വിശന്ന മനുഷ്യരെ കൊന്നൊടുക്കി ഇസ്രായേല്‍
വിശന്നുപൊരിഞ്ഞ ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള മനുഷ്യര്‍ ഒരുപിടി ഭക്ഷണത്തിനായി കാത്തിരിക്കുമ്പോള്‍ അവരെ ഭക്ഷണത്തിനു മുന്നില്‍ കൂട്ടത്തോടെ കശാപ്പ് ചെയ്യുന്ന ഇസ്രായേല്‍ ക്രൂരത തുടരുന്നു. കഴിഞ്ഞ ദിവസം ഗസ്സാ സിറ്റിയിലെ കുവൈത്ത് റൗണ്ട് എബൗട്ടില്‍ സഹായം കാത്തിരുന്നവര്‍ക്കു നേരെ ഇസ്രായേല്‍ സൈനിക ഹെലികോപ്റ്റര്‍ രണ്ടു തവണ വ്യോമാക്രമണം നടത്തി. 21 മനുഷ്യര്‍ പിടഞ്ഞുവീണു മരിച്ചു. 150ലേറെ പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സഹായവിതരണത്തിന് കാത്തിരിക്കുന്നവര്‍ക്കു നേരെ ഇതേ സ്ഥലത്തുവെച്ച് മുമ്പും ഇസ്രായേല്‍ സേന കൂട്ടക്കൊല നടത്തിയിരുന്നു. പരിക്കേറ്റവരെ ഗസ്സ സിറ്റിയിലെ അല്‍ശിഫ ആശുപത്രിയിലും കമാല്‍ അദ്‌വാന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.