ഇങ്ങനെ വിജയിച്ചിട്ടെന്ത് കാര്യം? വിദ്യാര്‍ഥികളുടെ മത്സരക്ഷമത എത്രത്തോളമുണ്ട്?
ഹബീബ് റഹ്‌മാന്‍ കൊടുവള്ളി
ഇപ്രാവശ്യത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ 99.69 ശതമാനമാണ് വിജയം. അഥവാ പരീക്ഷാ ദിവസങ്ങളില്‍ ഹാജരാകാന്‍ കഴിയാത്തവരൊഴികെ ബാക്കിയെല്ലാവരും വിജയിച്ചു എന്നര്‍ഥം. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 78.69% വും വി എച്ച് എസ് സി യില്‍ 71.42% വും വിജയം. അഥവാ പരീക്ഷയെഴുതിയ മഹാ ഭൂരിപക്ഷവും വിജയിച്ചു. ഈ വിജയികളില്‍ തന്നെ 71,831 പേര്‍ എസ് എസ് എല്‍ സിക്കും 39,242 പേര്‍ പ്ലസ്ടുവിനും ഫുള്‍ എ പ്ലസ് വിജയികളാണ്. കുറച്ചുകാലമായി ഇതൊക്കെ സ്ഥിരമായി നടന്നുകൊണ്ടിരിക്കുന്ന ‘കലാപരിപാടി’യാണ്. ഈ വിജയം കേള്‍ക്കാനും ആഘോഷിക്കാനുമൊക്കെ ബഹു രസമാണ്. പക്ഷെ ഇങ്ങനെ വിജയിച്ചാലുണ്ടാകുന്ന ദീര്‍ഘകാല ദുരന്തത്തെപ്പറ്റി വല്ലപ്പോഴും നാം ആലോചിച്ച് നോക്കിയിട്ടുണ്ടോ?
ലോകം പുരോഗതിയും വികാസവും പ്രാപിക്കുമ്പോള്‍ അതിനനുസരിച്ച നിലവാരവും യോഗ്യതയും കഴിവുമുള്ള ജനതയെയും തലമുറയെയും വളര്‍ത്തിക്കൊണ്ടു വരിക എന്നതാണ് വിദ്യാഭ്യാസത്തിന്റെ തന്നെ ഒന്നാമത്തെ ലക്ഷ്യം. ബാക്കിയെല്ലാം അതില്‍ നിന്നുണ്ടായി വരേണ്ടതാണ്. ലോകത്തെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും പഠിക്കുകയും മനസ്സിലാക്കുകയും നിരൂപണം നടത്തുകയും ചെയ്ത് ലോകത്തെ ശരിയായ ദിശയില്‍ മുന്നോട്ട് നയിക്കേണ്ടവരാണ് നാളത്തെ തലമുറയായ ഇന്നത്തെ വിദ്യാര്‍ഥികള്‍ എന്നര്‍ഥം. അതിന്നനുസരിച്ച അറിവുകളും പാഠങ്ങളും പാഠഭേദങ്ങളും നല്‍കി ഉന്നത നിലവാരവും നിലപാടുമുള്ളവരാക്കിയാണ് അവരെ വളര്‍ത്തേണ്ടത്. അതുവഴി നമ്മുടെ സംസ്ഥാനവും രാജ്യവും ലോകവുമൊക്കെ നിയന്ത്രിക്കാനും ഭരിക്കാനും വികസനോന്മുഖമാക്കാനും അവര്‍ക്ക് കഴിവും കെല്പും വേണം. അപ്പോള്‍ മാത്രമേ ലോകവും ലോകരും എല്ലാ അര്‍ഥത്തിലും സകല മേഖലകളിലും വളര്‍ച്ചയും വികാസവും പ്രാപിക്കൂ.
നമ്മുടെ സിലബസ് ഏറെ പരിഷ്‌കരിക്കപ്പെടേണ്ടിയിരിക്കുന്നു. നിലവിലെ സിലബസ് തന്നെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ അനധികൃത ഇടപെടലുകള്‍ കൊണ്ട് മലീമസമായിരിക്കുന്നു. ഇത്തരം ഒരു പാഠ്യ പദ്ധതിയിലാണ് യാതൊരു അരിപ്പയുമില്ലാതെ കുട്ടികളെ കൂട്ടത്തോടെ വിജയിപ്പിക്കുന്നതും എ പ്ലസുകളിലെത്തിക്കുന്നതും! ഈ കുട്ടികളെക്കുറിച്ചൊക്കെയുള്ള ലോകത്തിന്റെ കാഴ്ചപ്പാടും കുട്ടികള്‍ക്ക് ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും എന്തായിരിക്കും. ഇത് കുട്ടികളെ കുറ്റം പറയുകയാണെന്ന് തെറ്റിദ്ധരിക്കരുത്. അവര്‍ മിടുമിടുക്കരും നിരവധി പൊട്ടന്‍ഷ്യല്‍ ഉള്ളവരുമാണ്. പക്ഷെ അത് വളര്‍ത്താനോ പ്രകടിപ്പിക്കാനോ ഉള്ള വിദ്യാഭ്യാസ രീതിയല്ല നിലവിലുള്ളതെന്ന് ചുരുക്കം. അതോടൊപ്പം പുതിയ പാഠ്യപദ്ധതി പരിഷ്‌കരണങ്ങളെക്കുറിച്ചും യൂണിവേഴ്‌സിറ്റി ഡിഗ്രികളെക്കുറിച്ചും പി എച്ച് ഡി വിഷയങ്ങളെക്കുറിച്ചുമൊക്കെ കേട്ടാല്‍ നമുക്കുണ്ടാകുന്ന ആശങ്കള്‍ വേറെയും.
പത്താം ക്ലാസ് കഴിയുമ്പോഴേക്കും കുട്ടികള്‍ക്ക് ഏത് റൂട്ടിലേക്കാണ് തങ്ങള്‍ ചലിക്കേണ്ടതെന്നും തങ്ങള്‍ക്ക് അനുയോജ്യമായ റൂട്ട് ഏതാണെന്നും ബോധ്യപ്പെടേണ്ടതുണ്ട്. അതിനനുസരിച്ച് മാത്രമാണ് അവര്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. അവിടെയാണ് അവരുടെ പാഷനും താല്പര്യവുമൊക്കെ പ്രകടമാകേണ്ടതും വിലയിരുത്തേണ്ടതും. ഏത് വിഷയത്തിലാണ് അവര്‍ക്ക് താല്പര്യമുള്ളതെന്ന് കണ്ടെത്തേണ്ട സന്ദര്‍ഭമാണത്. പക്ഷെ സംഭവിക്കുന്നതോ? എല്ലാവര്‍ക്കും ലക്കും ലഗാനുമില്ലാതെ എ പ്ലസ് നല്‍കി കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുന്നു. തങ്ങള്‍ക്ക് ഏത് വിഷയത്തിലും മേഖലയിലുമാണ് യഥാര്‍ഥ കഴിവും താല്പര്യവുമെന്ന് മനസ്സിലാക്കാന്‍ കഴിയാതെ കുട്ടികള്‍ കുഴങ്ങുന്നു. എല്ലാ വിഷയങ്ങള്‍ക്കും കിട്ടിയ എ പ്ലസിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ താല്പര്യമില്ലാത്ത വിഷയങ്ങള്‍ക്ക് ചേരുകയോ ചേരേണ്ടിവരികയോ ചെയ്യുന്നു. ഇത് ഒടുവില്‍ അവരുടെ ഭാസുര ഭാവിക്ക് വിഘാതം സൃഷ്ടിക്കുന്നു.
മുമ്പൊക്കെ വിജയ ശതമാനം കുറവായിരുന്നെങ്കിലും എസ് എസ് എല്‍ സി യും പ്ലസ്ടുവുമൊക്കെ കുട്ടികളുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നതിനും അവരുടെ കഴിവുകള്‍ക്കനുസരിച്ച് ജോലിയും ജീവിതവും ചിട്ടപ്പെടുത്തുന്നതിനും പറ്റിയ നിര്‍ണായക ഘട്ടമായിരുന്നു. ഇന്നത് മാറി. അമിത ജയവും മാര്‍ക്കുമൊക്കെ അമിത ആത്മ വിശ്വാസത്തിനും അമിത പ്രതീക്ഷകള്‍ക്കും അനാവശ്യ പഠന പൊങ്ങച്ചങ്ങള്‍ക്കും കാരണമായി. അതിനാല്‍ യഥാര്‍ഥത്തില്‍ ഓരോ വിഷയത്തിലും കഴിവുള്ളവര്‍ ആ വിഷയത്തില്‍ നിന്ന് അകറ്റപ്പെടുകയും കഴിവില്ലാത്ത വിഷയത്തില്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യേണ്ടി വരുന്നു. ഫലമോ സമയവും പണവും ആയുസ്സും വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, സമൂഹത്തിനും രാജ്യത്തിനുമൊക്കെ നഷ്ടമാകുന്നു.
ലോക നിലവാരത്തിലുള്ള വിദ്യാര്‍ഥികളോട് മത്സരിക്കുമ്പോള്‍ വളരെ പിറകിലായിപ്പോവുകയായിരിക്കും ഈ നിലവാര രാഹിത്യത്തിന്റെ ഫലം. ഇന്ത്യയുടെ ഭരണ നിര്‍വ്വഹണ മേഖലകളില്‍ തന്നെ മലയാളി വിദ്യാര്‍ഥികള്‍ തുലോം കുറവാവാനുള്ള കാരണവും മറ്റൊന്നല്ല. ഈസി വാക്കോവര്‍ വിജയം മുഖേന കൂടുതല്‍ അധ്വാനവും പരിശ്രമവുമൊന്നും അവരുടെ അജണ്ടയിലില്ല. രണ്ടോ മൂന്നോ വര്‍ഷത്തെ ക്യാപ്‌സ്യൂള്‍ പഠനം കൊണ്ട് മാര്‍ക്ക് വാരിക്കൂട്ടിയേക്കാം. പക്ഷെ സ്ഥായിയായ ആഴത്തിലുള്ള പഠനം സാധ്യമല്ല. ചെറുപ്പം മുതലേ പത്രങ്ങള്‍ വായിക്കുക എന്നതായിരുന്നു തന്റെ ശീലമെന്ന് പറഞ്ഞ കഴിഞ്ഞ പ്രാവശ്യത്തെ സിവില്‍ സര്‍വീസ് റാങ്കുകാരി ഗഹന നവ്യയുടെയൊക്കെ അഭിപ്രായം നമുക്ക് പാഠമാകേണ്ടതുണ്ട്. അത്തരം പഠനത്തിനായി കുട്ടികള്‍ ഉത്തരേന്ത്യയിലേക്കോ വിദേശത്തേക്കോ ചേക്കേറേണ്ടി വരുന്നു. തന്മൂലം നമ്മുടെ വിദ്യാഭ്യാസ നിലവാരം താഴുകയും കാലികമായ മത്സര ബുദ്ധിയും നിലവാരവും നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു.
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിലൊക്കെ തോല്‍ക്കുന്നതും മാര്‍ക്ക് കുറയുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് മാനഹാനിയുണ്ടാക്കുകയും വളരെ അപൂര്‍വ്വം ചില വിദ്യാര്‍ഥികളെങ്കിലും ആത്മഹത്യയിലേക്ക് നീങ്ങുകയും ചെയ്യുന്നു എന്നൊക്കെയുള്ള വാദങ്ങളായിരുന്നു കൂടുതല്‍ കേട്ടിരുന്നത്. പക്ഷെ സംഭവിച്ച വിരോധാഭാസമോ? ഉന്നത കലാലയങ്ങളിലും ജീവിതത്തിലും ആത്മഹത്യകള്‍ പെരുകുന്നു! ജീവിതം മുഴുവന്‍ എസ് എസ് എല്‍ സി പരീക്ഷ പോലെയാണെന്ന് കരുതി പ്രയാസങ്ങളെയോ പ്രതിസന്ധികളെയോ നേരിടാന്‍ കെല്‍പ്പില്ലാത്ത വിദ്യാര്‍ഥികള്‍ വിഷാദരും അപര വിദ്വേഷികളും ലഹരിക്കടിമകളുമൊക്കെയായി മാറുന്നു. ഒടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു!
പതിനഞ്ചോ പതിനേഴോ വയസ്സായ കൗമാരക്കാര്‍ക്ക് യഥാര്‍ഥത്തില്‍ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള അവസരം നല്‍കുന്ന അരിപ്പയാകണം പരീക്ഷകള്‍. ഓരോരുത്തരുടെയും വ്യക്തിപരമായ കഴിവുകള്‍ തിരിച്ചറിഞ്ഞ് തങ്ങള്‍ നിര്‍വ്വഹിക്കേണ്ട സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ബോധ്യപ്പെട്ട് അതിനനുസരിച്ച മേഖലകളിലേക്ക് നീങ്ങാനുള്ള സന്ദര്‍ഭമൊരുക്കണം. എസ് എസ് എല്‍ സി, പ്ലസ്ടു ജയപരാജയങ്ങളൊന്നും തങ്ങളുടെ യഥാര്‍ഥ വിജയ പരാജയങ്ങളല്ലെന്നും തങ്ങളുടെ മേഖലകള്‍ മനസ്സിലാക്കാനും തിരഞ്ഞെടുക്കാനുമുള്ള ചൂണ്ടു പലകകള്‍ മാത്രമാണെന്നും അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെ അവര്‍ കാര്യശേഷിയും കരുത്തും ധൈര്യവും ബോധവുമുള്ള വ്യക്തിത്വങ്ങളായി വളരട്ടെ. എന്നിട്ട് സമൂഹത്തില്‍ താന്താങ്ങളുടെ ബാധ്യതകളും ഉത്തരവാദിത്തങ്ങളും നിറവേറ്റട്ടെ.