25 Friday
July 2025
2025 July 25
1447 Mouharrem 29

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വര്‍ഗീയത ഉപയോഗിക്കുന്നത് ഖേദകരം – ഐ എസ് എം


ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിക്കുന്നതും വര്‍ഗീയ കാര്‍ഡ് പുറത്തിറക്കുന്നതും കഴിവുകെട്ടവരുടെ അടയാളമാണെന്ന് ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി. താല്‍ക്കാലിക വിജയം കൈവരിക്കുന്നതിനപ്പുറത്ത് സാമൂഹിക ബന്ധങ്ങളില്‍ ഇത് വലിയ വിള്ളലുകള്‍ സൃഷ്ടിക്കും. മതത്തെ രാഷ്ട്രീയത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര കക്ഷികളുടെ എതിര്‍പക്ഷത്താണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സമാന വഴിയന്വേഷിക്കുന്നത് ലജ്ജിപ്പിക്കുന്നതാണ്.
സാമൂഹികനീതി വിഭാവനം ചെയ്യുകയും ആവശ്യാനുസരണം ധ്രുവീകരണത്തിന് വിത്തുപാകുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മതത്തെ മാത്രം മുന്‍നിര്‍ത്തി പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പ്രധാനമന്ത്രിയുടെ നിലവാരത്തിലേക്ക് അധപ്പതിക്കരുത്. പത്ത് വര്‍ഷം ഭരിച്ചിട്ടും വോട്ട് പിടിക്കാന്‍ വര്‍ഗീയത പറയേണ്ടി വരുന്നത് ഗതികേടാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, മത-ജാതി ന്യൂനപക്ഷങ്ങളുടെ അസ്തിത്വ പ്രതിസന്ധി, യുവാക്കളുടെ വിദേശ പലായനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും രാഷ്ട്രീയവും വികസനവും മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുമുള്ള ആര്‍ജവം രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു.
ആലപ്പുഴ മസ്ജിദ് റഹ്‌മയില്‍ നടന്ന കൗണ്‍സില്‍ സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ ജന. സെക്രട്ടറി സലീം കരുനാഗപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ്, ആലപ്പുഴ മണ്ഡലം സെക്രട്ടറി കലാമുദ്ദീന്‍, ഷിയാസ് സലഫി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ശരീഫ് കോട്ടക്കല്‍, മുഹ്‌സിന്‍ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, മിറാഷ് കോഴിക്കോട്, അയ്യൂബ് എടവനക്കാട്, ജൗഹര്‍ അയനിക്കോട്, ഫാസില്‍ ആലുക്കല്‍, നവാസ് അന്‍വാരി, ഹബീബ് നീരോല്‍പ്പാലം, ഹാസില്‍ മുട്ടില്‍, ഫാദില്‍ കോഴിക്കോട്, ലത്തീഫ് മംഗലശ്ശേരി, ഹാരിസ് ടി കെ എന്‍, ബുറാഷിന്‍ എറണാകുളം, മുഹ്‌സിന്‍ കൊടുങ്ങല്ലൂര്‍, അദീബ് പൂനൂര്‍, സഹദ് കൊല്ലം, അനീസ് തിരുവനന്തപുരം, അമീര്‍ ഹാദി, അക്ബര്‍ മദനി, അനസ് കായംകുളം പ്രസംഗിച്ചു.

Back to Top