ന്യായീകരണങ്ങള്‍ കൊണ്ട് ഗുണ്ടായിസത്തെ മറച്ചുപിടിക്കാനാവില്ല
ഡാനിഷ് കെ ഇസെഡ്
പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ ബി വി എസ് സി വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തിനിടയാക്കിയ ക്രൂരകൃത്യങ്ങള്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ഒരു സഹപാഠിയെ മൂന്നു ദിവസത്തോളം ആള്‍ക്കൂട്ട വിചാരണ നടത്തുകയും അതിക്രൂരമായ ദേഹോപദ്രവങ്ങള്‍ക്ക് വിധേയനാക്കി മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതികള്‍ക്ക് കേരളത്തിലെ മുഖ്യധാരാ വിദ്യാര്‍ഥി പ്രസ്ഥാനവുമായി അഭേദ്യ ബന്ധമാണുള്ളത്. കലാലയ രാഷ്ട്രീയം എത്രത്തോളം മലീമസമായിരിക്കുന്നു എന്നതിന്റെ സൂചന മാത്രമാണിത്.
പൂക്കോട് സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്നും തങ്ങളുടെ പാര്‍ട്ടിക്ക് ഇതില്‍ പങ്കൊന്നുമില്ലെന്നുമുള്ള എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന കൊണ്ട് മാത്രം പാര്‍ട്ടിക്ക് ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങളിലുള്ള പങ്കില്‍ നിന്ന് എളുപ്പത്തില്‍ തടിയൂരാന്‍ സാധിക്കില്ല. കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന വിദ്യാര്‍ഥി നേതാക്കളുടെ എണ്ണം ലാഘവത്തോടെ കാണേണ്ട ഒന്നല്ല. കത്തിക്കുത്ത്, പി എസ് സി പരീക്ഷാ തട്ടിപ്പ്, വ്യാജ സര്‍ട്ടിഫിക്കറ്റ്, റാഗിംഗ്, സ്ത്രീകളോടുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളില്‍ യുവ രാഷ്ട്രീയ നേതാക്കള്‍ പ്രതികളാകുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.
ഫാസിസ്റ്റുവത്കരിക്കപ്പെടുന്ന കാമ്പസുകള്‍, വര്‍ധിക്കുന്ന ലഹരി ഉപയോഗം, സ്വകാര്യവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം, അരാഷ്ട്രീയവാദം തുടങ്ങി വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഇടപെടേണ്ട നിരവധിയായ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങളിലൊന്നും ക്രിയാത്മകമായി ഇടപെടാന്‍ വിദ്യാര്‍ഥി യൂണിയനുകളോ സംഘടനകളോ പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. അതേസമയം അത്യന്തം അപകടകരമായ അള്‍ട്രാ ലിബറല്‍ ആശയധാരകള്‍ കാമ്പസുകളില്‍ പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ മത്സരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പല കാമ്പസുകളിലും നമുക്ക് കാണാന്‍ സാധിക്കുന്നത്.
സ്വതന്ത്ര ലൈംഗികത, എന്റെ ശരീരം എന്റെ ചോയ്‌സ് തുടങ്ങി പരിധികളില്ലാത്ത സ്വാതന്ത്ര്യം ആസ്വദിക്കുകയാണ് ജീവിതലക്ഷ്യം എന്ന സന്ദേശം കാമ്പസുകളില്‍ പ്രചരിപ്പിക്കുന്നതിനുള്ള കാര്യപരിപാടികളാണ് മിക്ക വിദ്യാര്‍ഥി സംഘടനകളുടെയും അജണ്ടയില്‍ പ്രധാനമായും ഉള്ളത്. നവാഗതരെ അശ്ലീലത നിറഞ്ഞ ഫ്‌ളെക്‌സുകളോടെ എതിരേറ്റ തൃശൂര്‍ കേരള വര്‍മ കോളജ് എസ് എഫ് ഐ യൂണിറ്റും, അവിഹിതമൊന്നും തെറ്റല്ലായെന്ന് പഠിപ്പിക്കാന്‍ സ്റ്റഡി ക്ലാസുകള്‍ നടത്തിയ മറ്റു പല കാമ്പസ് യൂണിറ്റുകളുമെല്ലാം മേല്‍പ്പറഞ്ഞതിനെ ശരിവെക്കുന്നതാണ്.
സ്വന്തം അണികള്‍ക്ക് ധാര്‍മികതയുടെ ബാലപാഠങ്ങള്‍ പഠിപ്പിക്കാന്‍ സാധിക്കാതെ വരുകയോ നാല് വോട്ടിനു വേണ്ടി സൗകര്യപൂര്‍വം അത് മറക്കുകയോ ചെയ്തതോടെ അധഃപതനം പൂര്‍ണമായി. താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ ചരിത്രമോ ആദര്‍ശമോ അറിയാത്ത കേവലം ഗ്രന്ഥം ചുമക്കുന്ന കഴുതകളെ പോലെ സ്വന്തം അണികള്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ അമരത്തിരിക്കുന്നവര്‍ക്ക് കൂടിയുണ്ട്. കേവലം വരട്ടു ന്യായീകരണങ്ങള്‍ പറഞ്ഞ് ഈ പ്രശ്‌നത്തില്‍ നിന്ന് കൈകഴുകാന്‍ ഒരു വിദ്യാര്‍ഥി സംഘടനക്കും സാധിക്കില്ല.
കേവല വിദ്യാഭ്യാസമല്ല, ധാര്‍മികതയിലൂന്നിയുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യമെന്ന് എം എസ് എം എന്ന ധാര്‍മിക വിദ്യാര്‍ഥി പ്രസ്ഥാനം വിലയിരുത്തുന്നു. കാലാകാലങ്ങളില്‍ ഈ ആവശ്യം ഉന്നയിക്കുമ്പോഴെല്ലാം അതിനോട് കൊഞ്ഞനം കുത്തിയിരുന്ന വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും തങ്ങള്‍ എത്തിപ്പെട്ട മൂല്യച്യുതിയുടെ ആഴം തിരിച്ചറിയുകയും നാടിനും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യപരിപാടികള്‍ അജണ്ടകളിലുള്‍ക്കൊള്ളിച്ചുകൊണ്ടു മുന്നോട്ടു പോകാന്‍ തയ്യാറാവുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇതിലും മോശമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരികയും അതിനെയെല്ലാം പ്രതിരോധിക്കാനുള്ള ന്യായീകരണങ്ങള്‍ പോരാതെ വരികയും ചെയ്യും.