ഗസ്സയിലെ വെടിനിര്‍ത്തലിനു പിന്നില്‍
ഫിദ എന്‍പി, ബാംഗ്ലൂര്‍
ഇപ്പോള്‍ ആദ്യമായി ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഗസയിലെ വെടിനിര്‍ത്തല്‍ പ്രമേയം പാസായിരിക്കുന്നു. ഇതിനകം നിരവധി വെടിനിര്‍ത്തല്‍ പ്രമേയങ്ങള്‍ പല രാജ്യങ്ങളും അവതരിപ്പിച്ചിരുന്നെങ്കിലും ഇതുവരെ അമേരിക്ക ഇസ്രായേലിനു വേണ്ടി വെടിനിര്‍ത്തല്‍ പ്രമേയങ്ങള്‍ വീറ്റോ ചെയ്തുകൊണ്ടിരുന്നതിനാലാണ് പ്രമേയങ്ങള്‍ പാസാകാതിരുന്നത്. ഇസ്രായേലിന്റെ രൂപീകരണത്തിനു ശേഷം അമേരിക്ക ഇസ്രായേലിനെതിരെയുള്ള 28 പ്രമേയങ്ങളാണ് വീറ്റോ ചെയ്തിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ അമേരിക്ക പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതാണ് പ്രമേയം പാസാകാന്‍ കാരണം. പക്ഷേ, ഇസ്രായേല്‍ പ്രമേയത്തെ തള്ളിക്കളയുകയും ആക്രമണം തുടരുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.
അമേരിക്ക വിട്ടുനില്‍ക്കാന്‍ കാരണമായി നിരീക്ഷകര്‍ പറയുന്നത് പല കാരണങ്ങളാണ്. പതിനായിരത്തിലേറെ കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്ത ഇസ്രായേലിനെതിരെ ലോകം മുഴുവന്‍ രോഷം പടരുകയാണ്. ഇത് ഇസ്രായേലിന് സംരക്ഷണവും ആയുധസഹായവും ധനസഹായവും നല്‍കിപ്പോരുന്ന അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് ഏറെ ദോഷകരമായി മാറിയിരിക്കുന്നു. മധ്യപൗരസ്ത്യ ദേശത്തെ ഭരണാധികാരികള്‍ ഇസ്രായേലിനും അമേരിക്കക്കും അനുകൂലമാണെങ്കിലും അവിടങ്ങളിലെ ജനതയൊന്നാകെ അമേരിക്കയോട് പുലര്‍ത്തുന്ന കടുത്ത രോഷമാണ് ഒന്ന്. അമേരിക്കകത്തും പാശ്ചാത്യ രാജ്യങ്ങളിലും ലോകമൊട്ടാകെയും ഇസ്രായേലിനും അമേരിക്കക്കുമെതിരെ നടക്കുന്ന അധിനിവേശവിരുദ്ധ റാലികളും ഉല്‍പന്ന ബഹിഷ്‌കരണ ആഹ്വാനങ്ങളും അമേരിക്കക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം തലമുറയൊന്നാകെ തങ്ങള്‍ക്കെതിരായിരിക്കുന്നു എന്ന് അമേരിക്ക മനസ്സിലാക്കുന്നു. ഫലസ്തീനികളോടുള്ള അനുകമ്പ വര്‍ധിച്ച് പാശ്ചാത്യലോകത്താകെ ഇസ്‌ലാം ആശ്ലേഷിക്കുന്നവരുടെ നിരക്ക് വന്‍തോതില്‍ ഉയരുന്നതിനു വരെ കാരണമായതും അമേരിക്കയെ വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ച കാരണമാണ്.