2 Sunday
February 2025
2025 February 2
1446 Chabân 3

മതം നല്‍കുന്നത് കരുതലിന്റെ പാഠങ്ങളാണ്‌

എം കെ ശാക്കിര്‍


പൊതുഇടങ്ങളില്‍ അറിയപ്പെടുന്ന ഒരാളെ പ്രഭാഷണത്തിനായി വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മതസംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കാറില്ല’ എന്ന്. ‘എന്താണ് സര്‍ അങ്ങനെ’ എന്നു ചോദിച്ചപ്പോള്‍ അതിന് കൃത്യമായ മറുപടി ഉണ്ടായില്ല. മതപ്രബോധകനാണെന്നു പറയാനും മതവിശ്വാസികള്‍ക്കൊപ്പം വേദി പങ്കിടാനും ചിലരെങ്കിലും മടിക്കുന്ന ഒരു കാലത്താണ് നാം കഴിയുന്നത്.
മതാനുയായികളുടെയും അതിന്റെ പ്രവര്‍ത്തകരുടെയും അപച്യുതിയായിരിക്കുമോ ഇതിനു കാരണം? ഏത് മേഖലയാണ് അപച്യുതികളില്‍ നിന്നു മുക്തമായിട്ടുള്ളത്? കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ കാര്യങ്ങള്‍ ശുഭകരമാണോ? വ്യാപാരി വ്യവസായികളുടെ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ പ്രമുഖനായ ഒരു കവി വന്നപ്പോഴാണ് മദ്യത്തിനും ലഹരിക്കുമെതിരെ പ്രസംഗിക്കുന്ന അദ്ദേഹം പരിപാടിക്കു മുമ്പ് മദ്യംകഴിക്കുമെന്ന് സംഘാടകര്‍ക്ക് മനസ്സിലായത്. അപ്പോള്‍ അപച്യുതി ഇതിനകം സമൂഹത്തെ ഒന്നാകെ ഗ്രസിച്ചുകഴിഞ്ഞ ഒന്നാണെന്ന് വ്യക്തം. പിന്നെ താന്‍ മതത്തിന്റെ ലേബലില്‍ പ്രത്യക്ഷപ്പെട്ടാല്‍ താന്‍ ആ മതത്തിന്റെ ആളോ അനുഭാവിയോ ആയി തെറ്റിദ്ധരിക്കപ്പെടാമെന്ന ആശങ്കയാകാം.
മതം എന്നു പറയുമ്പോള്‍ പെട്ടെന്ന് ശ്രദ്ധയില്‍ വരുന്നത് ചില വേഷഭൂഷാദികളും വിധിവിലക്കുകളുമാണ്. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അത് അടിച്ചമര്‍ത്തുന്നു, സങ്കുചിതത്വത്തിലേക്ക് നയിക്കുന്നു എന്നൊക്കെയാണ് പൊതുവില്‍ പറയപ്പെടാറുള്ളത്. എന്നാല്‍ മതത്തിന്റെ നിരോധനങ്ങള്‍ സമൂഹത്തിനു വരുത്തിയ നഷ്ടം എത്ര, മതം അനുവദിച്ച കാര്യങ്ങളില്‍ സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ഭവിഷ്യത്തുകള്‍ എന്തൊക്കെ എന്ന് വേര്‍തിരിച്ചു പറഞ്ഞതായി കേട്ടുകേള്‍വിയില്ല.
ഇസ്‌ലാമിക ശാസനകളിലെ വസ്ത്രധാരണരീതി വിമര്‍ശിക്കപ്പെടാറുണ്ട്. കാനേഷുമാരി മുസ്‌ലിംകളുടെ നിലപാടുകള്‍ വിമര്‍ശകര്‍ക്ക് ഇന്ധനവുമാകാറുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുമ്പോള്‍ മുന്‍കൈകളും മുഖവും ഒഴികെ മറച്ചിരിക്കണമെന്നാണ് നിര്‍ദേശം. ഈ കല്‍പന പെണ്‍കുട്ടികളുടെ പുരോഗതിക്ക് എവിടെയാണ് തടസ്സമാകുന്നത്? തെറ്റായ ചിന്താരീതികളുള്ളവരെയും അതില്ലാതെത്തന്നെ പ്രലോഭനങ്ങള്‍ക്ക് വശപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ നിന്നു പെണ്‍കുട്ടികള്‍ക്ക് സുരക്ഷയും കരുതലുമല്ലേ ഈ സംവിധാനത്തിലൂടെ സംജാതമാകുന്നത്?
”നബിയേ, താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (33:59)
ഇവിടെ ഇസ്‌ലാമിക വസ്ത്രധാരണരീതിയുടെ ഗുണമായി എടുത്തുപറഞ്ഞത് അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും എന്നാണ്. അഴക് പ്രദര്‍ശിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ആസ്വാദനത്തേക്കാള്‍ മതം അവരുടെ സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കുന്നത് എങ്ങനെ അനീതിയാകും?
ഇസ്‌ലാമിലെ ദായക്രമം സ്ത്രീകളോട് വലിയ അപരാധമാണ് കാണിച്ചതെന്ന് വിമര്‍ശകര്‍ ഉന്നയിക്കാറുണ്ട്. രണ്ടു പെണ്‍കുട്ടികളുടെ ഓഹരി ഒരാണ്‍കുട്ടിക്ക് നല്‍കുന്നത് നീതിയല്ല എന്നാണ് ഇവരുടെ വാദം. യഥാര്‍ഥത്തില്‍ പെണ്‍കുട്ടികളുടേതടക്കം എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ ബാധ്യത ഏല്‍പിക്കപ്പെട്ടവരോട് നീതിയുക്തമായ നിലപാടാണ് അത്.
സാമൂഹിക സുരക്ഷയുടെയും അഭിവൃദ്ധിയുടെയും കാര്യത്തില്‍ ഇസ്‌ലാമിന്റെ നിലപാട് എത്രയോ മഹോന്നതമാണ്. ”താന്‍ ഇഷ്ടപ്പെടുന്നതെല്ലാം തന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല” എന്ന തിരുവചനം ഇതരരോടുള്ള വലിയ കരുതലാണ്. ”ഭൂമിയില്‍ നന്മ വരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്” (7:56) എന്ന നിര്‍ദേശം പരിസ്ഥിതിക്ക് ആഘാതമാകുന്ന ഏതൊരു പ്രവര്‍ത്തനത്തിലും വിശ്വാസി പങ്കാളിയാകരുതെന്ന് പഠിപ്പിക്കുന്നു.
പ്രതിക്രിയയെപ്പറ്റി പറയുന്നിടത്ത് ”ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രേ (ഈ നിയമനിര്‍ദേശങ്ങള്‍)” (2:179) എന്നു കാണാം. കുറ്റവാളി സൈ്വരവിഹാരം നടത്തി ഒരു സമൂഹത്തിന്റെ സ്വസ്ഥത മുഴുവന്‍ നശിക്കുന്നതാണോ അതല്ല സമൂഹസുരക്ഷ ഉറപ്പുവരുത്തലാണോ വേണ്ടതെന്ന് ബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാവുന്നതേയുള്ളൂ.
മതത്തിന്റെ വിധിവിലക്കുകള്‍ മുന്നില്‍ വരുമ്പോള്‍ ഒന്ന് മനസ്സിലാക്കുക: മനുഷ്യരെപ്പറ്റി കൃത്യമായി അറിയുന്ന രക്ഷിതാവിന്റെ നിര്‍ദേശങ്ങള്‍ തന്റെയും സമൂഹത്തിന്റെയും സുരക്ഷയുടെയും കരുതലിന്റെയും ഭാഗമാണെന്ന് ഉള്‍ക്കൊണ്ടു മനസ്സറിഞ്ഞ് സ്വീകരിക്കാം.
അല്ലാഹു പറയുന്നു: ”ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായി നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രേ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രേ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല” (30:30).
സംശുദ്ധമായ ഈ പ്രകൃതി പോലെത്തന്നെ സംശുദ്ധമാണ് മതനിര്‍ദേശങ്ങളും. അവ നമ്മെ നേര്‍വഴിക്ക് നയിക്കാന്‍ പര്യാപ്തവുമാണ്.

Back to Top