റമദാന്‍ നോമ്പിന്റെ കര്‍മശാസ്ത്ര വിധികള്‍
മുസ്തഫ നിലമ്പൂര്‍
മോഹിക്കുന്നതെന്തും കരസ്ഥമാക്കാനുള്ള മനുഷ്യന്റെ ത്വരയും അല്ലാഹുവിനെ കുറിച്ചും അവനു മുമ്പില്‍ മറുപടി പറയുന്നതിനെ സംബന്ധിച്ചുമുള്ള അജ്ഞതയും അവജ്ഞയും മനുഷ്യനെ തിന്മകളിലേക്ക് നയിച്ചുകൊണ്ടിരിക്കും. സ്രഷ്ടാവിനെക്കുറിച്ചും അപാരമായ അവന്റെ കാരുണ്യത്തെ സംബന്ധിച്ചും പ്രതീക്ഷ വെക്കുകയും അവന്റെ കഠിനമായ ശിക്ഷയെക്കുറിച്ച് ഭയമുണ്ടാവുകയും ചെയ്യുകയാണ് പരിഹാരം. അതാണ് തഖ്‌വയുടെ പൊരുള്‍. അതിനു വേണ്ടിയാണ് നാം ആരാധനകള്‍ ഏതും നിര്‍വഹിക്കുന്നതും. നോമ്പിന്റെ ലക്ഷ്യമായും ഖുര്‍ആന്‍ വ്യക്തമാക്കുന്നത് തഖ്‌വയാണ്.
പരിച
രണാങ്കണത്തില്‍ ശത്രുവിന്റെ ആക്രമണത്തെ ചെറുക്കാന്‍ പരിച ഉപകാരപ്പെടുന്നതുപോലെ, തിന്മയില്‍ നിന്നും അവിവേകത്തില്‍ നിന്നും വിശ്വാസിയെ സംരക്ഷിക്കുന്ന കവചമാണ് നോമ്പ്. നബി(സ) പറഞ്ഞു: ”നോമ്പ് നരകത്തെ തടുക്കാനുള്ള പരിചയാണ്. നിങ്ങള്‍ക്ക് യുദ്ധത്തിലെ പരിചയെന്നപോലെ” (നസാഈ). ”യുവസമൂഹമേ, നിങ്ങളില്‍ നിന്നു സാധ്യമായവര്‍ വിവാഹം കഴിക്കട്ടെ. തീര്‍ച്ചയായും അത് കണ്ണിനെ നിയന്ത്രിക്കാനും നഗ്നതയെ സംരക്ഷിക്കാനും പര്യാപ്തമാണ്. ആര്‍ക്ക് അതിനു സാധ്യമല്ലയോ അവന്‍ നോമ്പ് അനുഷ്ഠിക്കട്ടെ. തീര്‍ച്ചയായും അത് വികാരത്തെ തടുക്കുന്നതാണ്” (ബുഖാരി, മുസ്‌ലിം).
സ്വര്‍ഗകവാടങ്ങള്‍
തുറക്കപ്പെടും
”റമദാന്‍ ആഗതമായാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടും. നരകകവാടങ്ങള്‍ അടയ്ക്കപ്പെടും. പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടും” (ബുഖാരി, മുസ്‌ലിം). ദുര്‍ബല ഈമാനുള്ളവരാണെങ്കില്‍ പോലും നന്മയില്‍ മുന്നേറുകയും തിന്‍മകളുടെ പാതകള്‍ കൊട്ടിയടക്കുകയും ചെയ്യുന്നതിലൂടെ പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെട്ട അവസ്ഥ സംജാതമാകും. ”ആരെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു ദിനം നോമ്പെടുത്താല്‍ അല്ലാഹു അവന്റെ മുഖത്തെ 70 വര്‍ഷത്തെ ദൂരത്തേക്ക് നരകത്തില്‍ നിന്ന് അകറ്റുന്നതാണ്” (ബുഖാരി, മുസ്ലിം).
റയ്യാന്‍ കവാടം
നോമ്പുകാര്‍ക്ക് മാത്രമായി സ്വര്‍ഗത്തില്‍ വിശേഷമായ ഒരു കവാടമുണ്ട്. അതിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ഒരിക്കലും ദാഹിക്കുകയില്ല. നബി(സ) പറഞ്ഞു: ”സ്വര്‍ഗത്തില്‍ എട്ടു കവാടങ്ങളുണ്ട്. അതില്‍ റയ്യാന്‍ എന്നു വിളിക്കപ്പെടുന്ന കവാടത്തിലൂടെ നോമ്പുകാര്‍ അല്ലാതെ ആരും പ്രവേശിക്കുകയില്ല” (ബുഖാരി, മുസ്‌ലിം).
തിരസ്‌കരിക്കാത്ത പ്രാര്‍ഥന
നോമ്പിലൂടെ അടിമയും സ്രഷ്ടാവും തമ്മില്‍ രഹസ്യമായ ഒരു ബന്ധമാണ് സ്ഥാപിതമാകുന്നത്. നോമ്പുകാരന്റെ പ്രതിഫലത്തെ പോലും അല്ലാഹു രഹസ്യമാക്കി വെച്ചിട്ടുണ്ട്. നോമ്പുകാരുടെ പ്രാര്‍ഥന പെട്ടെന്ന് സ്വീകരിക്കപ്പെടും. ”മൂന്നു വിഭാഗം ആളുകളുടെ പ്രാര്‍ഥന അല്ലാഹു തിരസ്‌കരിക്കുകയില്ല. നീതിമാനായ ഭരണാധികാരി, നോമ്പുകാരന്‍ നോമ്പ് തുറക്കുന്നതുവരെ, ആക്രമിക്കപ്പെടുന്നവന്റെ പ്രാര്‍ഥന” (മുസ്‌നദ് ത്വയാലസി).
പാപമോചനം
”വിശ്വാസത്തോടും പ്രതിഫലം ആഗ്രഹിച്ചും ആരെങ്കിലും റമദാനിലെ വ്രതമനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാകുന്നു” (ബുഖാരി, മുസ്‌ലിം).
നബി പറഞ്ഞു: ”അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍ക്ക് ഇടയിലുള്ളവയും ജുമുഅഃകള്‍ക്കിടയിലുള്ളവയും റമദാനുകള്‍ക്കിടയിലുള്ളതുമായ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതാണ്, അവന്‍ വന്‍ പാപങ്ങള്‍ വെടിഞ്ഞവനാണെങ്കില്‍” (മുസ്ലിം).
ഒരിക്കല്‍ നബി(സ) മിമ്പറില്‍ കയറി മൂന്നു തവണ ആമീന്‍ ചൊല്ലി. അദ്ദേഹം ചോദിക്കപ്പെട്ടു: ”നബിയേ, അങ്ങ് മൂന്നു തവണ ആമീന്‍ പറഞ്ഞത് എന്തുകൊണ്ടാണ്? നബി(സ) പറഞ്ഞു: എന്റെ അടുക്കല്‍ ജിബ്‌രീല്‍ വന്നു. എന്നിട്ട് അദ്ദേഹം പ്രാര്‍ഥിച്ചു: ‘റമദാന്‍ മാസം സമാഗതമായിട്ടും പൊറുക്കപ്പെടാത്തവന്‍ നരകത്തില്‍ പ്രവേശിച്ചു, അല്ലാഹു അവനെ കാരുണ്യത്തില്‍ നിന്ന് അകറ്റിയിരിക്കുന്നു.’ എന്നിട്ട് എന്നോട് പറഞ്ഞു: ‘ആമീന്‍ പറയൂ.’ ഞാന്‍ ആമീന്‍ പറഞ്ഞു” (അഹ്‌മദ്, ഇബ്‌നു ഖുസൈമ, മുസ്‌ലിം).
നബി(സ) പറഞ്ഞതായി ഹുദൈഫതുബ്‌നുല്‍ യമാന്‍(റ) നിവേദനം ചെയ്യുന്നു: ”ഒരാള്‍ക്ക് കുടുംബത്തിന്റെയും സ്വത്തിന്റെയും അയല്‍ക്കാരന്റെയും കുഴപ്പങ്ങളില്‍ നിന്നുള്ള മോക്ഷം നമസ്‌കാരത്തിലും നോമ്പിലും സ്വദഖയിലുമാണ്” (ബുഖാരി, മുസ്‌ലിം).
നോമ്പ് നിര്‍ബന്ധം
പ്രായപൂര്‍ത്തിയും ബുദ്ധിയും ആരോഗ്യവുമുള്ള മുസ്‌ലിമിന് റമദാനിലെ നോമ്പ് നിര്‍ബന്ധമാണ്. പ്രത്യേകം ഇളവ് അനുവദിക്കപ്പെടാത്തവര്‍ പൂര്‍ണമായും റമദാനില്‍ തന്നെ നോമ്പ് പൂര്‍ത്തീകരിക്കേണ്ടതാണ്. ഇളവ് നിമിത്തം നോമ്പ് നഷ്ടമായവര്‍ അത്രയും എണ്ണം നോറ്റുവീട്ടേണ്ടതാണ്. കാരണമില്ലാതെ റമദാന്‍ നോമ്പ് ഒഴിവാക്കുന്നത് വന്‍ പാപങ്ങളില്‍ പെട്ടതാണ്. അവര്‍ നോറ്റുവീട്ടുകയും ധാരാളമായി തൗബ ചെയ്യുകയും ചെയ്യേണ്ടതുണ്ട്.
നോമ്പിന്റെ
ഘടകങ്ങള്‍
നോമ്പിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. നിയ്യത്ത്, ഇംസാക്ക് എന്നിവ. നിയ്യത്ത്: ഏത് പുണ്യകര്‍മത്തിന്റെയും അടിസ്ഥാനമായ ഘടകം അത് നിയ്യത്തോടെയും നിഷ്‌കളങ്കമായും നിര്‍വഹിക്കുക എന്നതാണ്. നിയ്യത്ത് ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല. ”കീഴ്‌വണക്കം അല്ലാഹുവിനു മാത്രമാക്കിക്കൊണ്ട് ഋജുമനസ്‌കരായ നിലയില്‍ അവനെ ആരാധിക്കാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനുമല്ലാതെ അവരോട് കല്‍പ്പിക്കപ്പെട്ടിട്ടില്ല” (98:5).
നബി(സ) പറഞ്ഞു: ”തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ്യം അനുസരിച്ച് മാത്രമാണ് എല്ലാ മനുഷ്യര്‍ക്കും അവന്‍ ഉദ്ദേശിച്ചത് മാത്രമായിരിക്കും ഉണ്ടാവുക” (ബുഖാരി, മുസ്ലിം). റമദാന്‍ നോമ്പിനു പ്രഭാതത്തിനു മുമ്പ് നോമ്പ് എടുക്കാനുള്ള നിയ്യത്ത് വേണം. ”പ്രഭാതോദയത്തിനു മുമ്പ് നോമ്പിന് തീരുമാനിക്കാത്തവന് നോമ്പില്ല.”
നാളെയും നോമ്പുള്ള ദിവസമാണ് എന്നറിയുന്ന വ്യക്തി നോമ്പെടുക്കാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ അത് നിയ്യത്തായി. അത് ഓരോ ദിവസവും പ്രത്യേകം ആവര്‍ത്തിക്കണമെന്നില്ല. നിയ്യത്ത് മനസ്സിന്റെ സാന്നിധ്യമാണ്. നാവുകൊണ്ട് ഉരുവിടേണ്ടതില്ല. നിയ്യത്ത് ചൊല്ലുന്നതും ചൊല്ലിക്കൊടുക്കുന്നതും ഏറ്റുപറയുന്നതും സുന്നത്തില്‍ പെട്ടതല്ല. ഇമാം നവവി ഉദ്ധരിക്കുന്നു: ”നിയ്യത്ത് ഉദ്ദേശ്യമാണ്. അത് ഹൃദയത്തിന്റെ തീരുമാനമാണ്” (ഫത്ഹുല്‍ബാരി).
ഇംസാക്ക്: നോമ്പ് നഷ്ടപ്പെടുത്തുന്ന മുഴുവന്‍ കാര്യങ്ങളും ഉപേക്ഷിക്കല്‍ നോമ്പിന്റെ ഘടകങ്ങളില്‍ പെട്ടതാണ്. പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ അവയെ വര്‍ജിക്കേണ്ടതാണ്.
നോമ്പ്
ദുര്‍ബലമാകുമെന്ന്
തെറ്റിദ്ധാരണയുള്ളവ
നോമ്പുകാരന്‍ ദാഹം കൊണ്ടോ ചൂടിനാലോ ശരീരത്തില്‍ വെള്ളം ഒഴിക്കുന്നതിനും നനഞ്ഞ വസ്ത്രം ശരീരത്തില്‍ ഇടുന്നതിനും എണ്ണ തേക്കുന്നതിനും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ചതച്ചുകൊടുക്കുന്നതിനും വിരോധമില്ല (ബുഖാരി). ഇബ്‌നു ഉമര്‍(റ) നോമ്പുകാരനായിരിക്കെ വസ്ത്രം നനച്ച് ശരീരത്തില്‍ ഇടാറുണ്ട്. ഇമാം ശഅബി നോമ്പുകാരനായി കുളിക്കാറുണ്ട്. നോമ്പുകാരന്‍ ആയിരിക്കെ കറി രുചി (നാവില്‍ മാത്രം) നോക്കുന്നതിനും അതുപോലെയുള്ളതിനും കുഴപ്പമില്ല എന്ന് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു.
ഹസന്‍(റ) പറഞ്ഞു: നോമ്പുകാരന്‍ തണുപ്പിക്കുന്നതിനും കൊപ്ലിക്കുന്നതിനും തകരാറില്ല. ഇബ്‌നു മസ്ഊദ് (റ)പറഞ്ഞു: നിങ്ങള്‍ നോമ്പുകാരനാണെങ്കില്‍ അവന്‍ എണ്ണ പുരട്ടി മുടി ചീകിയവനാകട്ടെ. അനസ്(റ) പറഞ്ഞു: തീര്‍ച്ചയായും എനിക്ക് ഒരു സ്‌നാനപാത്രം ഉണ്ടായിരുന്നു. ഞാന്‍ നോമ്പുകാരന്‍ ആയിരിക്കെത്തന്നെ ഞാന്‍ അതില്‍ കയറിയിരിക്കും. നബി(സ)യില്‍ നിന്നു അദ്ദേഹം ഉദ്ധരിക്കുന്നു: നോമ്പുകാരന്‍ ആയിരിക്കെ അദ്ദേഹം പല്ലുതേക്കാറുണ്ട്. ഇബ്‌നു ഉമര്‍(റ) പകലിന്റെ ആദ്യസമയത്തും അവസാന സമയത്തും പല്ല് തേച്ചിരുന്നു. പല്ല് തേച്ച ഉമിനീര്‍ ഇറക്കില്ല. അത്വാഅ(റ) പറഞ്ഞു: ഉമിനീര്‍ ഇറക്കുന്നതുകൊണ്ട് നോമ്പ് മുറിയുന്നതല്ല. ഇബ്‌നു സീരീന്‍(റ) പറഞ്ഞു: പച്ചക്കമ്പ് കൊണ്ട് പല്ല് തേക്കുന്നതും അനുവദനീയമാണ്. അതിന് രുചിയുണ്ട് എന്ന് അദ്ദേഹത്തോട് പറയപ്പെട്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: നീ കൊപ്ലിക്കാറില്ലേ, വെള്ളത്തിനും രുചി ഉണ്ടല്ലോ? അനസ്(റ), ഹസന്‍(റ), ഇബ്റാഹീം(റ) എന്നിവര്‍ നോമ്പുകാരന്‍ കൊമ്പു വെക്കുന്നതിന് വിരോധമില്ല എന്നു പറഞ്ഞു (ബുഖാരി).
ജനാബത്തുകാരന്റെ കുളി
നോമ്പുകാരന്‍ പ്രഭാതോദയത്തിനു മുമ്പ് കുളിച്ച് ശുദ്ധിയായിട്ടില്ലെങ്കിലും നോമ്പ് നഷ്ടപ്പെടുകയില്ല. സുബ്ഹി നമസ്‌കാരത്തിനു മുമ്പ് കുളിച്ച് ശുദ്ധിയായാല്‍ മതി. ആയിശ(റ), ഉമ്മുസലമ(റ) എന്നിവര്‍ പറയുന്നു: സ്വപ്‌നസ്ഖലനം അല്ലാതെ, സംയോഗം കൊണ്ടുതന്നെ കുളി നിര്‍ബന്ധമാകുന്ന അവസ്ഥയോടെ നബി(സ) പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ട്. എന്നിട്ട് നോമ്പ് തുടരുകയും ചെയ്യും (ബുഖാരി, മുസ്‌ലിം).
നോമ്പ് നഷ്ടമാകുന്ന കാര്യങ്ങള്‍
അന്നപാനീയങ്ങള്‍
പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ തിന്നുകയോ കുടിക്കുകയോ സംസര്‍ഗത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാവതല്ല. ഭക്ഷണമോ അതിന്റെ പ്രയോജനം ലഭിക്കുന്നതോ ആയ യാതൊന്നും ശരീരത്തിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കരുത്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞുകാണുമാറാകുന്നതുവരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക” (2:187). മറന്നുകൊണ്ട് ആരെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ ഓര്‍മ വന്ന ഉടനെ അത് തുപ്പിക്കളയുകയും നോമ്പ് തുടരുകയും ചെയ്യേണ്ടതാണ്. ”നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട് ആരെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്റെ നോമ്പ് പൂര്‍ത്തിയാക്കട്ടെ. തീര്‍ച്ചയായും അവനെ ഭക്ഷിപ്പിച്ചതും കുടിപ്പിച്ചതും അല്ലാഹുവാണ്” (ബുഖാരി, മുസ്‌ലിം).
ലൈംഗികബന്ധം
നോമ്പുകാരനായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കടുത്ത പാപമാണ്. എന്നാല്‍ ഇഅ്തികാഫ് (ഭജനമിരിക്കുന്നവര്‍) അല്ലാത്തവര്‍ക്ക് നോമ്പിന്റെ രാത്രികളില്‍ അനുവദനീയവുമാണ്. ”നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു” (2:187).
പല്ല് തേക്കല്‍
പല്ല് തേക്കല്‍ വളരെ അനിവാര്യവും പ്രതിഫലാര്‍ഹവുമായ കാര്യമാണ്. ”നിങ്ങള്‍ ദന്തശുദ്ധി വരുത്തൂ. അത് വായയെ ശുദ്ധീകരിക്കുന്നതും രക്ഷിതാവിന്റെ സംതൃപ്തി പ്രാപ്യമാക്കുന്നതുമാണ്. ജിബ്‌രീല്‍(അ) എന്റെ അടുക്കല്‍ വന്നപ്പോഴൊക്കെ ദന്തശുദ്ധീകരണത്തിന് ഉപദേശിച്ചിട്ടുണ്ട്. എനിക്കും എന്റെ സമുദായത്തിനും അത് നിര്‍ബന്ധമാക്കുമോ എന്ന് ഞാന്‍ ഭയപ്പെടുവോളം! എന്റെ സമുദായത്തിന് പ്രയാസമാകുമെന്ന് ഞാന്‍ ഭയപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാനത് അവര്‍ക്ക് നിര്‍ബന്ധമാക്കുമായിരുന്നു” (ഇബ്‌നുമാജ). ഈ കാര്യത്തില്‍ നോമ്പുകാരന്‍ എന്നോ അല്ലാത്തവന്‍ എന്നോ വ്യത്യാസമില്ല. പകലിന്റെ ആദ്യ സമയമെന്നോ അവസാന സമയമെന്നോ വ്യത്യാസമില്ല.
ആമിറുബ്‌നു റബീഅ(റ) പറഞ്ഞു: ”നോമ്പുകാരനായിരിക്കെ നിരവധി തവണ നബി(സ) പല്ല് തേക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു.” അബൂഹുറയ്‌റ(റ) നബി(സ)യില്‍ നിന്നു ഉദ്ധരിക്കുന്നു: ”എന്റെ ഉമ്മത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കില്‍ അംഗശുദ്ധി വരുത്തുന്ന വേളകളിലെല്ലാം പല്ലു തേക്കാന്‍ ഞാന്‍ കല്‍പ്പിക്കുക തന്നെ ചെയ്യുമായിരുന്നു.” ജാബിര്‍(റ), സെയ്ദുബ്‌നു ഖാലിദ്(റ) എന്നിവര്‍ പറയുന്നു: ”ഈ കാര്യത്തില്‍ നോമ്പുകാരനെ മറ്റുള്ളവരില്‍ നിന്ന് പ്രത്യേകപ്പെടുത്തിയിട്ടില്ല. നബി(സ)യില്‍ നിന്നു ഉദ്ധരിച്ച ഹദീസില്‍, പല്ല് തേക്കുന്നത് വായയുടെ ശുദ്ധീകരണത്തിനും രക്ഷിതാവിന്റെ പ്രീതിക്കും കാരണമാകും എന്നും വന്നിട്ടുണ്ട്” (ബുഖാരി).
ഛര്‍ദിപ്പിക്കല്‍
‘ആരെങ്കിലും ഛര്‍ദിപ്പിച്ചാല്‍ അത് നോറ്റുവീട്ടേണ്ടതാണ്. എന്നാല്‍ ആരെങ്കിലും ഛര്‍ദിച്ചാല്‍ നോമ്പ് നോറ്റുവീട്ടേണ്ടതില്ല” (മുവത്വ).
സ്വപ്‌നസ്ഖലനം
ഇസ്‌ലാം ദൈവിക മതമാണ്. പ്രകൃതിക്ക് അനുയോജ്യമായ നിയമങ്ങളാണ് അതിലുള്ളത്. ഒരാളുടെ കഴിവില്‍ പെട്ടതല്ലാത്ത ഒരു കാര്യവും അല്ലാഹു നിര്‍ബന്ധമാക്കുന്നില്ല. സ്വപ്‌നസ്ഖലനം ബോധപൂര്‍വം ഉണ്ടാകുന്നതല്ല. അത് അയാളുടെ നിയന്ത്രണത്തിലുമല്ല. അതു മുഖേന നോമ്പിന് നഷ്ടം സംഭവിക്കുകയില്ല.
പ്രവാചകന്‍(സ) പറഞ്ഞു: ”മൂന്നു വിഭാഗം ആളുകളില്‍ നിന്ന് പേന ഉയര്‍ത്തപ്പെട്ടിരിക്കുന്നു, ഉറങ്ങുന്നവന്‍ ഉണരുന്നതുവരെ, കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ, ബുദ്ധിഭ്രമം സംഭവിച്ചവന്‍ അത് സുഖമാകുന്നതുവരെ” (തിര്‍മിദി).