ഈദുല്‍ ഫിത്വ്‌റിന്റെ എഴുത്തും ഇശലും
ഡോ. ജമീല്‍ അഹ്മദ്
പെരുന്നാളിന്റെ സകല സൗന്ദര്യങ്ങളും ഒരൊറ്റ കൃതിയില്‍ തുടിക്കുന്നത് കാണണമെങ്കില്‍ പ്രേംചന്ദിന്റെ ‘ഈദ്ഗാഹ്’ എന്ന കഥ മാത്രം മതി. 1938ലാണ് ഈ കഥ മുന്‍ഷി പ്രേംചന്ദ് ഉര്‍ദുവില്‍ എഴുതുന്നത്. എട്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും അത് പെരുന്നാള്‍ പോലെ ഇപ്പോഴും പുത്തന്‍പുതുതാണ്. ഇന്ത്യന്‍ ഭാഷകളില്‍ തന്നെ ക്ലാസിക് എന്നു വിളിക്കാവുന്ന കഥയാണ് അത്.
വല്യുമ്മയായ ആമിനയുടെ സംരക്ഷണത്തിലുള്ള ഹാമിദ് എന്ന യത്തീമിന്റെ കഥയാണ് ‘ഈദ്ഗാഹ്.’ നാലു വയസ്സാണ് ഹാമിദിന്. ഉമ്മയും ഉപ്പയും അവനു വേണ്ടി സമ്മാനങ്ങള്‍ വാങ്ങാന്‍ അല്ലാഹുവിങ്കലേക്ക് പോയിട്ടുണ്ടെന്നാണ് വല്യുമ്മ അവനോട് പറഞ്ഞിട്ടുള്ളത്.
ഒരു ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഗ്രാമത്തിലെ മറ്റു ചങ്ങാതിമാരോടൊപ്പം ഹാമിദും ദൂരെയുള്ള ഈദ്ഗാഹിലേക്ക് പുറപ്പെടുന്നു. ഈദ് നമസ്‌കാരം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ഹാമിദ് പെരുന്നാള്‍ചന്തയില്‍ ഒന്ന് ചുറ്റിക്കറങ്ങി. പുറപ്പെടും മുമ്പ് വല്യുമ്മ സ്‌നേഹത്തോടെ നല്‍കിയ മൂന്നു പൈസയാണ് അവന്റെ കൈയിലുള്ളത്. ഒരു പകല്‍ മുഴുവന്‍ നടക്കാനുള്ളതല്ലേ, ഈദ്ഗാഹിലേക്ക്. വല്ലതും വാങ്ങി തിന്നാമല്ലോ. കൂട്ടുകാര്‍ക്കെല്ലാം കളിപ്പാട്ടങ്ങളും പലഹാരങ്ങളും വാങ്ങാനാണ് ആവേശം. നടന്നു നടന്ന് അവന്‍ അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു കടയിലെത്തി. അവിടെയതാ അടുപ്പില്‍ നിന്ന് ചപ്പാത്തിയെടുക്കാനുള്ള കൊടിലുമുണ്ട്. തനിക്ക് ചപ്പാത്തി ചുടുമ്പോളൊക്കെ പൊള്ളുന്ന വല്യുമ്മാന്റെ ചുളി വീണ കൈകള്‍ അവനോര്‍ത്തു. അതു വാങ്ങിയാലോ…
കൈയിലുള്ള പണത്തിന്റെ ഇരട്ടി വിലയാണ് കടക്കാരന്‍ ചോദിക്കുന്നത്. ഹാമിദ് കെഞ്ചി വിലപേശി മൂന്നു പൈസക്ക് അത് സ്വന്തമാക്കി. പൊട്ടുന്ന കളിപ്പാട്ടങ്ങളും തിന്നുതീര്‍ന്ന പലഹാരങ്ങളുമായി കൂട്ടുകാര്‍ ഈദ്ഗാഹ് മൈതാനത്തു നിന്ന് മടങ്ങാനൊരുങ്ങുമ്പോള്‍, ഇരുമ്പിന്റെ കൊടിലുമായി ഹാമിദ് അവരുടെ ഇടയില്‍ കേമനായി മാറി. പലരും കൂടുതല്‍ പൈസ കൊടുത്ത് അത് വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ചു. അവനുണ്ടോ വഴങ്ങുന്നു. ഇത് വല്യുമ്മാക്ക് വാങ്ങിയതാണ്, അവന്‍ തീര്‍ത്തു പറഞ്ഞു.
നടന്നു നടന്ന് വീട്ടിലെത്തിയപ്പോഴേക്കും നേരം സന്ധ്യയായിരുന്നു. ഹാമിദിനെ കാത്തിരിക്കുകയായിരുന്നു വല്യുമ്മ. ഹാമിദ് അഭിമാനത്തോടെ ആ കൊടില്‍ വല്യുമ്മാക്ക് കൊടുത്തു. ചെറുമോന്റെ പെരുന്നാള്‍ സമ്മാനം. ”പകല്‍ മുഴുവന്‍ ഒന്നും കഴിക്കാതെ, പട്ടിണി കിടന്ന് നീ വാങ്ങിയത് ഇതാണോ? എന്ത് ബുദ്ധിമോശമാണ് മോനേ ഇത്” എന്നാണ് വല്യുമ്മ ചോദിച്ചുപോയത്.
ഹാമിദ് തല താഴ്ത്തി. അവന്‍ പറഞ്ഞു: ”എന്നും വല്യുമ്മ ചപ്പാത്തിയുണ്ടാക്കുമ്പോള്‍ കൈ പൊള്ളാറില്ലേ? അതുകൊണ്ടാണ് ഞാന്‍ ഈ കൊടില്‍ വാങ്ങിയത്.”
ഈദ് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ ആ കുഞ്ഞുപൈതല്‍ ആഹ്ലാദങ്ങള്‍ക്കിടയിലും കിളവിയായ തന്നെ ഓര്‍ക്കുകയായിരുന്നല്ലോ. ആ വൃദ്ധയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവര്‍ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അപ്പോള്‍ കുഞ്ഞു ഹാമിദ് വളര്‍ന്നു വളര്‍ന്ന് വലിയ ഒരാളായി മാറി. കരയുന്ന വൃദ്ധ ഒരു കുഞ്ഞിനെപ്പോലെ നിഷ്‌കളങ്കയായി.
പെരുന്നാള്‍
മലയാള കഥയില്‍
സാമുദായിക ആഘോഷം എന്ന നിലയ്ക്ക് ക്രിസ്മസും ഓണവും മലയാള കഥാസാഹിത്യത്തില്‍ പലവുരു പ്രമേയമായിട്ടുണ്ട്. പക്ഷേ പെരുന്നാള്‍, മുസ്‌ലിം സമുദായത്തിന്റെ മറ്റെല്ലാ സൗന്ദര്യങ്ങളെയും പോലെ അത്ര ഇമ്പത്തില്‍ കഥകളില്‍ കടന്നുവന്നിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. കഥയിലെയും നോവലിലെയും ഒരു സന്ദര്‍ഭമായോ കാലമായോ പെരുന്നാളിന്റെ സൂചനകള്‍ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ, ഒരു സൗന്ദര്യാനുഭവമെന്ന നിലയിലോ സാമൂഹിക സംവിധാനം എന്ന നിലയിലോ അത് ഫിക്ഷനുകളില്‍ കാര്യമായി പ്രതിപാദിക്കപ്പെട്ടില്ല. വൈക്കം മുഹമ്മദ് ബഷീര്‍, എന്‍ പി മുഹമ്മദ് തുടങ്ങിയ മുസ്‌ലിം എഴുത്തുകാര്‍ അടക്കം വേണ്ടത്ര പരിഗണിക്കാതിരുന്ന ഈ പെരുന്നാള്‍ സൗന്ദര്യത്തെ പുതിയ തലമുറ കഥാകൃത്തുക്കള്‍ നിര്‍ബാധം സ്വീകരിക്കുന്നുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. ഉത്തരാധുനികതയ്ക്കു ശേഷം സ്വന്തം സ്വത്വങ്ങളെ മാപ്പുസാക്ഷിത്വമില്ലാതെ ആവിഷ്‌കരിക്കാനും മതത്തെ അപരസ്ഥാനത്തുനിന്നല്ലാതെ കണ്ടെടുക്കാനും പുതിയ കഥാകൃത്തുകള്‍ക്ക് കഴിയുന്നുണ്ട് എന്നതുകൊണ്ടുകൂടിയാണ് ഈ മാറ്റം.
അക്കൂട്ടത്തില്‍ മാതൃകയെന്നവണ്ണം ഉദാഹരിക്കാവുന്നത് സലിം കുരിക്കളകത്തിന്റെ ‘ചൂട്ടുവെളിച്ചം’ എന്ന കഥയാണ്. (മെസപ്പൊട്ടേമിയ എന്ന സമാഹാരത്തില്‍). ചെറിയ പെരുന്നാളിന്റെ സീനത്തുകളെയെല്ലാം ഒരു ഗ്രാമത്തിന്റെ ഓര്‍മകളിലേക്ക് സമാഹരിക്കുന്ന കഥയാണത്. മാസപ്പിറവി കാണല്‍, അവസാനത്തെ നോമ്പുതുറയുടെ ആകാംക്ഷകള്‍, വിടപറയുന്ന റമദാനിനോട് മുതിര്‍ന്നവര്‍ക്കുള്ള അലിവ്, മൈലാഞ്ചി, പുത്തനുടുപ്പ്, തക്ബീര്‍ തുടങ്ങി, മലയാള ഭാവുകത്വത്തെ സംബന്ധിച്ചിടത്തോളം തുച്ഛമെങ്കിലും ഭംഗിയുള്ള ആഖ്യാനങ്ങളാല്‍ സമൃദ്ധമാണ് ആ കഥ. പെരുന്നാള്‍ എപ്പോഴും സുന്ദരമാകുന്നത് ഓര്‍മകളിലാണ്. ആദു എന്ന ചെറുബാല്യത്തിന്റെ ഓര്‍മകളിലൂടെ വിടരുന്ന ആ കഥയില്‍ പെരുന്നാളിന്റെ അടയാളങ്ങളായ സൗഹൃദവും ദാനവും കൂടി കടന്നുവരുന്നുണ്ട്.
കവിതകളിലെ
പെരുന്നാള്‍
ഏതൊരു ആഘോഷത്തിന്റെയും ആഖ്യാനങ്ങളെ പൂര്‍ണമാക്കുന്നത് ഓര്‍മകള്‍ തന്നെ. മലയാളത്തിലെ പെരുന്നാള്‍ കവിതകളിലേക്ക് കടന്നാലും ഇത്തരം ഓര്‍മകളുടെ സമൃദ്ധി തന്നെയാണുള്ളത്. എത്ര ദരിദ്രമാണെങ്കിലും പഴയ കാലത്തെ ആഘോഷങ്ങള്‍ എന്തുകൊണ്ടോ കൂടുതല്‍ തിളങ്ങിനില്‍ക്കും. ഇസ്‌ലാമിലെ രണ്ട് ആഘോഷങ്ങളുടെയും പൊതുവായ പേര് ഈദ് എന്നുതന്നെയാണല്ലോ. മടക്കം എന്നാണ് ആ അറബി വാക്കിന് അര്‍ഥം. പഴയ കാലത്തേക്കുള്ള ഓര്‍മകളുടെ മടക്കം കൂടിയാണ് അത്. മുസ്‌ലിംകള്‍ക്ക് ദൈവം തമ്പുരാന്‍ സമ്മാനമായി നല്‍കിയ രണ്ട് ആഘോഷങ്ങളില്‍ ഒന്നായ വലിയ പെരുന്നാളിന്റെ സത്ത മുഴുവന്‍ ചരിത്രത്തോട് ബന്ധപ്പെടുത്തിയാണ്. ചരിത്രമാണല്ലോ ഓര്‍മ. എന്നാല്‍ ഈദുല്‍ ഫിത്വ്ര്‍ എന്ന ചെറിയ പെരുന്നാള്‍ കവിതകളില്‍ കഴിഞ്ഞുപോയ പെരുന്നാളുകളുടെ ഓര്‍മയാല്‍ മാത്രം ആനന്ദമണിയുന്നതാണ്.
ഉബൈദിന്റെ ‘വിജയദിനാഘോഷം’ എന്ന കവിതയിലേക്ക് വരാം. ‘സമത്വത്തിന്‍ സുവര്‍ണ ചെങ്കതിര്‍ തൂകി അടുക്കുന്ന സമുല്‍കൃഷ്ടമായ ഈദുല്‍ ഫിത്വ്‌റി’നുള്ള അഭിവാദ്യമാണ് ആ കവിത. കവിതയുടെ ആദ്യഭാഗം ഈദ് ദിനത്തിന്റെ സുന്ദരമായ വിവരണമാണ്. റമദാനിനെ സമാദരിച്ചവര്‍ക്കുള്ള വിജയാഹ്ലാദദിനമാണ് ഈദ് എന്ന കല്‍പനയ്ക്കു തന്നെ ആദര്‍ശാത്മകമായ ഒരു തലമുണ്ട്. നോമ്പ് കൃത്യമായി നോറ്റുവീട്ടിയവര്‍ക്കുള്ളതാണ് ഈ ഈദ്. ‘കരം വീശി കടല്‍, സ്മിതം തൂകി സൂര്യന്‍, കുളിച്ചു സൗഹൃദത്തിന്റെ അത്തര്‍ പൂശി തെന്നല്‍, കളഗാനം പൊഴിച്ച് പക്ഷികള്‍…’ തുടങ്ങി പ്രകൃതി മുഴുവന്‍ ഈ ഈദിനായി അണിഞ്ഞൊരുങ്ങുന്നു. പരിപൂര്‍ണ സമത്വത്തിന്റെ പതാകയാണ് ഈദുല്‍ ഫിത്വ്ര്‍ ഉയര്‍ത്തുന്നത്.
‘കുചേലരും കുബേരരും വെളുത്തോരും കറുത്തോരും ശുചിയായി തോളുരുമ്മിക്കൊണ്ട് അണിചേരുന്ന’ ഈദ്ഗാഹിലേക്ക് ആകാശലോകത്തുനിന്ന് ഒരു അശരീരി ഒഴുകിവരുന്നതായി കവി ഭാവനയില്‍ കാണുന്നു. പെരുന്നാള്‍ ആഘോഷിക്കുന്നവര്‍ക്കുള്ള വിജയപ്രഖ്യാപനമാണത്:
”മനസ്സിന്നുമുടലിന്നും കൊതി തോന്നുന്നവയെല്ലാം
മനസ്സോടെ വെടിഞ്ഞല്ലോ ഭവാന്മാരെല്ലാം
മഹിതമാം മനോബല തരണിയെത്തുഴഞ്ഞിന്നു
സഹനാഗ്‌നിക്കടല്‍ നിങ്ങള്‍ കടന്നുവന്നു.”
അതിനാല്‍ ‘ഈ പെരുന്നാള്‍ കരുണാവാരിധിയായ ജഗന്നിയന്താവിന്റെ നിങ്ങള്‍ക്കുള്ള തൃപ്തിപ്പതക്കമാണ്’ എന്നാണ് കവിതയുടെ ഫലശ്രുതി.
ഇശല്‍പ്പെരുന്നാള്‍
പെരുന്നാളിനെ ഏറ്റവും സുന്ദരമായി മലയാളത്തില്‍ ആവിഷ്‌കരിച്ചത് പാട്ടുകളാണ്. പാട്ട് മുസ്‌ലിം സമുദായത്തിന്റെ നിത്യജീവിതത്തോട് അത്രയും ബന്ധപ്പെട്ടുകിടന്നതുകൊണ്ടാകണം പെരുന്നാള്‍ പാട്ടുകളിലൂടെയെങ്കിലും നിറഞ്ഞുനിന്നത്. പാട്ടു പാടാനുള്ള അനുവാദത്തിന്റെ പ്രമാണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് പെരുന്നാള്‍പാട്ടുമായി ബന്ധപ്പെട്ട ഹദീസാണല്ലോ. ആയിശാബീവി(റ)യാണ് ആ സംഭവം ഓര്‍ത്തെടുക്കുന്നത്. ഒരു പെരുന്നാള്‍ ദിവസം രണ്ടു പെണ്‍കുട്ടികള്‍ ബുആസ് ദിവസത്തെക്കുറിച്ച് പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അബൂബക്കര്‍(റ) അവിടേക്ക് കയറിവന്നത്. അദ്ദേഹം ആയിശക്കു നേരെ കണ്ണുരുട്ടി, ശകാരിച്ചു: ”ശൈത്താന്റെ പാട്ട്! അതും നബി(സ)യുടെ സന്നിധിയില്‍!” അപ്പോള്‍ നബി അബൂബക്കറിനോട് പറഞ്ഞു: ”അവരെ വിട്ടേക്കുക. എല്ലാ ജനവിഭാഗങ്ങള്‍ക്കും ആഘോഷദിനങ്ങളുണ്ട്. ഇന്ന് നമ്മുടെ ഈദാണ്.”
കേരളത്തിലെ പള്ളികളില്‍ നിന്ന് ഈദ് ദിനങ്ങളില്‍ കേള്‍ക്കുന്ന തക്ബീറിന്റെ ഈണം മലയാളികള്‍ സ്വയം ചിട്ടപ്പെടുത്തിയെടുത്തതാണ്. തക്ബീര്‍ ആദ്യമായി ഈ ഈണത്തില്‍ ചൊല്ലിയത് കേരളത്തിലെ കീഴാള സമുദായങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്കെത്തിയ വല്യുപ്പമാരോ വല്യുമ്മമാരോ ആയിരിക്കാമെന്ന് ഖവാലി ഗായകനായ സമീര്‍ ബിന്‍സി നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ പൊതുവെയും മലബാറിലെ പ്രത്യേകിച്ചും ഖുര്‍ആന്‍ പാരായണം, ഈദ് തക്ബീര്‍, ഔറാദുകള്‍, തഹ്‌ലീലുകള്‍, ബൈത്തുകള്‍ എന്നിവയുടെ ഈണങ്ങള്‍ക്ക് ദ്രാവിഡ ചൊല്‍വഴക്കങ്ങളുമായും നാട്ടുപാട്ടുകളുമായുമാണ് കൂടുതല്‍ ബന്ധം. മതപരിവര്‍ത്തനത്തിലൂടെ തങ്ങള്‍ക്കു കിട്ടിയ വിശുദ്ധ പാരായണങ്ങളെ അവര്‍ പരമ്പരാഗതമായി ഉള്ളില്‍ നിറഞ്ഞുനിന്നിരുന്ന സംഗീതത്തിലേക്കും ചൊല്‍വഴക്കങ്ങളിലേക്കും പിരിശത്തോടെ ചേര്‍ത്തുവെക്കുകയായിരുന്നു!
‘ബിരിയാണി വെക്കലല്ല പെരുന്നാള്, വിരുന്നു നടക്കലല്ല പെരുന്നാള്…’ എന്നു തുടങ്ങുന്ന അതിപ്രസിദ്ധമായ പെരുന്നാള്‍പാട്ട് (രചന എ എം കോയ) പെരുന്നാളിന്റെ ആനുകാലികവും രാഷ്ട്രീയവുമായ വായനയാണ്. മറ്റു പെരുന്നാള്‍പാട്ടുകളില്‍ നിന്ന് അതുകൊണ്ടുതന്നെ അത് വേറിട്ടുനില്‍ക്കുന്നു. ആയിശാബീഗമാണ് അത് ആലപിച്ചത്. ഇടയില്‍ ഗദ്യത്തിലുള്ള ആഹ്വാനങ്ങളും നല്‍കി വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഈ ഗാനം മാപ്പിളപ്പാട്ടിലെ ഏറ്റവും ജനപ്രിയമായ പെരുന്നാള്‍പാട്ടാണ്.
ചെറിയ പെരുന്നാളിന്റെ സാങ്കേതിക നാമം ഈദുല്‍ ഫിത്വ്ര്‍ എന്നാണ്. അന്നം നല്‍കുക എന്നതാണ് ആ ആരാധനയുടെ ആന്തരാര്‍ഥം. അപരനു നല്‍കാതെ ഒരാഘോഷവും ഇസ്‌ലാമിലില്ല എന്നതാണ് ഈദിന്റെ പൊരുള്‍. ഭൂമിയിലെ ഒരൊറ്റ മനുഷ്യനും പട്ടിണി കിടക്കാത്ത ഒരു ദിവസം എന്ന ഭാവനയുടെ സുന്ദരമായ ആവിഷ്‌കാരമാണ് ഈദുല്‍ ഫിത്വ്ര്‍. എം എ മലയാളി രചിച്ച ഒരു പെരുന്നാള്‍ ഗാനത്തിന്റെ തലക്കെട്ട് ‘ഫിത്വ്ര്‍ സകാത്ത്’ എന്നുതന്നെയാണ്. പാട്ടിന്റെ ലാളിത്യത്തില്‍ നിന്ന് വിട്ട് കവിതയുടെ ഭാഷാഘടന ഈ രചന സ്വീകരിച്ചിരിക്കുന്നു. അത്രയും ഗൗരവപ്പെട്ട ഒരു കാര്യം പറയുന്നു എന്ന ഭാവമാണ് കവിക്ക്.
”കരിഞ്ചന്ത കവര്‍ച്ചകള്‍, പലിശ, ചൂഷണം മറ്റും
കരിമ്പണം നിറഞ്ഞ നിന്‍ കളത്തിന്‍ ചുറ്റും
തുണനില്‍ക്കുമിബ്‌ലീസിന്‍ സാഹോദര്യമുപേക്ഷിച്ചോ
പണി ചെയ്യും സമൂഹത്തിന്‍ ഗുണം കാംക്ഷിച്ചോ”
എന്ന് കവി ധനികരോട് അതിശക്തമായാണ് ആഹ്വാനം ചെയ്യുന്നത്.
എസ് എ ജമീലിന്റെ ഈദ് ഗാനങ്ങളും കവിതയോളം കനപ്പെട്ടവയാണ്. ‘ഈദുല്‍ ഫിത്വ്ര്‍ അഥവാ ചെറിയ പെരുന്നാള്‍’ എന്ന രചന സാധാരണമായ ഒരു പെരുന്നാള്‍പാട്ടാണ്. പെരുന്നാളിനെക്കുറിച്ച് എപ്പോഴും എഴുതപ്പെടുന്ന ബിംബങ്ങളാണ് ആ പാട്ടില്‍ മുഴുവന്‍. എന്നാല്‍ എസ് എ ജമീലിന്റെ തന്നെ ‘പ്രപഞ്ചപ്പള്ളി’ എന്ന ഈദ് ഗാനം ഒരുപക്ഷേ മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും സുന്ദരമായ ഈദ് ആഖ്യാനങ്ങളിലൊന്നായി മാറുന്നു.
പെരുന്നാളിന്റെ അന്ന് ഈ ദുനിയാവിനെയാകെ ഒരു ഈദ് മസ്ജിദായി കവി വിഭാവന ചെയ്യുന്നു:
”ഈ ദുനിയാവിന്റെ മസ്ജിദിലിന്നിതാ
ഈദ് നമസ്‌കാരം തുടങ്ങി
ഈ ലോകനാഥനെ
വണങ്ങാനായ്
സൃഷ്ടിജാലങ്ങള്‍ ഒന്നടങ്കം ഒരുങ്ങി…”
ആ പ്രപഞ്ചപ്പള്ളിയുടെ മുറ്റത്ത് പ്രഭാതം പൊന്‍വെയിലിന്റെ പായ വിരിക്കുന്നു. പ്രകൃതിയും സര്‍വ ചരാചരങ്ങളും ഈദ് നമസ്‌കാരത്തിന് എത്തുന്നു. പര്‍വതക്കൊടുമുടി മിനാരത്തില്‍ സൂര്യന്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നു. പല കോടി മരങ്ങളും മലകളും മൗനമായി സ്വഫ്ഫ്‌സ്വഫ്ഫായി നിന്ന് സൂര്യനെ പിന്തുടരുന്നു. കടലില്‍ നിന്ന് വുളുവെടുത്ത് കാറ്റ് ഖുത്ബ പറയാനെത്തുന്നു. കാര്‍മേഘപാളികള്‍ തക്ബീര്‍ മുഴക്കുന്നു. ഇങ്ങനെ ഉദാത്തമായ ഒരു പെരുന്നാള്‍ ആഘോഷത്തിന്റെ അനിതരസുന്ദരമായ ആവിഷ്‌കാരമാണ് ആ ഗാനം.
ഒ എം കരുവാരക്കുണ്ട്, ബാപ്പു വെള്ളിപറമ്പ്, ബാപ്പു വാവാട് തുടങ്ങി മാപ്പിളഗാന രചനാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേരുടെ ഗാനങ്ങളില്‍ പെരുന്നാളിന്റെ ചന്തം എഴുതപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ ചില രചനകളെ പരിചയപ്പെടുത്തുക മാത്രമാണ് ഈ ലേഖനത്തില്‍ ചെയ്തത്.
മലയാളത്തിന്റെ പൊതു കാവ്യഭാവനയില്‍ ഇസ്‌ലാമിക ബിംബങ്ങള്‍ വളരെ കുറച്ചേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ എന്നത് ഒരു വാസ്തവമാണ്. മഹാഭാരത-രാമായണാദി ഇതിഹാസ കാവ്യങ്ങളേക്കാള്‍ വലിയ മറ്റൊന്നും ഇന്ത്യന്‍ സാഹിത്യത്തെ സ്വാധീനിച്ചിട്ടില്ല എന്നത് പോകട്ടെ, മലയാള സാഹിത്യത്തില്‍ ബൈബിള്‍ ചെലുത്തിയ സ്വാധീനം പോലും ഇസ്‌ലാം ഉണ്ടാക്കിയിട്ടില്ല. അതിന്റെ കാരണം സൗന്ദര്യശാസ്ത്രപരമാണ്. ഇസ്‌ലാമില്‍ ആഘോഷങ്ങള്‍ പോലും ആരാധനയാണ്. വിലക്കുകളും വിധികളും നിറഞ്ഞതാണ് അത്തരം അവസരങ്ങള്‍. അതുകൊണ്ടുതന്നെ ഇതിലും വലുതായി പെരുന്നാള്‍ മലയാള ഭാവുകത്വത്തെ സ്വാധീനിക്കുക എന്നത് വെല്ലുവിളിയാണ്.