ഫലസ്തീന് യു എന്നില്‍ അംഗീകാരം; കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കും
ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യു എന്‍ പൊതുസഭയില്‍ അംഗീകാരം. വോട്ടെടുപ്പില്‍ 143 രാജ്യങ്ങള്‍ അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ ഒമ്പതു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 25 രാജ്യങ്ങള്‍ വിട്ടുനിന്നു. യു എന്‍ അറബ് ഗ്രൂപ്പിന്റെ നിലവിലെ ചെയര്‍മാനായ യു എ ഇയാണ് പ്രമേയം തയ്യാറാക്കിയത്. ഫലസ്തീന് ഐക്യരാഷ്ട്ര സഭയില്‍ പൂര്‍ണ അംഗത്വം ലഭിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണിത്. യു എന്‍ സുരക്ഷാ സമിതി അംഗീകരിച്ചാല്‍ മാത്രമേ ഒരു രാഷ്ട്രത്തിന് പൂര്‍ണ അംഗത്വം നല്‍കാന്‍ പൊതുസഭയ്ക്ക് കഴിയുകയുള്ളൂ. അതേസമയം, പ്രമേയം ഫലസ്തീന് പുതിയ നയതന്ത്ര ആനുകൂല്യങ്ങള്‍ നല്‍കുന്നു. അവര്‍ക്ക് ഇപ്പോള്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇരിക്കാനും പൊതുസഭയിലെ യോഗങ്ങളില്‍ സംസാരിക്കാനും കഴിയും. നിര്‍ദേശങ്ങളും ഭേദഗതികളും സമര്‍പ്പിക്കുകയുമാകാം. അസംബ്ലിയും മറ്റ് ഐക്യരാഷ്ട്ര സംഘടനകളും സംഘടിപ്പിക്കുന്ന യു എന്‍ കോണ്‍ഫറന്‍സുകളിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലും പങ്കെടുക്കാനും ഫലസ്തീനു കഴിയും. ഫലസ്തീന്‍ നിലവില്‍ ഐക്യരാഷ്ട്ര സഭയുടെ അംഗീകൃതമല്ലാത്ത നിരീക്ഷക രാഷ്ട്രമാണ്. 2012ലാണ് പൊതുസഭ ഈ പദവി അനുവദിച്ചത്. എന്നാല്‍, പ്രമേയം പാസായെങ്കിലും ഇസ്രായേലിന്റെ ഗസ്സയിലെ കൂട്ടക്കുരുതിയില്‍ മാറ്റമൊന്നുമുണ്ടാകാന്‍ ഇടയില്ല.