18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

ഹദീസ് പ്രാമാണികത, നിരൂപണം, നിഷേധം

കെ പി സകരിയ്യ


ഇസ്‌ലാമിക ജീവിതം സംശുദ്ധമാക്കുന്നതില്‍ പ്രമാണങ്ങള്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. പ്രമാണത്തെപ്പറ്റിയുള്ള നിഷ്ഠയില്ലായ്മയും അതിലുള്ള അലസഭാവവും ഒരുപോലെ അപകടമാണ്. പ്രമാണരഹിതമായ ജീവിതം അരാജകത്വം സൃഷ്ടിക്കും. പ്രമാണത്തില്‍ വെള്ളം ചേര്‍ക്കല്‍ മതത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുകയും ചെയ്യും. അതിനാല്‍ തന്നെ ഈ വിഷയത്തിലുള്ള ബോധ്യവും നിഷ്ഠയും ജീവിതവിജയത്തിന്റെ അനിവാര്യതയില്‍ പെട്ടതാണ്.
ഈ അടിത്തറ ഭദ്രമാക്കുന്നതിന്റെ ഭാഗമായി ഒരു കാര്യം ദീനിയായി അംഗീകാരയോഗ്യമായിത്തീരാന്‍ ഇസ്‌ലാം വ്യക്തമായ മാനദണ്ഡങ്ങള്‍ മുന്നോട്ടുവെക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഏതൊരു പ്രസ്താവനയും ഉദ്ധരണിയും പ്രാമാണിക രേഖയായി അംഗീകരിക്കപ്പെടുകയുള്ളൂ. പ്രത്യേകിച്ചും ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുക്കുന്ന കാര്യങ്ങളില്‍. ഏതെങ്കിലും ഗ്രന്ഥങ്ങളില്‍ എഴുതിവെക്കപ്പെട്ട പ്രസ്താവനകളോ അഭിപ്രായങ്ങളോ സ്വയം തന്നെ തെളിവായി അംഗീകരിക്കപ്പെടാമോ? അതല്ലെങ്കില്‍ ഭൂരിപക്ഷം പണ്ഡിതന്മാര്‍ പറഞ്ഞു എന്ന കാരണത്താല്‍ ആധികാരികതയുണ്ടാകുമോ? ഒരു പില്‍ക്കാല പണ്ഡിതന് താന്‍ നടത്തിയ പ്രാമാണികമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആ അഭിപ്രായങ്ങള്‍ക്കെതിരില്‍ തനിക്ക് ബോധ്യം വന്ന കാര്യങ്ങള്‍ പിന്തുടരുന്നത് ദീനീവിരുദ്ധ സമീപനമാണോ?
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ മുത്വലാഖ് വിഷയത്തില്‍ സ്വീകരിച്ച നിലപാട് തന്റെ മുന്‍ഗാമികളായ നാല് മദ്ഹബിന്റെ ഇമാമുകളുടെ വീക്ഷണങ്ങള്‍ക്കു വിരുദ്ധമാണ് എന്ന കാരണത്താല്‍ ഇബ്‌നു തൈമിയ്യ പ്രമാണവിരുദ്ധനാണോ? ഇബ്‌നു തൈമിയ്യയുടെ വീക്ഷണത്തിനു വിരുദ്ധമായി നിലകൊണ്ട പൂര്‍വ പണ്ഡിതന്മാരെപ്പറ്റി അദ്ദേഹം നിലപാട് വ്യക്തമാക്കണമെന്ന വാദമുഖത്തിന് പ്രസക്തിയുണ്ടോ? വ്യക്തത വരുത്തേണ്ട മറ്റൊരു കാര്യമാണ് ഏതെങ്കിലും ചില സഹാബിമാരുടെ അഭിപ്രായങ്ങളും ഗ്രാഹ്യതകളും അവ സ്വയം പ്രമാണങ്ങളാണോ എന്നത്.
ഇത്തരുണത്തില്‍ നാം മനസ്സിലാക്കേണ്ട സുപ്രധാനമായ ഒരു കാര്യമാണ് ഇജ്മാഅ് ഒരു ഉപപ്രമാണമാണ് എന്ന വസ്തുത. ഒരു കാലഘട്ടത്തിലെ പണ്ഡിതന്മാര്‍, ഖുര്‍ആനിലോ സുന്നത്തിലോ നേര്‍ക്കുനേരെ പരാമര്‍ശിച്ചിട്ടില്ലാത്ത കാര്യങ്ങളില്‍ അടിസ്ഥാന പ്രമാണങ്ങളുടെ സൂചനകള്‍ മുന്‍നിര്‍ത്തി ഏകകണ്ഠമായി എത്തുന്ന തീരുമാനങ്ങള്‍ക്കാണ് ഇജ്മാഅ് എന്നു പറയുന്നത്. സഹാബത്തിന്റെയോ ത്വാബിഉകളുടെയോ ത്വാബിഉത്താബിഉകളുടെയോ മറ്റു പിന്‍ഗാമികളുടെയോ കാലഘട്ടത്തില്‍ ഇപ്രകാരം ഉണ്ടാകുന്ന ഏകകണ്ഠമായ തീരുമാനങ്ങള്‍ ഉപപ്രമാണമായ ഇജ്മാഇന്റെ ഗണത്തില്‍പ്പെടുന്ന കാര്യമാണെന്നതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. ആരെങ്കിലും ഒരു കാര്യത്തെപ്പറ്റി ഇജ്മാഅ് ഉണ്ടെന്ന് പ്രസ്താവിക്കുമ്പോള്‍ അത് മുഖവിലയ്‌ക്കെടുക്കണമെങ്കില്‍ ആ കാലഘട്ടത്തിലെ ഒരു പണ്ഡിതനും അതിനെതിരില്‍ സമീപനം സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തത വരുത്തേണ്ടതുണ്ട്.
അടിസ്ഥാന
പ്രമാണങ്ങള്‍

പൂര്‍വികരോ പിന്‍ഗാമികളോ ആരായിരുന്നാലും അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന ഭിന്നാഭിപ്രായങ്ങളില്‍ ഏതൊരു പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊള്ളേണ്ടത്. ഖുര്‍ആന്‍ പറയുന്നു:
فإن تنازعتم في شيء فردوه إلى الله والرسول
‘ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക’ (അന്നിസാഅ് 59). നാം ദീനില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ മുഖവിലക്കെടുക്കേണ്ട അടിസ്ഥാന നിര്‍ദേശമാണ് ഇത്. ഇവിടെ പരാമര്‍ശിച്ച إلى الله എന്നതിന്റെ താല്‍പര്യം الى كتاب الل എന്നും والرسول എന്നതിന്റെ വിവക്ഷ الى سنة رسول الله എന്നതുമാണെന്ന കാര്യം അവിതര്‍ക്കിതമാണ്. ഇതില്‍ നിന്ന് അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണെന്ന് വ്യക്തമായി. ഒന്നാം പ്രമാണം ഖുര്‍ആനും രണ്ടാം പ്രമാണം സുന്നത്തുമാണ്. ഇമാം നവവി പറയുന്നു:
فإنّ اسّنّۃ هي أصل الثّّانى من اصول الاحكام الشرعية بعد القران العضيم
ഖുര്‍ആനിനു ശേഷം മതപരമായ വിധിവിലക്കുകളുടെ രണ്ടാമത്തെ അടിത്തറയാണ് സുന്നത്ത് (ശര്‍ഹു മുസ്‌ലിം 1:5). ഈ കാര്യം വിശകലനം ചെയ്യുകയും പില്‍ക്കാല മുസ്‌ലിംകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്ന നബി(സ)യുടെ നിര്‍ദേശം ഏവര്‍ക്കും സുപരിചിതമാണ്:
تركت فيكم أمرين لن تضلوا ما تمسكتم بهما كتاب الله وسنة نبيه
ഞാന്‍ നിങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ വിട്ടേച്ചുപോകുന്നു. അവ രണ്ടും നിങ്ങള്‍ മുറുകെ പിടിക്കുന്നപക്ഷം നിങ്ങള്‍ വഴിതെറ്റുകയില്ല. അവ അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ ചര്യയുമാണ് (മുവത്വ 1662). ഇവ രണ്ടും നിരാകരിക്കാനോ നിഷേധിക്കാനോ പാടില്ലാത്ത അടിസ്ഥാന പ്രമാണങ്ങളാണ്.
ഒന്നാം പ്രമാണത്തിന്റെ സവിശേഷതകള്‍
ഒന്നാം പ്രമാണമായ ഖുര്‍ആനിന്റെ സവിശേഷതകള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.
1. ഖുര്‍ആനിക വചനങ്ങളെല്ലാം (آيات) സംശയരഹിതമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്. പൂര്‍ണമായും അബദ്ധമുക്തമായ ഒരു ഗ്രന്ഥവുമാണത്. അല്ലാഹു പറയുന്നു:
َّا يَأْتِيهِ ٱلْبَٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍۢ
‘ഇതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ ഇതില്‍ അസത്യം വന്നുചേരുകയില്ല. യുക്തിജ്ഞനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതാണിത്’ (ഫുസ്സിലത്ത് 42).
ഇതിലെ വചനങ്ങള്‍ നബി(സ)യുടെ സാന്നിധ്യത്തില്‍ വെച്ചുതന്നെ ശരിപ്പെടുത്തിയതാണ്. ഖുര്‍ആനിന്റെ എഴുത്തുകാര്യങ്ങള്‍ നിര്‍വഹിച്ചവരില്‍ പ്രമുഖനായ സൈദുബ്‌നു സാബിതില്‍ നിന്ന് സ്ഥിരീകരിക്കപ്പെട്ട രീതിയില്‍ ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു:
قال زيد بن ثابت (ر) كنت أكتب الوحى عند رسول الله (ص) وهو يملى عليّ فإذا فرغت قال : إقرأ فأقرؤه فإن كان فىه سقط أقامه ثم أخرج بە إلى الناس
‘സൈദുബ്‌നു സാബിത്(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദൂതന്റെ അരികിലിരുന്നു ദിവ്യസന്ദേശങ്ങള്‍ രേഖപ്പെടുത്താറുണ്ടായിരുന്നു. അദ്ദേഹം എനിക്ക് ഓതിത്തരും. ഞാന്‍ എഴുതിക്കഴിഞ്ഞാല്‍ അദ്ദേഹം പറയും: നീ അത് വായിക്കുക. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് അത് വായിച്ചു കേള്‍പ്പിക്കും. അതില്‍ വല്ല അബദ്ധവും സംഭവിച്ചിട്ടുണ്ടെങ്കില്‍ നബി(സ) അത് ശരിപ്പെടുത്തും. പിന്നീട് ഞാനതുമായി ജനങ്ങളിലേക്ക് തിരിക്കും’ (ത്വബ്‌റാനി, തദ്‌രീബു റാവി 1:508).
2. ഖുര്‍ആനിക വചനങ്ങള്‍ നിര്‍ണിതമാണ്. 6236 സൂക്തങ്ങള്‍. എണ്ണവ്യത്യാസം പറയപ്പെടുന്നത് ആയത്തുകളുടെ വഖ്ഫ് (നിര്‍ത്തലുകള്‍) മാറുന്നതിനനുസരിച്ച് മാത്രമാണ്.
3. ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്യുന്നത് ആരാധനയുടെ ഗണത്തില്‍പ്പെട്ട കാര്യമാണ്. നബി(സ)യില്‍ നിന്ന് സ്ഥിരപ്പെട്ടുവന്ന ഒരു നിവേദനത്തില്‍ ഇപ്രകാരം കാണാം:
َنْ قَرَأ حَرْفاً مِنْ كِتاب الله فَلَهُ حَسَنَة
4. ഖുര്‍ആന്‍ സൂക്തങ്ങളില്‍ مردود – مقبول (സ്വീകരിക്കേണ്ടത്, നിരാകരിക്കേണ്ടത്) എന്ന വിഭജനമില്ല. അതില്‍ صحىح – ضعىف – موضوع (സ്ഥിരപ്പെട്ടത്, ദുര്‍ബലമായത്, കെട്ടിയുണ്ടാക്കപ്പെട്ടത്) എന്നിങ്ങനെയുള്ള വിഭജനവുമില്ല.
രണ്ടാം പ്രമാണത്തിന്റെ പ്രത്യേകതകള്‍
രണ്ടാം പ്രമാണമായ സുന്നത്തിന്റെ ചില പ്രത്യേകതകളും ഖുര്‍ആനിനോടുള്ള അതിന്റെ സാമ്യതകളും വ്യത്യാസങ്ങളും പഠനവിധേയമാക്കേണ്ട കാര്യമാണ്. സുന്നത്തായ സ്ഥിരപ്പെട്ട കാര്യങ്ങളോടുള്ള സമീപനമല്ല സ്ഥിരപ്പെടാത്തവയോടുള്ളത്. സുന്നത്ത് രണ്ടാം പ്രമാണമാണെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായത്തിന് പ്രസക്തിയില്ല. ഇന്‍സാഫ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച മുസ്‌ലിമിന്റെ പരിഭാഷയുടെ മുഖവുരയില്‍ ഇപ്രകാരം കാണാം: ”ഹദീസ് രണ്ടാം പ്രമാണം, ഹദീസ് അഥവാ സുന്നത്ത് എന്നതുകൊണ്ട് സാങ്കേതികമായി നബി(സ)യുടെ ചര്യ എന്നാണ് ഉദ്ദേശിക്കുന്നത്”. ഈ പരിഭാഷയുടെ പരിശോധന നിര്‍വഹിച്ചിട്ടുള്ളത് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, അബൂബക്കര്‍ സലഫി എന്നിവരുള്‍പ്പെട്ട പണ്ഡിത സമിതിയാണ്. എന്താണ് സുന്നത്ത് എന്നു പരിശോധിക്കാം. ഇക്കാര്യത്തില്‍ സര്‍വാംഗീകൃതമായ ഒരു വിശദീകരണം ഇപ്രകാരമാണ്:
السنۃ ما جاء عن النبي من اقواله و افعاله و تقرىره و ما هم بفعله
സുന്നത്ത് എന്നാല്‍ നബിയില്‍ നിന്ന് സ്ഥിരപ്പെട്ടുവന്ന അവിടുത്തെ പ്രസ്താവനകള്‍, പ്രവര്‍ത്തനങ്ങള്‍, അംഗീകാരമുള്ള കാര്യങ്ങള്‍, അദ്ദേഹം ചെയ്യാനുദ്ദേശിച്ച കാര്യങ്ങള്‍ എന്നിവയാണ് (ഫത്ഹുല്‍ബാരി 13:245).
ഇതില്‍ നിന്ന്, നബിയിലേക്ക് വിശ്വാസയോഗ്യമായി ചേര്‍ക്കപ്പെട്ടു വന്ന മതപരമായ കാര്യങ്ങള്‍ മാത്രമാണ് സുന്നത്ത് എന്ന കാര്യം വ്യക്തമാണ്. ഇപ്രകാരം നബിയിലേക്ക് ചേര്‍ക്കപ്പെട്ട് വന്ന കാര്യമാണെന്ന് സംശയരഹിതമായി ബോധ്യപ്പെട്ട വസ്തുതയെ തള്ളിപ്പറയുന്നതും നിരാകരിക്കുന്നതും സുന്നത്ത് നിഷേധമാണ്. എന്നാല്‍ സ്ഥിരപ്പെട്ടുവരാത്തവയോ നിദാനശാസ്ത്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സംശയാസ്പദമോ ആയവയെ സുന്നത്ത് എന്നു വിളിക്കാവതല്ല. അവയെപ്പറ്റിയുള്ള നിരൂപണവും, മാറ്റിവെക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടാല്‍ മാറ്റിവെക്കലും സുന്നത്ത് നിഷേധമെന്ന് ഘോഷിക്കുന്നത് വസ്തുനിഷ്ഠമായ സമീപനമല്ല. എന്നാല്‍ സ്ഥിരപ്പെട്ട് വന്ന ഒരു പ്രസ്താവനയെയോ വിധിയെയോ നിരാകരിക്കുന്നതിനെപ്പറ്റി ഖുര്‍ആന്‍ താക്കീത് നല്‍കുന്നുണ്ട്.
وما كَانَ لِمُؤۡمِنٖ وَلَا مُؤۡمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمۡرًا أَن يَكُونَ لَهُمُ ٱلۡخِيَرَةُ مِنۡ أَمۡرِهِمۡۗ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَقَدۡ ضَلَّ ضَلَٰلٗا مُّبِينٗا
‘അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടില്‍ അകപ്പെട്ടതുതന്നെ’ (അഹ്‌സാബ് 36).
സുന്നത്ത് നിര്‍ധാരണം ചെയ്ത് മനസ്സിലാക്കാന്‍ സഹായകമാകുന്നവയാണ് ഹദീസുകള്‍. ഹദീസുകളുടെ പ്രത്യേകതകള്‍ താഴെ പറയുന്നവയാണ്:
1. ഹദീസുകളായി വന്ന പ്രസ്താവനകള്‍ എല്ലാം സംശയരഹിതമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയല്ല.آحاد – متواتر എന്നീ രണ്ടു തരമുണ്ട്. آحاد എന്നാല്‍ متواتر അല്ലാത്തവ എന്നര്‍ഥം. آحاد ആയവയില്‍ പ്രധാനമായും مردود – مقبول (സ്വീകാര്യമായവ, തള്ളപ്പെടേണ്ടവ) എന്നിങ്ങനെ രണ്ടു തരമുണ്ട്. مردود ആയവയില്‍ത്തന്നെ ضعىف – موضوع (ദുര്‍ബലമായത്, നിര്‍മിതം) എന്നിങ്ങനെ രണ്ടു തരമുണ്ട്.
2. ഒരു ഹദീസ് സ്വീകാര്യമാകുന്നതിനു ചില മാനദണ്ഡങ്ങള്‍ ഖുര്‍ആനിന്റെയും യുക്തിസഹമായ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഈ വിജ്ഞാനശാഖ ഹദീസ് നിദാനശാസ്ത്രം എന്നറിയപ്പെടുന്നു. ഇതില്‍ രചിക്കപ്പെട്ട സാമാന്യം സമഗ്രമായ ആദ്യകാല രചനകളില്‍ ഒന്നാണ് ഖാദി അബൂ മുഹമ്മദ് ഹസന്‍ ബിന്‍ അബ്ദുറഹ്മാന്‍ ബിനു ഖല്ലാദ് രചിച്ച المحدث الفاصل بين الراوي والواعي എന്ന ഗ്രന്ഥം. ഇദ്ദേഹത്തിന്റെ ജീവിതകാലം ഹി. 265-320 വരെയാണ്. ഇദ്ദേഹം ഇമാം ബുഖാരിയുടെ പിന്‍ഗാമിയാണ്.
3. മറ്റൊരു പ്രത്യേകത, ഹദീസുകള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ പോലെ ഒരൊറ്റ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടതല്ല. ഹദീസ് ഗ്രന്ഥം ഒന്നു മാത്രമല്ല, നിരവധിയാണ്. സ്ഥിരപ്പെട്ട ഹദീസുകളുടെ എണ്ണവും നിര്‍ണിതമല്ല. എന്നാല്‍ ഇവ പഠനവിധേയമാക്കാനും പരിശോധനാവിധേയമാക്കാനും അവയില്‍ നിന്ന് സ്ഥിരപ്പെട്ടവ വേര്‍തിരിച്ചെടുക്കാനും സാധ്യമാകുന്ന വിധമുള്ള എല്ലാ സംവിധാനങ്ങളും മുന്‍ഗാമികളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി അവര്‍ ഒരുക്കിത്തന്നിട്ടുണ്ട്. ഹദീസിന്റെ ഈ രംഗത്തുള്ള പഠനത്തിന്റെ കവാടം ഒരിക്കലും അടയ്ക്കപ്പെട്ടിട്ടില്ല. ഏതെങ്കിലും ഒരു ഹദീസ് പണ്ഡിതന്റെ കാലശേഷം അത് അവസാനിച്ചിട്ടുമില്ല. അതിനാലാണ് ആധുനിക കാലത്തും ഹദീസ് നിരൂപണ പഠനത്തില്‍ ദീനീപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച നിരവധി ഹദീസ് പണ്ഡിതന്മാര്‍ ലോകത്തിന്റെ നാനാഭാഗത്ത് ഉയര്‍ന്നുവന്നത്. അവരില്‍ ശ്രദ്ധേയരായവരാണ് അശ്ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിയും ശുഐബുല്‍ അര്‍നാഊത്തുമൊക്കെ.

ഹദീസ് ക്രോഡീകരണരംഗത്തെ സോഫ്റ്റ്‌വെയറുകള്‍ ശ്രദ്ധേയമാണ്. 159 അടിസ്ഥാന ഗ്രന്ഥങ്ങളും 651 ഭാഗിക ഹദീസ് ഗ്രന്ഥങ്ങളും ഒന്നിച്ചുചേര്‍ത്ത മക്തബത്തുശ്ശാമില, മറ്റൊരു പ്രസിദ്ധ സോഫ്റ്റ്‌വെയറായ അല്‍ജാമിഉ ലില്‍ഹദീസി അന്നവബിയ്യ എന്നതില്‍ 402 ഹദീസ് ഗ്രന്ഥങ്ങളും 5,22,346 നിവേദനങ്ങളും ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ആദ്യ ഹദീസ് ഗ്രന്ഥമായി അറിയപ്പെടുന്നത് 1000 നിവേദനങ്ങള്‍ അടങ്ങുന്ന الصحيفة الصادقة എന്ന ഗ്രന്ഥമാണ്. അതിന്റെ ക്രോഡീകരണം നിര്‍വഹിച്ചത് സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു അംറുബ്‌നു ആസ്വാണ്. ഈ ഗ്രന്ഥത്തിന്റെ അസ്വ്ല്‍ മറ്റു ഹദീസ് ഗ്രന്ഥത്തിലൂടെ ലഭ്യമാണ്.
മറ്റൊരു പ്രധാന ആദ്യകാല ഹദീസ് ഗ്രന്ഥമാണ് ഇമാം മാലികിന്റെ മുവത്വ. 1891 ഹദീസുകള്‍ അടങ്ങുന്ന ഈ ഗ്രന്ഥത്തെപ്പറ്റി ഇമാം ശാഫിഈ പറഞ്ഞത് أصح الكتب بعد كتاب الله (അല്ലാഹുവിന്റെ ഗ്രന്ഥത്തിനു ശേഷം ഏറ്റവും ശരിയായ ഗ്രന്ഥം) എന്നാണ്. എന്നാല്‍ മറ്റുള്ളവര്‍ ഇത് അംഗീകരിച്ചില്ല. ഇമാം അഹ്മദുബ്‌നു ഹന്‍ബലിന്റെ മുസ്‌നദ് അഹ്മദ് എന്ന ഗ്രന്ഥം ബൃഹത്തായ ഒരു ഹദീസ് ശേഖരണമാണ്. 27647 നിവേദനങ്ങള്‍ ഇതില്‍ അടങ്ങുന്നു. ഇന്ത്യന്‍ പണ്ഡിതനായ അല്‍ മുത്തഖി അല്‍ഹിന്ദിയുടെ(888-975) കന്‍സുല്‍ ഉമ്മാല്‍ ഫീ സുനനില്‍ അക്വാല്‍ വ അഫ്ആല്‍ എന്ന ഗ്രന്ഥം 46,624 നിവേദനങ്ങളാല്‍ സമ്പന്നമാണ്.
ഇമാം ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരി ഹദീസ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ശ്രദ്ധേയമായ ഗ്രന്ഥമാണ്. മുഹമ്മദ് ഫുആദ് അബ്ദുല്‍ ബാഖി നിജപ്പെടുത്തിയതനുസരിച്ച് ഈ ഗ്രന്ഥത്തില്‍ 7593 നിവേദനങ്ങളാണ് അടങ്ങുന്നത്. ഇമാം ഇബ്‌നു സ്വലാഹും ഇബ്‌നു ഹജറുല്‍ അസ്‌കലാനിയും യഥാക്രമം 7275ഉം 7397ഉം നിവേദനങ്ങളായാണ് കണക്കാക്കിയിട്ടുള്ളത്. ഇമാം മുസ്‌ലിമിന്റെ സ്വഹീഹു മുസ്‌ലിം ഇതുപോലെ ശ്രദ്ധേയമായ മറ്റൊരു ഹദീസ് ഗ്രന്ഥമാണ് എന്നത് സുവിദിതമാണ്. ഈ ഗ്രന്ഥങ്ങളെപ്പറ്റിയും ഇമാം ശാഫിഈ മുവത്വയെപ്പറ്റി പറഞ്ഞ അതേ വിശേഷണം ഒട്ടനവധി പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം ഈ ഗ്രന്ഥത്തില്‍ വന്ന നിവേദനങ്ങള്‍ ഹദീസ് നിദാനശാസ്ത്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഏതെങ്കിലുമൊരു പണ്ഡിതന്‍ പരിശോധനാവിധേയമാക്കിയാല്‍ അത് ഇസ്‌ലാമില്‍ നിന്നുതന്നെ പുറത്തുപോകുന്ന തരത്തിലുള്ള ഗുരുതരമായ കുറ്റമാകും എന്നാണോ? ഇമാം ബുഖാരിയുടെ ശിഷ്യനും പ്രഗല്‍ഭ ഹദീസ് പണ്ഡിതനുമായ ഇമാം മുസ്‌ലിം ഇമാം ബുഖാരിയുടെ ചില നിവേദനങ്ങള്‍ തന്റേതായ ചില മാനദണ്ഡങ്ങളാല്‍ തന്റെ ഗ്രന്ഥത്തില്‍ ചേര്‍ക്കാതെ വിട്ടിട്ടുണ്ട്. ഇമാം ബുഖാരി ഇമാം മുസ്‌ലിമിന്റെ ചില നിവേദനങ്ങളെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.
പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇമാം ദാറഖുത്‌നി (ഹി. 306-385) ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഗ്രന്ഥങ്ങളില്‍ നിവേദനം ചെയ്യപ്പെട്ട 200ഓളം റിപ്പോര്‍ട്ടുകളെ നിരൂപണം നടത്തിയിട്ടുണ്ട് എന്ന വസ്തുത പ്രസിദ്ധമാണ്.
أصح الكتب بعد كتاب الله എന്ന പ്രസ്താവന ഇജ്മാഅ് ഉള്ളതാണ് എന്ന വാദം ഇതിനാല്‍ തന്നെ നിലനില്‍ക്കുന്നതല്ല. ദാറഖുത്വ്‌നിയുടെ പഠനത്തിലെ ശരിതെറ്റുകള്‍ മറ്റുള്ളവര്‍ക്കും പഠനവിധേയമാക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഇമാം ദാറഖുത്വ്‌നി ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളെ നിരൂപണം നടത്തിയതിന്റെ പേരില്‍ അദ്ദേഹത്തെ ഹദീസ് നിഷേധിയാണെന്ന് വിളിക്കാന്‍ പറ്റുമോ?
ദീനീപ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട് ഹദീസ് നിദാനശാസ്ത്ര മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഹദീസിന്റെ സനദും മത്‌നും പഠനവിധേയമാക്കുന്നത് അവസാനിക്കുന്ന കാലം ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ലെന്നതിന് ജീവിക്കുന്ന തെളിവാണ് അല്‍ബാനി അടക്കമുള്ള ആധുനിക ഹദീസ് പണ്ഡിതന്മാരുടെ പഠനങ്ങള്‍. ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം, വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ സ്വീകാര്യമായതും അസ്വീകാര്യമായവയും ഉണ്ട് എന്നാണ്. ഈ ഗ്രന്ഥങ്ങളില്‍ ഏതെങ്കിലുമൊന്നിനെ യാതൊരു പരിശോധനയും കൂടാതെ പൂര്‍ണമായി പിന്തുടരണമെന്ന് നബി(സ) പ്രസ്താവിച്ചിട്ടില്ല. നബിയുടെ പ്രസ്താവനയില്‍ ഉള്ളത് كتاب الله وسنة نبيه എന്നാണ്. ഈ ഗ്രന്ഥങ്ങളില്‍ നിന്നെല്ലാം സുന്നത്തായി സ്ഥിരപ്പെട്ട് കിട്ടിയ കാര്യങ്ങളെ പിന്തുടരണമെന്നാണ്.ഹദീസ് പരിശോധനക്ക് പൂര്‍വിക ഉസൂലി (നിദാനശാസ്്ത്ര) ഗ്രന്ഥങ്ങളില്‍ കര്‍ക്കശമായ നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ഇപ്രകാരം ഒരു പരിശോധനക്ക് അവര്‍ തുനിയാന്‍ കാരണം നബി(സ)യുടെ പേരില്‍ യാതൊരു വ്യാജവും കടന്നുകൂടാതിരിക്കാനും അതുവഴി ദീനിന്റെ സമ്പൂര്‍ണ പരിശുദ്ധി കാത്തുരക്ഷിക്കാനുമാണ്. പ്രമാണത്തിന്റെ കാര്യത്തിലുള്ള ഈ കാര്‍ക്കശ്യത്തിന് അവരെ പ്രേരിപ്പിച്ചത് നബി(സ)യുടെ ഈ പ്രസ്താവനയാണ്:
من كذب عليَّ متعمداً فليتبوأ مقعده من النار
‘ആരെങ്കിലും എന്റെ പേരില്‍ മനഃപൂര്‍വം കള്ളം പറഞ്ഞാല്‍ അവന്റെ സ്ഥാനം അവന്‍ നരകത്തില്‍ ഉറപ്പിച്ചുകൊള്ളട്ടെ’ (ബുഖാരി 3226, മുസ്‌ലിം 4). പ്രമാണത്തിന്റെ കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നില്ലെങ്കില്‍ വിശ്വാസപരമായ കാര്യങ്ങളില്‍ സാവകാശം വ്യതിയാനങ്ങള്‍ കടന്നുകൂടാനും കര്‍മകാര്യങ്ങളില്‍ ബിദ്അത്തുകളാകുന്ന കളകള്‍ കയറിവന്ന് ദീനിന്റെ സുന്ദരമുഖം വികൃതമാകാനും ഇടയുണ്ട്. ഇക്കാലത്ത് മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ അത്തരത്തിലുള്ള വൈകല്യങ്ങളുടെ വികൃതരൂപം നമ്മുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മാനദണ്ഡങ്ങളില്‍
ചിലത്

അന്ധവിശ്വാസങ്ങളുടെ പ്രചാരണം അരങ്ങു തകര്‍ക്കുന്ന ഈ കാലത്ത് പൂര്‍വിക ഉസൂലി പണ്ഡിതന്മാര്‍ മുന്നോട്ടുവെച്ച പരിശോധനാ മാനദണ്ഡങ്ങളില്‍ ചിലത് ഇന്ന് ഏറെ പ്രസക്തമാണ്. പ്രസിദ്ധ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്‍ ഇബ്‌നുല്‍ ജൗസിയുടെ (ഹി. 510 – 597) പ്രസ്താവന ഇമാം സുയൂത്വി ഉദ്ധരിക്കുന്നു:
قال بن جوزى ما أحسن قول القائل :إِذَا رَأَيْتَ الْحَدِيثَ يُبَايِنُ الْمَعْقُولَ أَوْ يُخَالِفُ الْمَنْقُولَ أَوْ يُنَاقِضُ الْأُصُولَ : فَاعْلَمْ أَنَّهُ مَوْضُوعٌ
ഇബ്‌നുല്‍ ജൗസി പറഞ്ഞു: ഈ പ്രസ്താവന എത്ര അര്‍ഥവത്താണ്. ഒരു ഹദീസിനെപ്പറ്റി യുക്തിവിരുദ്ധമാണെന്നും പ്രമാണവിരുദ്ധമാണെന്നും അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും നിനക്ക് ബോധ്യപ്പെട്ടാല്‍ അത് വ്യാജനിര്‍മിതിയാണെന്ന് നീ മനസ്സിലാക്കണം (തദ്‌രീബ് റാവി 3:441)
പ്രസിദ്ധ ഉസൂലുല്‍ ഹദീസിന്റെ ഗ്രന്ഥമായ നുഖ്ബയിലുള്ള പ്രസ്താവന ഇപ്രകാരമാണ്:
ومنها ما يوُخد من حال المروي كأن يكون مناقضا لنص القرآن و السنۃ المتواتر او الإجماع القطعى او صريح العقل حيث لا يقبل شيء من ذالك التأويل
യാതൊരുവിധത്തിലും വ്യാഖ്യാനിച്ച് യോജിപ്പിക്കാന്‍ സാധിക്കാത്തവിധം ഖുര്‍ആനിന്റെ പാഠങ്ങള്‍ക്ക് വിരുദ്ധമായതോ സ്ഥിരപ്പെട്ട സുന്നത്തിന് വിരുദ്ധമായതോ ഖണ്ഡിതമായ ഏകാഭിപ്രായത്തിനെതിരായതോ സാമാന്യബുദ്ധിക്ക് നിരക്കാത്തതോ ആയവ തള്ളപ്പെടേണ്ട ഹദീസിന്റെ ഗണത്തില്‍ പെട്ടതാണ് (നസ്ഹതുന്നള്ര്‍ ഫീ തവ്‌ളീഹു നുഖ്ബതുല്‍ ഫികര്‍ 101)

ഇതേ വസ്തുത എം എം അക്ബര്‍ ‘ഹദീസുകളുടെ പ്രാമാണികത: വിമര്‍ശനങ്ങള്‍ വസ്തുതകള്‍’എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘മത്‌ന് (ഹദീസിന്റെ ടെക്സ്റ്റ്) വിമര്‍ശനത്തില്‍ ഉസൂലുല്‍ ഹദീസിന്റെ പണ്ഡിതന്മാര്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ താഴെ പറയുന്നവയാണ്:
1. സാഹിത്യത്തിലും വാചകശുദ്ധിയിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന നബി(സ)യില്‍ നിന്നുള്ളളതാണെന്ന് ഉറപ്പുനല്‍കുന്ന വാചകഘടനയിലുള്ളതും നിലവാരം കുറഞ്ഞ പദപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളാത്തതുമാവുക.
2. വ്യാഖ്യാനിക്കാന്‍ പറ്റാത്തവിധം പ്രാഥമിക ബുദ്ധിക്കോ തെളിയിക്കപ്പെട്ട വസ്തുതകള്‍ക്കോ അംഗീകരിക്കപ്പെട്ട സ്വഭാവമൂല്യങ്ങള്‍ക്കോ എതിരായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാത്തതാവുക.
3. ഖുര്‍ആനോ സ്ഥിരീകരിക്കപ്പെട്ട ഹദീസോ പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായമായ ഇജ്മാഓ ഉള്ള കാര്യത്തിനെതിരായി വ്യാഖ്യാനിച്ച് യോജിപ്പിക്കാന്‍ കഴിയാത്ത പരാമര്‍ശങ്ങളില്ലാത്തതാവുക (ഹദീസുകളുടെ പ്രാമാണികത: വിമര്‍ശനങ്ങള്‍ വസ്തുതകള്‍, പേജ് 122).
പണ്ഡിതനായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ‘സുന്നത്ത്: അര്‍ഥവും പ്രാധാന്യവും’ എന്ന ഗ്രന്ഥത്തില്‍ ഇതേ ആശയങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട് (പേജ് 40-43). ഇതേ കാര്യം സര്‍വരും ആദരിക്കുന്ന പ്രഗത്ഭ പണ്ഡിതനായ അമാനി മൗലവി ‘നബിചര്യയും ഇസ്‌ലാമിക ശരീഅത്തില്‍ അതിനുള്ള സ്ഥാനവും’ എന്ന വിവര്‍ത്തന ഗ്രന്ഥത്തില്‍ പേജ് 101 മുതല്‍ 105 വരെ വിവരിക്കുന്നുണ്ട്.
25 വര്‍ഷം മുജാഹിദ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പക്വമതിയായ പണ്ഡിതനായിരുന്ന കെ പി മുഹമ്മദ് മൗലവി രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ‘ഒരു ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ എത്ര പരിശുദ്ധരും സത്യസന്ധരുമായിരുന്നാലും അതിലെ ആശയം ഖുര്‍ആനിന്റെ വ്യക്തമായ പ്രസ്താവനക്ക് എതിരായി വരുമ്പോള്‍ ആ ഹദീസ് തള്ളിക്കളയണമെന്ന കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഇനി റിപ്പോര്‍ട്ടര്‍മാര്‍ അറിയപ്പെടാത്തവരും അവിശ്വസനീയരുമാണെങ്കില്‍ അത് ഒരു ഹദീസ് എന്ന പേരിനു പോലും അര്‍ഹമാകില്ല’ (അത്തവസ്സുല്‍, കെ എന്‍ എം പ്രസിദ്ധീകരണം, പേജ് 82).
ദീനിനോടുള്ള പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട് ഇസ്‌ലാമിന്റെ സംശുദ്ധത നിലനിര്‍ത്താന്‍ വേണ്ടി ഇത്തരം മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഹദീസ് നിരൂപണം നടത്തുന്നതും ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുന്നതും ഹദീസ് നിഷേധം എന്നു ആക്ഷേപിക്കുന്നത് നീതീകരിക്കാവതല്ല.
സത്യസന്ധമായ നിലപാട് കൈക്കൊള്ളാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി പറയുന്ന കാര്യങ്ങള്‍ നിഷ്പക്ഷബുദ്ധിയോടെ വിലയിരുത്തുക:
1. ആധുനിക ഹദീസ് പണ്ഡിതനായ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി ഇമാം ബുഖാരിയുടെ സ്വഹീഹിലെ ചില ഹദീസുകളെ അതിന്റെ സനദ് (പരമ്പര) പരിശോധനയുടെ അടിസ്ഥാനത്തില്‍ ദുര്‍ബലമാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ഇമാം ബുഖാരി സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിച്ച താഴെ പറയുന്ന ഹദീസ് സംബന്ധിച്ച് അശൈഖ് അല്‍ബാനി പ്രകടിപ്പിക്കുന്ന അഭിപ്രായം കാണുക:
‘ഒരു മനുഷ്യന്‍ അല്ലാഹുവിന് തൃപ്തിപ്പെട്ട ഒരു വാക്ക് പറയും. പ്രാധാന്യം കല്‍പ്പിച്ചുകൊണ്ടല്ല അത് പറയുക. ആ വാക്ക് കാരണം അല്ലാഹു അവനെ പല പടികള്‍ ഉയര്‍ത്തും.’ ബുഖാരി ഇത് 6478ാം നമ്പറായി ഉദ്ധരിച്ചിരിക്കുന്നു. ശേഷം അല്‍ബാനി പറയുന്നു: ഈ ഹദീസിന്റെ പരമ്പര ദുര്‍ബലമാണ്. രണ്ടു കാരണങ്ങളുണ്ട്. അതിലൊന്ന് ഇതിന്റെ പരമ്പരയിലുള്ള അബ്ദുറഹ്മാന്‍ ഓര്‍മശക്തി കുറഞ്ഞവനാണ് എന്നതാണ്. ബുഖാരി ഇദ്ദേഹത്തെ ആധാരമാക്കുന്നുണ്ടെങ്കിലും (സില്‍സിലതുല്‍ അഹാദീസു ളഈഫ 4:463 നമ്പര്‍ 1299, ളഈഫു അല്‍ജാമിഉസ്സഗീര്‍ 1502) ഈ ഹദീസ് 2988ാം നമ്പറായി ഇമാം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. അതിനാല്‍ ഈ നിവേദനം മുത്തഫക്കുന്‍ അലൈഹിയാണ്(ഏകോപിത നിവേദനം). എന്നിട്ടും ആധുനിക ഹദീസ് പണ്ഡിതരില്‍ അഗ്രേസരനായ ശൈഖ് അല്‍ബാനി ഇപ്രകാരം നിരൂപണം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തില്‍ നിരൂപണം നടത്തിയാല്‍ അത് നടത്തിയ പണ്ഡിതന്‍ ഹദീസ് നിഷേധിയാണോ?
2. ഇബ്‌നു അബ്ദില്‍ബര്‍റ് എന്ന പണ്ഡിതന്‍ (ഹി. 368- 463) പ്രസിദ്ധ ഹദീസ് പണ്ഡിതനും കര്‍മശാസ്ത്ര പണ്ഡിതനും ചരിത്രകാരനുമൊക്കെയാണ്.الاستيعاب في معرفة الأصحاب എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമാണ്. ഇദ്ദേഹം ഇമാം ബുഖാരിയുടെ ഗ്രന്ഥത്തില്‍ 3849ാം നമ്പറായി ഉദ്ധരിച്ച ഒരു നിവേദനത്തെ മത്‌നിന്റെ അടിസ്ഥാനത്തില്‍ നിരാകരിച്ചിരിക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ട് ഇപ്രകാരമാണ്:
عن عمرو بن ميمون قال : (رَأَيْتُ فِي الْجَاهِلِيَّةِ قِرْدَةً اجْتَمَعَ عَلَيْهَا قِرَدَةٌ ، قَدْ زَنَتْ ، فَرَجَمُوهَا ، فَرَجَمْتُهَا مَعَهُمْ
അംറുബ്‌നു മൈമൂന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ജാഹിലിയ്യാകാലത്ത് ഞാന്‍ ഒരു കുരങ്ങിനെ കണ്ടു. മറ്റു കുരങ്ങുകള്‍ ആ കുരങ്ങ് വ്യഭിചരിച്ചതിന്റെ പേരില്‍ അതിനെ എറിഞ്ഞുകൊണ്ടിരിക്കുന്നു. ഞാനും ആ കുരങ്ങുകളുടെ കൂടെ അതിനെ എറിഞ്ഞു’ (സ്വഹീഹുല്‍ ബുഖാരി 3849).
ഈ നിവേദനത്തെ സംബന്ധിച്ച് ഹദീസ് പണ്ഡിതനായ ഇബ്‌നു അബ്ദില്‍ ബര്‍റിന്റെ നിലപാട് താഴെ പറയുംവിധം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു:
وقد استنكر ابن عبد البر قصة عمرو بن ميمون هذه وقال : فيها إضافة الزنا إلى غير مكلف وإقامة الحد على البهائم وهذا منكر عند أهل العلم
‘അംറുബ്‌നു മൈമൂന്‍ (റ) ഉദ്ധരിച്ച ഈ കഥ ഇബ്‌നു അബ്ദില്‍ ബര്‍റ് നിരാകരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ഈ നിവേദനത്തില്‍ വിധിവിലക്കുകള്‍ ബാധകമല്ലാത്തവരിലേക്കാണ് വ്യഭിചാരാരോപണം ചേര്‍ത്തുപറയുന്നത്. മൃഗങ്ങളുടെ മേല്‍ ഹദ്ദ് നടപ്പില്‍ വരുത്തുകയും ചെയ്യുന്നുണ്ട്. ഇത് പണ്ഡിതന്മാര്‍ നിരാകരിക്കുന്ന കാര്യമാണ് (ഫത്ഹുല്‍ബാരി 7:160).
ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളെപ്പറ്റി ആര്‍ക്കൊക്കെ എന്തൊക്കെ ന്യായീകരണങ്ങള്‍ പറയാനുണ്ടെങ്കിലും അവയെല്ലാം സ്വാഗതം ചെയ്യാം.
ഇവിടെ ഉയര്‍ന്നുവരുന്ന പ്രസക്തമായ ചോദ്യം ഇപ്രകാരമാണ്: ഈ നിവേദനത്തിന്റെ ഉള്ളടക്കത്തെപ്പറ്റി നിരൂപണം നടത്തി നിരാകരണം രേഖപ്പെടുത്തിയ പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇബ്‌നു അബ്ദില്‍ബര്‍റ് ബുഖാരിയുടെ ഗ്രന്ഥത്തെ പരിഹസിക്കുന്ന വ്യക്തിയാണോ? ഹദീസിനെ തള്ളിക്കളയുന്ന ആളാണോ? സുന്നത്തിനെ നിരാകരിക്കുന്നവനാണോ? ഒരിക്കലുമല്ല.
സുന്നത്തിനെ വേര്‍തിരിച്ചെടുക്കുന്നതിനായി ഹദീസുകളെപ്പറ്റിയുള്ള തത്വാധിഷ്ഠിതമായ നിരൂപണപഠനം എക്കാലത്തും ഇസ്‌ലാമിക പ്രമാണങ്ങള്‍ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്.
എന്നാല്‍ ശീഈ പണ്ഡിതനായ നള്ളാം, ഓറിയന്റലിസ്റ്റ് പണ്ഡിതനായ ഗോള്‍ഡ് സിഹര്‍, മോഡേണിസ്റ്റായ അബൂ റയ്യ, കേരളത്തിലെ സുന്നത്ത് നിരാകരണത്തിന്റെ കൊടിവാഹകനായ ചേകന്നൂര്‍ മൗലവി എന്നിവരുടെ നിലപാടുകള്‍ ഇതില്‍ നിന്നു തീര്‍ത്തും ഭിന്നമാണ്. ഇവരുടെ വിതണ്ഡവാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ സിറിയന്‍ പണ്ഡിതനായ മുസ്തഫ സിബാഇ, അദ്ദേഹത്തിന്റെ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അമാനി മൗലവി, ചേകന്നൂരിന്റെ വാദങ്ങള്‍ക്ക് പ്രമാണബദ്ധമായ ഖണ്ഡനഗ്രന്ഥമെഴുതിയ എ അബ്ദുസ്സലാം സുല്ലമി എന്നിവരുടെ രചനകള്‍ സുന്നത്തിന്റെ സംരക്ഷണത്തിനായുള്ള ശ്രമങ്ങള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ളതാണ്.
വിശ്വാസവ്യതിയാനങ്ങളുടെ വേലിയേറ്റങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളുടെ കടന്നുകയറ്റത്തില്‍ നിന്നും ബിദ്അത്തുകളുടെ നുഴഞ്ഞുകയറ്റത്തില്‍ നിന്നും തങ്ങളുടെ ഈമാനിനും ഇസ്‌ലാമിനും പരിരക്ഷ ഉറപ്പുവരുത്തണമെന്നു കരുതുന്നവര്‍ക്ക് കരണീയമായ മാര്‍ഗം ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട ഹദീസിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമായ സുന്നത്തിന്റെയും സരണിയെ മുറുകെപ്പിടിക്കുക എന്ന മാര്‍ഗമാണ്.
നബി(സ) പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ വിട്ടേച്ചുപോകുന്നു. അവ രണ്ടും നിങ്ങള്‍ മുറുകെപ്പിടിക്കുന്നപക്ഷം നിങ്ങള്‍ വഴിതെറ്റുകയില്ല. അവ അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ ചര്യയുമാണ്’ (മുവത്വ 1662).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x