12 Sunday
January 2025
2025 January 12
1446 Rajab 12

വോട്ടെടുപ്പ് ദിവസത്തെ ജുമുഅ നമസ്‌കാരം

സി പി ഉമര്‍ സുല്ലമി


ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പിനെയാണ് അഭിമുഖീകരിക്കാനിരിക്കുന്നത്. മതേതരത്വം, ജനാധിപത്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ എന്നിവയൊക്കെ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ നിലനില്‍പ് സാധ്യമാകുമോ എന്നു ഭയപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പാണിത് എന്നതിനെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ഒരു മതേതര ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന പ്രധാനപ്പെട്ട ന്യൂനപക്ഷങ്ങളാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍.
ഇക്കുറി നമ്മള്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്നത് മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട ജുമുഅഃ നടക്കേണ്ട വെള്ളിയാഴ്ചയാണ്. ഈ ദിവസം തന്നെയായിരിക്കണം തിരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലാണ് ഇലക്ഷന്‍ കമ്മീഷനും അധികൃതരുമുള്ളത്. മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ പിന്മാറുമെന്നു തോന്നുന്നില്ല.
എന്തുതന്നെയായിരുന്നാലും തെരഞ്ഞെടുപ്പു പ്രക്രിയകളില്‍ നിന്നു വിട്ടുനില്‍ക്കുക, വോട്ടു ചെയ്യാതിരിക്കുക പോലുള്ളവയൊന്നും ഒട്ടും അഭിലഷണീയമായ കാര്യമല്ല. പ്രത്യേകിച്ചും ന്യൂനപക്ഷത്തിന്റെ വക്താക്കള്‍. അതുകൊണ്ടുതന്നെ, ഏതു ദിവസമായിരുന്നാലും തെരഞ്ഞെടുപ്പുമായി എല്ലാ നിലയ്ക്കും സഹകരിക്കുക എന്നതാണ് നാം ചെയ്യേണ്ടത്.
എന്തു പ്രതിബന്ധങ്ങള്‍ ഉണ്ടായാലും മുസ്‌ലിം സമൂഹം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ ശ്രമിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വെള്ളിയാഴ്ചയാണ് എന്നതും മറ്റും ആ അവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് നമ്മെ തടഞ്ഞുകൂടാ. അതാണ് നമ്മള്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. അതില്‍ ഒരു ഉപേക്ഷയും ഉണ്ടായിക്കൂടാ.
പോളിംഗ് ഉദ്യോഗസ്ഥര്‍ എന്തു ചെയ്യണം?
തെരഞ്ഞെടുപ്പു പ്രക്രിയകളില്‍ ഉദ്യോഗസ്ഥരായി നിയോഗിക്കപ്പെടുന്നവരില്‍ മുസ്‌ലിംകളും ഉണ്ടാകും. അതു സ്വാഭാവികമാണ്. ഇലക്ഷന്‍ ബൂത്തില്‍ നിന്ന് ഇലക്ഷന്‍ സമയത്ത് വിട്ടുനില്‍ക്കാന്‍ സാധിക്കാത്തവരാണ് ഇക്കൂട്ടര്‍. അവര്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നു മാറിനിന്നാല്‍ തെരഞ്ഞെടുപ്പു തന്നെ അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടാവാം. അങ്ങനെ വരുമ്പോള്‍ വെള്ളിയാഴ്ച ജുമുഅഃ സമയത്ത് ഇവര്‍ എന്തു ചെയ്യണമെന്ന ചോദ്യം സ്വാഭാവികമാണ്.
ഏതൊരു ഉദ്യോഗസ്ഥനും നീതിയുക്തമായിട്ടായിരിക്കണം തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത്. അതില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടുള്ളതല്ല. ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ബൂത്തില്‍ നിന്ന് തങ്ങളുടെ ഉത്തരവാദിത്തം മറ്റൊരാളെ ഏല്‍പിച്ചുപോവുക സാധ്യമല്ല. ഏതൊരാള്‍ക്കും ജുമുഅഃ നിര്‍ബന്ധമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍, അവരെ സംബന്ധിച്ചിടത്തോളം യുദ്ധാവസരങ്ങളിലുള്ള നമസ്‌കാരങ്ങളെക്കുറിച്ചുള്ള മാതൃകയുണ്ട്. യുദ്ധവേളയില്‍ ആയുധധാരികളായ ഭടന്മാരുടെ സാന്നിധ്യത്തിലാണെങ്കില്‍ നിന്നനില്‍പില്‍ ആയുധം താഴെ വെക്കരുതെന്നാണ് നിയമം. നല്ല ശ്രദ്ധ വേണമെന്നും അവരുടെ റുകൂഅ്-സുജൂദുകള്‍ കേവലം ആംഗ്യം മാത്രം മതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധഭയമുണ്ടാകുമ്പോഴുള്ള നമസ്‌കാരത്തിന്റെ മാതൃക നമുക്കു മുമ്പിലുണ്ട്.
വളരെ ശ്രദ്ധ അര്‍ഹിക്കുന്ന സുപ്രധാനമായ ഒരു ജോലി എന്ന നിലയ്ക്കും നമ്മുടെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയ്ക്കും ഏറെ ഗൗരവമുള്ള ഒരു സാഹചര്യമായി ഇതിനെ കാണാം. അവിടെ ജുമുഅഃ തേടിപ്പോകേണ്ടതില്ല. ഇത്തരം നിര്‍ബന്ധിതാവസ്ഥകളില്‍ വിശാലതയും ഇളവുകളും മതം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഹറാമായ കാര്യങ്ങള്‍ പോലും അടിയന്തര ഘട്ടങ്ങളില്‍ അനുവദനീയമാക്കപ്പെടുന്നുണ്ട് ഇസ്‌ലാമില്‍. ഹറാമായ ഭക്ഷണമല്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ മാര്‍ഗമില്ല എന്നിരിക്കെ അത് അവനു ഹലാലാകുന്നത് ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ നാം കണ്ടതാണ്. ഇസ്‌ലാമിലെ പല വിധികളും സന്ദര്‍ഭത്തിന് അനുയോജ്യമായി മാറിയിട്ടുള്ളതും നാം കണ്ടിട്ടുണ്ട്.
അതുകൊണ്ട്, ഈ സമയത്ത് ജുമുഅഃയില്‍ പങ്കെടുക്കുക സാധ്യമല്ല എന്നു വരുമ്പോള്‍ ദുഹ്ര്‍-അസ്ര്‍ നമസ്‌കാരങ്ങള്‍ ജംആയി നിര്‍വഹിക്കാന്‍ സാഹചര്യം തിരയുകയാണ് വേണ്ടത്. ഭക്ഷണ സമയമോ മറ്റോ ഇതിന് ഉപയോഗപ്പെടുത്താം. അതിനും സാധ്യമാകാതെ ചിലപ്പോഴെങ്കിലും നിശ്ചയിക്കപ്പെട്ട സമയത്തും തിരക്കൊഴിഞ്ഞുകിട്ടാത്ത അവസ്ഥ വന്നേക്കാം. അത്തരമൊരവസ്ഥ സംജാതമാവുകയാണെങ്കില്‍ മനസ്സിലെങ്കിലും നമ്മുടെ നമസ്‌കാരം നിര്‍വഹിക്കേണ്ടതുണ്ട്. നമസ്‌കാരം ഒഴിവാക്കുകയെന്നത് ഏതു സാഹചര്യത്തിലും അനുവദനീയമായ കാര്യമല്ല.
ബൂത്ത് ഏജന്റുമാര്‍
പോളിങ് ഉദ്യോഗസ്ഥരെപ്പോലെത്തന്നെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ബൂത്ത് ഏജന്റുമാര്‍. ഓരോ സ്ഥാനാര്‍ഥിയുടെയും പ്രതിനിധി എന്ന നിലയ്ക്കാണ് അവരില്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെടുന്നത്. വ്യാജ വോട്ടുകളും കൃത്രിമത്വങ്ങളും നടക്കാതിരിക്കാനാണ് ബൂത്ത് ഏജന്റുമാര്‍. ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിയുടെ ഏജന്റിന്റെ അഭാവം മറ്റുള്ളവര്‍ക്ക് കൃത്രിമത്വം നടത്താനുള്ള അവസരമൊരുക്കും എന്നതിനാല്‍ തന്നെ ബൂത്ത് ഏജന്റുമാരില്ലാതെ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത് അഭിലഷണീയമാവില്ല. ജുമുഅഃയുടെ സമയത്തു മാത്രം മറ്റൊരു ഏജന്റിനെ പകരം ഇരുത്താനുള്ള സംവിധാനങ്ങള്‍ തിരയുകയാണ് ഇവര്‍ ചെയ്യേണ്ടത്. തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കുമ്പോള്‍ തന്നെ എങ്ങനെ ആരാധനകള്‍ മുടക്കം വരാതെ നോക്കാം എന്നുകൂടി നാം കരുതേണ്ടതുണ്ട്.
നമ്മള്‍ മുസ്‌ലിംകള്‍ ഈ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ന്യൂനപക്ഷമാണ്. ആ ന്യൂനപക്ഷത്തെ പരിഗണിക്കുക എന്നത് ഇലക്ഷന്‍ കമ്മീഷന്റെയും സര്‍ക്കാരിന്റെയുമൊക്കെ ബാധ്യതയില്‍ പെട്ടതാണ്. എന്നാല്‍ തീരെ പരിഗണനയില്ല എന്നുണ്ടെങ്കില്‍ നമുക്ക് അല്ലാഹു അനുവദിച്ച വിട്ടുവീഴ്ചകളെ ഉപയോഗപ്പെടുത്തി ഭംഗിയായി ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് വേണ്ടത്. കഴിവില്‍ പെട്ടതല്ലാതെ അവന്‍ ആവശ്യപ്പെടുന്നില്ല എന്നാണല്ലോ. വലിയ ഒരു തെറ്റോ ചെറിയ ഒരു തെറ്റോ നിര്‍ബന്ധമായും ചെയ്യേണ്ടിവരുമെന്ന സന്ദര്‍ഭത്തില്‍ വലിയ ഒരു നന്മയ്ക്കു വേണ്ടി ചെറിയ തെറ്റ് സ്വീകരിക്കല്‍ ഇസ്‌ലാമിന്റെ ഫിഖ്ഹിന്റെ നിയമമാണ്. തിരഞ്ഞെടുപ്പിനോട് പുറംതിരിഞ്ഞുനില്‍ക്കാതെ അതിനോട് നല്ല നിലയില്‍ സഹകരിച്ച് കഴിയുംവിധം നമസ്‌കാരം നിര്‍വഹിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇതാണ് നമ്മുടെ നയമായി സ്വീകരിക്കേണ്ടത് എന്നാണ് മനസ്സിലാകുന്നത്.

Back to Top