പ്രധാനമന്ത്രി മുസ്‌ലിംകള്‍ക്കെതിരിലുള്ള അപരവത്കരണം നിര്‍ത്തണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: നരേന്ദ്രമോദി ഇന്ത്യന്‍ ജനതയുടെ പ്രധാനമന്ത്രിയാണെന്ന പ്രാഥമികബോധം പോലും ഇല്ലാതെ രാജ്യത്തെ പ്രബല ജനവിഭാഗമായ മുസ്‌ലിം സമുദായത്തെ അന്യായമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണനേട്ടം എടുത്തു പറയാനില്ലാത്തതിനും രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും കഴിയാത്തതിന് മുസ്‌ലിം സമുദായത്തെ മേക്കിട്ടുകേറുന്നത് പൊറുപ്പിക്കാനാവാത്ത അപരാധമാണ്. മുസ്‌ലിം സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുമെന്ന് നിരന്തരം പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി രാജ്യം സംഘ്പരിവാറിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഓര്‍മിക്കണം. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യുകയും രാജ്യം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്കുകയും ചെയ്ത ഈ രാജ്യത്ത് ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ പൗരന്‍മാരായ മുസ്‌ലിംകള്‍ക്ക് ഭരണഘടനാപരമായ അവകാശം ഉറപ്പുവരുത്തുക തന്നെ ചെയ്യണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹമ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, കെ പി സകരിയ്യ, എം എം ബശീര്‍ മദനി, എന്‍ജി. സൈതലവി, ഡോ. അനസ് കടലുണ്ടി, ശംസുദ്ദീന്‍ പാലക്കോട്, ബി പി എ ഗഫൂര്‍, കെ എ സുബൈര്‍, ഡോ. ജാബിര്‍ അമാനി, കെ എം കുഞ്ഞമ്മദ് മദനി, കെ പി അബ്ദുറഹ്മാന്‍, ഡോ. അന്‍വര്‍ സാദത്ത്, സഹല്‍ മുട്ടില്‍ പ്രസംഗിച്ചു.