13 Monday
January 2025
2025 January 13
1446 Rajab 13

മറവി

സുഹാന പി


ഇന്നലെകള്‍ക്കു നേരെ
ചാരി വെച്ച എഴുത്തു പേനയില്‍
വള്ളികള്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു.
പുസ്തകങ്ങളില്‍ പൂപ്പല്‍
പടര്‍ന്നിരിക്കുന്നു.
ഞാനെന്റെ കവിതയെ മറന്നു പോയത്
എത്ര സ്വാഭാവികമായിട്ടാണ്….?
തിരികെ വന്നപ്പോള്‍ ചേര്‍ത്തു പിടിച്ച്
പുതിയ വരികള്‍ പറഞ്ഞു തന്നത്
എത്ര സ്‌നേഹത്തോടെയാണ്…
എഴുതി അവസാനിപ്പിക്കാന്‍
കഴിയാത്ത വിധം
ആഴത്തില്‍ പതിച്ച്
അതിരില്ലാതെ പടര്‍ന്നു കയറി
എന്നോളം ഉയരത്തില്‍
വളരുന്നുണ്ട് എന്റെ കവിതയും.
അലച്ചിലുകള്‍ അവസാനിച്ച്
എന്നിലേക്ക് മടങ്ങുമ്പോള്‍
അക്ഷരങ്ങളുടെ ദാരിദ്ര്യം മറച്ചു വെച്ച്,
ഉള്ളിലെ കനലുകള്‍ ഊതിക്കത്തിച്ച്,
എന്റെ താളുകളില്‍ കവിത
വിളമ്പുമ്പോള്‍
കണ്ണു നിറയാതെ ആദ്യ വരി
എഴുതി തീര്‍ക്കണമെന്ന്
പറയുന്നുണ്ടായിരുന്നു
എഴുത്തുപേനയുടെ ഞരമ്പില്‍ നിന്ന്
ഇറ്റി വീഴുന്ന ചുവന്ന മഷി.
പുതിയ നേരങ്ങള്‍ പഴയ ചിന്തകളുടെ
അക്ഷരത്തെറ്റുകള്‍ തിരുത്തേണ്ടെന്ന്
ഞാന്‍ പറഞ്ഞിട്ടുണ്ട്.
ചില തെറ്റുകള്‍
എഴുതിവെക്കേണ്ടതും കൂടിയല്ലേ….?

Back to Top