ഇസ്രായേലിനെ തെമ്മാടി രാഷ്ട്രമെന്നു വിളിക്കണം
സാംദീപ് സെന്‍ / വിവ. ടി ടി എ റസാഖ്
ഇതെഴുതുമ്പോള്‍, തെക്കന്‍ ഗസ്സയിലെ റഫ നഗരത്തിലെ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. അതേസമയം, ഏതാനും മൈലുകള്‍ അകലെ ഖാന്‍ യൂനിസില്‍, നാസര്‍ ആശുപത്രിയുടെ മൈതാനത്ത് കൂട്ടക്കുഴിമാടങ്ങളില്‍ കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ഭീതിദമായ ശ്രമങ്ങള്‍ തുടരുകയാണ്. ഫലസ്തീനികളുടെ മരണസംഖ്യ ഇപ്പോള്‍ 34,000-ത്തിലധികമാണ്, ഗസ്സയിലെ പതിനൊന്നു ലക്ഷത്തോളം ആളുകള്‍ ഇന്നനുഭവിക്കുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ ഒരു മഹാ ദുരന്തമായി മാറി.
തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തും സംരക്ഷകനുമായ അമേരിക്ക ഉള്‍പ്പെടെ ലോകമെമ്പാടും നിന്നുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട്, ലക്ഷക്കണക്കിന് സാധാരണക്കാര്‍ അഭയം പ്രാപിച്ച റഫയില്‍ വന്‍ വില കൊടുത്തും കരയാക്രമണം നടത്താന്‍ ഇസ്രായേല്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ഇസ്രായേല്‍ ഒരു ‘ബാധ്യത’ ആണെന്നും അവരുടെ നേതാക്കള്‍ക്ക് അവരുടെ വഴി ‘നഷ്ടപ്പെട്ടു’ എന്നും രാഷ്ട്രീയ നിരീക്ഷകരും കമന്റേറ്റര്‍മാരും വിലയിരുത്തി.
അപ്പോള്‍ ഇസ്രായേലിനെ ഒരു തെമ്മാടി രാഷ്ട്രമായി പ്രഖ്യാപിക്കേണ്ട സമയമല്ലേ?
‘തെമ്മാടി ഭരണകൂടം’ (ൃീഴൗല േെമലേ) എന്ന ലേബലിന് ഒരു ദുഷിച്ച ചരിത്രമുണ്ട്. പാശ്ചാത്യ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കണക്കാക്കപ്പെടുന്ന ഭരണകൂടങ്ങള്‍ക്കെതിരെ വളരെക്കാലമായി ആയുധമാക്കപ്പെട്ട ഒരു പദമാണിത്. ക്ലിന്റണ്‍ കാലഘട്ടമായിരുന്നു ഈ ലേബലിന്റെ പ്രതാപകാലം, പ്രവചനാതീതരും പിടിവാശിക്കാരും മൊത്തത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലാത്തവരുമായ രാജ്യങ്ങള്‍ക്കായി അക്കാലത്ത് ഈ പദം ഉപയോഗിക്കപ്പെട്ടു.
ഒടുവില്‍, ക്ലിന്റണ്‍ ഭരണകൂടം ‘തെമ്മാടി രാഷ്ട്രങ്ങള്‍’ ഉപേക്ഷിക്കുകയും രാഷ്ട്രീയമായി കൂടുതല്‍ ശരിയായ ‘ആശങ്കയുടെ ഭരണകൂടങ്ങള്‍’ എന്ന ലേബല്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ‘ഭീകരതയ്ക്കെതിരായ യുദ്ധം’ ലോകത്തെ നല്ലതും ചീത്തയും എന്ന് വിഭജിച്ചപ്പോള്‍, ‘തിന്മയുടെ ലോകം’ എന്ന ഗണത്തില്‍ പെട്ട രാജ്യങ്ങള്‍ക്കെല്ലാമുള്ള പദമായി ബുഷ് ഭരണകൂടം ‘തെമ്മാടി ഭരണകൂടങ്ങള്‍’ എന്ന ലേബല്‍ വീണ്ടും പുനരുജ്ജീവിപ്പിച്ചു.
നിസ്സംശയം, ഈ ലേബല്‍ ലോകത്തിലെ ‘നന്മയുടെ ശക്തി’ എന്ന പാശ്ചാത്യരുടെ സ്വയം ബോധ്യത്തിന് ബലമേകുന്ന ഒന്നായിരുന്നു. പക്ഷേ, ‘പൊതു നിയമക്രമം തകര്‍ക്കുന്നതില്‍ നിന്നും, യുദ്ധങ്ങള്‍ വരുത്തിവെയ്ക്കുന്നതില്‍ നിന്നും, ലോകത്തിന്റെ മുഴുവന്‍ മേഖലകളെയും അട്ടിമറിക്കുന്നതില്‍ നിന്നും’ തടയാനെന്ന പേരില്‍, തെമ്മാടി രാഷ്ട്രങ്ങളെ അവഹേളിക്കുന്നതിനും അവരെ ഒറ്റപ്പെടുത്തുന്നതിനും ഇത് ന്യായീകരണം നല്‍കുകയും ചെയ്തു.
മിഡില്‍ ഈസ്റ്റിലെ പാശ്ചാത്യ താല്‍പര്യങ്ങളുടെ ലാന്റിംഗ് ഗ്രൗണ്ടായി പലപ്പോഴും കണക്കാക്കപ്പെടുന്ന ഇസ്രായേല്‍ ഒരു തെമ്മാടി രാഷ്ട്രത്തിന്റെ പരിചിതമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുന്നു എന്നതാണ് ഇന്നത്തെ വിരോധാഭാസം. തീര്‍ച്ചയായും, ഗസ്സയ്ക്കെതിരായ വംശഹത്യയുദ്ധത്തിലുടനീളം അത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിച്ചിരിക്കുകയാണ്.
ഉദാഹരണത്തിന്, അന്താരാഷ്ട്ര മാനുഷിക നിയമം അനുസരിച്ച്, സായുധ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവണ്‍മന്റ് – ഗവണ്‍മെന്റേതര ഗ്രൂപ്പുകള്‍, സിവിലിയന്‍മാരെയും മെഡിക്കല്‍ സ്റ്റാഫിനെയും ശുശ്രൂഷാ സംഘങ്ങളേയും സംരക്ഷിക്കാനും മനുഷ്യ സഹായ സംഘങ്ങളെ നിയന്ത്രണമില്ലാതെ കടത്തിവിടാനും ബാധ്യസ്ഥരാണ്. ഈ നിയമങ്ങളൊന്നും ഇസ്രായേല്‍ പാലിച്ചിട്ടില്ല. ഒക്ടോബര്‍ 7 മുതല്‍ കൊല്ലപ്പെട്ട ഫലസ്തീന്‍കാരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് നമുക്കറിയാം. ഇതില്‍ 14,000-ത്തിലധികം കുട്ടികളും ഉള്‍പ്പെടുന്നു. 21-ാം നൂറ്റാണ്ടിലെ മറ്റെല്ലാ പ്രധാന സംഘര്‍ഷങ്ങളേക്കാളും ഗസ്സയിലെ പ്രതിദിന മരണനിരക്ക് കൂടുതലാണെന്ന് ജനുവരിയില്‍ തന്നെ ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യുദ്ധക്കളത്തില്‍ ഇസ്രായേലിന്റെ തന്ത്രങ്ങള്‍ ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ഗസ്സയിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ ലക്ഷ്യമിടുക എന്നത് ഇസ്രായേല്‍ സേന നിര്‍ബന്ധ ബുദ്ധിയോടെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഈ യുദ്ധവേളയില്‍ ഇസ്രായേല്‍ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്കെതിരെ 900 ലധികം ആക്രമണങ്ങളാണ് നടത്തിയത്, കുറഞ്ഞത് 700 മെഡിക്കല്‍ പ്രൊഫഷണലുകളെങ്കിലും കൊല്ലപ്പെട്ടു. നിലവില്‍, ഗസ്സ മുനമ്പില്‍ 36 ആശുപത്രികളില്‍ 10 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്.
ഗസ്സയിലെ ആശുപത്രികള്‍ ഹമാസ് സൈനിക താവളങ്ങളായി ഉപയോഗിക്കുന്നതായി ഇസ്രായേല്‍ അധികൃതര്‍ ആരോപിക്കുന്നുണ്ട്. ആ കൊച്ചു പ്രദേശത്തെ ഏറ്റവും വലുതും അത്യാധുനികവുമായ മെഡിക്കല്‍ സൗകര്യമായ അല്‍ശിഫ ഹോസ്പിറ്റലില്‍ ഇസ്രായേല്‍ നടത്തിയ രണ്ടാഴ്ചത്തെ ഉപരോധത്തിന്റെ ഔദ്യോഗിക ന്യായീകരണമായിരുന്നു ഇത്. ഒടുവില്‍ ഇസ്രായേല്‍ സൈന്യം ആശുപത്രി സമുച്ചയത്തില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍, സാക്ഷി മൊഴികള്‍ പ്രകാരം ‘കാക്കകള്‍ തിന്നുന്ന മനുഷ്യ ശിരസുകള്‍, തിരിച്ചറിയാനാവാത്തതും അഴുകിയതുമായ ശരീരഭാഗങ്ങള്‍, കൂട്ടക്കുഴിമാടങ്ങളില്‍ അടക്കിയ നൂറുകണക്കിന് മൃതദേഹങ്ങള്‍,…’ എന്നിങ്ങനെ വിവരണാതീതമായ അതിദാരുണ ദൃശ്യങ്ങളായിരുന്നു ബാക്കിയായത്.
ഇസ്രായേലി സേന സമാനമായ രീതിയില്‍ സന്നദ്ധ സേവാ സംഘങ്ങളേയും ലക്ഷ്യം വെച്ചിട്ടുണ്ട്. ഏപ്രില്‍ ആദ്യം ഭക്ഷ്യ ദുരിതാശ്വാസ സംഘടനയായ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ഏഴ് തൊഴിലാളികള്‍ ‘ലക്ഷ്യം വെച്ച ഇസ്രായേലി ആക്രമണത്തില്‍’ കൊല്ലപ്പെട്ട സംഭവം ആഗോള തലത്തില്‍ അപലപിക്കപ്പെട്ടു. എന്നാല്‍ ആ ആക്രമണം അത്തരം നിരവധി ആക്രമണങ്ങളില്‍ ഒന്നു മാത്രമായിരുന്നു. ആറ് മാസത്തിലേറെയായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ പ്രദേശം ഗസ്സയാണ്. ഏകദേശം 200 ഓളം മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
എല്ലാ നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി, ഗസ്സയിലേക്കുള്ള സഹായ പ്രവാഹം ഇസ്രായേല്‍ നിയന്ത്രണത്തില്‍ വെച്ചിരിക്കുകയാണ്: ഭക്ഷ്യ ക്ഷാമം ആസന്നമാണെന്ന എയ്ഡ് ഏജന്‍സികളുടെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ടാണീ നടപടികള്‍. ജനീവ കണ്‍വെന്‍ഷന്‍ (അധിക പ്രോട്ടോക്കോളുകളുടെ ആര്‍ട്ടിക്കിള്‍ 79) പ്രകാരം ഒരു യുദ്ധമേഖലയില്‍ മാധ്യമപ്രവര്‍ത്തകരെ സിവിലിയന്മാരായി സംരക്ഷിക്കണം എന്ന നിയമം അവഗണിച്ചു കൊണ്ട് ഗസ്സയിലെ മാധ്യമപ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും ആസൂത്രിതമായി ആക്രമിച്ചുകൊണ്ടിരിക്കുന്നു. വാസ്തവത്തില്‍, 2023-ല്‍ നടന്ന പത്രപ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ 75 ശതമാനവും നടന്നത് ഗസ്സയിലാണ്. കൂടാതെ, ഇസ്രായേല്‍ സൈന്യം ഗസ്സയിലെ എല്ലാ സര്‍വകലാശാലകളും തകര്‍ത്തു.
ഒരു പ്രാദേശിക യുദ്ധം യുഎസിനേയും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളേയും നേരിട്ടുള്ള യുദ്ധ പങ്കാളിത്തത്തിന് നിര്‍ബന്ധിതരാക്കുമെന്ന പ്രതീക്ഷയില്‍ ലെബനാനും ഇറാനുമായും ഹിസ്ബുല്ലയുമായും യുദ്ധമുഖം തുറന്നിടാന്‍ ഇസ്രായേലും ഉത്സുകരാണ്. 2023 ഒക്ടോബര്‍ 7 മുതല്‍ 2024 മാര്‍ച്ച് 15 വരെ ഇസ്രായേലും ഹിസ്ബുല്ലയും മറ്റ് സായുധ വിഭാഗങ്ങളും തമ്മില്‍ 4,733 ആക്രമണങ്ങളാണ് നടന്നത്. ഈ സംഭവങ്ങളില്‍ 3,952 ആക്രമണങ്ങള്‍ക്കും ഇസ്രായേലാണ് ഉത്തരവാദി. ആക്രമണങ്ങളില്‍ ഹിസ്ബുല്ല പോരാളികളെ കൂടാതെ നിരവധി സാധാരണക്കാരും പത്രപ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.
ഡമാസ്‌കസിലെ ഇറാനിയന്‍ മിഷനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയപ്പോള്‍, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) സീനിയര്‍ കമാന്‍ഡറായ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസ സഹേദി വധിക്കപ്പെട്ടു. 2020-ല്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിനു ശേഷം വധിക്കപ്പെടുന്ന ഇറാന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു സഹേദി. തുടര്‍ന്നായിരുന്നു ഇറാന്റെ പ്രതികരണം. 1991 നു ശേഷം ഒരു വിദേശ രാജ്യം ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്നത് ഇതാദ്യമായിരുന്നു.
വിരോധാഭാസമെന്നു പറയട്ടെ, പലപ്പോഴും പാശ്ചാത്യ രാജ്യങ്ങളില്‍ ഇറാന്‍ ഒരു തെമ്മാടി രാഷ്ട്രത്തിന്റെ മൂലരൂപമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ആക്രമണ ശേഷം ‘കാര്യം അവസാനിപ്പിച്ചതായി കണക്കാക്കാം’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു നിയന്ത്രിത സമീപനത്തിനാണ് ഇറാന്‍ ശ്രമിച്ചത്. എന്നാല്‍ ഇസ്രായേലിന്റെ പ്രതികാരം നിയന്ത്രിക്കാനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനും ചില നയതന്ത്ര തര്‍ക്കങ്ങള്‍ ആവശ്യമായി വന്നു. ഇറാന്റെ ആക്രമണത്തെ ഇസ്രായേല്‍ പരാജയപ്പെടുത്തിയതിന് ശേഷം ‘വിജയം നേടൂ’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഉപദേശിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അപ്രകാരം, ഇറാനെതിരേയുള്ള പരിമിതമായ ഇസ്രായേലി പ്രതികരണത്തിന് പകരമായി, മേഖലയിലെ എല്ലാ ശക്തികളും എതിര്‍ക്കുന്നുണ്ടെങ്കിലും, റഫയിലെ ഇസ്രായേല്‍ അധിനിവേശത്തിന് ബൈഡന്‍ പച്ചക്കൊടി വീശിയതായും റിപ്പോര്‍ട്ടുകളുണ്ട്. റഫയുടെ ആക്രമണം ഈജിപ്തും ഇസ്രായേലും തമ്മിലുള്ള സമാധാന ഉടമ്പടിയെ പോലും അപകടത്തിലാക്കുമെന്ന് കെയ്റോ മുന്നറിയിപ്പ് നല്‍കിയ സാഹചര്യവും നിലവിലുണ്ട്.
അക്കങ്ങളും കള്ളമല്ല
ഡിസംബറില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി പ്രമേയത്തിനായുള്ള വോട്ടിംഗില്‍ ഇസ്രായേല്‍ വലിയ തോതില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് സ്വയം വ്യക്തമായതാണ്. 153 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇസ്രായേലും യുഎസും ഉള്‍പ്പെടെ 10 രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. 2024 മാര്‍ച്ച് 25-ന് നടന്ന യു എന്‍ എസ് സിയുടെ അവസാന വോട്ടെടുപ്പില്‍ 15 അംഗങ്ങളില്‍ 14 പേരും അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തെ അനുകൂലിച്ചു. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ നടപടികളെ തടയാന്‍ ശ്രമിക്കുന്ന ഏതൊരു പ്രമേയവും വീറ്റോ ചെയ്യുന്നതില്‍ നിന്ന് ഇത്തവണ വിട്ടുനില്‍ക്കാന്‍ യുഎസ് തീരുമാനിച്ചതും ശ്രദ്ധേയമാണ്.
പാശ്ചാത്യരാജ്യങ്ങളില്‍ യുഎസിനെപ്പോലെ എല്ലാ കാലത്തും ശക്തരായ സഖ്യകക്ഷികള്‍ ഉള്ളതിനാല്‍, ഇസ്രായേലിന് അതിന്റെ തെമ്മാടിത്ത രീതികളും അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന ഗര്‍വ്വും തുടരാന്‍ കഴിയുന്നു. എന്നാല്‍ ഇസ്രായേലിനെ ഒരു തെമ്മാടി രാഷ്ട്രമായി മുദ്രകുത്തുകയും അതിനെ അങ്ങനെ തന്നെ സമീപിക്കുകയും ചെയ്യുക എന്നത്, 75 വര്‍ഷമായി ഫലസ്തീനികളുടെ അവകാശങ്ങള്‍ യാതൊരു ശിക്ഷാ ഭയവുമില്ലാതെ ലംഘിച്ച ഒരു രാജ്യത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന് സ്വീകരിക്കാവുന്ന ഏത് ശിക്ഷാ നടപടിക്കും അത്യന്താപേക്ഷിതമാണ്.
കാനഡ, നെതര്‍ലന്‍ഡ്സ്, ജപ്പാന്‍, സ്പെയിന്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനുള്ള ആയുധ വില്‍പന നിര്‍ത്തിവെച്ചതോടെ അതിന്റെ തെമ്മാടി സ്വഭാവം കുറച്ചുകൂടി അംഗീകാരം നേടുന്നതായി തോന്നും. ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് ആത്യന്തികമായി യുഎസിന് പോലും വളരെയധികം ബാധ്യതയാകുമെന്നും ഇത് ഫലസ്തീന്‍ വിമോചനത്തിന് വഴിയൊരുക്കുമെന്നുംപ്രതീക്ഷിക്കാം.
(അല്‍ജസീറ 25/04/2024. റോസ്‌കില്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷനല്‍ ഡവലപ്മന്റ് സ്റ്റഡീസില്‍ അസോസിയേറ്റ് പ്രഫസറാണ് സാംദീപ്.)