു കസീര്‍ 4:143). കാര്യം ഇങ്ങനെയെല്ലാം ആണെങ്കിലും മുശ്‌രിക്കുകള്‍ ഈ പവിത്രമായ മാസങ്ങളില്‍ കൈകടത്തി അവരുടെ താല്‍പര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താറുണ്ടായിരുന്നു.
”പവിത്ര മാസങ്ങള്‍ മാറ്റി നിശ്ചയിക്കല്‍ അവിശ്വാസത്തില്‍ പെട്ടതാകുന്നു. നിഷേധികള്‍ അതുമൂലം വഴിതെറ്റിക്കപ്പെടുന്നു. ഒരു കൊല്ലം അവര്‍ യുദ്ധം അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു പവിത്രമാക്കിയ മാസങ്ങളുടെ എണ്ണം ഒപ്പിച്ച് അല്ലാഹു നിഷിദ്ധമാക്കിയവയെ അനുവദിക്കുകയാണ് അവര്‍ ചെയ്യുന്നത്. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല” (വി.ഖു 9:97).
മേല്‍ ആയത്തിനെ വിശദീകരിച്ച് ഇബ്‌നു തൈമിയ്യ പറയുന്നു: ”അറബികള്‍ അവരുടെ അജ്ഞാനകാലത്ത് (ഹജ്ജിന്റെ മാസങ്ങളെ) പിന്തിച്ചുകൊണ്ട് ഇബ്‌റാഹീം നബി(അ)യുടെ മില്ലത്തില്‍ അവര്‍ മാറ്റം വരുത്തി. അവരുടെ പ്രത്യേക താല്‍പര്യ സംരക്ഷണത്തിനായി കൊല്ലത്തില്‍ ഒരു മാസം വര്‍ധിപ്പിച്ചുകൊണ്ട് അതിവര്‍ഷമാക്കുന്ന പുതിയ കണ്ടുപിടിത്തം അവര്‍ നടത്തി. അങ്ങനെ ഹജ്ജിന്റെ മീഖാത്തിലും പവിത്ര മാസങ്ങളിലും അവര്‍ മാറ്റം വരുത്തി. തുടര്‍ന്ന് ചിലപ്പോള്‍ മുഹര്‍റത്തിലും മറ്റു ചിലപ്പോള്‍ സഫറിലും അവര്‍ ഹജ്ജ് ചെയ്തുപോന്നു” (ഫതാവാ ശൈഖുല്‍ ഇസ്്ലാം 13:79). ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ നാലു മാസങ്ങള്‍ പവിത്രങ്ങളാണെന്നതും അതില്‍ യുദ്ധം പാടില്ലെന്നതും ഇബ്‌റാഹീം നബി(അ)യുടെ കാലം മുതല്‍ ആചരിച്ചുവന്നിരുന്ന സമ്പ്രദായമാണ്.
ഇബ്‌റാഹീം നബി(അ)യുടെ പാരമ്പര്യം അവകാശപ്പെടുന്ന മുശ്‌രിക്കുകള്‍ കാലക്രമത്തില്‍ അതില്‍ മാറ്റം വരുത്തി. പൊതുവെ യുദ്ധപ്രിയരായ അവര്‍ക്ക് ചിലപ്പോള്‍ നിയമം പാലിക്കുന്നത് അവരുടെ യുദ്ധതാല്‍പര്യങ്ങള്‍ക്ക് യോജിക്കാതെ വരും. അതില്‍ നിന്ന് രക്ഷപ്പെടാനും അവരുടെ താല്‍പര്യം സംരക്ഷിക്കാനും ഒരു മാസത്തിലെ പവിത്രത മറ്റൊരു മാസത്തിലേക്ക് മാറ്റിവെച്ച് അവര്‍ യുദ്ധം ചെയ്യും. എന്നിട്ട് ആ മാസത്തെ പവിത്രമായി പിന്നീട് കണക്കാക്കും. അങ്ങനെ നിശ്ചിത മാസങ്ങളില്‍ മാറ്റം വരുത്തി പവിത്ര മാസങ്ങളുടെ എണ്ണം നാല് ഒപ്പിച്ചെടുക്കും. ഇങ്ങനെ ഒരു മാസത്തിന്റെ പവിത്രത മറ്റൊരു മാസത്തിലേക്ക് മാറ്റിവെക്കുന്നതിനാണ് നസീഅ് എന്നു പറയുന്നത്.
മറ്റൊരു തരത്തില്‍ നസീഉം അറബികളില്‍ പതിവുള്ളതായി ഇമാം റാസിയെ പോലുള്ള പല മുഫസ്സിറുകളും ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌റാഹീം നബി(അ)യുടെ കാലം മുതല്‍ ചന്ദ്രമാസാടിസ്ഥാനത്തില്‍ ദുല്‍ഹിജ്ജയില്‍ തന്നെയാണ് അവര്‍ ഹജ്ജ് നിര്‍വഹിച്ചിരുന്നത്. ചന്ദ്രമാസാടിസ്ഥാനത്തിലാവുമ്പോള്‍ ചില വര്‍ഷങ്ങളില്‍ ഹജ്ജ് കഠിന ചൂടുള്ള കാലാവസ്ഥയില്‍ വരും. അപ്പോള്‍ അവരുടെ പ്രധാന വരുമാനമായ കച്ചവടം ഉദ്ദേശിച്ച പോലെ നടക്കുകയില്ല. ഹാജിമാര്‍ക്ക് ആവശ്യമായ വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ പ്രയാസമാകും. അതുകൊണ്ട് അവര്‍ ഹജ്ജ് നല്ല കാലാവസ്ഥയിലേക്ക് മാറ്റിവെക്കും. ഈ രണ്ടു രൂപവും അവിശ്വാസം വര്‍ധിപ്പിക്കുന്ന നസീഇല്‍ പെട്ടതാണ്.

ഇങ്ങനെ പിന്തിക്കലും മുന്തിക്കലും മാറ്റിവെക്കലും കുഫ്‌റാണെന്ന് ഖുര്‍ആന്‍ പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാം. കാരണം അതു രണ്ടും അല്ലാഹുവിന്റെ നിയമത്തെ മാറ്റിമറിക്കല്‍ തന്നെയാണ്. മേല്‍പറഞ്ഞ സാഹചര്യങ്ങളില്‍ കിനാന ഗോത്രത്തില്‍പെട്ട ഒരു നേതാവ് ഹജ്ജ് സീസണില്‍ കഴുതപ്പുറത്തു കയറിവരും. അബൂസുമാമ എന്നാണ് അയാളുടെ പേര്. അയാള്‍ പറയും: ഞാന്‍ നിങ്ങള്‍ക്കെല്ലാം സുപരിചിതനായ അബൂസുമാമയാണ്. ഇന്ന മാസത്തെ പവിത്രത മറ്റൊരു മാസത്തേക്ക് മാറ്റിവെക്കുന്നു. അതിനാല്‍ ഈ വര്‍ഷത്തെ ഹജ്ജ് ഇന്ന മാസത്തേക്ക് മാറ്റിയിരിക്കുന്നു. ഈ വിളംബരം വന്നാല്‍ എല്ലാവരും അതംഗീകരിക്കും. അറബികള്‍ കാലഗണന നടത്തിയിരുന്നത് ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും കൂടി കഅ്ബ പടുത്തുയര്‍ത്തി ഹജ്ജിന് ആഹ്വാനം ചെയ്തതു മുതലാണ്.
അന്നും ഇന്നും 12 മാസങ്ങള്‍ തന്നെയാണ് ഒരു വര്‍ഷത്തിന് കണക്കാക്കിവരുന്നത്. കാലങ്ങള്‍ക്കു ശേഷം അംറുബ്‌നു ലുഹയ്യ് എന്നയാള്‍ ഇബ്‌റാഹീം(അ) പഠിപ്പിച്ച ദീനില്‍ മാറ്റങ്ങള്‍ പലതും വരുത്തി.
വിഗ്രഹാരാധന അതില്‍ ഒരു പ്രധാന വിഷയമാക്കി ശിര്‍ക്ക് പ്രചരിപ്പിച്ചു. അയാളുടെ നേതൃപാടവം നിമിത്തം ധാരാളം ആളുകള്‍ വിഗ്രഹാരാധകരായി മാറി. അവര്‍ അദ്ദേഹത്തിന്റെ കാലഘട്ടം കാലഗണനയ്ക്ക് ആധാരമാക്കി. അയാളുടെ മരണത്തിനു ശേഷം ബനൂയര്‍ബൂഅ് ഗോത്രം കഅ്ബയില്‍ അക്രമങ്ങള്‍ നടത്തി. യമനിലെ ഹിംയര്‍ രാജാക്കന്മാര്‍ കഅ്ബയെ ധരിപ്പിച്ചിരുന്ന കിസ്‌വ എടുത്തുമാറ്റി. ഇത് ആമുല്‍ ഗദര്‍ (ചതിയുടെ വര്‍ഷം) എന്നാണ് അറിയപ്പെടുന്നത്. പിന്നീട് ബനൂയര്‍ബൂഇന്റെ ഈ ആക്രമണത്തെയാണ് അറബികള്‍ അവരുടെ കാലഗണനക്ക് അടിസ്ഥാനമായി സ്വീകരിച്ചത്.
ഈ കാലഗണനാ സമ്പ്രദായം നബി(സ)യുടെ ജനനത്തിനു തൊട്ടുമുമ്പുണ്ടായ ആനക്കലഹം വരെ നീണ്ടുനിന്നു. നബി(സ)യുടെ കാലഘട്ടത്തില്‍ ആനക്കലഹ വര്‍ഷം നടപ്പിലുണ്ടായിരുന്നു. മറ്റു പല കാരണങ്ങളും കലണ്ടറുകളും അറബികളില്‍ നിലനിന്നിരുന്നു. ഹര്‍ബുല്‍ ഫിജാര്‍, ഹല്‍ഫുല്‍ ഫുളൂല്‍, തുബ്ബഅ് കാലഘട്ടം എന്നിവയെല്ലാം പലരും കാലഗണനയുടെ അടിസ്ഥാനമായി സ്വീകരിച്ചിരുന്നു. മുസ്‌ലിംകള്‍ നബി(സ)യുടെ ഹിജ്‌റയുടെ ആദ്യ വര്‍ഷം ഹിജ്‌റ ഒന്നാം വര്‍ഷം എന്ന പേരില്‍ കണക്കാക്കിയിരുന്നു. രണ്ടാം വര്‍ഷം ആമുല്‍ ഖിതാല്‍ (യുദ്ധവര്‍ഷം), മൂന്നാം വര്‍ഷം സനതുത്തംഹീസ്, നാലാം വര്‍ഷം സനതുത്തര്‍ഫിയ, അഞ്ചാം വര്‍ഷം സനതുസ്സില്‍സാല്‍, ആറാം വര്‍ഷം സനതുല്‍ ഇസ്തിഅ്‌നാസ്, ഏഴാം വര്‍ഷം സനതുല്‍ ഇസ്തിഖ്‌ലാഫ്, എട്ടാം വര്‍ഷം സനതുല്‍ ഇസ്തിവാഅ്, ഒമ്പതാം വര്‍ഷം സനതുല്‍ ബറാഅ, പത്താം വര്‍ഷം വിദാഇന്റെ വര്‍ഷമെന്നും അറിയപ്പെട്ടു. അങ്ങനെ നബി(സ)യുടെ വഫാത്തിനു ശേഷം വിവിധ കാലഗണനാ സമ്പ്രദായങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നു.
ഖലീഫ ഉമറിന്റെ കാലത്താണ് ഒരു ഏകീകൃത കലണ്ടര്‍ ഉണ്ടായത്. അദ്ദേഹം ഈ വിഷയം സഹാബികളുമായി കൂടിയാലോചിച്ചു. ചിലര്‍ പറഞ്ഞു: നമുക്ക് റോമാക്കാരുടെ കലണ്ടര്‍ സ്വീകരിക്കാം. മറ്റു ചിലര്‍ പറഞ്ഞു: നബി(സ)യുടെ ജനനം അടിസ്ഥാനമാക്കി കലണ്ടര്‍ ഉണ്ടാക്കാം. വേറെ ചിലര്‍ പറഞ്ഞു: നബി(സ)യുടെ വഫാത്ത് മാനദണ്ഡമാക്കാം. വേറെ ചിലര്‍ പറഞ്ഞു: പ്രവാചകനായി അദ്ദേഹത്തെ നിയോഗിച്ച വര്‍ഷം സ്വീകരിക്കാം. എന്നാല്‍ അതൊന്നും സ്വീകാര്യമായില്ല.
അവസാനം നബി(സ)യുടെ ഹിജ്‌റ മാനദണ്ഡമാക്കി കലണ്ടര്‍ ഉണ്ടാക്കാമെന്ന അഭിപ്രായമാണ് ഖലീഫ ഉമര്‍(റ) സ്വീകരിച്ചത്. അങ്ങനെ ഹിജ്‌റ കലണ്ടര്‍ ഉമറിന്റെ(റ) കാലത്ത് നിലവില്‍ വന്നു. അത് ഇന്ന് ലോക മുസ്‌ലിംകള്‍ സ്വീകരിച്ചുവരുന്നു. പിന്നീട് ഏത് മാസമാണ് ഒന്നാം മാസമായി സ്വീകരിക്കേണ്ടത് എന്ന ചര്‍ച്ച നടന്നു. പലരും പല അഭിപ്രായങ്ങളും പറഞ്ഞെങ്കിലും ഉസ്മാന്റെ(റ) അഭിപ്രായമാണ് ഉമര്‍(റ) സ്വീകരിച്ചത്. അത് പവിത്രമായ മുഹര്‍റം മാസമായിരുന്നു. ഈ സമ്പ്രദായം ഇന്നും മുസ്‌ലിംകളില്‍ നിരാക്ഷേപം നിലനിന്നുവരുന്നു.

Back to Top