നന്ദി വെറും വാക്കല്ല, ആരാധനയുടെ ഭാഗമാണ്
ഖലീലുറഹ്മാന്‍ മുട്ടില്‍
അല്ലാഹു മനുഷ്യര്‍ക്ക് ചൊരിയുന്ന അനുഗ്രഹങ്ങള്‍ ആവോളം ആസ്വദിക്കുമ്പോള്‍ വിശ്വാസി വികാരനിര്‍ഭരനായി പ്രകടിപ്പിക്കുന്ന തുറന്ന മനസ്സിന്റെ വിനയാന്വിത ഭാവമാണ് നന്ദിയായി പരിണമിക്കുന്നത്. അതുകൊണ്ടുതന്നെ നന്ദി പ്രകടിപ്പിക്കുന്നതിനെ ഔപചാരികതയ്ക്കപ്പുറം ആരാധനയുടെ ഭാഗമായാണ് മതം പരിഗണിക്കുന്നത്. ഖുര്‍ആന്‍ വിശ്വാസികളോട് പറയുന്നു: ”വിശ്വാസികളേ, നാം നിങ്ങള്‍ക്ക് നല്‍കിയ വിശിഷ്ടമായവയില്‍ നിന്നു നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവിനു നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങള്‍ അവരെ മാത്രം ആരാധിക്കുന്നവരാണെങ്കില്‍” (2:172).
”അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ നന്ദി കാണിക്കുക, നിങ്ങള്‍ അവനെ മാത്രം ആരാധിക്കുന്നവരാണെങ്കില്‍” (16:114). നന്ദി പ്രകടിപ്പിക്കുന്നതിനെ ആരാധനയുമായി ചേര്‍ത്തു പറഞ്ഞതില്‍ നിന്നു വിശ്വാസിയുടെ സ്വഭാവരൂപീകരണത്തിന്റെ ഭാഗമാണത് എന്നുകൂടി വായിച്ചെടുക്കാന്‍ കഴിയും. വിശ്വാസിയുടെ വ്യക്തിത്വം നമസ്‌കാരം, നോമ്പ്, സകാത്ത് എന്നീ ആരാധനകളിലൂടെ രൂപപ്പെടുന്നതുപോലെ നന്ദിപ്രകടനത്തിലൂടെയും രൂപപ്പെടേണ്ടതാകുന്നു.
നന്ദി പ്രകടനം
എങ്ങനെ?
അനുഗ്രഹങ്ങള്‍ ഉണ്ടാകുമ്പോള്‍ ദൈവത്തിനു സ്തുതികള്‍ അര്‍പ്പിച്ചുകൊണ്ട് അല്‍ഹംദുലില്ലാഹ് എന്നു പറയാറുണ്ട്. എന്നാല്‍ ഇതുകൊണ്ട് മാത്രം തന്റെ നാഥനോടുള്ള നന്ദിപ്രകടനമായി എന്നു കരുതുന്നത് ശരിയല്ല. കാരണം ഖുര്‍ആന്‍ വിശദമാക്കുന്ന നന്ദിപ്രകടന മാര്‍ഗങ്ങള്‍ വിശാലാര്‍ഥത്തിലുള്ളവയാണ്.
സ്തുതികള്‍ അര്‍പ്പിക്കുന്നതിന് ‘ഹംദ്’ എന്നും നന്ദി പ്രകടിപ്പിക്കുന്നതിന് ‘ശുക്‌റ്’ എന്നുമാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. ഈ രണ്ടു പദങ്ങളുടെയും പ്രയോഗരീതിയില്‍ നിന്ന് ഇവയ്ക്കിടയില്‍ സ്പഷ്ടമായ വ്യത്യാസമുണ്ടെന്നു കണ്ടെത്താന്‍ കഴിയും. ഹംദിന് രണ്ട് ഘടകങ്ങളാണുള്ളത്. മനസ്സിന്റെ ഉറച്ച ബോധ്യവും വാമൊഴിയിലൂടെയുള്ള പ്രതിഫലിപ്പിക്കലുമാണത്. എന്നാല്‍ ശുക്‌റിന് ഇവ രണ്ടിനും പുറമേ നിരന്തരമുള്ള തുടര്‍പ്രവര്‍ത്തനവും ഒരു അനിവാര്യ ഘടകമാണെന്ന് ഖുര്‍ആനില്‍ നിന്നു മനസ്സിലാക്കാം.
സ്തുതിയെക്കുറിച്ച് ഖുര്‍ആനിന്റെ പരാമര്‍ശം ഇങ്ങനെയാണ്: ”പ്രവാചകരേ, പറയുക: സര്‍വ സ്തുതിയും അല്ലാഹുവിനാകുന്നു. അവന്‍ തിരഞ്ഞെടുത്തിട്ടുള്ള അവന്റെ ദാസന്മാര്‍ക്ക് ശാന്തിയുണ്ട്” (27:58). നന്ദിയെക്കുറിച്ച് പരാമര്‍ശിക്കാന്‍ സുലൈമാന്‍ നബി(അ)യുടെ പ്രാര്‍ഥനയാണ് ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്: ”എന്റെ നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കാനും തൃപ്തിപ്പെടുന്ന സത്കര്‍മം പ്രവര്‍ത്തിക്കാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ” (27:19).
അല്ലാഹു മുഹമ്മദ് നബി(സ)യോട് നിര്‍ദേശിക്കുന്നത് ഇങ്ങനെ: ”അതിനാല്‍ നീ അല്ലാഹുവിനെ ആരാധിച്ചുകൊള്ളുക. നീ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയും ചെയ്യുക” (39:66). നന്ദി കാണിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാനുള്ള അല്ലാഹുവിന്റെ നിര്‍ദേശം പ്രവാചകന്‍ പാലിച്ചത് കാലില്‍ നീര് വരുന്നതു വരെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ദീര്‍ഘനേരം നിന്ന് നമസ്‌കരിച്ചുകൊണ്ടായിരുന്നു. ത്യാഗപൂര്‍ണമായ ഈ നമസ്‌കാരത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഭാര്യ ആയിശയോട് അദ്ദേഹം പറഞ്ഞ മറുപടി ”ഞാനൊരു നന്ദിയുള്ള ദാസനാകേണ്ടേ” എന്നായിരുന്നു. നന്ദിപ്രകടനം കേവല ഔപചാരിക വാക്കുകളില്‍ ഒതുങ്ങുന്നതല്ലെന്നും നിരന്തരം സത്കര്‍മം അനുഷ്ഠിക്കുന്നതിലൂടെയേ അത് പൂര്‍ണമാവുകയുള്ളൂ എന്നുമാണ് പ്രവാചകന്മാരെ ഉദ്ധരിച്ചുകൊണ്ട് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
സമ്പത്ത് അനുഗ്രഹമാണ്. അതിനു നന്ദി പറയണം. അല്‍ഹംദുലില്ലാഹ് എന്നു പറഞ്ഞാല്‍ മാത്രം പോരാ. സമ്പത്തില്‍ നിന്നു സകാത്ത് നല്‍കിയും പിശുക്കില്ലാതെ ദാനധര്‍മങ്ങള്‍ ചെയ്തുകൊണ്ടുമാണ് സമ്പത്തിന് നന്ദി പ്രകടിപ്പിക്കേണ്ടത്. ആരോഗ്യം അനുഗ്രഹമാണ്. മസിലുകളിലേക്ക് നോക്കി അല്‍ഹംദുലില്ലാഹ് എന്നു പറഞ്ഞതുകൊണ്ട് മാത്രം നന്ദി പ്രകടിപ്പിക്കലാകില്ല. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലും മറ്റുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിറഞ്ഞുനിന്നുകൊണ്ടാവണം ആരോഗ്യത്തിന് നന്ദി പറയേണ്ടത്. ഇങ്ങനെ ഓരോ അനുഗ്രഹങ്ങള്‍ക്കും സത്കര്‍മങ്ങളിലൂടെ നന്ദി പറയണമെന്നാണ് ഖുര്‍ആനിന്റെ പക്ഷം.
നന്ദി കാണിക്കുന്നത് ആര്‍ക്കു വേണ്ടി?
അല്ലാഹുവിനോട് നന്ദി കാണിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന്റെ നേട്ടം ലഭിക്കുന്നത് നമുക്കു തന്നെയാണ്. നാം നന്ദി കാണിച്ചാലും ഇല്ലെങ്കിലും അല്ലാഹുവിന് പ്രത്യേക നേട്ടമോ കോട്ടമോ ഉണ്ടാകുന്നില്ല. അവന്‍ നമുക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നത് നമുക്കൊരു പരീക്ഷണമായിട്ടാണല്ലോ. പരീക്ഷണങ്ങളെ ഫലപ്രദമായി അതിജീവിക്കുകയാണെങ്കില്‍ പാരത്രിക നേട്ടത്തിനു പുറമെ ഭൗതിക നേട്ടവും ഉണ്ടാവുമെന്നാണ് മതം പഠിപ്പിക്കുന്നത്.
അനുഗ്രഹങ്ങള്‍ നല്‍കി പരീക്ഷിക്കുമ്പോള്‍ സത്കര്‍മങ്ങളിലൂടെ നന്ദി പ്രകടിപ്പിക്കുന്നവര്‍ക്ക് വീണ്ടും ധാരാളമായി അനുഗ്രഹങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുമെന്ന് അല്ലാഹു അറിയിക്കുന്നു: ”നിങ്ങളുടെ നാഥന്‍ വിളംബരം ചെയ്ത സന്ദര്‍ഭം: നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുതരുക തന്നെ ചെയ്യും. നിങ്ങള്‍ നന്ദികേട് കാണിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ അതികഠിനമായിരിക്കും” (14:07).
ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം തന്റെ മുമ്പില്‍ എത്തിച്ചപ്പോള്‍ സുലൈമാന്‍ നബി(അ) പറഞ്ഞത് ഇങ്ങനെയായിരുന്നു: ”ഇതെന്റെ നാഥന്റെ ഔദാര്യമാകുന്നു. ഞാന്‍ നന്ദിയുള്ളവനാണോ നന്ദി കെട്ടവനാണോ എന്ന് എന്നെ പരീക്ഷിക്കാന്‍ വേണ്ടിയാണത്. ആരെങ്കിലും നന്ദി കാണിച്ചാല്‍ അവന്‍ അവനു വേണ്ടി തന്നെയാണ് നന്ദി കാണിക്കുന്നത്. ആരെങ്കിലും നന്ദികേട് കാണിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും എന്റെ നാഥന്‍ ധന്യനും ഉദാരനുമാകുന്നു” (27:40).
നന്ദിപൂര്‍വം ജീവിക്കുന്നവര്‍ പാരത്രിക ശിക്ഷയില്‍ നിന്നു മുക്തരായിരിക്കുമെന്നും ഖുര്‍ആന്‍ അറിയിക്കുന്നുണ്ട്: ”നിങ്ങള്‍ നന്ദി കാണിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നപക്ഷം നിങ്ങളെ ശിക്ഷിക്കുന്നതുകൊണ്ട് അല്ലാഹു എന്ത് ചെയ്യാനാണ്?” (4:147). ഈ വചനത്തില്‍ വിശ്വാസത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനു മുമ്പുതന്നെ നന്ദി പ്രകടിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയവും അതിന്റെ പ്രാധാന്യത്തെ കുറിക്കുന്നതുമാകുന്നു. ആപത്തുകളും അപകടങ്ങളും തടുക്കാനും നന്ദിപൂര്‍വമുള്ള ജീവിതം നിമിത്തമാകുമെന്ന് ഖുര്‍ആന്‍ അറിയിക്കുന്നുണ്ട്. ലൂത്ത് നബി(അ)യുടെ സമുദായത്തെ ചരല്‍ക്കാറ്റിലൂടെ അല്ലാഹു നശിപ്പിച്ചു. എന്നാല്‍ ലൂത്തിനെയും വിശ്വാസികളെയും രക്ഷിക്കുകയും ചെയ്തു. അല്ലാഹു അതിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: ”നമ്മുടെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹമാണത്. അപ്രകാരമാണ് നന്ദി കാണിക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്” (54:34).
നന്ദിയും നന്ദികേടും
”തീര്‍ച്ച, മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദി കെട്ടവനാകുന്നു” (100:06). കുളമ്പുകള്‍ കൂട്ടിയുരസി തീപ്പൊരി പാറിച്ചുകൊണ്ട് കിതച്ചോടുകയും പുലര്‍കാലത്ത് ശത്രുപാളയത്തില്‍ കടന്നുചെന്ന് പൊടിപടലങ്ങള്‍ ഇളക്കിവിട്ടുകൊണ്ട് കടന്നാക്രമണം നടത്തുകയും ചെയ്യുന്ന കുതിരയെക്കുറിച്ച് പരാമര്‍ശിച്ച ശേഷം അല്ലാഹു നടത്തിയ പ്രസ്താവനയാണിത്. തനിക്ക് തീറ്റ നല്‍കി പോറ്റുന്ന യജമാനനോട് ഒരു മിണ്ടാപ്രാണി കാണിക്കുന്ന നന്ദിബോധം പോലും പലപ്പോഴും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആവോളം ആസ്വദിക്കുന്ന മനുഷ്യനില്ലാതെപോകാറുണ്ട്.
നന്ദികേട് കാണിക്കുന്നത് ഗുരുതരമായ വീഴ്ചയായി തന്നെയാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. കഫറ എന്ന വാക്കാണ് നന്ദികേടിന് ഖുര്‍ആന്‍ പ്രയോഗിക്കുന്നത്. ഇതേ വാക്കില്‍ നിന്നുതന്നെയാണ് ദൈവനിഷേധത്തിനുള്ള കുഫ്ര്‍ എന്ന വാക്കും ഉദ്ഭവിക്കുന്നത്. നന്ദികേട് കാണിക്കുന്നതും ദൈവനിഷേധവും കുറ്റകരമായ വീഴ്ചയാണെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം.