21 Thursday
November 2024
2024 November 21
1446 Joumada I 19

ജനാധിപത്യ ഇന്ത്യ സ്വപ്നമായി മാറുമോ?

ധ്രുവ് റാഠി / കരണ്‍ ഥാപ്പര്‍

കോടിക്കണക്കിന് ഫോളോവേഴ്‌സുള്ള യൂട്യൂബറാണ് ധ്രുവ് റാഠി. ഹിന്ദി ബെല്‍റ്റില്‍
വലിയ സ്വാധീനം ഉണ്ടാക്കാന്‍ അതിനു സാധിക്കുന്നുണ്ട്. ഈയിടെ പ്രാദേശിക ഭാഷകളിലും ഈ വീഡിയോകള്‍ ലഭ്യമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. നരേന്ദ്ര മോദിയെ ശക്തമായി വിമര്‍ശിക്കുന്ന പല വീഡിയോകള്‍ക്കും കോടിക്കണക്കിനു പ്രേക്ഷകരാണുള്ളത്. ധ്രുവ് റാഠിയുമായി സീനിയര്‍ ജേണലിസ്റ്റ് കരണ്‍ ഥാപര്‍ നടത്തിയ വീഡിയോ അഭിമുഖം.


കരണ്‍ ഥാപര്‍: രാഷ്ട്രീയ ചോദ്യങ്ങളിലേക്ക് കടക്കുന്നതിനു മുമ്പായി വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിച്ചുതുടങ്ങാം. സോഷ്യല്‍ മീഡിയയില്‍ മില്യണ്‍കണക്കിന് ഫോളോവേഴ്‌സുള്ള വ്യക്തിയാണ് താങ്കള്‍. അവര്‍ക്കു വേണ്ടി താങ്കളെ എങ്ങനെ പരിചയപ്പെടുത്താം? യഥാര്‍ഥത്തില്‍ താങ്കള്‍ ആരാണ്?
ധ്രുവ് റാഠി: അത്ര ദുരൂഹത നിറഞ്ഞ ഒരു വ്യക്തിയല്ല ഞാന്‍ (ചിരി). ഞാന്‍ ആരാണെന്ന് പല വീഡിയോകളിലൂടെയും പറഞ്ഞിട്ടുണ്ട്. യഥാര്‍ഥത്തിലുള്ള ധ്രുവ് റാഠി ആരാണ് എന്ന ടൈറ്റിലില്‍ തന്നെ ഒരു വീഡിയോ ചെയ്തിരുന്നു. എന്റെ ജീവിതവും വിദ്യാഭ്യാസവും വളര്‍ന്നുവന്ന പശ്ചാത്തലവും അതില്‍ പറയുന്നുണ്ട്. എന്നിരുന്നാലും, ഒരൊറ്റ വരിയില്‍ എന്നെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് ‘ഇന്ത്യയുടെ പുരോഗതി ഇഷ്ടപ്പെടുന്ന ഒരു യൂട്യൂബ് അധ്യാപകന്‍’ എന്ന നിലയിലാണ്.

താങ്കളുടെ കുടുംബ വിവരങ്ങള്‍?
ഒരു സാധാരണ മധ്യവര്‍ഗ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. വലിയ സംഭവങ്ങളൊന്നുമില്ല. ഹരിയാനയിലെ റോഹ്തഗിലെ സാധാരണ കുടുംബമാണ് എന്റേത്. ചെറുപ്പത്തില്‍ തന്നെ കുടുംബം ഡല്‍ഹിയിലേക്ക് താമസം മാറ്റിയിരുന്നു. പഠനം അവിടെയായിരുന്നു. 17ാം വയസ്സില്‍ ഞാന്‍ ജര്‍മനിയിലേക്ക് പോയി. അവിടെ നിന്നാണ് എന്‍ജിനീയറിങില്‍ ഡിഗ്രിയും പിജിയും പൂര്‍ത്തിയാക്കിയത്.

സ്‌കൂള്‍ പഠനം ഡല്‍ഹിയിലായിരുന്നില്ലേ? അക്കാര്യങ്ങള്‍ പറയാമോ?
അതെ. അതില്‍ പറയത്തക്ക വിശേഷങ്ങളൊന്നുമില്ല. ഒരു ശരാശരിക്ക് മുകളിലുള്ള വിദ്യാര്‍ഥി മാത്രമായിരുന്നു ഞാന്‍. 80 ശതമാനത്തിലധികം മാര്‍ക്ക് ലഭിക്കണം, രക്ഷിതാക്കളെ തൃപ്തിപ്പെടുത്തണം തുടങ്ങിയ സാധാരണ ലക്ഷ്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്ലസ്ടുവിന് സയന്‍സ് ഓപ്ഷനാണ് എടുത്തത്. അതിനാല്‍ തന്നെ ശേഷം എന്‍ജിനീയറിങിനു പോകാന്‍ തീരുമാനിച്ചു. സാധാരണ പറയാറുണ്ട്: നിങ്ങള്‍ക്ക് എന്തു ചെയ്യണമെന്നു നിശ്ചയമില്ലെങ്കില്‍ ആദ്യം എന്‍ജിനീയറിങ് ചെയ്യുക, പിന്നീട് തീരുമാനിക്കുക. അതുപോലെ തന്നെയായിരുന്നു ഞാനും എന്നു പറയുന്നതില്‍ മടി കാണിക്കുന്നില്ല (ചിരി). എന്‍ജിനീയറിങ് പഠനം ഞാന്‍ ആസ്വദിച്ചെങ്കിലും ഇന്റേണ്‍ഷിപ്പിന് പോയപ്പോഴാണ് ഈ കരിയര്‍ എനിക്ക് ചേര്‍ന്നതല്ല എന്നു തിരിച്ചറിയുന്നത്. അങ്ങനെയാണ് എന്റെ സര്‍ഗാത്മകതയും അഭിലാഷങ്ങളും പ്രകടിപ്പിക്കാനുള്ള വേദിയായി യൂട്യൂബിനെ തിരഞ്ഞെടുക്കുന്നത്.

താങ്കള്‍ എങ്ങനെയാണ് ഈ വീഡിയോകളുടെ ലോകത്തേക്ക് എത്തിയത്? എന്തായിരുന്നു ചാനല്‍ തുടങ്ങാനുള്ള പ്രചോദനം?
അടിസ്ഥാനപരമായ പ്രചോദനം എന്റെ പാഷനാണ്. എന്റെ പത്താം വയസ്സില്‍ 2003ലോ 2004ലോ ആണ് ഞാന്‍ ആദ്യമായി വീഡിയോ ഉണ്ടാക്കുന്നത്. അച്ഛന്‍ പറഞ്ഞുതന്നതു പ്രകാരം വെബ്ക്യാം ഉപയോഗിച്ചാണ് അന്നത് ഷൂട്ട് ചെയ്തത്. പിന്നീട് ഈ ആഗ്രഹം എന്റെ ഉള്ളില്‍ തന്നെയുണ്ടായിരുന്നു. അങ്ങനെ ചാനല്‍ തുടങ്ങിയപ്പോള്‍ ആദ്യമായി അപ്‌ലോഡ് ചെയ്യുന്നത് ജര്‍മനിയില്‍ നിന്നുള്ള ഒരു യാത്രാ വ്‌ളോഗാണ്.

അപ്പോള്‍ വീഡിയോ കണ്ടന്റ്, പ്രത്യേകിച്ചും വൈജ്ഞാനിക സ്വഭാവത്തിലുള്ളത് പുറത്തിറക്കുക എന്നതാണ് താങ്കളുടെ പാഷന്‍?
അതെ. പക്ഷേ, വൈജ്ഞാനിക വീഡിയോകളുടെ കൂടെത്തന്നെ ട്രാവല്‍ വ്‌ളോഗും ചെയ്യുന്നുണ്ട്. അതിനു മാത്രമായി മറ്റൊരു ചാനല്‍ കൂടിയുണ്ട്. പക്ഷേ, അതത്ര സജീവമല്ല. പ്രേക്ഷകരെ സ്വാധീനിക്കണം, അവര്‍ക്ക് പുതുതായി എന്തെങ്കിലും പഠിപ്പിക്കണം എന്നതിലാണ് എന്റെ മുന്‍ഗണന.

താങ്കള്‍ എങ്ങനെയാണ് വീഡിയോകള്‍ക്ക് വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നത്? വ്യക്തിപരമായ താല്‍പര്യവും ജിജ്ഞാസയുമാണോ, അതല്ല വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ? പ്രേക്ഷകര്‍ ഇന്ന വിഷയം അറിയണമെന്ന് തീരുമാനിക്കുന്നതിന്റെ മാനദണ്ഡം എന്താണ്?
തുടക്കത്തില്‍ അത് വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് പുറത്തായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിഷയം തിരഞ്ഞെടുക്കാന്‍ കൃത്യമായ സംവിധാനമുണ്ട്. വ്യത്യസ്ത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കുന്നുണ്ട്. അതില്‍ ഒന്ന്: വാര്‍ത്താ പ്രാധാന്യം. രണ്ട്: വ്യക്തിപരമായ താല്‍പര്യം. മൂന്ന്: പ്രേക്ഷകരുടെ ആഗ്രഹം. നാല്: മീഡിയ ഈ വിഷയത്തിന് കവറേജ് നല്‍കുന്നുണ്ടോ, അല്ലെങ്കില്‍ ഇതിനേക്കാള്‍ നല്ല കവറേജ് അര്‍ഹിക്കുന്നുണ്ടോ എന്ന ചോദ്യം. അഞ്ച്: ഒരു സങ്കീര്‍ണത നിറഞ്ഞ വിഷയമാണെങ്കില്‍ അതിനെ ലളിതവത്കരിക്കാനുള്ള സാധ്യത എത്രത്തോളമാണ് എന്ന അന്വേഷണം. ഈ നാലോ അഞ്ചോ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു എക്‌സല്‍ ഫയല്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഓരോ മാനദണ്ഡത്തിനും സ്‌കോര്‍ നല്‍കിയിട്ടുണ്ട്. വിവിധ ടോപിക്കുകളില്‍ നിന്ന് ഉയര്‍ന്ന സ്‌കോര്‍ നേടുന്നത് ഏതാണോ അതായിരിക്കും വീഡിയോ തയ്യാറാക്കാനായി തിരഞ്ഞെടുക്കുക.

അതായത്, ഒരു വീഡിയോ പോലും പെട്ടെന്ന് പൊട്ടിമുളയ്ക്കുന്നതല്ല, വളരെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുന്നതാണ്, അല്ലേ?
അതെ. കാലക്രമേണയാണ് ഈ പ്രക്രിയ വികസിച്ചുവന്നത്. മറ്റു ചില ഘടകങ്ങള്‍ കൂടി ഇതിലുണ്ട്. ഞാനൊരു വിഷയം തിരഞ്ഞെടുക്കുമ്പോള്‍, ആ വിഷയമേഖല പ്രസ്തുത വീഡിയോയിലൂടെ എത്രത്തോളം വികസിപ്പിക്കാനാവും എന്നതുകൂടി ആലോചിക്കും. ഒരു വിവാദം ഉണ്ടാകുമ്പോള്‍ അതിനെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയാകില്ലല്ലോ. അതില്‍ നിന്ന് ജനങ്ങള്‍ക്ക് പുതുതായി എന്തെങ്കിലും പഠിക്കാനുണ്ടാവുക അല്ലെങ്കില്‍ ഒരു മൂല്യത്തെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. ഉദാഹരണത്തിന്, അമൃത്പാലിന്റെ അറസ്റ്റ് ഉണ്ടായപ്പോള്‍ ഖലിസ്ഥാന്‍ മൂവ്‌മെന്റിനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും പറഞ്ഞുകൊടുക്കാന്‍ സാധിച്ചു. ഇങ്ങനെ ഓരോ വിവാദത്തിനു പിറകിലും നമുക്ക് പഠിക്കാനുണ്ടാവും.

പ്രേക്ഷകര്‍ക്ക് ഉചിതമായ വിദ്യാഭ്യാസം നല്‍കുക, അവരുടെ കാഴ്ചപ്പാടുകള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് താങ്കള്‍ക്ക് പ്രചോദനം നല്‍കുന്നത്?
ശരിയാണ്. അതുകൊണ്ടാണ് ചില സംഭവങ്ങള്‍ ഞാന്‍ വീഡിയോ ചെയ്യാത്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പിന്തുടരുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ബലാത്സംഗം, കൊലപാതകം പോലുള്ള ക്രൈം വീഡിയോ ഞാന്‍ ചെയ്യാറില്ല. പലരും എന്നോട് അതിനെക്കുറിച്ച് ചോദിക്കാറുണ്ട്. എന്റെ ചാനല്‍ ഒരു ക്രൈം വാര്‍ത്താ ചാനല്‍ ആവരുതെന്ന് നിര്‍ബന്ധമുണ്ട്.

അത് ഞാന്‍ മനസ്സിലാക്കുന്നു. താങ്കളുടെ വീഡിയോകള്‍ പരിശോധിക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ അതിന്റെ പ്രത്യേകതകളായി ചൂണ്ടിക്കാണിക്കാവുന്നതാണ്. നമുക്ക് ഓരോന്നിനെയും കുറിച്ച് സംസാരിക്കാം. ഒന്നാമത്തേത് താങ്കളുടെ അവതരണ മികവാണ്. ഇത് വരദാനമായി ലഭിച്ച കഴിവാണോ അതോ പരിശീലനത്തിലൂടെ നേടിയതാണോ?
അവതരണ മികവിനെ ചൂണ്ടിക്കാണിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു. ഇത് വരദാനമായി ലഭിച്ചതല്ല. എന്റെ പഴയ വീഡിയോകള്‍ കണ്ടുനോക്കിയാല്‍ അറിയാം. 2017ലെ ഒരു വീഡിയോ എടുത്ത് ഇപ്പോഴത്തെ വീഡിയോയുമായി താരതമ്യം ചെയ്യുക. അവതരണ മികവില്‍ വര്‍ഷങ്ങളിലൂടെ നേടിയെടുത്ത പുരോഗതി ഈ വീഡിയോകളില്‍ നിന്ന് വായിച്ചെടുക്കാനാവും. സംസാരരീതി, അവതരണം, വീഡിയോ ക്വാളിറ്റി തുടങ്ങിയവയെല്ലാം ഓരോ വീഡിയോയിലും മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ നല്ലൊരു പ്രഭാഷകന്‍ ആയിരുന്നില്ല. തുടര്‍ച്ചയായ പരിശീലനങ്ങളാണ് എന്നെ മെച്ചപ്പെടുത്തിയത്. പഴയ വീഡിയോകള്‍ കാണുന്നതേ എനിക്ക് നാണമാണ്.

ഓരോ വീഡിയോയും താങ്കളെ മെച്ചപ്പെടുത്തുകയായിരുന്നു എന്നര്‍ഥം.
അതെ, വര്‍ഷങ്ങളുടെ പരിശീലനമാണ് എന്നെ ഈ നിലയില്‍ മെച്ചപ്പെട്ടതാക്കിയത്.

രണ്ടാമത്തെ പ്രത്യേകത ഉള്ളടക്കമാണ്. അതിന്റെ മേന്മയും ഗവേഷണത്തിന്റെ വൈപുല്യവുമാണ്. ധാരാളം പരിശ്രമം അതിന് ആവശ്യമാണ്. ഈ ഗവേഷണവും ഡാറ്റാ ശേഖരണവും ഒക്കെ താങ്കള്‍ ഒറ്റയ്ക്കാണോ ചെയ്യുന്നത്?
ഞാന്‍ സ്വയമേവ ഗവേഷണം നടത്താറുണ്ട് എന്നത് ശരിയാണ്. പക്ഷേ, വീഡിയോയിലെ ഉള്ളടക്കത്തിന്റെ ഗുണമേന്മയ്ക്ക് കാരണം എന്റെ ഗവേഷണം മാത്രം ആകണമെന്നില്ല. എന്റെ മാത്രം ഗവേഷണത്തില്‍ ധാരാളം പിഴവുകള്‍ ഉണ്ടായേക്കാം. ക്വാളിറ്റിയുള്ള വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നത് ഒരു ടീം അതിനായി പണിയെടുക്കുന്നതുകൊണ്ടാണ്. പത്തു പതിനഞ്ച് പേര്‍ ആ ടീമിലുണ്ട്. റിസര്‍ച്ചിലും പ്രൊഡക്ഷനിലും ശ്രദ്ധിക്കുന്നത് അവരാണ്. നേരത്തേ പറഞ്ഞ മാനദണ്ഡങ്ങള്‍ തന്നെയാണ് ഈ ടീമും പാലിക്കുന്നത്. വീഡിയോ സ്‌ക്രിപ്റ്റിലെ വാദങ്ങള്‍, അഭിപ്രായങ്ങള്‍, വസ്തുതകള്‍ തുടങ്ങിയവ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് അവരാണ്. ഓരോ സ്‌ക്രിപ്റ്റും ഇങ്ങനെയാണോ വേണ്ടത് അതല്ല മെച്ചപ്പെടുത്താനുണ്ടോ എന്ന് ഈ ടീം പരിശോധിക്കാറുണ്ട്.

മൂന്നാമത്തെ പ്രത്യേകത, വീഡിയോ പ്രൊഡക്ഷനില്‍ പുലര്‍ത്തുന്ന ഉന്നത നിലവാരമാണ്. വീഡിയോ ക്ലിപ്പുകളും പത്ര കട്ടിങുകളും തമാശകളും ഹാസ്യവും എല്ലാം വേണ്ടപോലെ ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ ടീമില്‍ സ്‌ക്രിപ്റ്റ് എഴുതാനും ഗവേഷണത്തിനും സംവിധാനത്തിനുമൊക്കെ പ്രത്യേകം ആളുകളുണ്ടോ?
തീര്‍ച്ചയായും അങ്ങനെയൊരു ടീമുണ്ട്. ഓരോ വീഡിയോ ക്ലിപ്പും എവിടെ വരണം, ഏത് പത്രത്തിന്റെ തലക്കെട്ട് കാണിക്കണം എന്നൊക്കെ പ്ലാന്‍ ചെയ്യാറുണ്ട്. ഫോണ്ട് സൈസ്, കളര്‍ തീം, സ്‌ക്രീന്‍ ദൈര്‍ഘ്യം, സൗണ്ട് ഇഫക്ടുകള്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കും. എന്റെ മുഖം എപ്പോള്‍ വീഡിയോയില്‍ വരണം, എപ്പോള്‍ ഹൈഡ് ചെയ്യണം എന്നെല്ലാം പ്ലാന്‍ ചെയ്യാറുണ്ട്.

അപ്പോള്‍ പ്രേക്ഷകര്‍ കാണുന്നത് ധ്രുവ് റാഠിയുടെ മുഖമാണെങ്കിലും അതിനു പിന്നില്‍ ഒരു ടീം വര്‍ക്കുണ്ട്.
അതെ. പത്തു പതിനഞ്ചു പേര്‍ അടങ്ങുന്ന ഇന്ത്യക്കാരായ ഗവേഷകര്‍ വിവിധ സ്ഥലങ്ങളിലിരുന്ന് ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

താങ്കളുടെ ടീം ഇന്ത്യയിലാണ്. താങ്കള്‍ യൂറോപ്പിലാണോ?
ഞാനും മിക്കവാറും ഇന്ത്യയില്‍ ഉണ്ടാകാറുണ്ട്. ഇന്ത്യയാണ് എന്റെ ഒന്നാമത്തെ ഭവനം. യൂറോപ്പ് രണ്ടാമത്തെ വീടാണ്. മൂന്നാമത് ഒരു വീട് കൂടി എനിക്കുണ്ട്. അത് ഇന്റര്‍നെറ്റാണ്.

ഓകെ. ഇനി ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് വരാം. കഴിഞ്ഞ ദിവസങ്ങളില്‍ താങ്കള്‍ തയ്യാറാക്കിയ രണ്ടു വീഡിയോകള്‍ വൈറലാവുകയുണ്ടായി. അത് മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. 50 മില്യണ്‍ ആളുകളാണ് അത് കണ്ടത്. അതൊരു വലിയ സംഖ്യയാണ്. ‘ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമായി മാറിയോ’ എന്ന ചോദ്യത്തിന് ‘അതിലേക്കുള്ള യാത്രയിലാണ്’ എന്നാണ് താങ്കളുടെ മറുപടി. എന്താണ് താങ്കളുടെ പ്രതീക്ഷയും ആശങ്കയും?
അത് ഞാനൊരു വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. ജനാധിപത്യത്തിനും ഏകാധിപത്യത്തിനും ഒരൊറ്റ സ്വിച്ച് ഇല്ല. അത് ഓണ്‍ ആക്കുമ്പോള്‍ പെട്ടെന്ന് ജനാധിപത്യത്തിലേക്കോ ഏകാധിപത്യത്തിലേക്കോ പോകുന്ന ഒരു സംവിധാനമില്ല. അതൊരു വര്‍ണരാജിയാണ്. സമ്പൂര്‍ണ ജനാധിപത്യവും സമ്പൂര്‍ണ ഏകാധിപത്യവും അതിന്റെ വിരുദ്ധ ധ്രുവങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതിനിടയില്‍ കുറേയധികം ഘടകങ്ങളുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മോദി സര്‍ക്കാരിന്റെ ചെയ്തികള്‍ മൂലം ഇന്ത്യയുടെ സല്‍പ്പേരിന് കളങ്കം വന്നിട്ടുണ്ട്. ഉദാഹരണത്തിന് മാധ്യമസ്വാതന്ത്ര്യം തന്നെയെടുക്കുക. 2014നും 2021നും ഇടയില്‍ ജേണലിസ്റ്റുകള്‍ക്കെതിരെ 198 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 40ലധികം പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ലോകത്ത് ഏറ്റവും അധികം ജേണലിസ്റ്റുകള്‍ കൊല്ലപ്പെടുന്നത് ഇന്ത്യയിലാണ്. അതുപോലെ വിവരാവകാശ പ്രവര്‍ത്തകരും കൊല്ലപ്പെടുന്നു. ഗ്ലോബല്‍ ഇംപ്യൂണിറ്റി ഇന്‍ഡെക്‌സില്‍ ഇന്ത്യയുടെ സ്ഥാനം പിറകിലാണ്. ഒരുപാട് പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ തൊഴില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. രവീഷ് കുമാര്‍, അവിനാശ് ശര്‍മ, പുണ്യ പ്രസൂണ്‍ ബാജ്‌പൈ, താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് ഒഴിയേണ്ടിവന്നു. ഈ നാട്ടില്‍ സമരം പോലും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയുണ്ടായി. സമരം ചെയ്യുന്നവരെ ആട്ടിയോടിക്കുന്നു. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കെതിരെ സെക്ഷന്‍ 144 ചുമത്തുന്നു. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്നു. 2023ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ലോകത്ത് ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ചെയ്തതില്‍ 58 ശതമാനവും ഇന്ത്യയില്‍ തന്നെയാണ്. ലോകത്ത് ഇന്റര്‍നെറ്റ് വിച്ഛേദനത്തില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണ് ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍.

ഇതിനോടകം തന്നെ ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമായി മാറിയിരിക്കുന്നു എന്നാണ് താങ്കളുടെ മറുപടിയില്‍ നിന്ന് മനസ്സിലാകുന്നത്. ഇന്ത്യ പൂര്‍ണമായും ഏകാധിപത്യത്തിലേക്ക് മാറിയിട്ടില്ല എന്ന് ഇനിയും പ്രതീക്ഷിക്കുന്നത് എന്തുകൊണ്ടാണ്? ഏകാധിപത്യത്തിലേക്കുള്ള വഴിയിലാണ് എന്നാണല്ലോ താങ്കള്‍ പറയുന്നത്?
ഇപ്പോഴും സമരം ചെയ്യുന്ന ഇന്ത്യയിലെ ജനങ്ങളിലാണ് എന്റെ പ്രതീക്ഷ. ഈ ജനസഞ്ചയമാണ് പൂര്‍ണമായും ഒരു ഏകാധിപത്യ രാജ്യമായി മാറുന്നതില്‍ നിന്ന് ഇന്ത്യയെ തടയുന്നത്.

ഇന്ത്യ ഇപ്പോള്‍ പൂര്‍ണമായും ഏകാധിപത്യത്തില്‍ അല്ലെങ്കില്‍ മോദി ഒരു ഏകാധിപതിയാണെന്ന് പറയാനാകുമോ?
മോദിയുടെ കാര്യത്തിലും ഈ സ്‌പെക്ട്രം ബാധകമാണ്. ഒരൊറ്റ സ്വിച്ചിലല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ വെച്ച് വിലയിരുത്തിയാല്‍ മോദി 70-80 ശതമാനം ഏകാധിപതിയാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. മോദി ഒരു ഏകാധിപതിയാണെങ്കില്‍ പിന്നെ എങ്ങനെയാണ് എനിക്ക് ശബ്ദമുയര്‍ത്താന്‍ സാധിക്കുന്നത് എന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. അവരോട് എനിക്ക് പറയാനുള്ളത്, ഇതിനകം തന്നെ നിരവധി പേരെ നിശ്ശബ്ദരാക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്. നിരവധി സ്വതന്ത്ര ജേണലിസ്റ്റുകള്‍ പണി നിര്‍ത്തുന്ന സ്ഥിതിയുണ്ടായി. നിരവധി യൂട്യൂബ് ചാനലുകളെ തന്നെ ബാന്‍ ചെയ്യുകയുണ്ടായി. അതുകൊണ്ടുതന്നെ അധികം വൈകാതെ എന്റെ ചാനലും ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം. എന്നെയും നിശ്ശബ്ദനാക്കിയേക്കാം.

ജര്‍മനി, ബ്രിട്ടന്‍ പോലുള്ള വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് മോദിയെക്കുറിച്ച് എന്താണ് അഭിപ്രായം?
വിദേശ മാധ്യമങ്ങള്‍ എന്തായാലും മോദിയുടെ നിയന്ത്രണത്തിലല്ല. അതുകൊണ്ടുതന്നെ രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അത് വായിക്കുന്നവര്‍ക്ക് കൃത്യമായി അഭിപ്രായം രൂപീകരിക്കാന്‍ സാധിക്കും.

അപ്പോള്‍ താങ്കള്‍ പറയുന്നത് വിദേശ മാധ്യമങ്ങളില്‍ മോദിയെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ സത്യസന്ധമാണെന്നാണോ?
അതെല്ലാം സ്വതന്ത്രമായ അഭിപ്രായങ്ങളാണ്. എല്ലാറ്റിനുമുപരി അതെല്ലാം ചില നിരീക്ഷണങ്ങള്‍ മാത്രമാണ്.

പക്ഷേ, അതിലൊരു പ്രശ്‌നമുണ്ട്. വിദേശ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യത്യസ്തനായ ഒരു മോദിയെയാണ് അദ്ദേഹം തന്നെ അവതരിപ്പിക്കുന്നത്. ഈയിടെ പുറത്തുവന്ന പ്യൂ റിസര്‍ച്ച് സര്‍വേ പറയുന്നത് 75 ശതമാനം ഇന്ത്യക്കാര്‍ മോദിയെ ഇഷ്ടപ്പെടുന്നുവെന്നാണ്. മോദി ഒരു ഏകാധിപതിയാണ് എന്ന അഭിപ്രായം ഇവിടെ യോജിക്കുന്നില്ലല്ലോ?
ഇത്തരം സര്‍വേകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അവയെല്ലാം തന്നെ ഏറെ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. അതേ ഏജന്‍സിയുടെ സര്‍വേ തന്നെ, 62-65 ശതമാനം ആളുകള്‍ രാഹുല്‍ ഗാന്ധിയെ ഇഷ്ടപ്പെടുന്നു എന്നും പറയുന്നുണ്ട്. സര്‍വേയില്‍ എങ്ങനെ ചോദ്യം ഉന്നയിക്കുന്നു എന്നതിനനുസരിച്ച് ഫലം മാറുന്നുണ്ട്. ഇതൊരു ഉദാഹരണത്തിലൂടെ പറയാം. എന്റെ കൈയില്‍ ഒരു ബര്‍ഗര്‍ ഉണ്ടെന്നു കരുതുക. അത് 75% ഹെല്‍ത്തിയാണ്, ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിന് നിങ്ങള്‍ 0 10 ഇടയില്‍ ഒരു റേറ്റിങ് നല്‍കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ എത്ര റേറ്റിങ് നല്‍കും?

ഓകെ. 8 എന്ന് റേറ്റിങ് കൊടുക്കാം.
ഇനി മറ്റൊരു ബര്‍ഗര്‍ സങ്കല്‍പിക്കുക. 25% അനാരോഗ്യകരമായ ഘടകങ്ങളാണ് ഇതിലുള്ളത്. 25 ശതമാനവും ട്രാന്‍സ് ഫാറ്റാണ്. അതാകട്ടെ ആരോഗ്യത്തിന് ഹാനികരവുമാണ്. കാന്‍സറിനു വരെ അത് കാരണമാകാം. നേരത്തേ നല്‍കിയ അതേപോലെ ഇതിനും റേറ്റിങ് കൊടുക്കുകയാണെങ്കില്‍ എത്ര നല്‍കും?

2 അല്ലെങ്കില്‍ 3 നല്‍കാം.
ഇതാണ് കാര്യം. രണ്ടും ഒരേ ബര്‍ഗര്‍ തന്നെയാണ്. ഞാന്‍ ചോദിക്കുന്ന രീതിയിലാണ് മാറ്റമുള്ളത്. 75% ഹെല്‍ത്തി എന്നും 25% അണ്‍ഹെല്‍ത്തി എന്നുമാണ് രണ്ടിലുമുള്ളത്. ചില താല്‍പര്യങ്ങളോടെയാണ് ചോദ്യങ്ങള്‍ ഉണ്ടാക്കുന്നതെങ്കില്‍ അത്തരം സര്‍വേകള്‍ ഫലശൂന്യമാണ്.

നിങ്ങള്‍ ഗവര്‍ണര്‍മാര്‍, ഇ ഡി, ഇലക്ഷന്‍ കമ്മീഷന്‍, സി ബി ഐ പോലുള്ള ഏജന്‍സികളെ പല വീഡിയോകളിലും വിമര്‍ശിക്കുന്നുണ്ട്. അതിലുള്ള ഓരോ വ്യക്തികള്‍ക്കും അവര്‍ക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നവരല്ലേ? തെറ്റായ കാര്യങ്ങള്‍ നിരസിക്കാനും അധികാരമുണ്ടല്ലോ? പിന്നെ എന്തുകൊണ്ടാണ് ഇവരെല്ലാം മോദിയുടെ താല്‍പര്യത്തിനു വേണ്ടി നിലകൊള്ളുന്നത്?
ഇക്കാലത്ത് ഭരണഘടനാ പദവികളില്‍ ഇരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവര്‍ക്ക് സ്ഥാനം നഷ്ടപ്പെടാനും കുടുംബങ്ങളില്‍ സമ്മര്‍ദം അനുഭവിക്കാനും ഇടയാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് ഇത്തരം പേടികള്‍ ആവശ്യമില്ല. അവര്‍ക്ക് അവരുടെ ശക്തി വോട്ടിങിലൂടെ കാണിക്കാന്‍ സാധിക്കും. വോട്ടിങിലൂടെ ഈ സര്‍ക്കാരിനെ താഴെ ഇറക്കാനും രാജ്യത്തെ രക്ഷിക്കാനും സാധിക്കും.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ തുടര്‍ന്ന് നിങ്ങള്‍ ചെയ്ത വീഡിയോയില്‍ സാധാരണക്കാര്‍ക്കുള്ള ഈ സന്ദേശം കൃത്യമായി നല്‍കിയിരുന്നു. വളരെ വൈകാരികമായി തന്നെ നിങ്ങള്‍ പറഞ്ഞത്, ഈ വീഡിയോ മുഴുവന്‍ ഇന്ത്യക്കാരിലേക്കും എത്തിക്കണമെന്നാണ്. നിങ്ങളുടെ പ്രേക്ഷകര്‍ അങ്ങനെ ചെയ്യുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ അതിന്റെ ഓഡിയന്‍സിനെ പരിശോധിച്ചു. നിലവില്‍ 25 മില്യണിലധികം പേരാണ് അത് കണ്ടിരിക്കുന്നത്. അതൊരു വലിയ സംഖ്യയാണ്. അതിലെ ഓരോരുത്തരും 100 പേരിലേക്ക് ഷെയര്‍ ചെയ്താല്‍ തന്നെ കോടിക്കണക്കിന് പേരിലേക്ക് ഈ സന്ദേശമെത്തും. നിങ്ങള്‍ക്ക് എത്രത്തോളം ആത്മവിശ്വാസമുണ്ട്?
എന്റെ പ്രേക്ഷകരില്‍ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്. യൂട്യൂബില്‍ മാത്രമാണ് 25 മില്യണ്‍ ആളുകള്‍ വീഡിയോ കണ്ടത്. മറ്റ് പ്ലാറ്റ്‌ഫോമുകളും കൂടി കണക്കിലെടുത്താല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 5 ശതമാനം പേര്‍ ഓരോ വീഡിയോയും കാണുന്നുണ്ട് എന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍.

ഇ ഡി, തിരഞ്ഞെടുപ്പ് കമ്മീഷന്‍, സി ബി ഐ പോലെ അധികാരത്തിലിരിക്കുന്ന ആളുകളും സാധാരണക്കാരും വിരുദ്ധ ധ്രുവങ്ങളിലാണ് നില്‍ക്കുന്നത് എന്നു തോന്നിയിട്ടുണ്ടോ?
അതെ, അവര്‍ക്കിടയില്‍ വൈരുധ്യമുണ്ട്. ഒരു കൂട്ടര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയമാണ്. പക്ഷേ, സാധാരണക്കാര്‍ക്ക് പ്രതികരിക്കാന്‍ അവസരം ലഭിക്കുന്നില്ലെങ്കിലും അതിനുള്ള ആഗ്രഹമുണ്ട്. അവര്‍ക്കും ഇപ്പോഴുള്ള അവസ്ഥയില്‍ ഭയമുണ്ട്. തങ്ങളുടെ തൊഴിലിനെയോ കുടുംബത്തെയോ ബാധിക്കുമോ എന്നുള്ള പേടിയുണ്ട്.

ശരിയാണ്. എന്നാല്‍ വോട്ടിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ അവര്‍ സ്വതന്ത്രരാണല്ലോ. രഹസ്യമായാണ് വോട്ട് രേഖപ്പെടുത്തുന്നത്. ആ സന്ദര്‍ഭത്തില്‍ ധ്രുവ് രാഠിയുടെ സന്ദേശം അവര്‍ ഓര്‍ക്കുമോ? അതിനനുസരിച്ച് പ്രവര്‍ത്തിക്കുമോ?
ഓരോരുത്തരും വോട്ട് ചെയ്യുമ്പോള്‍ ഈ രാജ്യത്തിനു വേണ്ടിയാണിത് ചെയ്യുന്നത് എന്ന ബോധ്യത്തിലായിരിക്കണം. രാജ്യത്തിന്റെ ജനാധിപത്യവും ഭാവിയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നു മനസ്സിലാക്കണം.

ഈ രാജ്യത്തെ രക്ഷിക്കുന്നതിനായി വോട്ട് ചെയ്യുക എന്നതാണ് താങ്കളുടെ സന്ദേശം. അല്ലേ?
അതെ. തീര്‍ച്ചയായും.

രാജ്യത്തെ രക്ഷിക്കുക എന്നാല്‍ ഈ സര്‍ക്കാരിനെ താഴെ ഇറക്കുക എന്നാണ് അര്‍ഥം. അല്ലേ?
അതെ. ഇപ്പോഴത്തെ അര്‍ഥം അതാണ്. ഭാവിയില്‍ മറ്റേതെങ്കിലും സര്‍ക്കാരോ രാഷ്ടീയ പാര്‍ട്ടിയോ ഇതേപോലെ ചെയ്താല്‍ അപ്പോഴും അക്കാര്യം ഞാന്‍ തുറന്നുപറയും.

ശരിയാണ്. ഇപ്പോള്‍ ഈ രാജ്യത്തെ അപകടപ്പെടുത്തുന്നത് മോദി സര്‍ക്കാരാണ്. അതുകൊണ്ട് നാം വോട്ട് ചെയ്യേണ്ടത് അതിനെതിരെയാണ്.
അതെ. തീര്‍ച്ചയായും.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്, ഹേമന്ത് സോറന്റെ അറസ്റ്റ്, കോണ്‍ഗ്രസ് നേരിടുന്ന നികുതി ഭീകരത തുടങ്ങിയ സംഭവങ്ങളെ മുന്‍നിര്‍ത്തി മോദി സര്‍ക്കാരിന്റെ മനോഭാവത്തെ എങ്ങനെയാണ് കാണുന്നത്? മോദി പറയുന്നത് ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ് എന്നൊക്കെയാണ്. മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും അദ്ദേഹം ട്രീറ്റ് ചെയ്യുന്ന രീതിയെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഇത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ഓരോ ദിവസവും പുതിയ കേസുമായി വരികയാണ്. 25ലധികം പ്രധാന നേതാക്കളാണ് ബിജെപിയിലേക്ക് ചുവടുമാറിയത്. പാര്‍ട്ടി മാറുന്നതോടെ അവര്‍ക്കെതിരെയുള്ള അന്വേഷണവും ഇല്ലാതാകുന്നു. ബിജെപി ഒരു വാഷിങ് മെഷീനായി മാറുകയാണ്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിട്ട് എന്തെങ്കിലും തെളിവ് ലഭിച്ചോ? ഹേമന്ത് സോറന്റെ വീട്ടില്‍ സ്മാര്‍ട്ട് ടിവിയും റഫ്രിജറേറ്ററും ഉണ്ടെന്നതാണോ അദ്ദേഹം അഴിമതി നടത്തിയതിന്റെ തെളിവ്? അങ്ങനെയാണല്ലോ പ്രസ്താവന നല്‍കിയത്? ഇവരൊന്നും അഴിമതി നടത്തി എന്നതിന് യാതൊരു തെളിവും ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. വാഷിങ് മെഷീന്‍ ഗെയിമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.

മോദി മുഖ്യമന്ത്രിമാരോട് കാണിക്കുന്ന സമീപനവും കോണ്‍ഗ്രസിനോട് കാണിക്കുന്ന നികുതി ഭീകരതയും അദ്ദേഹത്തിന്റെ ഏകാധിപത്യ മുഖമല്ലേ കാണിക്കുന്നത്?
തീര്‍ച്ചയായും. അദ്ദേഹം എന്തിനാണ് ഇത്ര പേടിക്കുന്നത്? അദ്ദേഹത്തിന്റെ ഭീരുത്വമാണ് ഇതിലൂടെ പ്രകടമാകുന്നത്.

അദ്ദേഹത്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഈ ഭീരുത്വം കാണിക്കുന്നത്?
എല്ലാ ഏകാധിപതികള്‍ക്കും ഉള്ളില്‍ ഭയമാണ്. അവരുടെ അരക്ഷിതാവസ്ഥയാണ് ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍. ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റൊരിക്കല്‍ എന്നോട് ഇവര്‍ ചെയ്യുമോ എന്ന പേടി അവര്‍ക്കുണ്ടാകും. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തത് അതുകൊണ്ടാണ്. ജൂതന്മാരെ താന്‍ ഗ്യാസ് ചേംബറില്‍ ഇട്ടതുപോലെ മറ്റുള്ളവര്‍ എന്നെയും ഇടുമോ എന്ന പേടിയിലാണ് ഹിറ്റ്‌ലര്‍ ജീവിച്ചിരുന്നത്.
നരേന്ദ്ര മോദിയുടെ അവസാനത്തെ തിരക്കഥയില്ലാത്ത അഭിമുഖം നടത്തിയത് ഒരുപക്ഷേ താങ്കളായിരിക്കും. അതിനു ശേഷം ഒരു അഭിമുഖത്തിനു പോലും അദ്ദേഹത്തിന് ധൈര്യമില്ല. ആ പേടിയിലാണ് മുഴുവന്‍ മാധ്യമങ്ങളെയും നിയന്ത്രിക്കാന്‍ അദ്ദേഹം മുതിരുന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രമാണിച്ച് അദ്ദേഹത്തിന്റെ ധാരാളം അഭിമുഖങ്ങള്‍ വരുന്നുണ്ട്. പക്ഷേ, ഒരു അഭിമുഖത്തിലും കൗണ്ടര്‍ ചോദ്യങ്ങള്‍ ഉണ്ടാവുന്നില്ല. എല്ലാം തിരക്കഥ പോലെ നടക്കുന്നതാണ്. തിരക്കഥയിലില്ലാത്ത ഒരു ചോദ്യം പോലും നേരിടാന്‍ അദ്ദേഹത്തിന് ധൈര്യമില്ല.

താങ്കളുടെ വീഡിയോയില്‍ മുഖ്യധാരാ മാധ്യമങ്ങളെ കൂടി വിമര്‍ശിക്കുന്നുണ്ട്. രാജ്യം ആവശ്യപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ വേണ്ട രൂപത്തില്‍ പരമ്പരാഗത മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നു തോന്നുന്നുണ്ടോ?
അതെ. അതില്‍ ഒരു ശതമാനം പോലും സംശയമില്ല. ഗോദി മീഡിയ എന്നുതന്നെയാണ് വിളിക്കാനുള്ളത്.

ഇന്ത്യ ഏകാധിപത്യത്തിലേക്ക് വഴിമാറുന്നു എന്നതുപോലുള്ള വീഡിയോ ചെയ്തതിനു ശേഷം ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രതികരണമുണ്ടായോ? താങ്കളോട് സംസാരിക്കാനോ തിരുത്താനോ ശ്രമിച്ചിരുന്നോ?
ഔദ്യോഗികമായി എന്നെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ, കുറച്ച് മാസങ്ങള്‍ക്കു മുമ്പ് എന്നെ ബന്ധപ്പെടാന്‍ ഏജന്റുമാര്‍ മുഖേന ശ്രമം നടത്തിയിരുന്നു. ചില വിവാദങ്ങളൊക്കെ നടക്കുന്ന സമയമാണ്. താങ്കള്‍ക്ക് ഇത്ര പണം നല്‍കാം, കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച് വീഡിയോ ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. സ്വാഭാവികമായും ഞാനത് നിരസിച്ചു. പിന്നീട് എന്റെ മറ്റ് യൂട്യൂബ് സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണ് അവര്‍ക്കും സമാനമായ ഓഫര്‍ വന്നിട്ടുണ്ട് എന്നറിയുന്നത്. അങ്ങനെ ചിലരൊക്കെ വീഡിയോ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് കേന്ദ്രമന്ത്രിമാര്‍ ഒക്കെ യൂട്യൂബ് ചാനലുകളില്‍ അഭിമുഖവുമായി വന്നതിന്റെ പശ്ചാത്തലം ഇതായിരിക്കാം. അവര്‍ പണം വാങ്ങിയാണ് ചെയ്യുന്നത് എന്ന് ഉറപ്പിച്ചു പറയാന്‍ എന്റെ കൈയില്‍ തെളിവുകള്‍ ഒന്നുമില്ല. ചോദ്യങ്ങള്‍ നേരത്തേ നല്‍കണമെന്നും വീഡിയോ ഔട്ട് ചെയ്യുന്നതിനു മുമ്പായി അവരെ കാണിക്കണം എന്നുമാണ് നിബന്ധന വെച്ചിരുന്നത്. അത്തരം പരിപാടികളെ അഭിമുഖമെന്നു വിളിക്കാന്‍ പറ്റില്ല. പി ആര്‍ കളികള്‍ മാത്രമാണത്.

സര്‍ക്കാര്‍ താങ്കളോട് പ്രതികാരം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
ഞാന്‍ ശരിയായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതെല്ലാം ഈ രാജ്യത്തിനു വേണ്ടിത്തന്നെയുമാണ്. അതുകൊണ്ട് ഭയപ്പെടുന്ന സാഹചര്യമില്ല. ഈ സന്ദര്‍ഭത്തില്‍ നാം ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ അത് തീരാനഷ്ടമാകുമെന്ന ബോധ്യത്തിലാണ് ഞാനുള്ളത്.

തിരികെ ഇന്ത്യയിലേക്ക് വരുമ്പോഴോ അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെയുള്ള കുടുംബത്തെയോ അപായപ്പെടുത്തുമെന്ന് പേടിക്കുന്നുണ്ടോ?
അത്തരം ഭയമൊന്നുമില്ല. എന്തു സംഭവിച്ചാലും പിന്നോട്ടില്ല എന്ന നിലപാടാണ് എനിക്കുള്ളത്.

അഥവാ മോദി മൂന്നാം തവണയും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ച് വര്‍ഷം ഇന്ത്യയുടെ സ്ഥിതി എന്തായിരിക്കും?
ഭാവി പ്രവചിക്കാന്‍ കഴിയില്ലല്ലോ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വെച്ച് ചില നിരീക്ഷണങ്ങള്‍ നടത്താന്‍ സാധിക്കും. മണിപ്പൂര്‍ പൂര്‍ണമായും അവര്‍ നശിപ്പിച്ചു. ലഡാക്ക് നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ ലഡാക്കും പൂര്‍ണമായും ഇല്ലാതാകും. അവിടത്തെ തദ്ദേശീയ സംസ്‌കാരവും തനത് പൈതൃകങ്ങളും നശിപ്പിക്കപ്പെടും. ലക്ഷദ്വീപ്, ഛത്തീസ്ഗഡ് ഒക്കെ മറ്റ് ഉദാഹരണങ്ങളാണ്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും ജൈവവൈവിധ്യവുമെല്ലാം നശിപ്പിക്കപ്പെടും. രാജ്യത്തെ ഭിന്നിപ്പിച്ച് ജനാധിപത്യം ഇല്ലാതാക്കും. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പോലുള്ള ആശയങ്ങള്‍ രാജ്യത്തെ നശിപ്പിക്കാനുള്ളതാണ്. സര്‍ക്കാരുകളുടെ നാമമാത്രമായ പ്രതിബദ്ധത പോലും അതോടെ ഇല്ലാതാകും. പെട്രോളിന്റെ വിലയൊക്കെ 200 കടക്കും. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സൗജന്യ വിദ്യാഭ്യാസം ഇല്ലാതാകും. തൊഴിലില്ലായ്മ രൂക്ഷമാകും. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തും.

രാജ്യത്തെ പ്രബലമായ ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. അവരെ ബാബറിന്റെ കുട്ടികള്‍ എന്നാണ് ഈ സര്‍ക്കാര്‍ വിളിച്ചുകൊണ്ടിരിക്കുന്നത്. പാകിസ്താനിലേക്ക് പോകൂ എന്നാണ് ആക്രോശിക്കുന്നത്. 2022ല്‍ ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദ് പരസ്യമായി വംശീയ ഉന്മൂലനം പ്രഖ്യാപിക്കുന്നു. സര്‍ക്കാരും പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. മുസ്‌ലിംകളോട് ഈ രാജ്യം ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് എന്താണ് തോന്നുന്നത്?
ഈ സാമുദായിക ധ്രുവീകരണം നടപ്പാക്കുന്നത് അധികാരം നിലനിര്‍ത്തുന്നതിനാണ്. പണവും അധികാരവും അവര്‍ക്ക് ഇഷ്ടമുള്ളവരില്‍ തന്നെ കേന്ദ്രീകരിക്കാനുള്ള തത്രപ്പാടാണിത്. യഥാര്‍ഥ ഹിന്ദുക്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: ഇവിടെ മുസ്‌ലിംകളുടെ പേര് പറഞ്ഞുള്ള കളി അധികാരത്തിനു വേണ്ടി മാത്രമാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനും ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ തന്നെ ഇലക്ടറല്‍ ബോണ്ടുകളിലൂടെ സത്യം വെളിപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. രാജ്യത്തെ പ്രമുഖ ബീഫ് കമ്പനികള്‍ കോടികളാണ് ബിജെപിക്ക് സംഭാവന നല്‍കിയിരിക്കുന്നത്. ഹിന്ദുവിന്റെ പേര് പറഞ്ഞുള്ള നാടകം മാത്രമാണിതെന്ന് വ്യക്തമാണ്. ബിജെപിയുടെ ഈ കളികള്‍ക്കൊന്നും ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല. ഈ സര്‍ക്കാര്‍ ഏതെങ്കിലും വിഭാഗങ്ങളോട് വിവേചനം കാണിച്ചാല്‍ അത് മറ്റാര്‍ക്കെങ്കിലും നേട്ടമാകുമെന്ന് ഒരാളും കരുതേണ്ടതില്ല.

താങ്കള്‍ക്ക് ധാരാളം ഫോളോവേഴ്‌സുണ്ട്. സെലിബ്രിറ്റി സ്റ്റാറ്റസ് ഒരു ഭാരമായി തോന്നാറുണ്ടോ?
ലക്ഷക്കണക്കിന് പേര്‍ എന്നെ കേള്‍ക്കുന്നു എന്നതുകൊണ്ട് പറയുന്ന കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്താറുണ്ട്. മറ്റ് ഭാരങ്ങളൊന്നുമില്ല.

അവസാനമായി, രാഷ്ട്രീയത്തില്‍ ചേരാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
(ചിരി) സാധാരണ ഈ ചോദ്യത്തിന് നോ എന്നാണ് ഉത്തരം പറയാറുള്ളത്. പക്ഷേ, ഭാവിയില്‍ കാര്യങ്ങള്‍ എങ്ങനെയൊക്കെയാണ് വരുക എന്നറിയില്ലല്ലോ. ഇനി, പിന്നീട് എപ്പോഴെങ്കിലും രാഷ്ട്രീയത്തില്‍ ചേര്‍ന്നാല്‍, ഇയാള്‍ മുമ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണല്ലോ പറഞ്ഞിരുന്നത് എന്നും പറഞ്ഞ് ഈ വീഡിയോ പൊക്കിപ്പിടിച്ച് വരാന്‍ പാടില്ലല്ലോ (ചിരി). അതുകൊണ്ട് നടക്കുന്നപോലെ നടക്കട്ടെ എന്നാണ് ഉത്തരം നല്‍കാനുള്ളത്.

സിനിമയിലേക്ക് അവസരം കിട്ടിയാല്‍?
നിലവിലെ കൊമേഴ്‌സ്യല്‍ ഫിലിം വ്യവസായത്തോടും ആ സംസ്‌കാരത്തോടും താല്‍പര്യമില്ല. എനിക്ക് ചില ഓഫറുകള്‍ വന്നിരുന്നതാണ്. നേരെമറിച്ച്, എജ്യൂക്കേഷണല്‍ ഫിലിമുകളോ ആര്‍ട്ട് ഫിലിമുകളോ മറ്റോ ആണെങ്കില്‍ താല്‍പര്യം തോന്നിയേക്കാം.

നരേന്ദ്ര മോദിയെ വിമര്‍ശിക്കുകയും ധൈര്യമായി രാഷ്ട്രീയം പറയുകയും ചെയ്യുന്ന താങ്കളുടെ നിലപാടിനെ പ്രശംസിക്കുന്നു. ശക്തമായ രാഷ്ട്രീയ സന്ദേശവുമായി ഇനിയും മുന്നോട്ടുപോകാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. നന്ദി.

തയ്യാറാക്കിയത്:
നാദിര്‍ ജമാല്‍

Back to Top