18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

സൈദുബ്‌നു സാബിതും ഖുര്‍ആന്‍ ക്രോഡീകരണവും; വിജ്ഞാനത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍

പ്രൊഫ. ജി എ മുഹമ്മദ് കുഞ്ഞ്


സൈദ്(റ) വിജ്ഞാനം നേടുന്നത് കുഞ്ഞിലേ തുടങ്ങി. പതിനൊന്നാം വയസ്സില്‍ അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചു. വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും അതിന്റെ പാരായണം പൂര്‍ത്തിയാക്കുകയും വിജ്ഞാനത്തിന്റെ മറ്റു ശാഖകള്‍ പഠിക്കുകയും ചെയ്തു.
ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ തമ്മില്‍ പുറപ്പെട്ട ‘ബുആസ്’ കലാപത്തിനിടയില്‍ അദ്ദേഹത്തിന്റെ പിതാവ് കൊല്ലപ്പെട്ടു. നബി(സ) മദീനയില്‍ ഹിജ്‌റ ചെയ്ത് എത്തിയപ്പോള്‍ സൈദ് 11 വയസ്സുള്ള പഠനമികവുള്ള കുട്ടിയായിരുന്നു. അദ്ദേഹം ഇസ്‌ലാം ആശ്ലേഷിക്കുകയും നബി(സ) അദ്ദേഹത്തോട് എഴുത്തു പഠിക്കാന്‍ കല്‍പിക്കുകയും ചെയ്തു. അങ്ങനെ സൈദ്(റ) നബി(സ)യുടെ എഴുത്തുകാരനായി സേവനമര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹം ഖുര്‍ആനിലും പിന്തുടര്‍ച്ചാവകാശ നിയമത്തിലും പണ്ഡിതനായിത്തീര്‍ന്നു.
അദ്ദേഹം നബി(സ)യില്‍ നിന്നും അദ്ദേഹത്തിന്റെ സഖാക്കളായ അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരില്‍ നിന്നും ഹദീസ് രേഖപ്പെടുത്തി. വിശുദ്ധ ഖുര്‍ആന്‍ മുഴുവനായോ ഭാഗികമായോ നബി(സ)യില്‍ നിന്നു നേരിട്ടു പഠിച്ചു. എഴുത്തുകാരില്‍ ഒരാളായ സൈദ് ദിവ്യബോധനങ്ങള്‍ (വഹ്‌യുകള്‍) എഴുതി.
സൈദി(റ)ന്റെ
ശിഷ്യന്മാര്‍

സൈദുബ്‌നു സാബിത്(റ) അഗാധമായ ഭക്തിയുള്ള പണ്ഡിതന്മാരില്‍ ഒരാളായിരുന്നു. അതിനാലാണ് അദ്ദേഹത്തിനു ധാരാളം ശിഷ്യന്മാരുണ്ടായതും അദ്ദേഹം പകര്‍ന്ന വിജ്ഞാനം ദൂരദേശങ്ങളില്‍ വ്യാപരിച്ചതും. അലിയ്യുബ്‌നുല്‍ മദീനി പറഞ്ഞു: നബി(സ)യുടെ സഖാക്കളില്‍ ഒരാള്‍ക്കും ഇസ്‌ലാമിക നീതിന്യായത്തില്‍ അവരുടെ പ്രസ്താവനകള്‍ സംരക്ഷിച്ച ധാരാളം ശിഷ്യന്മാര്‍ ഉണ്ടായിരുന്നില്ല, ഇനി പറയുന്ന മൂന്നു പേര്‍ ഒഴിച്ച്. സൈദ്(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ്. സൈദി(റ)ല്‍ നിന്നു വിശുദ്ധ ഖുര്‍ആന്‍ പഠിച്ചവരില്‍ ചിലരാണ് ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍, അബൂ സഈദില്‍ ഖുദ്‌രി, അനസ് ഇബ്‌നു മാലിക്, സഹ്ല്‍ ഇബ്‌നു സഹ്ദ്, അബൂഉമാമ, ഇബ്‌നു സഹല്‍, അബ്ദുല്ലാഹിബ്‌നു യസീദുല്‍ ഖാത്തിമി, മര്‍വാനിബ്‌നുല്‍ ഹകം, സഈദുബ്‌നുല്‍ മുസയ്യബ്, ഖബീസ ഇബ്‌നു ദുഅയ്ബ്, അേദ്ദഹത്തിന്റെ രണ്ടു പുത്രന്മാര്‍ ഖാരിജയും സുലൈമാനും, അബാബ്‌നു ഉസ്മാന്‍, അതാഇബ്‌നു യസാര്‍, സുലൈമാനുബ്‌നു യസാര്‍, ഉസൈദ് ഇബ്‌നു സബ്ബാഖ്, ഖാസിം ഇബ്‌നു മുഹമ്മദ്, ഉര്‍വ, ഹജര്‍ അല്‍മദാരി, താവൂസ്, ബുസ്‌റുബ്‌നു സഈദ് തുടങ്ങിയ ധാരാളം പേര്‍ എന്ന് അബൂഹുറയ്‌റയും ഇബ്‌നു അബ്ബാസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സഹാബിമാര്‍ക്കിടയിലെ സ്ഥാനം
സഹാബിമാര്‍ക്കിടയില്‍ സൈദ്(റ) ഒരു ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നു. നബി(സ)യുടെ ഏറ്റവും അടുത്ത സഖാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. നബി(സ)യുടെ അനന്തരഗാമികളായ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരോട് ഏറ്റവും അടുത്ത വ്യക്തികളിലൊരാളായിരുന്നു. ദിവ്യബോധനങ്ങള്‍ (വഹ്‌യുകള്‍) എഴുതാന്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട എഴുത്തുകാരിലൊരാളായിരുന്നു എന്നതുതന്നെ അദ്ദേഹത്തിനുള്ള ആദരവാണ്. വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരിച്ചവരില്‍ ഒരാളാണ് സൈദ്(റ) എന്നതും അദ്ദേഹത്തിന് മതിയായ ഒരാദരവാണ്.
ഇബ്‌നു ഇസ്ഹാഖ് പറഞ്ഞു: ദിവ്യബോധനങ്ങള്‍ (വഹ്‌യുകള്‍) രേഖപ്പെടുത്തിയവരില്‍ ഒരാളായിരുന്നു സൈദ്(അ). നബി(സ)യുടെ രാജാക്കന്മാര്‍ക്കുള്ള കത്തുകളും അദ്ദേഹം എഴുതി. ദഹബി പറഞ്ഞു: തെളിവിന്റെ വാഹകരില്‍ ഒരാളായിരുന്നു അദ്ദേഹം. ഉമര്‍(റ) ഹജ്ജിലായിരിക്കുമ്പോള്‍ മദീനയിലെ കാര്യങ്ങള്‍ നോക്കാന്‍ നിയമിച്ചത് അദ്ദേഹത്തെയാണ്. യര്‍മൂക്ക് യുദ്ധവേളയില്‍ യുദ്ധമുതലുകള്‍ വീതിച്ചയാള്‍ അദ്ദേഹമായിരുന്നു. ബുആസ് യുദ്ധത്തില്‍ പിതാവ് കൊല്ലപ്പെട്ടതിനാല്‍ അദ്ദേഹം അനാഥനായാണ് വളര്‍ന്നത്. ബുദ്ധികൂര്‍മതയുള്ള കുട്ടിയായിരുന്നു അദ്ദേഹം. നബി(സ) സൈദിനോട് ജൂതരുടെ ഭാഷ പഠിക്കാന്‍ കല്‍പിച്ചു. സൈദ് രണ്ടാഴ്ചക്കുള്ളില്‍ അവരുടെ ഭാഷ പൂര്‍ണമായും പഠിച്ചു. നബി(സ) ചോദിച്ചു: ‘താങ്കള്‍ക്ക് സിറിയന്‍ ഭാഷ അറിയുമോ?’ ‘ഇല്ല’- സൈദ് പറഞ്ഞു. നബി(സ) പറഞ്ഞു: ‘പോയി അത് പഠിക്കൂ.’ 17 ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം അതും പഠിച്ചു.
വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം

അല്ലാഹു ഈ ഉമ്മത്തിനു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്ന് അവന്റെ സുവര്‍ണ ഗ്രന്ഥം ക്രോഡീകരിക്കുന്നതില്‍ വിജയിപ്പിക്കാന്‍ അവരെ പ്രാപ്തരാക്കി എന്നതാണ്. ഖുര്‍ആന്‍ ഒരു ഗ്രന്ഥം എന്നു പറയാന്‍ കാരണം അത് അല്ലാഹുവിന്റെ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ്.
വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെടണമെന്നും, ഖുര്‍ആന്‍ എല്ലാ ഭാഗങ്ങളും അത് സഹാബിമാര്‍ അവരുടെ ഹൃദയങ്ങളില്‍ മനഃപാഠമാക്കിയതോ എഴുതി സൂക്ഷിച്ചതോ ആയതെല്ലാം കണ്ടെത്തുകയും ശേഖരിക്കപ്പെടുകയും ചെയ്യണമെന്ന് ഒരു ദിവസം അബൂബക്കര്‍ സിദ്ദീഖ്(റ) കല്‍പിച്ചു.
വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടത് രണ്ടു വിധത്തിലാണ്. ഒന്ന്: അധ്യായങ്ങളായി വലിയ ഏഴു സൂറത്തുകള്‍ക്ക് മുന്‍ഗണന നല്‍കുകയും തുടര്‍ന്ന് ഏകദേശം നൂറു സൂക്തങ്ങളുള്ള സൂറഃകളും എന്ന രീതിയില്‍ ക്രോഡീകരിക്കുകയും ചെയ്തു. ഈ ക്രോഡീകരണമാണ് സഹാബത്ത് ഏറ്റെടുത്തത്. രണ്ട്: സൂറകളിലെ സൂക്തങ്ങള്‍ ക്രോഡീകരിക്കുക. ഇത് ചെയ്തത് നബി(സ) സ്വയം തന്നെയാണ്.
അല്‍ഹാകിം അദ്ദേഹത്തിന്റെ ‘അല്‍ മുസ്തദ്‌റക്’ എന്ന ഗ്രന്ഥത്തില്‍ സൈദുബ്‌നു സാബിതി(റ)ന്റെ ആധികാരികതയില്‍ പറഞ്ഞു: ‘ഞങ്ങള്‍ നബി(സ)യോടൊപ്പം തുണിക്കഷണങ്ങളില്‍ നിന്നു ഖുര്‍ആന്‍ ക്രോഡീകരിച്ചു.’ അല്‍ഹാകിം കൂട്ടിച്ചേര്‍ത്തു: ‘ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടത് ഒരു ഒറ്റ അവസരത്തിലാണ്. അതില്‍ കുറേ നബി(സ)യുടെ ജീവിതകാലത്തും കുറച്ച് അബൂബക്കറിന്റെ(റ) ഖിലാഫത്ത് കാലത്തും.
മൂന്നാമത്തെ
ക്രോഡീകരണം

ഇത് സൂറഃകളുടെ ക്രമീകരണമാണ്. ഇത് നടന്നത് ഉസ്മാന്റെ(റ) ഖിലാഫത്തുകാലത്തുമാണ്. ഇമാം അല്‍ഹാരിസുബ്‌നു അസദുല്‍ മുഹാസിബി ഫഹ്‌മുല്‍ ഖുര്‍ആന്‍ വ മആനീ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”ഖുര്‍ആന്‍ എഴുതി സൂക്ഷിക്കുക എന്നത് ഒരു പുതിയ കാര്യമല്ല. അല്ലാഹുവിന്റെ റസൂല്‍(സ) അത് രേഖപ്പെടുത്താന്‍ കല്‍പിക്കുമായിരുന്നു. അത് എഴുതപ്പെട്ടത് തുണിയുടെ കഷണങ്ങളിലും മൃഗങ്ങളുടെ തോളെല്ലുകളിലും ഈത്തപ്പന തുണ്ടുകളിലുമായിരുന്നു. അബൂബക്കര്‍(റ) കല്‍പിച്ചത് അത് ഒരു തുണിയില്‍ നിന്ന് മറ്റൊരു തുണിയിലേക്ക് കോപ്പി ചെയ്യാന്‍ മാത്രമായിരുന്നു. ഖുര്‍ആന്‍ എഴുതപ്പെട്ട ഒറിജിനല്‍ വസ്തുക്കള്‍ നബി(സ)യുടെ ഗൃഹത്തില്‍ വിതറപ്പെട്ട നിലയിലായിരുന്നു. അതുകൊണ്ട് അവ ശേഖരിച്ചു പകര്‍ത്തിയെഴുതി ഒരു ചരടു കൊണ്ട് ബന്ധിച്ചു, ഒന്നും നഷ്ടപ്പെടാതെ. ‘എന്തുകൊണ്ട് അല്ലാഹുവിന്റെ റസൂല്‍(സ) സ്വയം അതു ചെയ്തില്ല’ എന്ന് ആരെങ്കിലും ഒരാള്‍ ചോദിച്ചേക്കാം. മറുപടി ഇതാണ്: ‘ഖുര്‍ആന്‍ മറന്നുപോകുന്നതില്‍ നിന്ന് അല്ലാഹു അദ്ദേഹത്തിന് സുരക്ഷിതത്വം നല്‍കിയിരുന്നു” (അല്‍അഅ്‌ലാ 87:6-7). അബൂബക്കര്‍ സിദ്ദീഖ്(റ) ഖുര്‍ആന്‍ ക്രോഡീകരിക്കണമെന്ന് ആജ്ഞാപിച്ചപ്പോള്‍ അത് എഴുതപ്പെട്ടത് കടലാസുകളിലായിരുന്നു.
അദ്ദേഹം ഈ ക്രോഡീകരിച്ച വസ്തുവിന് ഒരു പേരു നിര്‍ദേശിക്കാന്‍ സഖാക്കളോട് ആവശ്യപ്പെട്ടു. ചിലര്‍ അതിനു സുവിശേഷം എന്നു വിളിക്കാം എന്നു പറഞ്ഞു. എന്നാല്‍ ഈ പേര് ക്രിസ്ത്യാനികളുടേതുമായി യോജിച്ചുവരുന്നതിനാല്‍ തിരസ്‌കരിക്കപ്പെട്ടു. വേറെ ചിലര്‍ സങ്കീര്‍ത്തനങ്ങള്‍ (ുമെഹാ)െ എന്നു നിര്‍ദേശിച്ചു. ജൂതന്മാരുമായി ഒത്തുവരുന്നതിനാല്‍ ഇതും തിരസ്‌കരിക്കപ്പെട്ടു. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറഞ്ഞു: അബിസീനിയയില്‍ ഞാന്‍ ഒരു ഗ്രന്ഥം കണ്ടു. അതിനെ അവര്‍ ‘മുസ്ഹഫ്’ എന്നു വിളിക്കാം എന്ന യോജിപ്പിലെത്തി. ഖുര്‍ആന്‍ നബി(സ)യുടെ കാലത്തെന്നപോലെ ഒരേ ക്രമത്തില്‍ നിലനിന്നുപോന്നു. അത് ഗ്രന്ഥങ്ങളില്‍ പകര്‍ത്തി എഴുതുന്നതുവരെ അല്ലാഹു ആളുകളുടെ ഹൃദയത്തില്‍ അതു സൂക്ഷിച്ചുപോന്നു.
പൊതുവെയുള്ള വിശ്വാസം ഉസ്മാന്‍(റ) ആണ് ഖുര്‍ആന്‍ ക്രോഡീകരിച്ചത് എന്നാണ്. ഇത് ശരിയല്ല. വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരിച്ച ആദ്യ വ്യക്തി അബൂബക്കര്‍ സിദ്ദീഖ്(റ) ആണ്.
ഖാദി അബൂബക്കര്‍ ‘അല്‍ഇന്‍തിസാര്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഉസ്മാന്റെ(റ) ലക്ഷ്യം അബൂബക്കറി(റ)ന്റേതില്‍ നിന്നു ഭിന്നമായിരുന്നു. അബൂബക്കര്‍(റ) ഖുര്‍ആന്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിച്ചു. ഉസ്മാന്റെ(റ) ലക്ഷ്യം ജനങ്ങളെ നബി(സ)യുടെ കാലത്തെ പാരായണരീതിയില്‍, ഒരു ഒറ്റ പാരായണരീതിയില്‍ ഏകോപിപ്പിക്കുകയും മറ്റു പാരായണരീതികള്‍ റദ്ദു ചെയ്യുകയുമായിരുന്നു.
മാറ്റത്തിരുത്തലുകളില്ലാതെ ഒരു മുസ്ഹഫില്‍ ഭാവി തലമുറകള്‍ക്കായി ഖുര്‍ആന്‍ സംബന്ധിച്ച സംശയങ്ങള്‍ ഒന്നുമില്ലാതെ സംരക്ഷിക്കാനും അദ്ദേഹം ഉദ്ദേശിച്ചു. ബുഖാരി സഹീഹില്‍ അനസുബ്‌നു മാലിക് പറഞ്ഞതായി രേഖപ്പെടുത്തുന്നു:
ശാമിലെ ജനങ്ങളും ഇറാഖിലെ ജനങ്ങളും അര്‍മീനിയയെയും അസര്‍ബൈജാനെയും കീഴ്പ്പെടുത്താന്‍ യുദ്ധത്തിലേര്‍പ്പെട്ട സമയം ഹുദൈഫ ഇബ്‌നുല്‍ യമാമ ഉസ്മാന്റെ(റ) അടുത്തേക്കു വന്നു. ഹുദൈഫ അവരുടെ ഖുര്‍ആന്‍ പാരായണത്തിലെ വ്യത്യാസങ്ങളെ ഭയപ്പെട്ടു. അങ്ങനെ അദ്ദേഹം ഉസ്മാനോട്(റ) പറഞ്ഞു: ‘ഓ വിശ്വാസികളുടെ കമാണ്ടര്‍, ജൂതരും ക്രിസ്ത്യാനികളും മുമ്പ് ചെയ്തതുപോലെ ഈ ഉമ്മത്ത് ഖുര്‍ആനെക്കുറിച്ച് ഭിന്നിക്കുന്നതിനു മുമ്പ് അവരെ രക്ഷിക്കൂ.’ അങ്ങനെ ഉസ്മാന്‍(റ) ഹഫ്‌സക്ക്(റ) ഒരു സന്ദേശം അയച്ചു.
ഖുര്‍ആനിന്റെ കൈയെഴുത്തു പ്രതികള്‍ അയച്ചുതരുക. അങ്ങനെ നമുക്ക് ഖുര്‍ആനിന്റെ പരിപൂര്‍ണ കോപ്പികള്‍ ക്രോഡീകരിക്കുകയും കൈയെഴുത്ത് തിരിച്ചേല്‍പിക്കുകയും ചെയ്യാം. ഹഫ്‌സ(റ) അത് ഉസ്മാന്(റ) അയച്ചുകൊടുത്തു. ഉസ്മാന്‍(റ) സൈദുബ്‌നു സാബിത്(റ), അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), സൈദുബ്‌നുല്‍ ആസ്, അബ്ദുറഹ്‌മാന്‍ ഇബ്‌നു ഗാരിസ് ബിന്‍ ഹിശാം എന്നിവരോട് കൈയെഴുത്തു പ്രതികള്‍ പൂര്‍ണ കോപ്പികളായി വീണ്ടും എഴുതാന്‍ ഉത്തരവിട്ടു.
ഖുറൈശികളായ മൂന്നു പേരോട് ഉസ്മാന്‍ പറഞ്ഞു: ‘ഖുര്‍ആനിലെ ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ സൈദുബ്‌നു സാബിതുമായി വിയോജിക്കുകയാണെങ്കില്‍ അതു ഖുറൈശികളുടെ ലിപിയില്‍ എഴുതുക. ഖുര്‍ആന്‍ വെളിപ്പെട്ടത് അവരുടെ ഭാഷയിലാണ്.’ അവര്‍ അങ്ങനെ ചെയ്തു.
അവര്‍ പല കോപ്പികള്‍ എഴുതിയപ്പോള്‍ ഉസ്മാന്‍(റ) ഒറിജിനല്‍ കൈയെഴുത്തുപ്രതി ഹഫ്‌സ(റ)യ്ക്കു തിരികെ കൊടുത്തു. ഉസ്മാന്‍(റ) ഓരോ മുസ്‌ലിം പ്രവിശ്യകള്‍ക്കും ഖുര്‍ആന്‍ ഓരോ കോപ്പി അയക്കുകയും മറ്റെല്ലാ ഖുര്‍ആന്‍ കൃതികളും കത്തിച്ചുകളയാന്‍ ഉത്തരവിടുകയും ചെയ്തു.
സഹാബികള്‍ ഖുര്‍ആനില്‍ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ക്രോഡീകരിച്ചു എന്നതിന് ഇത് വ്യക്തമായ തെളിവാണ്. ഖുര്‍ആന്‍ ഈത്തപ്പന ശിഖരങ്ങളിലും പരന്ന കല്ലുകളിലും ഖുര്‍ആന്‍ മനഃപാഠമാക്കിയവരിലുമായി വിതറപ്പെട്ടതിനാലാണ് അവരെ അതിനു പ്രേരിപ്പിച്ചത്. ഖുര്‍ആന്‍ മനഃപാഠമാക്കിയവരുടെ മരണം കാരണമായി ഖുര്‍ആനില്‍ നിന്നു ചിലത് നഷ്ടപ്പെട്ടേക്കുമെന്ന് അവര്‍ കരുതി. അതുകൊണ്ട് അവര്‍ അല്ലാഹുവിന്റെ ദൂതനില്‍ നിന്നു കേട്ടതനുസരിച്ച് ഒരു വ്യത്യാസവും കൂടാതെ എഴുതി.
നബി(സ) സൂറകളും ആയത്തുകളും ക്രമപ്പെടുത്തിയത് യാതൊരു മാറ്റവുമില്ലാതെ സംരക്ഷിക്കപ്പെട്ടു. സഹാബികള്‍ ക്രോഡീകരിച്ചത് ഒറ്റ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടു. എന്തെന്നാല്‍ അത് സുരക്ഷിത ഫലകത്തില്‍ (ലൗഹുല്‍ മഹ്ഫൂളില്‍) എഴുതപ്പെട്ടിരുന്നു. അല്ലാഹു അതിനെ മുഴുവനായി അടുത്ത ആകാശത്തില്‍ വെളിപ്പെടുത്തി. അല്ലാഹു പറയുന്നു: ‘ശഹ്‌റു റമദാനല്ലദീ ഉന്‍സില ഫീഹില്‍ ഖുര്‍ആന്‍’ (അല്‍ബഖറ 185). റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ വെളിപ്പെടുത്തപ്പെട്ടിരുന്നു. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നാം അതിനെ (ഈ ഖുര്‍ആനിനെ) ഖദ്‌റിന്റെ രാത്രിയില്‍ അയച്ചിരിക്കുന്നു.’

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x