മക്കളെ സ്‌കില്‍സ് മാത്രം പഠിപ്പിച്ചാല്‍ മതിയാകില്ല
സാറ സുല്‍ത്താന്‍, നജ്‌വ അവാദ് /വിവ. സിദ്ദീഖ് സി എസ്
ഇസ്‌ലാമികമായി സമന്വയിപ്പിച്ച റിസിലിയന്‍സ് മാതൃകയിലൂടെ എങ്ങനെ കുട്ടികളില്‍ റിസിലിയന്‍സ് വര്‍ധിപ്പിക്കാം?
(എ) അല്ലാഹുവുമായുള്ള ബന്ധം: ”എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്, തീര്‍ച്ച” (വി.ഖു. 31:13). ഇസ്‌ലാമിലെ ഏറ്റവും പ്രധാന ആശയമായ തൗഹീദ് കൊണ്ടാണ് ലുഖ്മാനുല്‍ ഹകീമിന്റെ മകനോടുള്ള ഉപദേശം ആരംഭിക്കുന്നത്. നശ്വരമായ ഇഹലോക ജീവിതത്തിനും അനന്തരമായ പരലോക ജീവിതത്തിനും വേണ്ട റിസിലിയന്‍സിന്റെ (ൃലശെഹശലിരല) മൂലക്കല്ല് തൗഹീദാണ്. ദൈവത്തോടുള്ള സുരക്ഷിതമായ അടുപ്പവും രക്ഷിതാക്കളോടുള്ള സുരക്ഷിതമായ അടുപ്പവും റിസിലിയന്‍സിനും മാനസികാരോഗ്യത്തിനും പരമപ്രധാനമാണെന്ന് ഗവേഷണത്തില്‍ നിന്നു വ്യക്തമാണ്.
പരീക്ഷണങ്ങള്‍ വരുന്നത് അല്ലാഹുവില്‍ നിന്നാണെന്നും പടച്ചവനേ അവ തടയാന്‍ കഴിയൂ എന്നും മുസ്‌ലിംകളെന്ന നിലയില്‍ നമുക്ക് അറിയാം. അതുകൊണ്ടുതന്നെ പരീക്ഷണവേളകളില്‍ പടച്ചവനോട് അടുക്കുകയും അവനോട് കേണപേക്ഷിക്കുകയും ചെയ്യേണ്ടത് റിസിലിയന്‍സിന് അനിവാര്യമാണ്. പൊതുവെയുള്ള അടുപ്പമാണ് ഞങ്ങളുടെ ത്രിമാന മാതൃകയുടെ അടിത്തറ. പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുള്ള കഴിവ് നേടുന്നതില്‍ ഈ അടുപ്പം നിര്‍ണായക പങ്കു വഹിക്കുന്നു. രക്ഷിതാക്കളുമായുള്ള ആരോഗ്യകരമായ അടുപ്പം വിലമതിക്കാനാവാത്തതാണെങ്കിലും അല്ലാഹുവുമായുള്ള അടുപ്പമാണ് ആദ്യമായും അതിപ്രധാനമായും വേണ്ടത്. ഈ പ്രധാന ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരണമാണ് ഇത്:
1. സ്ഥിരത: രക്ഷിതാക്കളുമായി സുസ്ഥിരവും ദൃഢവുമായ അടുപ്പവും റിസിലിയന്‍സും തമ്മില്‍ കരുത്തുറ്റ ബന്ധമുണ്ടെന്ന് ഗവേഷണഫലങ്ങള്‍ പറയുന്നു. അസ്വസ്ഥത നിറഞ്ഞ ബന്ധം റിസിലിയന്‍സ് ലെവല്‍ കുറയാന്‍ കാരണമാകുന്നു.
2. നിയന്ത്രണം: അല്ലാഹുവുമായുള്ള അടുപ്പം സ്വകാര്യമാണ്. മറ്റുള്ളവരുമായുള്ള ബന്ധം ബാഹ്യമാണ്. പടച്ചവനുമായുള്ള കരുത്തുറ്റ ആന്തരിക ബന്ധം പ്രതിസന്ധിയുടെ വേളകളില്‍ ഉയര്‍ന്ന ആത്മനിയന്ത്രണത്തിന് കാരണമാകുന്നു. പടച്ചവന്റെ അനന്തമായ സാന്നിധ്യം ഉള്ളതിനാല്‍ ഒരു വ്യക്തിയുടെ അല്ലാഹുവുമായുള്ള ബന്ധം അയാളുടെ സുരക്ഷിതത്വത്തിന്റെ ഉറവിടമാകുന്നു. മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പോലെയല്ല പടച്ചവനുമായുള്ള ബന്ധം എന്നതിനാല്‍, ഉയര്‍ന്ന ആത്മനിയന്ത്രണം സാധ്യമാവുന്നു.
3. തുടര്‍ച്ച: കുട്ടികള്‍ കൗമാരത്തിലേക്ക് കടക്കുമ്പോള്‍ അവരുടെ രക്ഷിതാക്കളുടേതിനേക്കാള്‍ അടുപ്പം പൊതുവെ കൂട്ടുകാരോടും അവരുടെ അഭിപ്രായങ്ങളോടുമായി മാറുന്നു. കുട്ടിക്കാലം മുതല്‍ പടച്ചവനുമായി സുദൃഢമായ ബന്ധം സ്ഥാപിച്ചാല്‍ പിന്നീടും അത് നിലനിര്‍ത്താന്‍ കഴിയുന്നു.
(ബി) മാതാപിതാക്കളുമായുള്ള ബന്ധം: ”മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാം ഉപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ടു കൊല്ലം കൊണ്ടുമാണ്. അതിനാല്‍ നീ എന്നോട് നന്ദി കാണിക്കുക, നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്” (വി.ഖു. 31:14).
”നിനക്കൊരു അറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് അവരോട് നല്ല നിലയില്‍ സഹവസിക്കുക” (വി.ഖു. 31:15).
പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിലും മാതാപിതാക്കളുമായുള്ള ആരോഗ്യകരമായ അടുപ്പത്തിന് നിര്‍ണായകമായ പങ്കുണ്ട്. മേല്‍ ഖുര്‍ആന്‍ വചനത്തില്‍ തൗഹീദ് കഴിഞ്ഞാല്‍ തൊട്ടുടനെ പരാമര്‍ശിക്കുന്നത് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെയാണ്. അത്രയും പ്രാധാന്യമേറിയതാണ് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം. ഒരു ഇരട്ടവരിപ്പാതയാണ് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം. ഇരുകക്ഷികള്‍ക്കും പരസ്പരം ഉത്തരവാദിത്തമുള്ള ബന്ധമാണത്. എപ്പോഴും എളുപ്പത്തില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന പാതയല്ല അതിന്റേത്. രക്ഷിതാക്കളുമായുള്ള ബന്ധം മക്കളില്‍ ഏറെ സ്വാധീനം ചെലുത്തുന്നതാണെന്ന് ഗവേഷണങ്ങളില്‍ നിന്ന് വളരെ വ്യക്തമാണ്.
നമുക്കു തന്നെ മാതൃകാപരമായ റിസിലിയന്‍സിലൂടെ നമ്മുടെ മക്കളില്‍ റിസിലിയന്‍സ് ഉണ്ടാക്കുന്നതിന് പ്രചോദനമാകാം. നമുക്ക് മക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയും അവരെ റിസിലിയന്‍സ് കഴിവുകള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചും ഇതില്‍ വിജയിക്കാവുന്നതാണ്.
പലപ്പോഴും മാതാപിതാക്കള്‍ സ്‌കില്‍സ് പഠിപ്പിക്കുന്നതില്‍ ഫോക്കസ് ചെയ്യുന്നു. എന്നാല്‍ അത്രത്തോളം തന്നെ പ്രാധാന്യമേറിയതാണ് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവും. ഒരു മെഷീനിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു മാന്വല്‍ വായിക്കുന്നതും, റിപ്പയറിംഗിന്റെ ഓരോ ഘട്ടത്തിലും നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് നിങ്ങളുടെ ചുമലിനോട് ചേര്‍ന്ന് ഒരു പ്രൊഫഷണല്‍ നില്‍ക്കുന്നതും തമ്മിലുള്ള വ്യത്യാസമാണ്, മക്കളെ കേവലം സ്‌കില്‍സ് പഠിപ്പിക്കുന്നതും അവരുമായി നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട് ഗൈഡ് ചെയ്യുന്നതും തമ്മിലുള്ളത്. മക്കളുമായി സ്‌നേഹവും സുരക്ഷിതത്വവും നിറഞ്ഞ ബന്ധം നിലനിര്‍ത്തുന്നതിലൂടെ സ്വയം പ്രതിസന്ധികളെ മറികടക്കാന്‍ വേണ്ട ആത്മവിശ്വാസവും കഴിവും അവര്‍ക്ക് ലഭിക്കും. ഒരു രക്ഷിതാവും കുട്ടിയും തമ്മിലുള്ള ബന്ധം ആ കുട്ടി സ്വന്തത്തെത്തന്നെ എങ്ങനെ വിലയിരുത്തുന്നു, ഇതര മനുഷ്യരെ എങ്ങനെ വിലയിരുത്തുന്നു എന്നതിനെയും സ്വാധീനിക്കുന്നു. റിസിലിയന്‍സിന്റെ നിര്‍ണായക ഘടകങ്ങളാണിവ.
(സി) പ്രവാചകന്മാരും സന്മാര്‍ഗികളുമായുള്ള ബന്ധം: ”…എന്നിലേക്ക് തിരിഞ്ഞവരുടെ പാത പിന്തുടരുക” (വി.ഖു). അല്ലാഹുവിലേക്ക് അര്‍പ്പണബോധത്തോടെ തിരിഞ്ഞവരുടെ, പ്രവാചകന്മാരുടെ പാത പിന്തുടരുന്നത് റിസിലിയന്‍സ് ഉണ്ടാക്കിയെടുക്കാന്‍ ഉപയോഗപ്രദമാണ്. നമുക്കും നമ്മുടെ മക്കള്‍ക്കും അനുകരിക്കാവുന്ന ഏറ്റവും മികച്ച റോള്‍മോഡലാണ് അവര്‍. ഏറ്റവും നല്ല മനുഷ്യരും പ്രതിസന്ധികള്‍ നേരിട്ടിരുന്നു എന്ന് അത് നമ്മെ ബോധ്യപ്പെടുത്തും. നിങ്ങളുടെ പോരാട്ടങ്ങളില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് അറിയുന്നത് നിങ്ങള്‍ക്ക് ശക്തി പകരും. മുമ്പ് ജീവിച്ച ഏറ്റവും നല്ല മനുഷ്യരിലേക്കുള്ള തിരിഞ്ഞുനോട്ടം നിങ്ങളുടെ ജീവിതത്തില്‍ മുന്നേറാന്‍ പ്രചോദനം നല്‍കും.
പ്രതിസന്ധികളില്‍ നിന്നു കരകയറുന്നതിന് ഒരു സമൂഹത്തിന്റെ പിന്തുണയ്ക്ക് അമൂല്യമായ പങ്കുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ഒരു സമൂഹത്തോട് സ്‌നേഹവും സാമീപ്യവും ഇല്ലാതെ അവരെ പിന്തുടരാന്‍ വളരെ ബുദ്ധിമുട്ടാണ്. പ്രവാചകന്‍(സ) പറഞ്ഞു: ”നിങ്ങള്‍ക്കു മുമ്പുള്ള സമൂഹങ്ങളുടെ രോഗം നിങ്ങളെയും ബാധിച്ചിരിക്കുന്നു. അസൂയയും വിദ്വേഷവും. ദീനീബോധത്തെ ഇല്ലാതാക്കുന്ന ഒന്നാണ് വിദ്വേഷം.”
”എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം, നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല, നിങ്ങള്‍ പരസ്പരം സ്‌നേഹിക്കാന്‍ വേണ്ടി. നിങ്ങള്‍ ചെയ്യേണ്ട ഒരു കാര്യം ഞാന്‍ പറഞ്ഞുതരട്ടെയോ? നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുക.”
പ്രവാചകന്‍(സ) പറഞ്ഞു: ”നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല. നിങ്ങളുടെ പിതാവിനേക്കാളും മക്കളേക്കാളും മുഴുവന്‍ മനുഷ്യരേക്കാളും എന്നെ സ്‌നേഹിക്കുന്നതുവരെ.”
അല്ലാഹുവിന്റെ പ്രവാചകന്മാരോട് അടുപ്പം ഉണ്ടാക്കുന്നതുവഴി റിസിലിയന്‍സുമായി ബന്ധപ്പെട്ട നിരവധി ഗുണങ്ങളുണ്ട്. പ്രവാചകന്‍മാരുടെ ജീവിതം പഠിക്കുമ്പോള്‍ അവര്‍ക്ക് പ്രതിസന്ധികള്‍ അപരിചിതമായിരുന്നില്ല എന്നു മനസ്സിലാവും. മുഹമ്മദ് നബി(സ) അനാഥത്വം, ദാരിദ്ര്യം, വ്യക്തിഗതമായ നഷ്ടങ്ങള്‍, ശാരീരിക പീഡനം തുടങ്ങി പല പ്രയാസങ്ങളും അനുഭവിച്ചു. അദ്ദേഹം അവയെ ക്ഷമയോടെ നേരിടുക മാത്രമല്ല, അദ്ദേഹത്തിന്റെ സല്‍സ്വഭാവം നിലനിര്‍ത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം നമുക്കും ലക്ഷ്യബോധത്തോടെ നിലകൊണ്ട് പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രചോദനമാകുന്നു.