21 Saturday
December 2024
2024 December 21
1446 Joumada II 19

ഫലസ്തീന്‍ അനുകൂല പ്രക്ഷോഭം ഐക്യദാര്‍ഢ്യമറിയിച്ച് ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍


ഇസ്രായേല്‍ ഫലസ്തീനു നേരെ നടത്തുന്ന വംശഹത്യക്കെതിരെ ശബ്ദമുയര്‍ത്തുന്ന കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍. കൊളംബിയയിലെ വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായ പ്രതിഷേധത്തിനും മൗലികാവകാശമുണ്ടെന്ന് പ്രസ്താവനയില്‍ അറിയിച്ചു. ഫലസ്തീനിലെ വംശഹത്യയില്‍നിന്ന് ലാഭം കൊയ്യുന്ന കമ്പനികളില്‍ നിന്ന് കൊളംബിയ യൂനിവേഴ്‌സിറ്റി സാമ്പത്തികമായി പിന്മാറണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സുവ്യക്തമാണ്. സംവാദത്തിനു പകരം സര്‍വകലാശാലാ ഭരണകൂടം അടിച്ചമര്‍ത്തല്‍ തന്ത്രങ്ങള്‍ അവലംബിക്കുന്നുവെന്നത് ആശങ്കാജനകമാണ്. പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചതിന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യാനും അറസ്റ്റു ചെയ്യാനുമുള്ള സര്‍വകലാശാലയുടെ തീരുമാനത്തെയും സ്വന്തം കാമ്പസിലെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാനുള്ള കൊളംബിയ പ്രസിഡന്റ് ഷഫീക്കിന്റെ പരസ്യമായ ആഹ്വാനത്തെയും അപലപിക്കുന്നു. ഫലസ്തീനിയന്‍ വംശഹത്യയില്‍ പങ്കാളികളായ കമ്പനികള്‍ക്ക് ഫണ്ട് നല്‍കുന്നതിനായി വിദ്യാര്‍ഥികളുടെ കോടിക്കണക്കിന് വരുന്ന ട്യൂഷന്‍ ഫീസ് ഉപയോഗിക്കുന്നത് കൊളംബിയ സര്‍വകലാശാല അവസാനിപ്പിക്കണം. രാജ്യത്തിന്റെ ചരിത്രപരമായ നിലപാടില്‍നിന്ന് വ്യതിചലിച്ച് ഇസ്രായേലിനെ പിന്തുണക്കുന്ന ആര്‍ എസ് എസ് പിന്തുണയുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ നിലപാടിനെയും അപലപിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളെ ഉടന്‍ തിരിച്ചെടുക്കുകയും പ്രതിഷേധക്കാര്‍ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ പിന്‍വലിക്കുകയും വേണം – ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ധനഞ്ജയ്, വൈസ് പ്രസിഡന്റ് അവ്ജിത്ത് ഘോഷ്, ജന. സെക്രട്ടറി പ്രിയാന്‍ഷി ആര്യ, ജോ. സെക്രട്ടറി മുഹമ്മദ് സാജിദ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Back to Top