26 Thursday
December 2024
2024 December 26
1446 Joumada II 24

അവിടെയങ്ങനെ, ഇവിടെയിങ്ങനെ

സത്താര്‍ മാസ്റ്റര്‍ കിണാശ്ശേരി

നമ്മുടെ പ്രധാനമന്ത്രി ഈയിടെ യുഎഇയില്‍ ക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുത്തു. യുഎഇ ഒരു മുസ്‌ലിം രാജ്യമാണല്ലോ. ജീവിതവൃത്തിക്കായി തൊഴില്‍ തേടി അവിടെയെത്തിയ പരശ്ശതം ഹിന്ദു സഹോദരന്മാര്‍ക്ക് ആരാധനയ്ക്കായി ക്ഷേത്രം നിര്‍മിക്കാനുള്ള ആഗ്രഹം അവിടത്തെ രാജാവ് നിറവേറ്റിക്കൊടുക്കുകയായിരുന്നു. 25 ഏക്കര്‍ ഭൂമിയും അമ്പലം നിര്‍മിതിക്ക് ആവശ്യമായ സൗകര്യങ്ങളും അദ്ദേഹം ഒരുക്കി. ദുബായിലെത്തിയ പ്രധാനമന്ത്രിയെ കാണാനും പ്രസംഗം കേള്‍ക്കാനും ആയിരങ്ങള്‍ തടിച്ചുകൂടി. അതില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു.
എന്നാല്‍ ഇവിടെ മുസല്‍മാന്‍മാരുടെ ആരാധനാലയങ്ങള്‍ ഓരോന്നായി ഫാസിസ്റ്റുകള്‍ പൊളിച്ച് അവിടെ ക്ഷേത്രങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. പാകിസ്താനും ബംഗ്ലാദേശും അടങ്ങുന്ന ഇന്ത്യാ മഹാരാജ്യം കാലങ്ങളോളം മുസ്‌ലിം രാജാക്കന്മാര്‍ ഭരിച്ചിട്ടുണ്ട്. ഇവിടുത്തെ നിവാസികളില്‍ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരങ്ങള്‍ക്ക് ആരാധനയ്ക്കായി നിരവധി ക്ഷേത്രങ്ങള്‍ അവര്‍ നിര്‍മിക്കുക മാത്രമല്ല, പല ക്ഷേത്രങ്ങള്‍ക്കും വരുമാനമാര്‍ഗത്തിനായി കരമൊഴിവാക്കി ഭൂമി നല്‍കുകയും ചെയ്തിട്ടുണ്ട്.
പള്ളികള്‍ മാത്രമല്ല മുസ്‌ലിം രാജാക്കന്മാരുടെ കാലത്ത് പണിത ചരിത്രനിര്‍മിതികളുടെ നേരെയും ഇവര്‍ തിരിഞ്ഞിരിക്കുന്നു. ഖുത്ബുദ്ദീന്‍ ഐബക് എന്ന അടിമവംശ രാജാവിന്റെ സ്മരണാര്‍ഥം പണിതതാണ് ഖുത്ബ് മിനാര്‍. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ പ്രിയതമ മുംതാസിന്റെ സ്മരണാര്‍ഥം ഷാജഹാന്‍ പണിതതാണ്. അത് തേജോമഹാലയ എന്ന പേരിലുള്ള ക്ഷേത്രമായിരുന്നു എന്നു ചിലര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ക്കു മുമ്പ് മുസ്‌ലിം രാജാക്കന്മാരാണ് ഇന്ത്യ ഭരിച്ചിരുന്നത്. ഡല്‍ഹിയില്‍ മുഗള്‍ ഭരണം. ഹൈദരാബാദില്‍ നൈസാം. കര്‍ണാടകയില്‍ ഹൈദരലിയും മകന്‍ ടിപ്പുവും. ബ്രിട്ടീഷുകാര്‍ പോയാല്‍ പഴയ മുസ്‌ലിം ഭരണം ഇന്ത്യയില്‍ തിരിച്ചുവരുമെന്ന അക്കാലത്തെ സവര്‍ണ ഹിന്ദുക്കളുടെ ഭയപ്പാടാണ് ഇന്ത്യാ വിഭജനത്തിന്റെ കാരണം.
മുഹമ്മദലി ജിന്ന പാകിസ്താനില്‍ പോയി ഗവര്‍ണര്‍ ജനറലായെങ്കിലും അദ്ദേഹം ഒരിക്കലും ഇന്ത്യ വിഭജിക്കുന്നതിന് അനുകൂലമായിരുന്നില്ല. അവിഭക്ത ഇന്ത്യയില്‍ ജിന്ന പ്രധാനമന്ത്രിയാകണം എന്ന് മഹാത്മജി അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം മഹാരാഷ്ട്രക്കാരനായ മുസ്‌ലിം നേതാവായിരുന്നു. ഗോഡ്‌സേ മഹാത്മജിയെ വെടിവെച്ചുകൊല്ലാനുള്ള ഒരു കാരണം ഗാന്ധിയുടെ ആ അഭിപ്രായ പ്രകടനമാണ്.
മുസ്‌ലിംകള്‍ പാകിസ്താനെന്ന ഒരു മുസ്‌ലിം രാജ്യം വേണമെന്ന് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടാന്‍ ഇടവരുത്തിയത് ഹിന്ദുക്കള്‍ക്ക് അവരുടേതായ ഹിന്ദുസ്ഥാന്‍ ഇവിടെ സ്ഥാപിക്കണമെന്ന വാശിയുടെ അനന്തരഫലമായാണ്. ഇന്നത്തെ പാകിസ്താനും ബംഗ്ലാദേശും അടങ്ങുന്ന വിശാലമായ ഇന്ത്യ മുസ്‌ലിം രാജാക്കന്മാര്‍ ഭരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ പറയുമോ മുസ്‌ലിംകള്‍ക്ക് പാകിസ്താന്‍ ഉണ്ടാക്കാന്‍ ഇന്ത്യയുടെ ഒരു ചെറിയ ഭാഗം ഇങ്ങ് തന്നേച്ചാല്‍ മതി എന്ന്? പറയില്ല. മുസ്‌ലിംകളല്ല ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദികള്‍. ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന് ഉദ്ദേശിക്കുന്നവര്‍ അടുത്ത ഘട്ടമായി മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ് തുടങ്ങിയ മതക്കാരുടെ ഉടമസ്ഥതയിലുള്ള സമ്പത്തിന്റെ നേരെ തിരിഞ്ഞുകൂടായ്കയില്ല.
പൗരത്വ നിയമം നടപ്പാക്കലാണ് അടുത്ത പരിപാടി. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം കൊടുക്കുമെന്നു കേള്‍ക്കുന്നു. പകരം ഇന്ത്യയിലുള്ള ന്യൂനപക്ഷങ്ങള്‍ അവിടേക്കും പോകണമെന്ന നിഗൂഢമായ ആശയം അതിനു പിന്നിലുണ്ടെന്നു തോന്നുന്നു. അങ്ങനെ വല്ലതും സംഭവിച്ചാല്‍ സമാധാനപ്രിയരായ ഇന്ത്യന്‍ ജനതയുടെ അവസ്ഥ എന്താകുമെന്ന് ചിന്തിക്കണം.

Back to Top