21 Thursday
November 2024
2024 November 21
1446 Joumada I 19

‘ശഹീദ് ‘ നിരോധനം അവസാനിപ്പിക്കണം; നിര്‍ദേശവുമായി മെറ്റ ഓവര്‍സൈറ്റ് ബോര്‍ഡ്


‘ശഹീദ്’ (രക്തസാക്ഷി) എന്ന അറബി പദത്തിന്റെ പൊതുവായ ഉപയോഗത്തിന്മേലുള്ള നിരോധനം അവസാനിപ്പിക്കാന്‍ ‘മെറ്റ’യുടെ മേല്‍നോട്ട ബോര്‍ഡ് കമ്പനിയോട് ആവശ്യപ്പെട്ടു. മെറ്റ പ്ലാറ്റ്‌ഫോമിന്റെ ഉള്ളടക്കം നിരീക്ഷിക്കുന്ന ഓവര്‍സൈറ്റ് ബോര്‍ഡിന്റെ ഒരു വര്‍ഷം നീണ്ട അവലോകനത്തിനു ശേഷം ഫേസ്ബുക്ക് ഉടമയുടെ സമീപനം കൂടിപ്പോയെന്ന് കണ്ടെത്തുകയായിരുന്നു. ഈ പദത്തിനുള്ള നിരോധനം ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും വാര്‍ത്താ റിപ്പോര്‍ട്ടിംഗിനെയും ബാധിച്ചതായും അവര്‍ പറയുന്നു. മെറ്റ ധനസഹായം നല്‍കുന്നതും എന്നാല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതുമായ ബോര്‍ഡ്, അക്രമത്തിന്റെ വ്യക്തമായ സൂചനകളുമായി ബന്ധപ്പെടുത്തുമ്പോള്‍ അല്ലെങ്കില്‍ മറ്റ് മെറ്റാ നിയമങ്ങള്‍ വെവ്വേറെ ലംഘിക്കുന്നുണ്ടെങ്കില്‍ മാത്രമേ സോഷ്യല്‍മീഡിയ ഭീമന്‍ ‘ശഹീദ്’ എന്ന വാക്ക് അടങ്ങിയ പോസ്റ്റുകള്‍ നീക്കം ചെയ്യാവൂ എന്നു വ്യക്തമാക്കി. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഏറ്റവുമധികം സെന്‍സര്‍ ചെയ്യപ്പെടുന്ന വാക്കാണ് ശഹീദ്. നിരവധി അര്‍ഥങ്ങളുള്ള ശഹീദെന്ന പദത്തിന്റെ മതപരമായ പ്രാധാന്യവും ഭാഷാപരമായ സങ്കീര്‍ണതകളും ഉള്‍ക്കൊള്ളാന്‍ മെറ്റ പാടുപെട്ടതായി ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. അറബിയേതര ഭാഷകള്‍ സംസാരിക്കുന്നവരും കടമെടുത്ത വാക്കായി ശഹീദെന്ന പദം മെറ്റ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിച്ചപ്പോള്‍ സെന്‍സര്‍ ചെയ്യപ്പെട്ടുവെന്നും ബോര്‍ഡ് പറയുന്നു.
മെറ്റയുടെ സമീപനം ഫലസ്തീനികളുടെയും അറബി ഭാഷ സംസാരിക്കുന്ന മറ്റ് ഉപയോക്താക്കളുടെയും മനുഷ്യാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി 2021ല്‍ മെറ്റ തന്നെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മിഡില്‍ഈസ്റ്റില്‍ നിന്നടക്കമുള്ള ഉള്ളടക്കങ്ങള്‍ കമ്പനി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് വര്‍ഷങ്ങളോളം വിമര്‍ശനം ഉയര്‍ന്നതിനു ശേഷമാണ് ഈ നിര്‍ദേശം വരുന്നത്.

Back to Top