16 Monday
September 2024
2024 September 16
1446 Rabie Al-Awwal 12

സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍

ജമാല്‍ അത്തോളി


കുട്ടിച്ചാത്തന്‍, ഒറ്റമുലച്ചി, ആനമറുത, ചാമുണ്ഡി, ഗുളികന്‍ തുടങ്ങിയ സങ്കല്‍പ ദൈവങ്ങളെയെല്ലാം തമാശയില്‍ പൊതിഞ്ഞ് ബഷീര്‍ തുറന്നുകാട്ടിയിട്ടുണ്ട്. ശൈത്താനും ശൈത്താച്ചിയും പിശാചും പിശാച്ചിയുമാണ് ‘സ്ഥലത്തെ പ്രധാന ദിവ്യനി’ല്‍ വസൂരിയും കോളറയും സ്ഥലത്ത് വിതരണം ചെയ്യുന്നവരായി വരുന്നത്. ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുക്കളും പരസ്പരം കൈകടത്താതെ ഇമ്മാതിരി ചെപ്പടിവിദ്യകള്‍ വീതിച്ചെടുത്ത് ജനങ്ങളെ പറ്റിക്കുന്നതും ദീനങ്ങള്‍ മാറാന്‍ റാത്തീബും മറ്റും നടത്തുന്നതും വര്‍ണിച്ചിരിക്കുന്നു:
”സ്ഥലത്തെ മുസ്‌ലിം പ്രമാണിമാരെല്ലാം ഉഷാര്‍! റാത്തീബ് തുടങ്ങാന്‍ പോകുന്നു. അതിന് ഒരു നല്ല മുട്ടനാടോ മൂരിക്കുട്ടനോ വേണം… ആ വിശുദ്ധ മൃഗത്തിന് പിന്നെ വലിയ സ്വാതന്ത്ര്യമാണ്. എവിടെയും കയറിച്ചെല്ലാം. ആരെയും ഇടിക്കുകയോ കുത്തുകയോ ചെയ്യാം. ഏതു വിളയും നശിപ്പിക്കാം.”
‘മന്ത്രച്ചരട്’ എന്ന കഥയും അന്ധവിശ്വാസ വിരോധം ഉള്‍ക്കൊള്ളുന്നതാണ്. മന്ത്രിച്ച വെള്ളത്തിനും പിഞ്ഞാണം എഴുതിക്കുന്നതിനും ഖബറിടങ്ങളിലേക്ക് നേര്‍ച്ച നേരുന്നതിനും പകരം എളുപ്പം കാര്യസാധ്യത്തിനുതകുന്ന ശാശ്വതമായ ദിവ്യമന്ത്രങ്ങള്‍ കയറ്റിയ ചരടുകളുമായി നടക്കുന്ന ഒരു തങ്ങളാണ് കഥാപാത്രം. തലവേദന, പല്ലുവേദന, അപസ്മാരം മുതല്‍ സിഫിലിസിനും കഷണ്ടിക്കും വരെ രോഗം ഒന്നിന് 4 രൂപ 95 പൈസക്ക് നല്‍കുന്ന ഒരു മുഴം നീളമുള്ള ചരട്.
”ഈ മന്ത്രച്ചരടുകളുടെ അദ്ഭുതരഹസ്യം ഗവണ്‍മെന്റിനെ അറിയിക്കണം. കോടിക്കണക്കിനു രൂപ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മരുന്നുകള്‍ക്കുമായി നമ്മുടെ സര്‍ക്കാര്‍ കൊല്ലംതോറും ചെലവാക്കുന്നു. മന്ത്രച്ചരട് വിതരണം ചെയ്താല്‍ ആശുപത്രികള്‍ പിന്നെ ഹോട്ടലോ മറ്റോ ആക്കാം. വിതരണത്തിനും വിഷമമില്ല. മുറുക്കാന്‍കടകള്‍, പലചരക്കുകടകള്‍ എല്ലാം ഉപയോഗിക്കാം. റെയില്‍വേ സ്‌റ്റേഷന്‍, ബസ്‌സ്റ്റാന്റ് എല്ലായിടത്തും മന്ത്രച്ചരട് ഡിപ്പോ തുറക്കാം. (ഇന്നത്തെ കോണ്ടം ബൂത്തിനെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ മന്ത്രച്ചരടു ബൂത്ത് ബഷീര്‍ സ്ഥാപിക്കുമായിരുന്നു). വിദേശങ്ങളിലേക്ക് മന്ത്രച്ചരട് കയറ്റുമതി ചെയ്യാം” എന്നിത്യാദി വാക്കുകളാല്‍ മന്ത്രത്തിന്റെ കുതന്ത്രത്തെയും മണ്ടത്തരത്തെയും ബഷീര്‍ ‘ഊതി’യകറ്റി. ‘ശിങ്കിടിമുങ്കനും’ അന്ധവിശ്വാസത്തെ പ്രഹരിക്കുന്ന കഥയാണ്.
ആള്‍ദൈവങ്ങള്‍
”…ആ കാലത്ത് സ്ഥിരം വരിസംഖ്യ എന്ന മാതിരി തങ്ങന്‍മാര്‍ക്ക് മറ്റു മുസ്‌ലിംകളെല്ലാം കാശു കൊടുക്കുമായിരുന്നു. ഇവര്‍ ഇസ്‌ലാം പ്രവാചകനായ മുഹമ്മദ് നബിയുടെ പ്രത്യേക കുടുംബക്കാരാണെന്നാണ് പറയുന്നത്. ‘ഒറ്റബലിക്ക് കുടിക്കിനെടാ’ എന്നു പറഞ്ഞ് ഒരു കുഴിയന്‍ പിഞ്ഞാണം വെച്ചുനീട്ടി… മന്ത്രിച്ച വെള്ളമാണ്. മന്ത്രിച്ച വെള്ളത്തില്‍ ഊതിക്കൊണ്ടിരുന്നപ്പോള്‍ ഉമിനീര്‍ അതില്‍ വീഴുന്നത് ഞാന്‍ കണ്ടതാണ്. തുപ്പല്‍ വീണ ദിവ്യമന്ത്രവെള്ളം. ഞാനത് കുടിച്ചില്ല…”
”…ഒരു പൂവന്‍കോഴിയുടെ കഴുത്തറുത്ത ചോര ദിവ്യമന്ത്രോച്ചാരണങ്ങളോടെ എന്റെ ദേഹത്തു തെളിച്ചു. അരയില്‍ വെള്ളി ഏലസ്സുകള്‍. അതില്‍ മന്ത്രങ്ങളുണ്ട്. പിന്നെയൊരു കറുത്ത ചരട്. അതില്‍ മന്ത്രങ്ങളുള്ള കുറെ കെട്ടുകള്‍. തല മുതല്‍ ഉള്ളംകാലു വരെ മന്ത്രോച്ചാരണങ്ങളോടെ തിരുമ്മി… ഈ സമയത്ത് ഞാന്‍ ഉറഞ്ഞുതുള്ളേണ്ടതാണ്. തുള്ളിയില്ല! (അതിനു കാരണം ആനമറുതയെന്നു വിധി!)…
…അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുത്തുതരുന്നതുപോലെ എനിക്ക് രണ്ടു ചാക്ക് അരി (ഒന്ന് ബിരിയാണി, ഒന്ന് പുഴുക്കലരി) എടുത്തുതരുമോ? സംഗതി സര്‍വവും മാജിക്കല്ലേ?…”
”…ഈ ഭൂമിയില്‍ പിറന്ന എല്ലാ മനുഷ്യരും വളി വിട്ടിട്ടുണ്ട്. വിശുദ്ധരും അവതാരങ്ങളും പുണ്യവാളന്മാരും പുണ്യവതികളും ഋഷികളും എല്ലാം. ഈ ഭൂമിയിലേക്കല്ലേ ദൈവത്തിന്റെ ഏക മകനും അവതാരങ്ങളും വന്നത്… കരിങ്കല്‍ കൊത്തുവേലക്കാരും മരപ്പണിക്കാരും തട്ടാന്മാരും മൂശാരിമാരും ചിത്രമെഴുത്തുകാരും കിറുക്കന്മാരായ കവികളും കഥയെഴുത്തുകാരും തനിഭ്രാന്തന്മാരും കൂടി തട്ടിക്കൂട്ടിയെടുത്ത ദിവ്യമായ ഡങ്കുഡങ്കുകളാകുന്നു! ഈ ഭൂമിയിലുള്ള മതങ്ങളായ മതങ്ങളില്‍ മിക്കതും ചിന്തിക്കില്ല. തലച്ചോര്‍ ഉപയോഗിക്കില്ല. കേട്ടതു വിശ്വസിക്കും. എന്തും ഭക്തിയുടെ പേരില്‍ തട്ടിവിഴുങ്ങുന്ന പരമപാവങ്ങളായ വിഡ്ഢിക്കുഞ്ഞുങ്ങളാകുന്നു മനുഷ്യരാശിയില്‍ മുക്കാലേമുണ്ടാണിയും! പൂച്ച, പട്ടി, ചീങ്കണ്ണി, ഉരുളന്‍കല്ല് എല്ലാം ദൈവങ്ങള്‍…!”
”…ഭഗവാന്‍ ബുദ്ധനെ ഇപ്പോള്‍ ദൈവമാക്കിയിട്ടുണ്ടല്ലോ. മനുഷ്യന്‍ സിദ്ധാര്‍ഥനെയും ദൈവമായി ആരാധിക്കുന്നു. (ഒരു ദിവ്യനുണ്ടാകുന്ന സരസമായ യാദൃച്ഛിക വിഡ്ഢിത്തം ശിങ്കിടിമുങ്കനിലുണ്ട്). മഹാനായ ഒരു മനുഷ്യനായിരുന്നു ബുദ്ധന്‍. എണ്‍പതാമത്തെ വയസ്സിലോ മറ്റോ അദ്ദേഹം സൂഗരമജ്ഞു ദഹനക്കേടുമൂലം മരിച്ചു. ബുദ്ധന്റെ പേരില്‍ ശിഷ്യഗണങ്ങളാണ് അത്ഭുതങ്ങള്‍ കാണിച്ചത്. അവര്‍ ബുദ്ധനെ ദൈവമാക്കി. മോശെ എന്നു യഹൂദന്മാരും മോസസ് എന്ന് ക്രിസ്ത്യാനികളും മൂസാ നബി എന്നു മുസല്‍മാന്‍മാരും പറയുന്ന പ്രവാചകന്റെ കാലത്ത് കണ്ണുകള്‍ രത്‌നങ്ങളാലും ബാക്കി സ്വര്‍ണത്താലും നിര്‍മിച്ച ഒരു കാളയെ ആരാധിച്ചിരുന്നു, ദൈവമായി.” (പിന്നെ മനുഷ്യനെ എന്തുകൊണ്ട് ദൈവമാക്കിക്കൂടാ!)
തനി വിഡ്ഢിത്തമായ വിശ്വാസങ്ങളെ, വിശുദ്ധമെന്നു പറഞ്ഞ് വാഴ്ത്തുന്ന പലതിനെയും നീലാണ്ടന്‍ എന്ന പൂച്ചയെ വിശുദ്ധനാക്കി ദിവ്യത്വം നല്‍കി കളിയാക്കിക്കൊണ്ട് വിശ്വാസവൈകല്യങ്ങളുടെ കഴുത്തറുക്കാന്‍ ശ്രമിച്ചിരിക്കയാണ് ബഷീര്‍. പ്രവാചകന്‍മാരുടെ അമാനുഷ ദൃഷ്ടാന്തങ്ങള്‍ പറയുന്നതിനിടെയുള്ള ഒരു സംഭാഷണത്തില്‍ (‘ഇവരില്‍ ചിലരുടെ ഉപദേശങ്ങള്‍ കേള്‍ക്കണോ’ എന്നു ചോദ്യം. ‘വേണ്ട, ഞങ്ങള്‍ക്ക് അത്ഭുതങ്ങളെപ്പറ്റിയാണ് അറിയേണ്ടത്’ എന്നുത്തരം) സാമാന്യജനങ്ങളുടെ മനോനിലയുടെ സൂചനയുണ്ട്. ശബരി അയ്യപ്പനും വാവരും മനുഷ്യരായി ഈ ഭൂമിയില്‍ നടന്നവരാണല്ലോ. സത്യസായി ബാബയും മനുഷ്യനായി നടന്നവനാണ്. (മരിച്ചുകിട്ടുമ്പോഴേക്കും ജാറമായി, ബൈത്തായി, ചന്ദനക്കുടം, കൊടികുത്ത്, വെട്ടുംകുത്തും റാത്തീബ് ബഹളവുമാവുന്ന വകുപ്പും ബഷീര്‍ മറ്റൊരിടത്ത് വിമര്‍ശിച്ചിട്ടുണ്ട്).
”മഹാവിഷ്ണു മത്സ്യമായി അവതരിച്ചു. ആമയായും പന്നിയായും നരസിംഹമായും അവതരിച്ചു. വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി… മനുഷ്യരേ, നിങ്ങള്‍ ആരെ കാത്തിരിക്കുന്നു! ഇവിടെ ഒരു അവതാരവും ഉണ്ടാവുകയില്ല. ഈ ഭൂമിയില്‍ ഒരു പ്രത്യേക സ്ഥലത്തേക്കു മാത്രം എന്തുകൊണ്ട് അവതാരം? അനേകം ഗോളങ്ങളുണ്ട്. ദൈവം എവിടെയൊക്കെ പോയി അവതരിക്കും! ദൈവം ബുദ്ധി തന്നിട്ടില്ലേ? കൈകളും കാലുകളും കണ്ണുകളും ചെവിയും മൂക്കും ഒക്കെ തന്നിട്ടില്ലേ? ചിന്തിക്കുക. ചിന്തിച്ച് ഈ ഭൂമിയിലെ ജീവിതം ശരിപ്പെടുത്തുക.
(മറ്റു ഗ്രഹങ്ങളില്‍) ശ്രേഷ്ഠ ജീവികള്‍ ഉണ്ടത്രേ. അവയെ ആര്‍ നേര്‍വഴി നടത്തും? എല്ലായിടത്തും ദൈവത്തിന്റെ അവതാരങ്ങളുണ്ടാകുമോ? എല്ലാ ഗ്രഹങ്ങളിലും ദൈവത്തിന്റെ മകന്‍ ചെല്ലുമോ? ഒരിടത്തും ഒരു അവതാരവും ഒരു മക്കളും ചെന്നിട്ടില്ല! ഉപദേഷ്ടാക്കളെ അയച്ചിട്ടുണ്ട്. നമ്മുടെ ചെറിയ ഭൂമിയിലും! ഏകനായ സ്രഷ്ടാവ്. എല്ലാം നിയന്ത്രിക്കുന്ന സാക്ഷാല്‍ ഈശ്വരന്‍. സ്വയംഭൂ! അവന്‍ മാത്രം.
മഹാന്മാരെന്നു പറയുന്നവര്‍ മരിച്ചു മണ്ണടിഞ്ഞുകഴിയുമ്പോള്‍ ജനങ്ങള്‍ പണം പിരിച്ച് അവരുടെ പ്രതിമകള്‍ സ്ഥാപിക്കുന്നു. എന്തിനു വേണ്ടി? പ്രതിമകളെ ആരു ബഹുമാനിക്കുന്നു? എന്തിന് ഈ പണം വ്യര്‍ഥമാക്കുന്നു? ആ പണം കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്തുകൂടേ? അനന്തമായ കാലത്തെ വെല്ലുവിളിച്ചുകൊണ്ട് ക്ഷണികജീവിയായ മനുഷ്യന്‍ നിര്‍മിച്ചുവെക്കുന്ന അഹന്തയുടെ അടയാളമാകുന്നു പ്രതിമ. രണ്ടായിരത്തിലധികം കൊല്ലങ്ങള്‍ക്കു മുമ്പ് മരിച്ചു മണ്ണോടു ചേര്‍ന്നുപോയ ശ്രീബുദ്ധന്റെ ഒരണപ്പല്ല് ഇപ്പോഴെവിടെയോ ഒരു ക്ഷേത്രത്തില്‍ വെച്ച് പൂജിക്കുന്നുണ്ടത്രേ. പക്ഷേ, ഹിംസ അരുത് എന്നത് ആരും ഓര്‍മിക്കുന്നില്ല…”
”മനുഷ്യര്‍ക്ക് സ്മാരകങ്ങള്‍ വേണ്ട. മനുഷ്യര്‍ വരുന്നു, പോകുന്നു. അനേക കോടി വന്നു. എല്ലാവരും പോയി. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും പോകും. (ഡോക്ടര്‍ പൊരിച്ച) അണപ്പല്ല് വീട്ടില്‍ കൊണ്ടുപോകാന്‍ കഴിയാത്തതില്‍ ബഷീറിനു സന്തോഷം. മരിക്കുമ്പോള്‍ എന്റേതായി ഒന്നും അവശേഷിക്കാതിരിക്കെ എന്റെ കഥകള്‍ ജീവിക്കുമോ? ഇല്ല. അനന്തമായ കാലത്തില്‍ എല്ലാം നാമാവശേഷമാകും. ആവണം. എന്നും എന്റെ നാട് പുത്തനായിരിക്കട്ടെ. പുതിയ തലമുറയ്ക്ക് മംഗളം…
…ഖബറില്‍ വല്ല അടയാളങ്ങളും വേണോ? കെട്ടിപ്പൊക്കിയ മഖ്ബറ അതിപുരാതന കാലം മുതല്‍ക്കേ ഇസ്‌ലാമില്‍ കഠിനമായി നിരോധിച്ചതാണല്ലോ. അടയാളങ്ങള്‍ തന്നെ എന്തിന്? ക്ഷണികമായ അടയാളങ്ങളില്‍ വല്ല അര്‍ഥവുമുണ്ടോ?” വികല വിശ്വാസങ്ങളെപ്പറ്റിയുള്ള ബഷീറിന്റെ ഈ പ്രതിപാദനങ്ങള്‍ക്ക് ഒരടിക്കുറിപ്പിന്റെയും ആവശ്യമില്ല.
ഓര്‍മയുടെ അറകള്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ വിഖ്യാതമായ ‘ഓര്‍മയുടെ അറകള്‍’ ഇസ്‌ലാമിക ദര്‍ശനത്തെ പകര്‍ന്നുനല്‍കുന്നതിന്റെ ഒരു രീതിശാസ്ത്രം തന്നെ ചമയ്ക്കുന്നു. ഒരിരുപ്പില്‍ വായിക്കാവുന്ന രസകരമായ സുഹൃദ് സംഭാഷണത്തിന്റെ രസച്ചരടില്‍ ദൈവാസ്തിത്വം, വിശ്വാസം, ഇസ്‌ലാമിക ചരിത്രം, ഇസ്‌ലാമിന്റെ യുക്തിഭദ്രത, അന്വേഷണ സ്വാതന്ത്ര്യം, വ്രതം മുതലായ ആചാരങ്ങള്‍, നബിചരിതം, സ്ത്രീവിദ്യാഭ്യാസം എല്ലാം അദ്ദേഹം കോര്‍ത്തിണക്കി.
”മാതാപിതാക്കള്‍ ഇംഗ്ലീഷ് സ്‌കൂളില്‍ എന്നെ അയച്ചു. അത് അന്നു വിപ്ലവകരവും അനുഗൃഹീതവുമായ ഒരു പണിയായിരുന്നു. മുസ്‌ലിംകള്‍ പൊതുവെ വിദ്യാഭ്യാസപരമായ കാര്യത്തില്‍ ഒട്ടും താല്‍പര്യം കാണിച്ചിരുന്നില്ല. അര്‍ഥം അറിയാതെ ഖുര്‍ആന്‍ വായിക്കാന്‍ പഠിച്ചു. അര്‍ഥമറിയാതെ അഞ്ചു നേരം നമസ്‌കരിക്കാനുള്ള വകയും പഠിക്കും. പൊതുവില്‍ അജ്ഞതയിലും കൊടിയ അന്ധവിശ്വാസത്തിലും മുഴുകി മുസ്‌ലിം സമുദായം ജീവിച്ചു. ഇസ്‌ലാം എന്നാല്‍ എന്തെന്ന് അധികപേര്‍ക്കും അറിവുണ്ടായിരുന്നില്ല. (പാതിരാവയളുകളിലെ കെട്ടുകഥകളായിരുന്നു പ്രമാണം). അക്ഷരശുദ്ധിയോടെ മലയാള ഭാഷ സംസാരിക്കുന്ന മുസ്‌ല്യാക്കളും കുറവായിരുന്നു.
(ഞാന്‍ അറിഞ്ഞു) ഇസ്‌ലാം യുക്തിയുടെ മതമാണ്. യുക്തിരഹിതങ്ങളായ വിശ്വാസങ്ങളെ അകറ്റുക. ഇതും മനസ്സിലാക്കി. മുഹമ്മദ് നബിയില്‍ അനുയായികള്‍ ആരോപിച്ച പല അദ്ഭുത സംഭവങ്ങളെയും അദ്ദേഹം നിഷേധിച്ചിട്ടുള്ളതും ഞാന്‍ മനസ്സിലാക്കി. മുഹമ്മദ് നബിയുടെ മകന്‍ ഇബ്‌റാഹീം മരിച്ചു. ഒരു സാധാരണ മരണം. പക്ഷേ, യാദൃച്ഛികമായി അന്ന് സൂര്യഗ്രഹണമുണ്ടായി. അനുയായികളില്‍ ചിലര്‍ അത്ഭുതപ്പെട്ടു: ‘പ്രവാചകപുത്രന്റെ മരണത്തില്‍ സൂര്യനും ദുഃഖം ആചരിച്ചിരിക്കുന്നു!’ ഇതു കേട്ട് മുഹമ്മദ് നബി പറഞ്ഞു: ”അല്ലാഹുവിന്റെ സൃഷ്ടിയാണ് സൂര്യന്‍. ഒരു മനുഷ്യന്റെ മരണത്തില്‍ ഒരിക്കലും സൂര്യഗ്രഹണം ഉണ്ടാവുകയില്ല.”
സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിം സാന്നിധ്യം, പ്രപഞ്ചത്തിന്റെ സങ്കീര്‍ണ സൃഷ്ടിപ്പ്, ഇസ്‌ലാമിലെ ശുചിത്വബോധം, വര്‍ഗീയ കലാപങ്ങളുടെ പൊള്ളത്തരം, മതങ്ങള്‍ക്കതീതമായ പരസ്പര ബന്ധങ്ങളുടെ ആവശ്യകത, ഖുര്‍ആന്‍, മനുഷ്യ സൃഷ്ടിപ്പ്, ഇന്ത്യാ വിഭജനം, ജീവപാരസ്പര്യം, പ്രവാചകത്വം… ഒന്നും ‘ഓര്‍മയുടെ അറകളി’ല്‍ വിസ്മരിക്കപ്പെട്ടിട്ടില്ല.
”മുഹമ്മദിന്റെ ചിത്രം വല്ല കലാകാരന്മാരും വരച്ചിട്ടുണ്ടോ?” ശ്രീധരന്റെ സംശയം. ബഷീര്‍ പ്രതിവചിക്കുകയാണ്: ‘ഇല്ല! അദ്ദേഹം പടം, പ്രതിമകള്‍ ശക്തിയായി നിരോധിച്ചു. ദീര്‍ഘദൃഷ്ടിയുള്ള മനുഷ്യനായിരുന്നു മുഹമ്മദ്. പടവും പ്രതിമയും ബലഹീനനായ മനുഷ്യനില്‍ ഭക്തി ജനിപ്പിക്കും. ഒടുവില്‍ ആരാധിക്കും…
…മുഹമ്മദ് നബി ജനിച്ച കൃത്യമായ ആണ്ട്, മാസം, തിയ്യതി വേണമെങ്കിലിപ്പോള്‍ പറയാം. അദ്ദേഹം സാധാരണ മനുഷ്യനായിരുന്നു. മുഹമ്മദിന്റെ ജനനം ഐതിഹ്യങ്ങളിലോ ഊഹാപോഹങ്ങളിലോ അല്ല, ചരിത്രത്തിന്റെ പൂര്‍ണവെളിച്ചത്തില്‍…
മാനവരാശിയുടെ ഇരുളടഞ്ഞ കാലഘട്ടം. പടിപടിയായി മാനവരാശിയെ ഉയര്‍ത്താന്‍ നിയുക്തരായ പ്രവാചകന്മാരുടെ ഉപദേശങ്ങള്‍ പാടേ മറന്നു. പലരും അതെല്ലാം വളച്ചൊടിച്ചു. ഒരുപാട് നുണകളും വൃത്തികേടുകളും കൂട്ടിച്ചേര്‍ത്തു. തിന്മയുടെ താണ്ഡവനൃത്തം. ഏകദൈവമായ അല്ലാഹുവിനെ ചിലര്‍ മൂന്നായി ഭാഗിച്ചു. മൂന്നു ദൈവങ്ങള്‍. ചിലര്‍ നൂറായി ഭാഗിച്ചു… പിന്നെ ഉഗ്രമൂര്‍ത്തികളായ പെണ്‍ദൈവങ്ങള്‍. എങ്ങും എല്ലാറ്റിന്റെയും ഇടയാളന്മാരും വക്കാലത്തു പിടിക്കുന്നവരും മേധാവികളുമായി വൈദികന്മാര്‍! വൈദികന്മാരുടെ കാമസംതൃപ്തിക്കായി ദേവദാസികള്‍, ഭാര്യമാരെ ഭര്‍ത്താക്കന്മാരുടെ ചിതയില്‍ ജീവനോടെ ചുട്ടെരിക്കല്‍, മന്ത്രോച്ചാരണം കേട്ടുപോയാല്‍ താണജാതിക്കാരുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കല്‍, ദൈവപ്രീതിക്ക് മദ്യാഭിഷേകം, നരബലി, തെറിപ്പാട്ടുകള്‍, കല്ലിനും പെയിന്റിങിനും മരപ്പാവകള്‍ക്കുമുള്ള നിത്യപൂജ. എങ്ങും എന്തും ദൈവങ്ങള്‍. സ്ത്രീപുരുഷന്മാരുടെ ഗുഹ്യപ്രദേശങ്ങള്‍ പൂജിക്കല്‍, സൂര്യന്‍, ചന്ദ്രന്‍, കാറ്റ്, മിന്നല്‍, പാമ്പുകള്‍, മരങ്ങള്‍, അഗ്നി… എല്ലാറ്റിനും ദിവ്യത്വം നല്‍കി. രാജാക്കന്മാരും വൈദികന്മാരും ദൈവങ്ങളായി. ശവകുടീരങ്ങളെപ്പോലും ആരാധിക്കാന്‍ തുടങ്ങി. പ്രവാചകന്മാരെ ദൈവപുത്രന്മാരാക്കി…”
വിശ്വാസപരമായ ഏതെല്ലാം ഘനാന്ധകാരത്തിന്റെ മര്‍മങ്ങളിലാണ് തൂലികയുടെ താഡനം ബഷീര്‍ ഏല്‍പിക്കുന്നതെന്ന് അത്ഭുതാതിരേകത്തോടെയേ ഓര്‍ക്കാനൊക്കൂ! ഇസ്‌ലാമിക പ്രബോധനമെത്താത്ത ജനസാമാന്യത്തിന്റെ ഇടയില്‍ ബഷീര്‍ സത്യങ്ങളെ സമര്‍ഥിക്കുന്നു, സമഗ്രസ്വഭാവത്തോടെ സമര്‍ഥമായി.
”ഇസ്‌ലാം വളരെ ലളിതമായ മതമാണ്. മാനവജനതയുടെ തുടക്കം മുതല്‍ എല്ലാ ജനവിഭാഗങ്ങളിലേക്കും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. മുസല്‍മാന് രണ്ടു പ്രമാണങ്ങളാണുള്ളത്. ഒന്നാമത്തേത് ഖുര്‍ആന്‍. രണ്ടാമത്തേത് വാക്‌രൂപേണയും കര്‍മരൂപേണയും ഖുര്‍ആന് മുഹമ്മദ് നബി നല്‍കിയ വിശദീകരണം. ‘ഇസ്‌ലാം വെറും ആത്മാവിന്റെ മതമല്ല. ആത്മാവിന്റെയും ശരീരത്തിന്റെയും മതമാകുന്നു. ഇസ്‌ലാമില്‍ വൈദികന്മാരോ പുരോഹിതന്മാരോ ഇല്ല, ഇടയാളന്‍മാരും. ആര്‍ക്കും ആരുടെയും വക്കാലത്ത് വേണ്ട. ആര്‍ക്കും എപ്പോഴും എവിടെ വെച്ചും അല്ലാഹുവിനോട് നേരിട്ട് സഹായമഭ്യര്‍ഥിക്കാം. അല്ലാഹു ആര്‍ക്കു വേണ്ടിയും ആരുടെയും ശുപാര്‍ശ കേള്‍ക്കുന്നവനല്ല. അല്ലാഹു എല്ലാം അറിയുന്നു, കാണുന്നു.
പ്രപഞ്ചം മായയല്ല, സുന്ദരവും ഭീകരവും അത്യത്ഭുതകരവുമായ യാഥാര്‍ഥ്യമാണ്. ഇവിടെ വേദനയുണ്ട്, വിശപ്പുണ്ട്. രോഗങ്ങളുണ്ട്. ദാഹമോഹാദികളും മോഹഭംഗങ്ങളും ഇവിടെയുണ്ട്. ധീരതയോടെ ജീവിതത്തെ അഭിമുഖീകരിക്കുക! ഇതിനുള്ള ടൈംടേബിളാകുന്നു ഇസ്‌ലാം. മുസല്‍മാന്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നില്ല. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നു. ഇസ്‌ലാം മതത്തില്‍ കഠിന ജീവിതചര്യകളൊന്നുമില്ല.”

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x