23 Monday
December 2024
2024 December 23
1446 Joumada II 21

ഇസ്‌ലാമിക തൊഴില്‍ സംസ്‌കാരത്തില്‍ അടിമച്ചന്തകളില്ല

സി കെ റജീഷ്‌


ജീവസന്ധാരണത്തിനായി മനുഷ്യര്‍ ശരീരവും മനസ്സും ഉപയോഗപ്പെടുത്തി വ്യത്യസ്ത തൊഴില്‍മേഖലകളില്‍ വ്യാപരിക്കുന്നവരാണ്. അന്നദാതാവായ അല്ലാഹു മനുഷ്യന് ഭൂമിയിലൂടെ സഞ്ചരിച്ച് ഉപജീവനവഴികള്‍ തേടിപ്പിടിക്കാനുള്ള ശേഷിയും സാധ്യതകളും സൗകര്യപ്പെടുത്തിക്കൊടുത്തു. മനുഷ്യവിഭവശേഷി വിനിയോഗത്തിലൂടെ ജീവിതവിഭവങ്ങളുടെ വിതരണവും പങ്കുവെക്കലുകളും നിര്‍വഹിക്കപ്പെടുന്ന വ്യവസ്ഥയാണ് പ്രപഞ്ച സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്നത്.
തൊഴില്‍ എന്നു വിളിക്കാവുന്ന മനുഷ്യന്റെ എല്ലാ പ്രയത്‌നങ്ങളും ഉല്‍പാദനത്തിന്റെ അടിസ്ഥാനമായി ഇസ്‌ലാം കണക്കാക്കുന്നു. പ്രവൃത്തിക്ക് അനുസരിച്ചായിരിക്കും ഫലം എന്ന തത്വം ഖുര്‍ആനില്‍ ഊന്നിപ്പറയുകയും ചെയ്യുന്നു. ”പുരുഷനാകട്ടെ സ്ത്രീയാകട്ടെ, സത്യവിശ്വാസത്തോടെ ആര് നല്ലത് പ്രവര്‍ത്തിക്കുന്നുവോ അവര്‍ക്ക് നാം ഏറ്റവും നല്ല പ്രവര്‍ത്തനത്തിന് പ്രതിഫലം നല്‍കുകയും ചെയ്യും” (16:97). അധ്വാനനിരതമായ ജീവിതത്തിന്റെ മധുരഫലങ്ങളാണ് മനുഷ്യന് ആഹ്ലാദകരമായ ജീവിതാവസ്ഥ സമ്മാനിക്കുന്നത്. അതുകൊണ്ട് സാധ്യമാകുന്ന തൊഴില്‍ ചെയ്തു ജീവിക്കുമ്പോള്‍ തന്നെ കാത്തുസൂക്ഷിക്കേണ്ട ധാര്‍മികതയും നൈതികതയും അതീവ ഗൗരവത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്നു.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധവും പൂര്‍ത്തിയാക്കേണ്ട ബാധ്യതകളും ലഭിക്കേണ്ട അവകാശങ്ങളും ഇസ്‌ലാമിക തൊഴില്‍ സംസ്‌കാരത്തിന്റെ മഹിത പാഠങ്ങളായി മനസ്സിലാക്കാന്‍ കഴിയും. കാലവും ലോകവും മാറുമ്പോള്‍ തൊഴില്‍രീതികളും തൊഴിലിനോടുള്ള കാഴ്ചപ്പാടുകളിലും അദ്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ പ്രകടമാണ്. എങ്കിലും കാലാതിവര്‍ത്തിയായ വിശുദ്ധ ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളും നിത്യപ്രസക്തമായ ആദര്‍ശമൂല്യങ്ങളും സംസ്‌കാരപാഠങ്ങളുമാണ് തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് പുതിയ കാലത്തും പുനര്‍വായിക്കേണ്ടതായി പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.
തൊഴിലിന്റെ മഹത്വം
കഴിവുകളും സാധ്യതകളും പ്രയോജനപ്പെടുത്തി സാധ്യമാകുന്ന തൊഴില്‍ ചെയ്ത് ജീവിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അലസരോ അന്യരുടെ മുമ്പില്‍ കൈ നീട്ടി യാചിക്കുന്നവരോ ആയി ജീവിക്കാതെ, സ്വന്തം കൈ കൊണ്ട് അധ്വാനിച്ച് ജീവിക്കുന്നതാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. മുഹമ്മദ് നബി(സ) പറഞ്ഞതായി ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”സ്വന്തം കരങ്ങള്‍ കൊണ്ട് സമ്പാദിച്ച ഭക്ഷണത്തേക്കാള്‍ മെച്ചപ്പെട്ട ഭക്ഷണം നിങ്ങളാരും തന്നെ കഴിച്ചിട്ടില്ല. അല്ലാഹുവിന്റെ ദൂതനായ ദാവൂദ് നബി(സ) സ്വന്തം കരങ്ങള്‍ കൊണ്ട് സമ്പാദിച്ച ഭക്ഷണമാണ് കഴിച്ചിരുന്നത്” (ബുഖാരി 3:943).
ഒരിക്കല്‍ ഒരു അന്‍സാരി വല്ലതും കിട്ടണമെന്ന് ആഗ്രഹിച്ച് നബി(സ)യെ സമീപിച്ചു. പ്രത്യക്ഷത്തില്‍ ആഗതന്റെ ആരോഗ്യനില തൃപ്തികരമാണെന്നു കണ്ട നബി(സ) അദ്ദേഹത്തിന് സ്വന്തമായി അവകാശപ്പെട്ട വല്ല വസ്തുക്കളുമുണ്ടോ എന്ന് അന്വേഷിച്ചു. ശൈത്യകാലത്ത് ഉപയോഗിക്കാറുള്ള ഒരു പുതപ്പും വെള്ളമെടുക്കാനുള്ള ഒരു പാത്രവുമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അത് രണ്ടും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
പ്രസ്തുത സാധനങ്ങള്‍ കൊണ്ടുവന്നപ്പോള്‍ നബി(സ) അത് ലേലം ചെയ്യുകയും കൂടുതല്‍ സംഖ്യ നല്‍കിയ ആള്‍ക്ക് കൊടുക്കുകയും ചെയ്തു. കിട്ടിയ തുക ഉടമസ്ഥനായ അന്‍സാരിയെ ഏല്‍പിച്ചു. പകുതി സംഖ്യക്ക് ധാന്യങ്ങള്‍ വാങ്ങി വീട്ടില്‍ കൊടുക്കാനും ബാക്കി തുകയില്‍ നിന്ന് ഒരു മഴു വാങ്ങാനും ഉപദേശിച്ചു. നബി(സ)യുടെ നിര്‍ദേശാനുസരണം മഴു വാങ്ങി കൊണ്ടുവന്നപ്പോള്‍ അദ്ദേഹം തന്നെ അതിന് ഒരു പിടി വെച്ചുകൊടുത്തു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: ”നിങ്ങള്‍ ഇതുമായി വിറക് വെട്ടി അങ്ങാടിയില്‍ കൊണ്ടുപോയി വിറ്റ് ജീവിക്കുക. ഏതാനും ദിവസങ്ങള്‍ക്കു ശേഷം വീണ്ടും എന്നെ കാണുക.”
ദിവസങ്ങള്‍ക്കു ശേഷം തന്റെ മുന്നിലെത്തിയ അന്‍സാരിയെ ഏറെ സന്തോഷഭരിതനായാണ് കാണുന്നത്. ആവശ്യമായ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വാങ്ങിയതിന്റെ ബാക്കി തുക വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”നാളെ പരലോകത്ത് അപമാനിതനാകുന്നതിനേക്കാള്‍ ഇതല്ലേ നല്ലതെ”ന്ന പ്രവാചകന്റെ ചോദ്യം അദ്ദേഹത്തെ കൂടുതല്‍ സന്തോഷഭരിതനാക്കി. ഈ സംഭവത്തെ മുന്‍നിര്‍ത്തി ഇമാം ബുഖാരി(റ) ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്: ”ജനങ്ങള്‍ നല്‍കട്ടെ നല്‍കാതിരിക്കട്ടെ, അവരോട് യാചിക്കുന്നതിനേക്കാള്‍ ഒരാള്‍ക്കുത്തമം സ്വന്തം ചുമലില്‍ വിറക് വഹിച്ച് ജീവിക്കുന്നതാണ്” (ബുഖാരി).

മറ്റുള്ളവരുടെ കാരുണ്യത്തിലോ ആനുകൂല്യങ്ങളുടെ തണലോ ആശ്രയിച്ചുകൊണ്ട് ജീവിക്കുകയല്ല വിശ്വാസികള്‍ ചെയ്യേണ്ടതെന്ന് നബി(സ) പഠിപ്പിക്കുന്നു. കഴിവുകള്‍ ഉപയോഗപ്പെടുത്തി സാധ്യമായ തൊഴിലെടുത്തു ജീവിക്കുമ്പോഴാണ് ആത്മാഭിമാനമുള്ളവരായി നാം മാറുന്നത്. അനുചരന്മാരെ തൊഴിലെടുത്ത് അഭിമാനകരമായ ജീവിതവഴി സ്വീകരിക്കാന്‍ നബി(സ) പഠിപ്പിച്ചു.
നബി(സ)യോടൊപ്പം മദീനയിലേക്ക് ഹിജ്‌റ പോയവര്‍ സ്വത്തുക്കളെല്ലാം മക്കയില്‍ ഉപേക്ഷിച്ചാണ് പോയത്. അവരുടെ ദയനീയാവസ്ഥയില്‍ അലിവ് തോന്നിയ അന്‍സാരികള്‍ തങ്ങളുടെ ഈത്തപ്പഴത്തോട്ടങ്ങളില്‍ പകുതി സൗജന്യമായി വിട്ടുകൊടുക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ നബി(സ)യുടെ പ്രതികരണം അനുകൂലമായിരുന്നില്ല. നബി(സ) പറഞ്ഞു: ”നിങ്ങള്‍ അവര്‍ക്ക് സൗജന്യമായി ഒന്നും വിട്ടുകൊടുക്കേണ്ടതില്ല. അവരോട് നിങ്ങള്‍ നിങ്ങളുടെ തോട്ടങ്ങളില്‍ ജോലി ചെയ്യാന്‍ പറയുക. എന്നിട്ട് കിട്ടുന്ന ഫലങ്ങള്‍ നിങ്ങള്‍ക്കിടയില്‍ ഓഹരി വെക്കുകയും ചെയ്യുക.” നബി(സ)യുടെ ഈ നിര്‍ദേശം അന്‍സാരികള്‍ സ്വീകരിച്ചു. സ്വപ്രയത്‌നത്തിലൂടെ അഭിമാനകരമായ ജീവിതം നയിക്കുന്നവരായി സ്വന്തം ജനതയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശിക്ഷണമായിരുന്നു നബി(സ) നല്‍കിയിരുന്നത്.
തൊഴില്‍രംഗത്തെ
ഉച്ചനീചത്വങ്ങള്‍

തൊഴിലിന്റെ പേരില്‍ മനുഷ്യരെ വിവിധ തട്ടുകളായി നിര്‍ത്തി ചില തൊഴിലെടുക്കുന്നവര്‍ക്ക് മാന്യതയും മറ്റു ചിലര്‍ക്ക് നിന്ദ്യതയും കല്‍പിക്കുന്ന സമ്പ്രദായത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അല്ലാഹു തിരഞ്ഞെടുത്ത പ്രവാചകന്മാര്‍ പോലും കുലത്തൊഴിലുകള്‍ ഉള്‍പ്പെടെ വ്യത്യസ്ത തൊഴിലുകളെടുത്ത് ജീവിച്ചവരായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. ദാവൂദ് നബി(അ) കൊല്ലപ്പണി, നൂഹ് നബി(അ) ആശാരിപ്പണി, ഇബ്രാഹീം നബി(അ)യും ഇസ്മാഈല്‍ നബിയും കല്ലാശാരിപ്പണി, മുഹമ്മദ് നബി(സ)യും മറ്റു പ്രവാചകന്മാരും ആട്ടിടയന്മാരുടെ പണി എന്നിവ എടുത്തിരുന്നുവെന്ന് ചരിത്രസംഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. മാന്യമായ ഏതൊരു തൊഴിലിനോടും വൈമുഖ്യമില്ലാതെ, തൊഴിലിന്റെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ ഉച്ചനീചത്വങ്ങള്‍ ഇല്ലാതെ അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കി ആത്മാഭിമാനത്തോടെ ജീവിക്കാനാണ് പ്രവാചകന്മാരുടെ ചരിത്രം വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നത്.
ഒരിക്കല്‍ പ്രവാചകന്‍ ജനദൃഷ്ടിയില്‍ നിസ്സാരമായി തോന്നിയ ജോലിയില്‍ ഏര്‍പ്പെട്ടു. ഇതു കണ്ടപ്പോള്‍ അനുചരന്മാര്‍ക്ക് അപമാനം തോന്നി. ഇതു മനസ്സിലാക്കി നബി(സ) ”ഞാന്‍ ചെയ്യുന്ന ജോലിയില്‍ പോലും ദുരഭിമാനം നടിക്കുന്നവര്‍ക്ക് എന്ത് പറ്റിപ്പോയി” എന്നു താക്കീത് നല്‍കിക്കൊണ്ട് ഒരു പ്രസംഗം നടത്തിയതായി ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തൊഴിലുടമ-
തൊഴിലാളി ബന്ധം

തൊഴിലാളി-തൊഴിലുടമ ബന്ധത്തിന്റെ പേരില്‍ ഒട്ടധികം സമരങ്ങളും സംഘട്ടനങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ട്. ജോലിക്കാരെ പലരും കീഴാളപദവിയില്‍ കഴിയുന്നവരായി കണക്കാക്കിയിരുന്നു. ജോലിക്കാരെ അടിമകളെപ്പോലെ കണക്കാക്കി അവരെക്കൊണ്ട് കഠിനമായ ജോലി ചെയ്യിക്കുകയും ശാരീരിക പീഡനങ്ങള്‍ ഏല്‍പിക്കുകയും തൊഴിലിനനുസരിച്ച കൂലി നിഷേധിക്കപ്പെടുകയും ചെയ്തിരുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. തൊഴിലുടമ കൊടുക്കുന്ന പ്രതിഫലം കൊണ്ട് തൊഴിലാളി തൃപ്തിപ്പെട്ടുകൊള്ളുകയെന്നതായിരുന്നു നിയമം. റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളിലെ അവസ്ഥയും തൊഴിലാളിക്ക് നീതി നിഷേധിക്കുന്ന വിധമായിരുന്നു. ഖലീഫ ഉമറി(റ)ന്റെ കാലത്ത് റോമിലെ ഗവര്‍ണറായിരുന്ന അംറുബ്‌നുല്‍ ആസ്(റ) റോമിലെ തൊഴിലാളികളുടെ ദയനീയാവസ്ഥ വിവരിച്ചുകൊണ്ട് ഖലീഫ ഉമര്‍(റ) ഇപ്രകാരം എഴുതി: ”ദൈവത്തിന്റെ കാരുണ്യം അര്‍ഹിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍, അവര്‍ തേനീച്ചകളെപ്പോലെ മറ്റുള്ളവര്‍ക്കു വേണ്ടി അധ്വാനിക്കുന്നു. എന്നാല്‍ അവരുടെ അധ്വാനഫലം അനുഭവിക്കാനുള്ള ഭാഗ്യം അവര്‍ക്ക് ലഭിക്കുന്നില്ല.”
നബി(സ) പ്രബോധന ദൗത്യവുമായി നിയോഗിക്കപ്പെട്ട കാലഘട്ടത്തില്‍ അറേബ്യയിലെ തൊഴിലാളികളുടെ സ്ഥിതിയും ദയനീയമായിരുന്നു. തൊഴിലുടമയുടെ ചാട്ടവാറടിക്ക് അവര്‍ മിക്കപ്പോഴും പുറം കാണിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഇസ്‌ലാമില്‍ തൊഴിലാളി-മുതലാളി എന്ന പക്ഷഭേദമില്ല. മേലാള-കീഴാള ചിന്ത തൊഴിലാളി-മുതലാളി ബന്ധത്തില്‍ സ്ഥാനം പിടിച്ചാല്‍ ചൂഷണവും പീഡനവും അതുവഴി സംഭവിക്കുന്നു. അതുകൊണ്ട് മാനുഷിക സംസ്‌കാരത്തിനു നിരക്കാത്ത ഈ സമീപനമല്ല ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.
‘നിങ്ങളുടെ ജോലിക്കാര്‍ നിങ്ങളുടെ സഹോദരങ്ങള്‍’ എന്ന അടിസ്ഥാന നയമാണ് പ്രവാചകന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നബി(സ)യുടെ നിര്‍ദേശം ശ്രദ്ധിച്ചാല്‍ സഹോദരബുദ്ധ്യാ തൊഴിലാളികളോട് സഹവസിക്കുമ്പോള്‍ സ്‌നേഹവും ആദരവും പരിഗണനയും പൂര്‍ണമായി നല്‍കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടും.
നബി(സ) പറഞ്ഞു: ”നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം അവര്‍ക്കും നല്‍കുക, നിങ്ങള്‍ ധരിക്കുന്ന വസ്ത്രം അവരെയും ഉടുപ്പിക്കുക. താങ്ങാന്‍ കഴിയാത്ത ഒരു ജോലിയും അവരുടെ തലയില്‍ വെച്ചുകൊടുക്കരുത്. അങ്ങനെ ചെയ്താല്‍ അവരെ സഹായിക്കുക. ജോലിക്കാരന്‍ ഭക്ഷണം കൊണ്ടുവന്നാല്‍ അവനെയും ഒപ്പമിരുത്തി ഭക്ഷണം കഴിക്കുക.”
നബി(സ)യുടെ അനുചരന്മാരുടെ ജീവിതത്തിലും തൊഴിലാളികള്‍ക്ക് ആദരണീയമായ സ്ഥാനവും അര്‍ഹമായ പരിഗണനയും നല്‍കിയതിന്റെ മികച്ച മാതൃകകള്‍ കാണാനാവും. നബി(സ) ശിഷ്യനായ അബൂദര്‍റ്(റ) ധരിച്ചിരുന്ന അതേ ഉടുപ്പ് തന്നെയാണ് അദ്ദേഹത്തിന്റെ ജോലിക്കാരനും ധരിക്കാനായി നല്‍കിയിരുന്നത്. ഖലീഫ അബൂബക്കര്‍(റ) സിദ്ദീഖ് പറഞ്ഞു: ”നിങ്ങളുടെ മക്കള്‍ക്ക് കല്‍പിക്കുന്ന അതേ സ്ഥാനം ജോലിക്കാര്‍ക്കും നല്‍കുക.” ഒമ്പതു വര്‍ഷം നബി(സ)യുടെ ജോലിക്കാരനായി സേവനമനുഷ്ഠിച്ച അനസ്(റ) പറയുന്നു: ”ഒരിക്കല്‍ പോലും നീ എന്തിനിങ്ങനെ ചെയ്തു, അല്ലെങ്കില്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല എന്ന് നബി(സ) എന്നോട് ചോദിച്ചിട്ടില്ല.”
പള്ളി തൂത്തുവാരിയിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. കുറച്ചു ദിവസമായി അവരെ കാണുന്നില്ല. ”ആ മനുഷ്യന്‍ എവിടെപ്പോയി?” നബി(സ) തിരുമേനി ചോദിച്ചു. അവര്‍ മരണപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍, തന്നെ ആ വിവരമറിയിക്കാത്തതില്‍ അദ്ദേഹം പരിഭവം പറഞ്ഞു. പിന്നെ ആ സ്ത്രീയുടെ ഖബറിനരികില്‍ ചെന്ന് നബി(സ) പ്രാര്‍ഥിച്ചു. ഒരിക്കല്‍ അബൂമസ്ഊദ്(റ) തന്റെ ജോലിക്കാരനെ പൊതിരെ തല്ലുന്നത് നബി(സ) കണ്ടു. പിന്നില്‍ നിന്ന് പ്രവാചകന്‍ ദേഷ്യസ്വരത്തില്‍ ‘അബൂമസ്ഊദ്’ എന്ന് വിളിച്ചു. ഉടനെ അദ്ദേഹത്തിന്റെ കൈയിലുള്ള വടി വാങ്ങി താഴെ എറിഞ്ഞു പ്രവാചകന്‍(സ) പറഞ്ഞു: ”താങ്കള്‍ ഒന്ന് മനസ്സിലാക്കണം: ഇവനെ അടിക്കുന്ന താങ്കളെയും പിടികൂടാന്‍ കഴിവുള്ളവനാണ് അല്ലാഹു.”
മാര്‍ഗനിര്‍ദേശങ്ങള്‍
തൊഴിലിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യം ആരുടെ മുന്നിലും പണയപ്പെടുത്തേണ്ടതില്ല. സ്രഷ്ടാവായ അല്ലാഹുവിന്റെ അടിമ ഒരു രംഗത്തും മറ്റൊരാളുടെ അടിമയായിരിക്കേണ്ടവനല്ല. തൊഴില്‍രംഗത്തും അനീതിയും ചൂഷണവും കടന്നുവരാതിരിക്കാനുള്ള പഴുതടക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നു. വ്യക്തമായ ഒരു കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണം തൊഴിലെന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇസ്‌ലാം പഠിപ്പിച്ചു. തൊഴില്‍സംബന്ധമായ ഒരു കരാര്‍ വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് വായിക്കാന്‍ കഴിയും. ഇവിടെ കക്ഷികള്‍ രണ്ടു ദൈവദൂതന്മാരാണ്, ശുഐബ് നബി(അ)യും മൂസാ നബി(സ)യും. ഈജിപ്തില്‍ നിന്നും ഫിര്‍ഔനിന്റെ ആളുകളുടെയും മര്‍ദനത്തില്‍ നിന്നു രക്ഷപ്പെട്ട മൂസാ(അ) മദ്‌യന്‍ പ്രദേശത്ത് അഭയം പ്രാപിക്കുന്നു. അദ്ദേഹം ഒരു കിണറിനരികെ വിശ്രമിക്കുമ്പോള്‍ തങ്ങളുടെ കാലികളെ വെള്ളം കുടിപ്പിക്കാനായി തടിച്ചുകൂടിയ ആളുകളെ കാണുന്നു.
അല്‍പം അകലെ ആള്‍ക്കൂട്ടത്തില്‍ നിന്നു വിട്ടുനിന്ന അതേ ആവശ്യത്തിനു തന്നെ തങ്ങളുടെ ഊഴം കാത്തുകൊണ്ടിരിക്കുന്ന രണ്ടു വനിതകളെയും കാണുന്നു. അവരുടെ നിസ്സഹായാവസ്ഥയില്‍ അനുകമ്പ തോന്നിയ മൂസാ(അ) അവര്‍ക്ക് ആവശ്യമായ വെള്ളം എടുക്കുന്നതിന് അവരെ സഹായിക്കുന്നു. ശുഐബ് നബി(അ)യുടെ പുത്രിമാരായിരുന്നു ആ വനിതകള്‍. തങ്ങളെ സഹായിച്ച അപരിചിതനായ യുവാവിനെക്കുറിച്ച് അവര്‍ പിതാവിനെ വിവരം അറിയിക്കുന്നു. അതു കേട്ട പിതാവ് ശുഐബ്(അ) ചെയ്ത വേലയ്ക്ക് കൂലി കൊടുക്കുന്നതിനായി ആ യുവാവിനെ കൂട്ടിക്കൊണ്ടുവരാന്‍ പുത്രികളോട് ആവശ്യപ്പെടുന്നു.
ശുഐബ്(അ) മൂസ(അ)യില്‍ ശക്തനായ ഒരു തൊഴിലാളിയെ കാണുന്നു. അദ്ദേഹത്തെ തന്റെ ജോലിക്കാരനായി കിട്ടിയാല്‍ കൊള്ളാമെന്ന ആഗ്രഹത്തോടെ ശുഐബ്(അ) തന്റെ ആഗ്രഹം മൂസ(അ)യെ അറിയിക്കുന്ന ഭാഗം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട് (28:27). ശുഐബി(അ)ന്റെ വാഗ്ദാനം എട്ടു വര്‍ഷം മൂസാ നബി(അ) കൂലിവേല ചെയ്യുമെന്ന വ്യവസ്ഥയില്‍ രണ്ടു പുത്രിമാരില്‍ ഒരാളെ വിവാഹം ചെയ്തുതരുമെന്നുള്ളതാണ്. മൂസാനബി(അ)യുടെ പ്രതികരണവും ഖുര്‍ആന്‍ നമുക്ക് അറിയിച്ചുതന്നിട്ടുണ്ട്: ”അദ്ദേഹം (മൂസാ) പറഞ്ഞു: അത് എന്റെയും നിങ്ങളുടെയും ഇടയിലുള്ളതത്രേ (നാം തമ്മിലുള്ള നിയമം). എന്റെ പേരില്‍ യാതൊരു കുറ്റവും ഉണ്ടാകാവതല്ല. നാം പറയുന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നവനാണ്” (38:28)
കരാറിലെ നിബന്ധനകളുടെ ലംഘനങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ ഒരു വിശ്വാസി ഒരിക്കല്‍ ചെയ്ത കരാര്‍ പാലിക്കാന്‍ ബദ്ധശ്രദ്ധനാണ്. ഖുര്‍ആന്‍ വിശ്വാസികളുടെ ഗുണവിശേഷണമായി എടുത്തുപറയുന്നു. ”അവര്‍ അമാനത്തുകളും കരാറുകളും പാലിക്കുന്നവരാണ്” (23:8). തൊഴിലാളി ഏത് മതവിഭാഗത്തില്‍ പെട്ടവനാണെങ്കിലും അവനോട് ചെയ്ത കരാറിലെ വ്യവസ്ഥ പാലിക്കാന്‍ സത്യവിശ്വാസി ബാധ്യസ്ഥനാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ കരാര്‍ പാലിക്കുക, കരാറിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്” (17:34).
തൊഴിലാളിയുടെ
അവകാശങ്ങള്‍

തൊഴിലാളിക്ക് തൊഴിലുടമ നല്‍കേണ്ട അവകാശങ്ങള്‍ നിരവധിയാണ്. മാന്യമായ കൂലി അവന്റെ അവകാശമാണ്. നബി(സ) പറഞ്ഞു: ”ഒരു തൊഴിലാളിക്ക് അവന്റെ വിയര്‍പ്പ് വറ്റുന്നതിനു മുമ്പായി അവന്റെ വേതനം നിങ്ങള്‍ നല്‍കുവിന്‍” (ഇബ്‌നുമാജ).
ഒരാളെ കൂലിക്ക് വിളിച്ച് പൂര്‍ണരൂപത്തില്‍ ജോലി ചെയ്യിക്കുകയും എന്നിട്ട് കൂലി കൊടുക്കാതിരിക്കുകയുമാണെങ്കില്‍ ആ തൊഴിലാളിക്കു വേണ്ടി പരലോകത്ത് അല്ലാഹു വാദിക്കുമെന്ന് നബി(സ) വ്യക്തമാക്കുന്നു. ഒരു തൊഴിലാളിയുടെ വിഷമാവസ്ഥ ചൂഷണം ചെയ്ത് അര്‍ഹമായ കൂലിയേക്കാള്‍ കുറച്ച് നല്‍കുകയാണെങ്കില്‍ കുറവ് വരുത്തിയ രിബയായി (അക്രമ പലിശ) കണക്കാക്കുമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജോലി നിര്‍വഹിച്ചുകഴിഞ്ഞാല്‍ കൂലി അമാനത്തായി മാറിക്കഴിഞ്ഞു; അതിനാല്‍ കൂലിയില്‍ കുറവ് വരുത്തുന്നത് വലിയ പാപമായി ഖുര്‍ആന്‍ പഠിപ്പിച്ചു. ”ജനങ്ങള്‍ക്ക് അവരുടെ വസ്തുക്കളില്‍ നഷ്ടം വരുത്തരുത്” (ശുഅറാഅ്), ”ഏറ്റവും കുറവ് വരുത്തുന്നവര്‍ക്ക് (മുഅഫ്ഫിഫൂന്‍) നാശം” എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇതിന്റെ ഗൗരവത്തോടെയാണ് ഓര്‍മപ്പെടുത്തുന്നത്.
തൊഴിലാളിയുടെ ജോലിസമയം നിജപ്പെടുത്തേണ്ടതുണ്ട്. അല്ലാഹു ഒരു മനുഷ്യന്റെ മേലും അവന്റെ കഴിവില്‍ പെട്ടതല്ലാതെ ചുമത്തുകയില്ല എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ കഴിവിന്റെ പരിധിക്കപ്പുറമുള്ളത് ചെയ്യാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കാന്‍ പാടില്ല. നബി(സ) പറഞ്ഞു: ”നിന്റെ ഭൃത്യന്റെ തൊഴിലില്‍ നീ അവന് ജോലിഭാരം കുറയ്ക്കുന്നത് നിന്റെ തുലാസില്‍ പുണ്യകര്‍മമായി വെക്കുന്നതാണ്” (ഇബ്‌നു ഹിബ്ബാന്‍). തൊഴിലാളി-മുതലാളി ബന്ധത്തില്‍ ഉലച്ചില്‍ തട്ടുന്നത് ഈ അവകാശങ്ങള്‍ ഏതെങ്കിലും അര്‍ഥത്തില്‍ ഹനിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോഴാണ്. തന്നെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളിക്ക് ആവശ്യമായത് നല്‍കാത്തതു കാരണം അയാള്‍ മോഷണം നടത്തുകയാണെങ്കില്‍ യഥാര്‍ഥ മോഷ്ടാവ് മുതലാളിയാണെന്ന ഖലീഫ ഉമറി(റ)ന്റെ വിധി ഇതിനോട് ചേര്‍ന്ന് നാം മനസ്സിലാക്കേണ്ടതാണ്.
തൊഴിലാളിയുടെ
കടമകള്‍

തൊഴിലാളിക്ക് അവകാശമുള്ളതുപോലെ തൊഴിലിനോട് പൂര്‍ണമായും പ്രതിബദ്ധത പുലര്‍ത്തുകയും വിശ്വസ്തത (അമാനത്ത്) പാലിക്കുകയും ചെയ്യുകയെന്നതാണ് ഒന്നാമത്തേത്. തൊഴിലാളിയുടെ ഗുണവിശേഷണമായി ഖുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: ”നിശ്ചയം, താങ്കള്‍ ശമ്പളക്കാരനായി (കൂലിക്കാരനായി) എടുക്കുന്നവരില്‍ ഉത്തമന്‍ ശക്തനും വിശ്വസ്തനുമായ ആളാണ്” (ഖസസ് 26).
തൊഴിലാളി യോഗ്യനായാല്‍ മാത്രം പോരാ, വിശ്വസ്തനും കൂടിയായിരിക്കണമെന്ന് ചുരുക്കം. കൃത്യവും അന്യൂനവുമായി ജോലി നിര്‍വഹിക്കുകയും തൊഴിലുമായി ബന്ധപ്പെട്ട് തന്റെ അധീനതയിലുള്ള വസ്തുക്കളെല്ലാം സൂക്ഷിക്കുകയും ചെയ്യേണ്ടത് തൊഴിലാളിയുടെ ബാധ്യതയാണ്. ഈ ബാധ്യത നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് അമാനത്തിലുള്ള വഞ്ചനയാണ്. നബി(സ) പറഞ്ഞു: ”വഞ്ചന നടത്തുന്നവന്‍ നമ്മുടെ കൂട്ടത്തില്‍ പെട്ടവനല്ല.” താന്‍ ഏറ്റെടുത്ത ജോലി മികവുറ്റതായി പൂര്‍ത്തീകരിക്കാനുള്ള ബാധ്യത തൊഴിലാളിക്കുണ്ട്. ”ഒരാള്‍ ഏതെങ്കിലും പ്രവൃത്തി ചെയ്യുകയാണെങ്കില്‍ അത് മികവുറ്റതാക്കുന്നതാണ് അല്ലാഹുവിന് ഇഷ്ടം” എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും താല്‍പര്യങ്ങള്‍ ഒരേയവസരത്തില്‍ സംരക്ഷിക്കുകയും ഈ മൂന്നു ഘടകങ്ങളും തമ്മിലുള്ള സഹകരണവും സൗഹാര്‍ദവും നിലനിര്‍ത്തുക വഴി സാമ്പത്തിക അഭിവൃദ്ധി നേടിയെടുക്കുന്ന ഒരു തൊഴില്‍ സംസ്‌കാരമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ശത്രുതയും വൈരവും നിറഞ്ഞാല്‍ അത് വര്‍ഗസമരത്തില്‍ എത്തിച്ചേരുന്നു.
എന്നാല്‍ ഇസ്‌ലാമില്‍ തൊഴിലാളിയും തൊഴിലുടമയും സഹോദരന്മാരാണ്. മേലാഴ-കീഴാള ചിന്തയില്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരോ അടക്കിഭരിക്കേണ്ടവരോ അല്ല. സര്‍വരുടെയും സ്‌നേഹവും സൗഹാര്‍ദവും സഹകരണവും ക്ഷേമവും അഭിവൃദ്ധിയും ലക്ഷ്യം വെക്കുന്ന തൊഴില്‍ സംസ്‌കാരത്തില്‍ ജനങ്ങളെ മുതലാളി, തൊഴിലാളി എന്നിങ്ങനെ രണ്ടായി വിഭജിച്ച് അവര്‍ തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നില്ല. ഈ ജീവിതത്തിലെ കര്‍മങ്ങള്‍ക്കു മുഴുവന്‍ മരണശേഷം വിചാരണയും പ്രതിഫലവേദിയുമുണ്ടെന്ന ദൃഢവിശ്വാസം തൊഴിലാളികളെയും തൊഴിലുടമകളെയും കടമകള്‍ നിര്‍വഹിക്കുന്നതിലും അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിഷയത്തിലും നീതിയുടെയും നന്മയുടെയും മാര്‍ഗത്തില്‍ ചലിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

Back to Top