തൊഴിലില്ലായ്മ രാജ്യത്തിന്റെ യൗവനം പാഴാകുന്നു
അഡ്വ. നജാദ് കൊടിയത്തൂര്‍
അസമത്വവും ദാരിദ്ര്യവും വേര്‍തിരിക്കാനാവാത്തവയാണ് എന്ന് പറഞ്ഞത് ഇന്ത്യയെക്കുറിച്ചും അതിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും അഗാധമായി പഠനം നടത്തിയ നൊബേല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ അമര്‍ത്യ സെന്‍ ആണ്. പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മൂന്നില്‍ ഒരു യുവാവ് തൊഴിലില്ലായ്മ നേരിടുന്നു. തൊഴിലില്ലായ്മ 29.1% ലേക്ക് ഉയര്‍ന്നിരിക്കുന്നു. ഇതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യമുന്നയിക്കുന്നിടത്താണ് രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.
രാജ്യം അനുഭവിക്കുന്ന വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ഭരണകൂട ഭീകരതയുടെയും അപരവത്കരണത്തിന്റെയും നിയമവാഴ്ചയില്ലായ്മയുടെയും കിഴക്കന്‍ സംസ്ഥാനങ്ങളിലെ പൗരത്വ നിഷേധത്തിന്റെയുമെല്ലാം അന്തര്‍ലീനമായ കാരണം കൂടിയാണ് രാജ്യത്ത് നിലനില്‍ക്കുന്ന ഗുരുതരമായ സാമ്പത്തിക അസമത്വവും തന്മൂലമുണ്ടാവുന്ന ദാരിദ്ര്യവും. ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ട സാമഗ്രികള്‍ പോലും വാങ്ങാന്‍ കഴിയാത്ത രീതിയില്‍ രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സമയത്ത് മറുവശത്ത് ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട ഏപ്രില്‍ 10 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ ഇക്കോണമി ആയി മാറിയിരിക്കുന്നു.
2027 ആവുന്നതോടെ ഇന്ത്യ ഒരു അഞ്ച് ട്രില്ല്യന്‍ ഇക്കോണമി ആവുമെന്ന് രാജ്യത്തിന്റെ ധനമന്ത്രി പറയുന്നു. രാജ്യത്ത് പഞ്ചസാര നിറച്ച സോഡാപാനീയം മാത്രം വില്‍ക്കുന്ന പെപ്‌സികോ കമ്പനിയുടെ, രജിസ്ട്രാര്‍ ഓഫ് കമ്പനീസ്‌നു നല്‍കുന്ന വിവരം അനുസരിച്ചുള്ള വാര്‍ഷിക വരുമാനം 8129 കോടി രൂപയാണ്. കൊക്കോകോള ഇന്ത്യയുടെ വാര്‍ഷിക വരുമാനം 12840 കോടി രൂപയാണ്, മുന്‍കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40% വര്‍ധനവാണത്. ഇങ്ങനെയുള്ള ഇന്ത്യാരാജ്യത്ത് യുവാക്കള്‍ക്ക് കേവലം 12800 രൂപ മാസശമ്പളം ലഭിക്കുന്ന ജോലി പോലുമില്ല എന്നത് മനസ്സിലാക്കുമ്പോഴാണ് രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്‌നത്തിന്റെ ആഴം മനസ്സിലാവുക.
ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോര്‍ട്ട് 2024
തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ചു ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലപ്മെന്റ് പതിവായി പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ മൂന്നാമത്തേതാണ് ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോര്‍ട്ട് 2024. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ(ഐഎല്‍ഒ) പങ്കാളിത്തത്തോടെ ആരംഭിച്ച ഈ റിപ്പോര്‍ട്ട്, ഇന്ത്യയിലെ വളര്‍ന്നുവരുന്ന സാമ്പത്തിക, തൊഴില്‍ വിപണി, വിദ്യാഭ്യാസ, നൈപുണ്യ സാഹചര്യങ്ങളുടെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കണ്ട മാറ്റങ്ങളുടെയും പശ്ചാത്തലത്തില്‍ യുവാക്കളുടെ തൊഴിലിന്റെ വെല്ലുവിളി പരിശോധിക്കുന്ന വളരെ പ്രസക്തമായ റിപ്പോര്‍ട്ടാണ്.
ഈ റിപ്പോര്‍ട്ടില്‍, അടിയന്തിരമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യ ഏറെ അഭിമാനം കൊള്ളുന്ന അതിന്റെ യുവാക്കളുടെ ജനസംഖ്യാ വിഹിതം പാഴായിപ്പോകുമെന്ന മുന്നറിയിപ്പ് നമുക്ക് വായിച്ചെടുക്കാം. റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ തൊഴില്‍ ശക്തിയിലേക്ക് ഓരോ വര്‍ഷവും കൂട്ടിച്ചേര്‍ക്കപ്പെടുന്ന 7-8 ദശലക്ഷം വരുന്ന യുവാക്കള്‍ രാജ്യത്തിന്റെ മൊത്തം തൊഴില്‍രഹിതരുടെ 83% പങ്കുകൊള്ളുന്നു. ഇത് രാജ്യത്തിന്റെ ഭരണകര്‍ത്താക്കളെയും ഒരു ഇലക്ഷനെ അഭിമുഖീകരിക്കുന്ന സമ്മതിദായകരെന്ന നിലക്ക് രാജ്യത്തെ ഓരോ പൗരനെയും അലോസരപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ സങ്കടകരമായ വാര്‍ത്ത തൊഴില്‍രഹിതരായ യുവാക്കളില്‍ തന്നെ അഭ്യസ്തവിദ്യരായവരുടെ, അതായത് കുറഞ്ഞത് സെക്കണ്ടറി ലെവല്‍ വിദ്യാഭ്യാസം ലഭിച്ചവരുടെ വിഹിതം, 2000 ലെ 35.2%ല്‍ നിന്നു 2022 ല്‍ 65.7 %ലേക്ക് ഉയര്‍ന്നു എന്നതാണ്. കൂടാതെ ബിരുദധാരികളായ യുവാക്കളിലെ തൊഴിലില്ലായ്മ (29.1%) വായിക്കാനും എഴുതാനും അറിയാത്ത യുവാക്കളെക്കാള്‍ (3.4%) ഒന്‍പത് മടങ്ങ് കൂടുതലാണ് എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആരെയും ആകുലപ്പെടുത്തുന്ന ഈ കണക്കുകള്‍ കാണിക്കുന്നത് മാന്യമായ വേതനം പ്രതീക്ഷിക്കുന്ന വിദ്യാസമ്പന്നരായ യുവാക്കളെ ആകര്‍ഷിക്കാന്‍ കെല്‍പ്പുള്ള ജോലികളുടെ അഭാവവും നിലവിലുള്ള ജോലികളുടെ തന്നെ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസ സംവിധാനങ്ങളെയുമാണ്. ഇതിനെല്ലാം പുറമെ രാജ്യത്തെ പണപ്പെരുപ്പം വേതനത്തെ ഒന്നുകില്‍ കുറയ്ക്കുകയോ അല്ലെങ്കില്‍ മുരടിപ്പിക്കുകയോ ചെയ്തിരിക്കുന്നു. 2036 ആവുന്നതോടെ ഇന്ത്യയില്‍ യുവാക്കളുടെ വിഹിതം 2021 ലെ 27%ല്‍ നിന്നു 23% ആയി കുറയുമെന്ന കണക്കുകള്‍ കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഇന്ത്യക്ക് അതിന്റെ ഏറ്റവും വിലയേറിയ ഡെമോഗ്രാഫിക് ഡിവിഡന്റിനെ (demographic divident) പ്രയോജനപ്പെടുത്താനുള്ള വാതിലുകള്‍ ത്വരിതഗതിയില്‍ അടഞ്ഞു തുടങ്ങുന്നതായി നമുക്ക് കാണാം.
റിപ്പോര്‍ട്ട് തുറന്നു കാട്ടുന്ന മറ്റു രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് ഇന്ത്യയിലെ 90 ശതമാനം തൊഴിലാളികളും അനൗപചാരികമായി തൊഴിലില്‍ (informal employment) ഏര്‍പ്പെട്ടിരിക്കുന്നു എന്നതാണ്. ഉയര്‍ന്നു വരുന്ന വിദ്യാഭ്യാസ നിരക്ക് നോക്കുന്ന സമയത്ത് ഇത്തരം തൊഴിലുകള്‍ ആകര്‍ഷകമല്ല എന്ന വസ്തുത നമുക്ക് സുവ്യക്തമാണ്. എന്നാലും തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ശൂന്യതയില്‍ നിന്നു രക്ഷപ്പെടാന്‍ ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ജനങ്ങള്‍ ഏത് ജോലിയും ചെയ്യാന്‍ തയ്യാറാവുന്നു.
2024 ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോര്‍ട്ട് പുറത്തു വിടുന്ന വിവരം ഇന്ത്യയില്‍ കാര്‍ഷികരംഗത്തു നിന്നു കാര്‍ഷികേതര മേഖലകളിലേക്കു പതുക്കെയുണ്ടായിരുന്ന മാറ്റം 2019 നു ശേഷം വിപരീതമായിരിക്കുന്നു എന്നതാണ്. കാര്‍ഷിക മേഖലയിലെ തൊഴില്‍ പ്രാതിനിധ്യത്തില്‍ ഉണ്ടാകുന്ന കൂടുതലും മൊത്തം കാര്‍ഷിക തൊഴില്‍ ശക്തിയില്‍ വന്ന വളര്‍ച്ചയും ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ വിദ്യാഭ്യാസ സംവിധാനങ്ങളും നൈപുണ്യ വികസന പദ്ധതികളുമൊന്നും നിലവിലുള്ള തൊഴിലുകള്‍ ആവശ്യപ്പെടുന്ന രീതിയിലല്ല എന്നതും കൂടിയാണ്. ഇവിടെയാണ് നയപരമായ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ കൃത്യമായ ആലോചനകള്‍ വേണമെന്ന വാദമുന്നയിക്കപ്പെടുന്നത്.
തൊഴിലില്ലായ്മയിലെ ലിംഗ വ്യത്യാസം
തൊഴിലില്ലായ്മ എന്ന പൊതുവായ വികാരത്തില്‍ തുല്യരാണെങ്കിലും ഇന്ത്യയില്‍ സ്ത്രീകളിലെ തൊഴിലില്ലായ്മ പുരുഷന്മാരെ അപേക്ഷിച്ചു വളരെ കൂടുതലാണ്. സ്ത്രീകളിലെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കില്‍ (Labour Force Participation Rate) 2019 നു ശേഷം പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും അത് ഗ്രാമീണ കാര്‍ഷികരംഗത്തെ അനൗപചാരികമായ തൊഴിലിലുണ്ടായ വര്‍ധനവിന്റെ വെളിച്ചത്തില്‍ മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഒരു വലിയ വിഭാഗം യുവാക്കള്‍, വിശിഷ്യാ യുവതികള്‍, ഔദ്യോഗിക വിദ്യാഭ്യാസമോ ജോലിയോ മറ്റു നൈപുണ്യ പരിശീലനങ്ങളോ ഇല്ലാതെ ഈ കണക്കുകള്‍ക്കൊക്കെ പുറമെ ഉണ്ട് എന്നതും ഏറെ ശ്രദ്ധിക്കേണ്ട വസ്തുതയാണ്. വാസ്തവത്തില്‍, തൊഴിലിലോ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഇല്ലാത്ത സ്ത്രീകള്‍, അവരുടെ പുരുഷ എതിരാളികളേക്കാള്‍ (48.4 ശതമാനവും 9.8 ശതമാനവും) ഏകദേശം അഞ്ചിരട്ടി കൂടുതലാണ്. കൂടാതെ 2022 ലെ കണക്കുകള്‍ പ്രകാരം തൊഴിലിലോ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഇല്ലാത്ത മൊത്തം യുവജനങ്ങളുടെ 95 ശതമാനവും സ്ത്രീകളാണ്.
2019 ന് ശേഷമുള്ള, വര്‍ധിച്ചുവരുന്ന തൊഴിലിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും സ്വയം തൊഴില്‍ ചെയ്യുന്ന തൊഴിലാളികളാണ്. അവരില്‍ ശമ്പളമില്ലാത്ത (സ്ത്രീകള്‍) കുടുംബ തൊഴിലാളികളാണ് കൂടുതലുള്ളത്. 2000-ന് ശേഷം ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരുന്ന സ്ഥിരം ജോലിയുടെ പങ്ക് 2018-ന് ശേഷം കുറയാന്‍ തുടങ്ങിയതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
യുവാക്കള്‍ കൃഷിയില്‍ താരതമ്യേന കുറവും വ്യവസായത്തിലും സേവനങ്ങളിലും കൂടുതല്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ്. എന്നാല്‍ യുവാക്കള്‍ വളരുകയും ഉയര്‍ന്ന വിദ്യാഭ്യാസം നേടുകയും ചെയ്യുമ്പോള്‍, അവര്‍ കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. യുവാക്കളെ അപേക്ഷിച്ച് യുവതികളാണ് കൃഷിയില്‍ ഏര്‍പ്പെടുന്നത്. വ്യാപാരം, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, പൊതുഭരണം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, സംഭരണം, ആശയവിനിമയം തുടങ്ങിയ തൃതീയ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പുരുഷന്മാര്‍ക്ക് അനുകൂലമായി വലിയ ലിംഗ വ്യത്യാസമുണ്ട്.
2000-നും 2019-നും ഇടയില്‍, യുവാക്കള്‍ മുതിര്‍ന്നവരേക്കാള്‍ വളരെ അധികം കൃഷിയില്‍ നിന്ന് മാറി. എന്നാല്‍, കൊവിഡ്-19 പാന്‍ഡമിക് യുവാക്കളുടെ തൊഴില്‍ മേഖലയെ കാര്‍ഷികേതര മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ദീര്‍ഘകാല പ്രവണതയെ മാറ്റിമറിച്ചു എന്ന വസ്തുതയും പ്രസക്തമാണ്.
സാമ്പത്തിക വളര്‍ച്ച രാജ്യത്തിന്റെ തൊഴില്‍ വിപണിയുടെ അവസ്ഥകളില്‍ ചില നല്ല സ്വാധീനങ്ങള്‍ ചെലുത്തിയിട്ടുണ്ടെങ്കിലും, അത് തൊഴില്‍ സാഹചര്യങ്ങളില്‍ സമൂലമായ ഘടനാപരമായ പരിവര്‍ത്തനത്തിന് കാരണമായിട്ടില്ല എന്നത് വസ്തുതാപരമാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്കുള്ള രാജ്യമായി ഇന്ത്യ നിലനില്‍ക്കുന്നത് മേല്‍പ്പറഞ്ഞ ഗണ്യമായ ലിംഗ അസമത്വങ്ങളുടെ പ്രതിഫലനമാണ്. 2022 ല്‍ ജോലി ചെയ്യാന്‍ സാധിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ മൊത്തം ജനസംഖ്യയില്‍ 25 ശതമാനം മാത്രമാണ് ജോലിയിലേര്‍പ്പെട്ടിട്ടുള്ളത് എന്നത് ഇതിന്റെ വാസ്തവത്തെ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് കാലത്ത് ഉണ്ടായ ഉപജീവന തൊഴിലിലെ വളര്‍ച്ചയും കൂടി പരിഗണിച്ചാല്‍ സ്ത്രീകളുടെ തൊഴില്‍ പ്രാതിനിധ്യം ഇനിയും പ്രതിസന്ധിയിലാവും.
ഗിഗ് വര്‍ക്ക് പ്ലാറ്റ്‌ഫോം തൊഴിലുകള്‍
സാങ്കേതിക മാധ്യമം വഴി വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ അല്‍ഗൊരിതങ്ങള്‍ മുഖേന നിയന്ത്രിക്കുന്ന പുതിയ തൊഴിലുകളാണ് ഗിഗ് വര്‍ക്കുകള്‍ അല്ലെങ്കില്‍ പ്ലാറ്റ്‌ഫോം വര്‍ക്കുകള്‍ എന്ന് അറിയപ്പെടുന്നത്. ഇത് അനൗപചാരികമായ തൊഴിലുകളുടെ (infromal work) ഒരു വിപുലീകരണം മാത്രമാണ്. യാതൊരു സാമൂഹിക സുരക്ഷയും വ്യവസ്ഥകളും വാഗ്ദാനം ചെയ്യാത്ത ഇത്തരം ജോലികളുടെ ദ്രുതഗതിയിലുള്ള കടന്നു വരവ് ഇന്ത്യയുടെ തൊഴില്‍ ഘടനയില്‍ത്തന്നെ സാരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഇത്തരം പുതിയ ഇനം തൊഴിലുകള്‍ യുവാക്കളില്‍ ജോലി സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഐ എല്‍ ഓ യുടെ പഠനം (2021) അനുസരിച്ച്, ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ പ്ലാറ്റ്ഫോം തൊഴിലാളികളില്‍ ഭൂരിഭാഗവും 35 വയസ്സിന് താഴെയുള്ളവരായിരുന്നു. ഈ രാജ്യങ്ങളിലൊക്കെ യുവാക്കള്‍ പ്ലാറ്റ്‌ഫോം ജോലികള്‍ നല്‍കുന്ന ഫ്‌ലെക്‌സിബിളായ വര്‍ക്ക് ക്രമീകരണങ്ങളും സ്വയം ഭരണവും വീട്ടിലിരുന്ന് ജോലിചെയ്യുന്നതിന്റെ ആശ്വാസവും യുവാക്കളെ ഗണ്യമായി ഇത്തരം ജോലികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നു. യോഗ്യതാ പരിമിതിയുള്ളവര്‍ക്കും തങ്ങളുടെ കരിയറിലെ തുടക്കക്കാര്‍ക്കും ഇത്തരം ജോലികള്‍ പ്രയോജനപ്പെടുന്നുണ്ട് എന്നതും പ്ലാറ്റ്‌ഫോം ജോലി തിരഞ്ഞെടുക്കുന്നതിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതലെന്നതും ശ്രദ്ധേയമാണ്. ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് ആറു വയസ്സിന് താഴെയുള്ള കുട്ടികളുള്ള ഏകദേശം 21 ശതമാനം സ്ത്രീകള്‍ക്കും (2021 ILO പഠനത്തില്‍) ചെലവേറിയ ശിശു സംരക്ഷണം, പരിചരണ സൗകര്യങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നത് കാരണം തൊഴില്‍ വിപണിയിലെ പരമ്പരാഗതമായ തൊഴിലവസരങ്ങള്‍ പിന്തുടരാന്‍ കഴിയാതെ പോകുന്നു എന്നത്.
ഈ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍ പ്ലാറ്റ്‌ഫോം വര്‍ക്കുകള്‍ സ്ത്രീകള്‍ക്ക് അവരുടെ പരിചരണ ചുമതലകള്‍ നിറവേറ്റുന്നതോടൊപ്പം തന്നെ വരുമാനമുള്ള ജോലി എന്ന ആവശ്യകതയും ഫലപ്രദമായി അഭിസംബോധന ചെയ്യുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏതാണ്ട് 7.7 ദശലക്ഷം മുതല്‍ 18 ദശലക്ഷം വരെ ഗിഗ് വര്‍ക്കര്‍മാര്‍ ഉണ്ട്. പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ കൃത്യമായ പ്രായാടിസ്ഥാനത്തിലുള്ള വിതരണം ലഭ്യമല്ലെങ്കില്‍ കൂടെ വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം, ഇന്റര്‍നെറ്റിലേക്കുള്ള വ്യാപകമായ ആക്സസ്, ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകളുടെ ലഭ്യത എന്നിവ കണക്കിലെടുത്ത് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഈ മേഖലയുടെ തൊഴില്‍ സൃഷ്ടി സാധ്യതകള്‍ നിരവധി പഠനങ്ങള്‍ എടുത്തുകാണിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഗിഗ് വര്‍ക്കുകള്‍ ഒരുപാട് പ്രതിസന്ധികളും തുറന്നു വെക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഗിഗ് എക്കണോമിയിലും പ്ലാറ്റ്‌ഫോം വര്‍ക്കിലും ജീവനക്കാരും സ്വയം തൊഴില്‍ ചെയ്യുന്നവരും എന്ന വ്യത്യാസം മങ്ങിയിരിക്കുകയാണ് എന്ന വസ്തുത. ഇതിന്റെ പ്രധാന കാരണം അല്‍ഗോരിതങ്ങള്‍ മാനേജ്മന്റ് രീതികള്‍, നിയമനങ്ങള്‍, നിരീക്ഷണങ്ങള്‍, മൂല്യനിര്‍ണയം, പേയ്‌മെന്റ് പ്രക്രിയകള്‍ എന്നിവ നിയന്ത്രിക്കുന്നു എന്നതാണ്.
അതുപോലെ തന്നെ സുപ്രധാനമായ മറ്റൊന്നാണ് നിയമപരമായ തൊഴില്‍ അവകാശങ്ങളും മറ്റു നിയന്ത്രണങ്ങളും. നിലവില്‍, ഇന്ത്യയിലെ ഗിഗ് അല്ലെങ്കില്‍ പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്ക് 2020-ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് മാത്രമേ ബാധകമാകൂ. മറ്റു തൊഴില്‍ നിയമങ്ങളൊന്നും തന്നെ ഇത്തരം തൊഴിലുകള്‍ക്ക് നിലവില്‍ ബാധകമല്ല. രാജസ്ഥാന്‍ സര്‍ക്കാരിന്റെ സമീപകാല സംരംഭം ഈ വിഷയത്തില്‍ സ്വാഗതാര്‍ഹമായ നടപടിയാണ്. രാജസ്ഥാന്‍ സര്‍ക്കാര്‍ ഗിഗ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ആക്റ്റ് അംഗീകരിക്കുകയും ഒരു ഗിഗ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ആന്റ് ഡെവലപ്മെന്റ് ബോര്‍ഡ് സ്ഥാപിക്കുകയും അതിനുവേണ്ടി 2023 ല്‍ 20 ദശലക്ഷം രൂപ ഫണ്ട് അനുവദിക്കുകയും ചെയ്തു.
ലാഭം കൂട്ടുന്ന കമ്പനികള്‍, ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍
2023 ജൂലൈ മാസത്തെ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (ഇങകഋ) യുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ നിര്‍മാണ മേഖലയില്‍ 2016 ല്‍ 51 ദശലക്ഷം വരുന്ന ജോലികള്‍ ഉണ്ടായിരുന്നത് 2023 ലേക്ക് വന്നപ്പോള്‍ 36 ദശലക്ഷമായി കുറഞ്ഞു. ഉയര്‍ന്ന തലങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുടെയും തൊഴില്‍ അത്രയൊന്നും സുരക്ഷിതമല്ല എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 ലെ കണക്കുകള്‍ പ്രകാരം കൊറോണ ലോക്ഡോണ്‍ കാരണം 120 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് അവരുടെ ജോലികള്‍ നഷ്ടപ്പെട്ടു. 2021 ല്‍ 10 ദശലക്ഷം ജോലികള്‍ നഷ്ടപ്പെട്ടു. 97% വീടുകളിലും ഗാര്‍ഹിക വരുമാനം താഴ്ന്നു.
മേല്പറഞ്ഞത് കോവിഡിന്റെ കണക്കുകളല്ലേ എന്ന് ചിന്തിക്കുന്നവര്‍ അതിനു ശേഷമുള്ള കണക്കുകള്‍ കൂടെ കാണണം. ഇന്ത്യന്‍ സ്റ്റാഫിങ് ഫെഡറേഷന്റെ കണക്ക് പ്രകാരം 2023 മെയ് മാസത്തില്‍ ഐ ടി മേഖലയില്‍ ഏതാണ്ട് 6 ശതമാനം കോണ്‍ട്രാക്ട് ജോലികള്‍ നഷ്ടപ്പെട്ടു. ജൂണ്‍ 2023ല്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ജോലിചെയ്യുന്ന 11000 വരുന്ന തൊഴിലാളികള്‍ക്ക് അവരുടെ ജോലികള്‍ നഷ്ടപ്പെട്ടു. ആഗസ്റ്റ് മാസത്തിലെ കണക്കുകളിലേക്ക് വരുമ്പോള്‍ ലേ ഓഫിന്റെ സുനാമിയാണ് നമ്മള്‍ കണ്ടത്. 2.26 ലക്ഷം തൊഴിലാളികളെ ഇന്ത്യയിലെ ടെക് കമ്പനികള്‍ പറഞ്ഞുവിട്ടു. 2022 ലെ കണക്കുകളില്‍ നിന്നു 40% ന്റെ വര്‍ധനയാണിത്. ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് വിവിധ കമ്പനികളുടെ തൊഴില്‍ നിയമനങ്ങളുടെ കണക്കുകള്‍.
എഞ്ചിനീയറിംഗ്, ഐ ടി മേഖലയിലെ വിദ്യാര്‍ഥികളുടെ പ്രധാന സാധ്യതകളായിരുന്ന ടാറ്റ, വിപ്രോ, കോഗ്‌നിസന്റ് പോലുള്ള വന്‍കിട കമ്പനികളൊന്നും തന്നെ കാര്യമായ നിയമനങ്ങള്‍ നടത്തുന്നില്ല. 2023 ലെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചു ഐ ടി കമ്പനികളില്‍ നാലും അവരുടെ നിയമനങ്ങളുടെ കാര്യത്തില്‍ താഴോട്ടാണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് മാത്രമാണ് പുരോഗതി കാണിച്ചിരിക്കുന്നത്. ഇതിന്റെ കാരണം രാജ്യത്തിന്റെ മൊത്തം സാമ്പത്തിക തകര്‍ച്ചയോ കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടമോ ഒന്നുമല്ല എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
രാജ്യത്തിന്റെ ജി ഡി പി വളര്‍ച്ച കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നിട്ടേ ഉള്ളൂ. മാത്രമല്ല ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ 2023 ലെ ലാഭത്തിലുണ്ടായ വളര്‍ച്ച 9% ആണ്. അതായത് 11,342 കോടി രൂപ. ഇന്‍ഫോസിസിന്റെത് 8,517 കോടി രൂപയും. ഇവിടെ കമ്പനികള്‍ക്ക് കൃത്യമായി ലാഭമുണ്ടാവുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ അവരുടെ പക്കല്‍ മാന്യമായ വേതനമുള്ള തൊഴിലുകളൊന്നും തന്നെയില്ല. ഉള്ള ജോലികളില്‍ തന്നെ തൊഴിലാളികള്‍ അധിക സമയം ജോലിയെടുക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഇത് തൊഴിലാളികളില്‍ വര്‍ധിച്ച മാനസിക പിരിമുറുക്കങ്ങള്‍ക്ക് (workplace burnout) കാരണമാവുകയും ചെയ്യുന്നു.
മക്കിന്‍സി ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് (McKinsey Health Institute) പുറത്തു വിട്ട 2023 ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്തവരാണ് ഏറ്റവും കൂടുതല്‍ തൊഴില്‍സ്ഥലത്തെ മാനസിക പിരിമുറുക്കം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഈ ഒരു റിപ്പോര്‍ട്ടില്‍ മാത്രം കാണുന്ന വസ്തുതയല്ല. 2023 ലെ ഏഷ്യ മെന്റല്‍ ഹെല്‍ത്ത് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ പകുതിയിലധികം വരുന്ന തൊഴിലാളികള്‍ തങ്ങളുടെ ജോലികളില്‍ അതൃപ്തരും എക്സോസ്റ്റഡ് ആയി ഫീല്‍ ചെയ്യുകയും ചെയ്യുന്നു എന്ന് പറയുന്നു. ഐ എല്‍ ഓ യുടെ 2021 ലെ റിപ്പോര്‍ട്ടില്‍ ‘ഇന്ത്യയിലെ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുകയും ഏറ്റവും കുറഞ്ഞ വേതനം കൈപ്പറ്റുകയും ചെയ്യുന്നു’ എന്ന് പറഞ്ഞിരിക്കുന്നതില്‍ വലിയ അതിശയോക്തിയൊന്നുമില്ല.
ഈ പ്രവണത ആഗോള തലത്തിലും വ്യത്യസ്തമൊന്നുമല്ല എന്നതും നമ്മള്‍ മനസ്സിലാക്കണം. ലോകത്തെ പ്രശസ്തമായ ഒരുപാട് കമ്പനികളുടെ രീതിശാസ്ത്രം ഇതുതന്നെയാണ്. ആമസോണ്‍ 2023ല്‍ 9000 ജോലികളാണ് കട്ട് ചെയ്തത്. വാട്‌സാപ്പ് ഫേസ്ബുക് തുടങ്ങിയവയുടെ പാരന്റ് കമ്പനിയായ മെറ്റാ 21000 പേരെയാണ് 2023 നവംബറില്‍ പറഞ്ഞുവിട്ടത്. ട്വിറ്റര്‍ (ഇപ്പോള്‍ ‘എക്‌സ്’) 2022 ലെ കണക്കുകള്‍ പ്രകാരം കേവലം 80 ജോലിക്കാരെയാണ് ഇന്ത്യയില്‍ നിയോഗിച്ചിട്ടുള്ളത്.
ഇവിടെ സുവ്യക്തമായിക്കാണുന്ന ഒരു പ്രവണത, കമ്പനികള്‍ പരിധിവിട്ട് വലുതാവുന്ന സമയത്ത് അവിടെ തൊഴില്‍വളര്‍ച്ച കുറയുകയാണ് എന്നതാണ്. ഇന്ത്യയിലെ ബിസിനസ് ഭീമനായ അദാനി ഗ്രൂപ്പിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 2023ല്‍ 11 ലക്ഷം കോടി രൂപയാണ്. എന്നാല്‍ അവരുടെതന്നെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് വെറും 43000 തൊഴിലാളികളെയാണ് അവര്‍ നിയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ 15 ല്‍ അധികം ബ്രാന്‍ഡുകളുള്ള, സണ്‍ഫീസ്‌റ് ബിസ്‌ക്കറ്, ക്ലാസ്സ്മേറ്റ് നോട്ട്ബുക്, ബിന്‍ഗോ, വിവിധ സിഗരറ്റുകള്‍ തുടങ്ങിയ ബ്രാന്‍ഡുകളൊക്കെ സ്വന്തമായ ഐ ടി സി എന്ന കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 54 ലക്ഷം കോടി രൂപയാണ്. എന്നാല്‍, വെറും 23000 തൊഴില്‍ മാത്രമാണ് കമ്പനി നല്‍കുന്നത്. ഇതേപോലെതന്നെ 50 ഓളം വരുന്ന പെപ്‌സൊടെന്റ് , ക്ലോസ് അപ്പ്, ലൈഫ് ബോയ്, റെഡ് ലേബല്‍ ചായ, ബ്രൂ കോഫി, ഹോര്‌ലിക്‌സ്, സര്‍ഫക്‌സല്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉടമസ്ഥപ്പെടുത്തിയ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്ന കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 59 ലക്ഷം കോടി രൂപയാണ്. വാര്‍ഷിക വരുമാനം 58,154 കോടി രൂപയാണ്. എന്നാല്‍ വെറും 21000 തൊഴിലാളികളാണ് ആ കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നത്.
ഈ പറഞ്ഞ പ്രശ്‌നത്തിന്റെയൊന്നും കാരണം രാജ്യത്തെ യുവാക്കള്‍ക്ക് നൈപുണ്യമില്ലാത്തതുകൊണ്ടോ യോഗ്യതയില്ലാത്തതുകൊണ്ടോ അല്ല. മറിച്ച് രാജ്യത്ത് ജോലികള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നതുകൊണ്ടാണ്. ഇവിടെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴില്‍ വാഗ്ദാനങ്ങളെയും സര്‍ക്കാരുകളുടെ മാര്‍ക്കറ്റ് നയങ്ങളെയും നമ്മള്‍ വിശകലനം ചെയ്യേണ്ടത്.
സര്‍ക്കാര്‍ ഇടപെടലിന്റെ അനിവാര്യത
തീര്‍ച്ചയായും തൊഴില്‍ ചെയ്യാനുള്ള സന്നദ്ധതയും, കഴിവും, പ്രാഗല്‍ഭ്യവുമെല്ലാം തൊഴിലില്ലായ്മയുടെ ഘടകങ്ങളാണെങ്കിലും സാമ്പത്തികവും സാമൂഹികവുമായ ഉച്ചനീചത്വങ്ങളും തുല്യതയില്ലായ്മയും നിറഞ്ഞും മുഴച്ചും നില്‍ക്കുന്ന ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്ത് ജനങ്ങളെ തൊഴിലില്ലായ്മയില്‍ നിന്നും അതുമൂലമുണ്ടാകുന്ന ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാരിന്റെ നയപരവും നിയമപരവുമായ ഇടപെടലുകള്‍ അത്യന്താപേക്ഷിതമാണ്.
സര്‍ക്കാര്‍ നയപരമായ പദ്ധതികളിലൂടെയും നിയമ നിര്‍മാണത്തിലൂടെയും ഒരു തൊഴില്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതും ഇടപെടാത്തതും ഒരുപോലെ ‘സര്‍ക്കാരിന്റെ ഇടപെടല്‍’ ആയി പരിഗണിക്കുന്ന ഒരു തലത്തില്‍ നിന്ന് വേണം ഈ വിഷയത്തെ അഭിമുഖീകരിക്കാന്‍. പ്രസ്തുത വിഷയത്തില്‍ നിയമനിര്‍മാണം നടത്തുക എന്നത് സര്‍ക്കാരിന്റെ ഒരു തീരുമാനമാണ്. അത് പോലെത്തന്നെ ഒരു വിഷയത്തില്‍ നിയമനിര്‍മാണം നടത്താതിരിക്കുക എന്നതും സര്‍ക്കാരിന്റെ തീരുമാനമാണ്. ഇവിടെയാണ് ഗിഗ് വര്‍ക്കര്‍മാരും കര്‍ഷകരും ഇന്ത്യയിലെ തൊഴിലാളികളുടെ ബഹുഭൂരിപക്ഷവും വരുന്ന അനൗപചാരിക തൊഴിലാളികളും കാലങ്ങളായി സര്‍ക്കാര്‍ നയങ്ങളുടെ അവഗണനക്ക് വിധേയമായതിനെ നമ്മള്‍ പരിശോധിക്കേണ്ടതും മനസ്സിലാക്കേണ്ടതും.
സര്‍ക്കാരുകള്‍ കേവലം ലോണ്‍ നല്‍കുന്നതില്‍ നിന്നു മാറി ഉത്പാദന സംവിധാനങ്ങളും മാര്‍ഗങ്ങളും നല്‍കുകയും സ്റ്റോറേജ് സ്‌പേസുകള്‍ ഉണ്ടാക്കുകയും വില്‍പ്പന കേന്ദ്രങ്ങള്‍ ഒരുക്കുകയും ചെയ്ത് കൂടുതല്‍ ആക്റ്റീവ് ആയ റോള്‍ സ്വീകരിക്കേണ്ടതുണ്ട്. 1929 ല്‍ അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യമുണ്ടായി, ചൈനയില്‍ മാവോ സേ തുങ്ങിന്റെ കാലത്ത് മാര്‍ക്കറ്റ് മന്ദീഭവിച്ച അവസ്ഥയുണ്ടായി, 1960 കളില്‍ സിംഗപ്പൂരില്‍ ചേരികള്‍ കണക്കെയുള്ള അവസ്ഥയുണ്ടായി. എന്നാല്‍ ഇതിനെയെല്ലാം ഈ രാജ്യങ്ങള്‍ മറികടന്നത് അവിടുത്തെ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടതുകൊണ്ടാണ്. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ ഇത്രയും വലിയ ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശരിപ്പെടുത്തുക വളരെ ശ്രമകരമാണ്.
ഇന്ത്യയിലും ഇതിനുള്ള ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ദേശസാല്‍ക്കരണ പ്രക്രിയ അതിലൊന്നാണ്. എല്‍ ഐ സി, എസ് ബി ഐ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലൂടെ തൊഴില്‍ ലഭിച്ചത് ലക്ഷക്കണക്കിന് അഭ്യസ്തവിദ്യര്‍ക്കാണ്. ഇന്ത്യയില്‍ ധവള വിപ്ലവത്തിലൂടെ രാജ്യത്തിനെ ലോകത്തെ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ക്ഷീരോല്‍പ്പാദന രാജ്യമായി വളര്‍ത്തി. ഇന്നും ആയിരങ്ങള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങളാണ് അമുല്‍ പോലുള്ള ക്ഷീരോല്‍പ്പാദന സ്ഥാപനങ്ങള്‍. ഹൈദരാബാദ് ഇന്ന് ഒരു ഐ ടി ഹബ് ആയി മാറിയിട്ടുണ്ടെങ്കില്‍ അതിനുപിന്നിലും സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകള്‍ കാണാന്‍ സാധിക്കും.
രാജ്യത്തിന്റെ ഭാവി
ഗാന്ധിയുടെ ചര്‍ക്കയെ പലപ്പോഴും ആളുകള്‍ വിലകുറച്ചു കാണാറുണ്ടെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന വ്യവസായങ്ങളില്‍ ഒന്ന് കരകൗശല വ്യവസായമാണ്. 2022 ലെ ഐ എം ആര്‍ ഗ്രൂപ്പിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ കരകൗശല നിര്‍മാണത്തിന്റെ മാര്‍ക്കറ്റ് വാല്യൂ 32000 കോടി രൂപയായിരുന്നു. എന്നാല്‍ ഈ മേഖലയിലുള്ള തൊഴിലിന്റെ എണ്ണം 6.9 ദശലക്ഷമായിരുന്നു. ഈ കണക്ക് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ കണക്കുകളുമായി താരതമ്യം ചെയ്തു നോക്കിയാല്‍ രാജ്യത്തിന്റെ ഭാവി എങ്ങനെയാണ് വിഭാവനം ചെയ്യേണ്ടത് എന്നു വ്യക്തമാകും. 58000 കോടി രൂപ വരുമാനമുള്ള ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ ജോലി ലഭിച്ചത് വെറും 21000 പേര്‍ക്കാണ്. 650 ഇരട്ടി കൂടുതല്‍ തൊഴിലുകളാണ് കരകൗശല മേഖലയില്‍ ലഭ്യമായത്. രാജ്യത്തെ നാട്ടിന്‍പ്രദേശങ്ങളിലും നഗരങ്ങളിലും ഒക്കെയുള്ള ഓരോ ചെറിയ കടകളും ഒന്നും രണ്ടും പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. ഇങ്ങന നോക്കുന്ന സമയത്ത് പക്കോഡ വില്‍ക്കുന്നതും ജോലിയാണ്! പക്ഷെ പ്രശ്‌നമുദിക്കുന്നത് ആ പക്കോഡയുണ്ടാക്കാന്‍ വേണ്ട അവശ്യ സാധനങ്ങള്‍ ഓരോന്നിനും വില വര്‍ധിച്ചിരിക്കുകയാണ് എന്നതാണ്.
വികേന്ദ്രീകൃതമായ തൊഴിലുകളാണ് കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നത്. അല്ലാത്തവ മുതലാളിമാരെ വലിയ മുതലാളിമാരാക്കുന്നു എന്ന് മാത്രം. മറ്റൊരു പ്രധാനപ്പെട്ട പരിഹാരമാര്‍ഗം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് വരുന്ന ഒഴിവുകള്‍ നിറക്കുക എന്നതാണ്. സര്‍ക്കാറിന്റെ പക്കല്‍ മതിയായ തൊഴില്‍ ഇല്ല എന്നത് വസ്തുതയാണ്. എന്നാല്‍ 2023 ല്‍ 9.64 ലക്ഷം തൊഴിലുകളാണ് കേന്ദ്ര ഗവണ്മെന്റില്‍ മാത്രം ഒഴിഞ്ഞു കിടക്കുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പക്കല്‍ 60 ലക്ഷം വരുന്ന തൊഴിലുകള്‍ ഒഴിഞ്ഞു കിടക്കുന്നു. സ്‌കൂളുകളിലും കോടതികളിലും പോലീസ് സേനകളിലും മന്ത്രിസഭകളിലും അങ്ങനെ സര്‍ക്കാര്‍ തലങ്ങളിലും അല്ലാതെയും തൊഴിലുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇവയിലേക്കുള്ള നിയമനങ്ങള്‍ നടന്നാല്‍ തന്നെ ലക്ഷക്കണക്കിന് വരുന്ന യുവാക്കളുടെ പ്രശ്‌നങ്ങള്‍ക്ക് വലിയ രീതിയില്‍ പരിഹാരമുണ്ടാകും. രാജ്യത്തിന്റെ സമ്പത്തായ മാനവവിഭവശേഷിയെ ഉപയോഗപ്പെടുത്താനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നയങ്ങള്‍ രൂപീകരിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുമെന്നതും തന്മൂലം സാമൂഹികമായ അരാജകത്വങ്ങള്‍ വളര്‍ന്നുവരുമെന്നുമുള്ള ദീര്‍ഘവീക്ഷണമാണ് അധികാരികള്‍ക്കുണ്ടാവേണ്ടത്. പ്രവര്‍ത്തനം തുടങ്ങേണ്ട സമയം അതിക്രമിച്ചു. ഈ രാജ്യം നമ്മള്‍ക്ക് വേണ്ടി നമ്മളാല്‍ കെട്ടിപ്പടുത്തതാണ്. ഇതിന്റെ ഉടമയും കാവല്‍ക്കാരനും നമ്മള്‍ തന്നെയാണ്.
References
1. India Employment Report 2024 Youth Employment, education and skills published by International Labour Organization and Institute for Human Development.
2. https://www.cmie.com , ( Centre for Monitoring Indian Economy Pvt. Ltd. )
3. India Needs Jobs !, Reality of Unemployment Crisis, Dhruv Rathee, accessed at https://www.youtube.com/watch?v=QyyrJhNWeKM