28 Wednesday
January 2026
2026 January 28
1447 Chabân 9

‘വിവേചന സ്വഭാവമുള്ളത്’; പൗരത്വ നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്നും അമേരിക്കയും


മുസ്‌ലിംകളെ മാത്രം ഒഴിവാക്കി മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന ഇന്ത്യയുടെ പുതിയ പൗരത്വ ഭേദഗതി ചട്ടങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയും അമേരിക്കയും രംഗത്തുവന്നു. വിവാദ നിയമം മൗലികമായി വിവേചനപരമായ സ്വഭാവമുള്ളതാണെന്നും ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകളുടെ ലംഘനമാണെന്നും മനുഷ്യാവകാശങ്ങള്‍ക്കുള്ള യുഎന്‍ ഹൈകമ്മീഷണറുടെ വക്താവ് കുറ്റപ്പെടുത്തി. 2019ല്‍ തങ്ങള്‍ പറഞ്ഞതുപോലെ, അടിസ്ഥാനപരമായി വിവേചനസ്വഭാവമുള്ളതാണ് പൗരത്വ നിയമ ഭേദഗതി. നിയമത്തിന്റെ ചട്ടങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുമായി ചേര്‍ന്നുനില്‍ക്കുമോ എന്ന കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് വക്താവ് ‘റോയിട്ടേഴ്‌സി’നോട് പറഞ്ഞു. സിഎഎ ചട്ടങ്ങളുടെ വിജ്ഞാപനത്തില്‍ ആശങ്കയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. നിയമം നടപ്പാക്കുന്നത് എങ്ങനെയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. നിയമത്തില്‍ എല്ലാ സമുദായങ്ങള്‍ക്കുമുള്ള മതസ്വാതന്ത്ര്യവും തുല്യപരിഗണനയും മാനിക്കേണ്ടത് ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഇരുകൂട്ടരുടെയും അഭിപ്രായത്തോട് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Back to Top